ഒരു ഹോമിയോപ്പതി മരുന്ന് ശരിയ്ക്കും പ്രവർത്തിച്ചാൽ, കൂടുതൽ പേടിക്കണം

0
195

വൈശാഖൻ തമ്പി

നിങ്ങൾ ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് ഒരു പുസ്തകം കടം വാങ്ങിയിട്ട് കുറച്ചുദിവസം കഴിഞ്ഞ് തിരിച്ചുകൊടുക്കുന്നു. പിന്നീടൊരു ദിവസം സുഹൃത്ത് പറയുന്നു അതിൽ കുറേ പേജ് മിസ്സിങ്ങാണെന്ന്. നിങ്ങൾക്ക് സ്വന്തം ഭാഗം സെയ്ഫാക്കാൻ എന്തൊക്കെ പറയാം?

  1. പറ്റിപ്പോയെന്ന് പറഞ്ഞ് ക്ഷമ ചോദിക്കാം.
  2. നിങ്ങൾക്ക് കിട്ടിയപ്പോഴേ പേജുകൾ ഇല്ലായിരുന്നു എന്ന് പറയാം.
  3. നിങ്ങൾ തിരിച്ചുകൊടുക്കുമ്പോൾ അതിൽ ആ പേജുകൾ ഉണ്ടായിരുന്നു എന്ന് പറയാം.

ഇതിൽ ആദ്യത്തേത് കുറ്റസമ്മതമാണ്. നിങ്ങളതിന് തയ്യാറല്ലെങ്കിലുള്ള മറ്റ് രണ്ട് ഓപ്ഷനുകൾക്ക് ഒരു പ്രത്യേകതയുണ്ട്; ഇതിൽ ഏതെങ്കിലും ഒന്നേ പറയാനാകൂ. രണ്ടും കൂടി ഒരുമിച്ച് പറഞ്ഞാൽ നിങ്ങൾ പെടും. പരസ്പരവിരുദ്ധമാണ്. ഒന്ന് മറ്റേതിനെ റദ്ദ് ചെയ്തുകളയും.ഇതൊരു ഉദാഹരണക്കഥയാണ്. പക്ഷേ പറഞ്ഞുവരുന്നത് മറ്റൊന്നാണ്.

ഹോമിയോപ്പതി ഇൻഡ്യയിൽ വളരെ സാധാരണമായ, സർക്കാർ അംഗീകാരത്തോടെ മെഡിക്കൽ കോളേജുകളും ആശുപത്രികളും ചികിത്സയും നിലവിലുള്ള ഒരു സിസ്റ്റമാണ്. പക്ഷേ ശാസ്ത്രലോകം കപടശാസ്ത്രമായും വിശ്വാസ ചികിത്സയായുമാണ് അതിനെ കണക്കാക്കുന്നത്. കാരണം, മരുന്നുകളുടെ വീര്യത്തെ പറ്റിയും പ്രവർത്തനത്തെ പറ്റിയുമുള്ള അതിന്റെ അസംബന്ധസിദ്ധാന്തങ്ങൾ തന്നെ:

  1. ”നേർപ്പിക്കുംതോറും മരുന്നിന് വീര്യം കൂടും.”
  2. “സാമ്യം സാമ്യത്തെ സുഖപ്പെടുത്തും.”

ഇത് പകുതിയെങ്കിലും ശരിയാണെങ്കിൽ ഇന്ന് ശാസ്ത്രമെന്നും പറഞ്ഞ് സ്കൂളിലും കോളേജിലും പഠിക്കുന്ന ഏതാണ്ടെല്ലാ അറിവും തെറ്റാണെന്ന് വരും. പരസ്പരവിരുദ്ധമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ഒന്ന് തെരെഞ്ഞെടുക്കാം. ഒന്നേ പറ്റൂ. ഇത്രമാത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു പത്തുമിനിറ്റുവീഡിയോ ഞാൻ ചെയ്തിരുന്നു. അതിന് കീഴിൽ പ്രതീക്ഷിച്ചതുപോലെ ഹോമിയോപ്പതി വക്താക്കൾ എതിർപ്പുമായി വരികയും ചെയ്തു. വ്യക്തമായ വാദങ്ങൾ വച്ച് ഒരു വിമർശനം ഉന്നയിക്കുമ്പോൾ, എന്താണ് എതിർക്കുന്നവർ ചെയ്യുക? ആ വാദങ്ങളുടെ മുനയൊടിക്കുക, അതിനുള്ള വാദങ്ങളും തെളിവുകളും അങ്ങോട്ട് നിരത്തുക. സിമ്പിൾ…

പക്ഷേ അത് മാത്രമേ അവിടെ സംഭവിക്കാത്തതുള്ളൂ!
വന്ന വാദങ്ങൾ പേജ് പോയ പുസ്തകത്തിന്റെ കഥ ഓർമ്മിപ്പിക്കും.

