അത്യപൂര്‍വ്വമെന്നും മാതൃകാപരമെന്നും ഘോഷിക്കപ്പെട്ട പത്രാധിപര്‍ പത്രമുടമ ബന്ധമാണ് വക്കം അബ്ദുല്‍ ഖാദിര്‍ മൗലവിക്കും സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളക്കും ഇടയിലുണ്ടായിരുന്നത്. കേരളത്തിന്റെ മതേതര പൈതൃകത്തിന് തന്നെ മുതല്‍ക്കൂട്ടായി കണക്കാക്കപ്പെട്ടിരുന്ന ആ പാരമ്പര്യത്തിന്റെ യശസ്സിന് കോട്ടം തട്ടുന്ന ചില റിപ്പോര്‍ട്ടുകള്‍ നിര്‍ഭാഗ്യവശാല്‍ ഈയിടെ പുറത്ത് വരുകയുണ്ടായി.
2011 ഒക്ടോബര്‍ 2 ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ എക്‌സ്‌ക്ലൂസീവായി വന്ന ചെറായി രാംദാസിന്റെ ലേഖനമാണ് ഇതിന് നിമിത്തമായത്. പുറംചട്ടയില്‍ത്തന്നെ ‘ആ പത്രാധിപരെ ആ പത്ര ഉടമ തള്ളിപ്പറഞ്ഞിരുന്നു’ എന്ന് വെണ്ടക്ക അക്ഷരത്തില്‍ കൊടുത്തിരുന്നതിന് പുറമെ ‘എന്റെ പത്രാധിപരെ കൂടാതെ എനിക്ക് പത്രമെന്തിന്, അച്ചുകൂടമെന്തിന് എന്ന് ആ പത്ര ഉടമ കള്ളം പറയുകയായിരുന്നോ’ എന്ന പ്രമാദമായ ഒരു ചോദ്യവും ഉന്നയിക്കപ്പെട്ടിരുന്നു.
ആ ചോദ്യത്തില്‍ത്തന്നെ അടങ്ങിയിരുന്ന വക്കം മൗലവിക്ക് നേരെയുള്ള ആക്രമണോല്‍സുകത ലേഖനത്തിലുടനീളം പ്രകടമാണ്. കേരള മുസ്ലിം നവോത്ഥാന നായകന്മാരില്‍ അഗ്രഗണ്യനായി കണക്കാക്കപ്പെടുന്ന വക്കം മൗലവിയെ ആക്രമിക്കാനും അപകീര്‍ത്തിപ്പെടുത്താനും നടത്തിയ ഈ പതിതമായ ശ്രമവും അതിനോട് മാതൃഭൂമിയുടെ തുടര്‍ലക്കങ്ങളില്‍ സജീവമായി പ്രതികരിച്ച കേരളത്തിലെ മതേതര സമൂഹത്തിന്റെ ഇടപെടലും കൊണ്ട് ഈ സംവാദം ശ്രദ്ധിക്കപ്പെട്ടു.
മുസ്ലിം സമുദായത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താനായി വക്കം മൗലവി രാമകൃഷ്ണപ്പിള്ളയെ പത്രത്തിന്റെ ഭാരമേല്‍പ്പിച്ചതും അന്ന് നിലവിലുണ്ടായിരുന്ന രാജഭരണകൂടവുമായുള്ള രാമകൃഷ്ണപ്പിള്ളയുടെ ‘ധീരമായ പോരാട്ട’ത്തിന്റെ ഫലമായി പ്രസ്സ് കണ്ട് കെട്ടിയതും പത്രാധിപരെ നാട് കടത്തിയതും ചരിത്രമാണ്. ഇതേക്കുറിച്ചുള്ള പ്രസ്തുത ലേഖകന്റെ ഗവേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തിരുവനന്തപുരം നാളന്തയിലുള്ള പുരാരേഖാ ശേഖരത്തില്‍ കണ്ടെത്തിയ വക്കം മൗലവിയുടെ തന്റെ പ്രസ്സ് തിരിച്ച് കിട്ടാന്‍ കൊടുത്ത ഹര്‍ജിയാണ് ആരോപണങ്ങളുടെ ഇതിവൃത്തം.