വാദം 1: ഹോമിയോപ്പതി ശാസ്ത്രീയമാണെന്നതിന് ശാസ്ത്രീയ തെളിവുകൾ ഉണ്ട്. [മേൽപ്പറഞ്ഞ പരിഹാസ്യമായ സിദ്ധാന്തങ്ങൾ പക്ഷേ നിരാകരിക്കുന്നില്ല. അതായത് ബക്കറ്റിൽ ഒരു കൈപ്പത്തിക്ക് കയറാനുള്ള ഓട്ടയുണ്ടെങ്കിലും അതിൽ വെള്ളമെടുത്ത് സൂക്ഷിക്കാവുന്നതേ ഉള്ളുവെന്ന്!]
വാദം 2: ഹോമിയോപ്പതി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കാൻ മാത്രം ആധുനികശാസ്ത്രം ഇനിയും വളർന്നിട്ടില്ല. നാളെ അത് സംഭവിക്കുമെന്നുറപ്പ്.
വാദം 3: ആധുനികശാസ്ത്രം മൊത്തം തെറ്റാണ്, ഹോമിയോപ്പതിയാണ് ശരി. [സത്യമായും ഇങ്ങനെ കരുതുന്ന ഹോമിയോക്കാർ ഒരുപാടുണ്ട്]
വാദം 4: ‘താൻ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതരുത്!’ [പക്ഷേ ജീവൻ പോകുമെന്ന് വന്നാലും താൻ പറഞ്ഞതിലെ തെറ്റെന്താണെന്ന് ഞങ്ങൾ പറയില്ല, അല്ലാതെ തന്നെ താനത് തിരുത്തിക്കോണം!]
വാദം 5: ‘താൻ ഹോമിയോപ്പതി പഠിച്ചിട്ടുണ്ടോ? പിന്നെന്ത് ബലത്തിലാ വിമർശിക്കുന്നത്?’ [കേട്ടാൽ, ഹോമിയോപ്പതിയിലെ പുസ്തകങ്ങളും സിദ്ധാന്തങ്ങളും ഒക്കെ എന്തോ ‘ഡാർക്ക് സീക്രട്ടാ’ണ്, അത് വേറെയാർക്കും വായിക്കാൻ കിട്ടില്ല എന്നേ തോന്നൂ.എന്തായാലും, ഹോമിയോപ്പതിയുടെ തത്വങ്ങൾ എന്നുപറഞ്ഞ് വിമർശകൻ അക്കമിട്ട് പറഞ്ഞത് തെറ്റാണെന്ന് മാത്രം വാദിക്കില്ല.]

മരുന്നുമാഫിയേടെ കാശും, അലോപ്പതിയുടെ സൈഡ് ഇഫക്റ്റും പോലുള്ള സ്ഥിരം തോരണങ്ങൾ ഇവിടെ പരിഗണിക്കുന്നതേയില്ല. പ്രസക്തമായ ചോദ്യം ഒന്ന് മാത്രമാണിവിടെ; ഇത്രയധികം സ്ഥാപനങ്ങളും പ്രാക്റ്റീഷനേഴ്സും ഉള്ള ഒരു സിസ്റ്റത്തിന് നാളിതുവരെ പരസ്പര വിരുദ്ധമല്ലാത്ത ഒരു പൊതുവായ മറുപടി പോലും രൂപീകരിക്കാൻ കഴിയാത്തതെന്തേ? ഓരോരുത്തരും അപ്പഴത്തെ സൗകര്യത്തിന് ഓരോ ന്യായീകരണങ്ങൾ പറയുന്നതെന്തേ? നിങ്ങൾക്ക് ശാസ്ത്രത്തോട് പ്രതിപത്തിയുണ്ടെങ്കിൽ അതിൽ ദുരൂഹത ഒന്നുമില്ല. കാരണം അങ്ങനെയൊരു മറുപടി ഇല്ല. അശാസ്ത്രീയമായ ഒന്നിനെ എങ്ങനൊക്കെ കുളിപ്പിച്ചാലും അത് അശാസ്ത്രീയമായിത്തന്നെ തുടരും. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ പറഞ്ഞതുകൊണ്ട് അത് മാറിമറിയില്ലല്ലോ.

ഇനി, ‘ഇതൊക്കെയാണെങ്കിലും ഹോമിയോമരുന്ന്‌ കഴിച്ചിട്ട് എന്റെ അസുഖം മാറിയല്ലോ’ എന്ന് ആത്മാർത്ഥമായി വാദിക്കുന്ന ആളാണ് നിങ്ങളെങ്കിൽ, അതൊരു ന്യായമായ നിലപാടാണ്. പക്ഷേ നിലപാടുകൾ വസ്തുതകളുടെ അടിസ്ഥാനത്തിലാകണം എന്ന ആഗ്രഹമുള്ള ആളാണ് നിങ്ങളെങ്കിൽ മാത്രം ഇനി പറയുന്ന കാര്യങ്ങൾ പരിഗണിക്കുക [അല്ലാത്തവർ ഇതുവരെ വായിച്ചതുതന്നെ അധികപ്പറ്റാണ്, സമയം കളയാതെ സ്ഥലം വിടുമല്ലോ].

സംഗതി ശരീരം നിങ്ങളുടേത് തന്നെയാണ്. പക്ഷെ അതേപ്പറ്റി നിങ്ങൾക്ക് എന്തൊക്കെ അറിയാം? സ്വന്തം ശരീരമായതുകൊണ്ട്‌ അതേപ്പറ്റി മറ്റാരെക്കാളും നന്നായിട്ടറിയാം എന്നാണെങ്കിൽ പിന്നെ ശാസ്ത്രജ്ഞരുടേയും ഡോക്ടർമാരുടേയുമൊന്നും ആവശ്യമേ വരില്ലായിരുന്നല്ലോ. ‘മരുന്ന് കഴിച്ചശേഷം രോഗം മാറി’ എന്നതും ‘മരുന്നുകഴിച്ചതുകൊണ്ട് രോഗം മാറി’ എന്നതും തീർത്തും വ്യത്യസ്തമായ കാര്യങ്ങളാണ്. നിങ്ങളുടെ സാക്ഷ്യം സത്യത്തിൽ ആദ്യത്തേതിനാണ്. രണ്ടാമത്തെ കാര്യം ഉറപ്പിക്കാൻ നല്ല മെനക്കേടുണ്ട്. മാർക്കറ്റിലെത്തുന്ന ശാസ്ത്രീയവൈദ്യത്തിലെ മരുന്നുകളുടെ വിലയിൽ ഒരു ഭാഗം ആ മെനക്കേടുകൂലിയാണ്. മരുന്ന് കഴിക്കാതിരുന്നാൽ രോഗം മാറുമായിരുന്നോ, മരുന്ന് കഴിച്ച എല്ലാവരുടേയും അസുഖം മാറിയോ, കഴിച്ച മരുന്നിന്റെ ഉള്ളടക്കം എന്തായിരുന്നു, അതിന്റെ പ്രവർത്തനം എങ്ങനെയായിരുന്നു, എന്നിങ്ങനെ പ്രസക്തമായ എത്രയോ ചോദ്യങ്ങൾ അവിടുണ്ട്. ഉത്തരമുണ്ടോ എന്ന് സ്വയം പരിശോധിക്കുക.

വ്യക്തിപരമായ ഒരു ചിന്താഗതി കൂടി പങ്കുവെച്ചുകൊണ്ട് അവസാനിപ്പിക്കാം. ഒരു ഹോമിയോപ്പതി മരുന്ന് ശരിയ്ക്കും പ്രവർത്തിക്കുന്നു എന്നിരിക്കട്ടെ. ഞാനതിനെയാണ് കൂടുതൽ പേടിക്കുക. കാരണം മരുന്നിന്റെ ഒരു തന്മാത്രപോലും ഇല്ലാത്തവിധം നേർപ്പിച്ചതെന്ന് പറയപ്പെടുന്ന ഒരു സാധനം ശരീരത്തിൽ മാറ്റമുണ്ടാക്കുന്നുണ്ടെങ്കിൽ അതിൽ വലിയൊരു പ്രശ്നമുണ്ട്. നേർപ്പിച്ചതാണെങ്കിൽ ഫലിക്കില്ല, ഫലിക്കുന്നെങ്കിൽ നേർപ്പിച്ചിട്ടില്ല, നേർപ്പിച്ചിട്ടില്ലെങ്കിൽ അത് ഹോമിയോ മരുന്നല്ല! അതായത് എന്തെന്നും പറഞ്ഞാണോ അത് വരുന്നത്, അത് അതല്ല. ചുരുക്കിപ്പറഞ്ഞാൽ ഫലിക്കുന്ന ഹോമിയോമരുന്ന് വ്യാജമരുന്നാണ്. ഞാനതിനെ അടുപ്പിക്കാനേ പോകുന്നില്ല. അപ്പറഞ്ഞത് എന്റെ മാത്രം കാര്യം. നിങ്ങളുടെ കാര്യത്തിൽ ജഡ്ജ് നിങ്ങൾ തന്നെയാണ്. എനിക്കതിൽ ലാഭവുമില്ല നഷ്ടവുമില്ല.