പ്രസ്സ് തിരിച്ച് കിട്ടാന്‍ വക്കം മൗലവി ഹര്‍ജി കൊടുത്തത് തന്നെ മഹാഅപരാധമായി കണക്കാക്കുന്ന ലേഖകന് ഹര്‍ജി കൊടുത്ത വിവരം മൗലവി രേഖാമൂലം രാമകൃഷ്ണപ്പിള്ളയെ അറിയിച്ചിരുന്നതായി സമ്മതിക്കേണ്ടി വരുന്നുണ്ട്. പക്ഷെ പ്രസ്തുത ഹര്‍ജിയില്‍ വക്കം മൗലവി രാമകൃഷ്ണപ്പിള്ളയെ ‘തള്ളിപ്പറഞ്ഞു’വെന്നതാണ് ആരോപണത്തിന്റെ കുന്തമുന. പത്രാധിപരുടെ ചെയ്തികള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്ന് മൗലവി ഹര്‍ജിയില്‍ സാക്ഷ്യപ്പെടുത്തിയതാണ് ഇതിന് കാരണം. അതായത് രാജഭരണം നില നിന്നിരുന്ന ഒരു കാലത്ത് രാജ്യദ്രോഹക്കുറ്റത്തിന് പുറത്താക്കപ്പെട്ട പിള്ളയെ ന്യായീകരിച്ച് വേണമായിരുന്നു മൗലവി ഹര്‍ജി കൊടുക്കാനെന്നാണ് ലേഖകന്റെ പിടിവാശി! ഊഹാപോഹങ്ങള്‍ നിറഞ്ഞ ലേഖകന്റെ ആരോപണങ്ങള്‍ക്കൊടുവില്‍ രാമകൃഷ്ണപിള്ള മരണമടഞ്ഞത് പോലും ഈ ‘തള്ളിപ്പറയലിന്റെ’ ആഘാതത്തിലായിരുന്നുവെന്ന് വരെ തട്ടിമൂളിക്കുന്നുണ്ട്.
അതോടൊപ്പം ഒരു ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടുപിടുത്തവും ലേഖകന്‍ നടത്തുന്നുണ്ട്. ആര്‍ക്കൈവ്‌സ് രേഖകള്‍ പ്രകാരം 17.09.1907 മുതല്‍ പത്രത്തിന്റെ ഉടമയും രാമകൃഷ്ണപിള്ളയായിരുന്നു. വക്കം മൗലവി കേവലം പ്രസ്സുടമയായിരുന്നുവത്രേ. തന്റെ പത്രത്തില്‍ എന്ത് അച്ചടിക്കാനും പിള്ളക്ക് നിയമപരമായി മറ്റാരുടേയും അനുമതി വേണ്ടായിരുന്നു എന്നു ചുരുക്കം. (അപ്പോള്‍ പിന്നെ പ്രസ്സ് തിരിച്ച് കിട്ടാന്‍ വക്കം മൗലവിക്ക് രാമകൃഷ്ണപ്പിള്ളയെ ‘തള്ളിപറയേണ്ട’ കാര്യമെന്തെന്ന് ലേഖകന്‍ വ്യക്തമാക്കുന്നില്ല.)
എന്നാല്‍ വസ്തുതകളുടെ നിജസ്ഥിതി മാതൃഭൂമിയുടെ തുടര്‍ലക്കങ്ങളില്‍ ബി.ആര്‍.പി ഭാസ്‌ക്കര്‍, ഡോ.എന്‍.എ.കരീം, ഡോ. എം.എസ്.ജയപ്രകാശ് തുടങ്ങിയവരുടെ പണ്ഡിതോചിതവും നിഷ്പക്ഷവുമായ പ്രതികരണങ്ങളിലൂടെ പുറത്ത് വന്നു. പത്രാധിപരായി വന്നയാള്‍ ഉടമയും കൂടിയായിത്തീര്‍ന്ന കടുത്ത വിശ്വാസ വഞ്ചനയുടെയും വന്‍ചതിയുടേയും രഹസ്യമാണ് യഥാര്‍ത്ഥത്തില്‍ ലേഖകന്റെ രേഖകള്‍ പുറത്ത് കൊണ്ട് വന്നിരിക്കുന്നതെന്ന് ‘ആ പത്രാധിപരാണ് പത്ര ഉടമയെ വഞ്ചിച്ചത്’ എന്ന തന്റെ പ്രതികരണത്തില്‍ ഡോ.എം.എസ്.ജയപ്രകാശ് സമര്‍ത്ഥിക്കുന്നു. (മൗലവിയെ ക്രൂശിക്കാനുള്ള അമിതാവേശത്തില്‍ ലേഖകന്‍ ആ സാധ്യത തീരെ പരിഗണിച്ചില്ലെന്ന് വ്യക്തമാണ്.) അന്യ മതസ്ഥനും ജാതിക്കാരനുമായിട്ടും സവര്‍ണ്ണാധിപത്യം കൊടി കുത്തി വാഴുന്ന കാലമായിട്ടും സവര്‍ണ്ണ സമുദായക്കാരനായ രാമകൃഷ്ണപ്പിള്ളയില്‍ മൗലവി പൂര്‍ണ്ണ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
മുസ്ലിങ്ങളുടെ അഭിവൃദ്ധി പിള്ള നടപ്പിലാക്കുമെന്ന ഉത്തമ വിശ്വാസമാണ് മൗലവിക്കുണ്ടായിരുന്നത്. എന്നാല്‍ പത്രമുടമയുടെ ലക്ഷ്യത്തെയും കടമയെയും നിര്‍ലജ്ജം തള്ളിക്കളഞ്ഞു കൊണ്ട് പത്രത്തെ തന്റെ സ്വാര്‍ത്ഥമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് രാമകൃഷ്ണപ്പിള്ള ചെയ്തത്. മൗലവി സ്വപ്നം കണ്ട സമുദായ അഭിവൃദ്ധിയും മതതത്വ പ്രചാരണവും അത് വഴി നിലച്ചു പോയി. മൗലവിയും പിള്ളയും തമ്മിലുണ്ടായിരുന്ന കരാറിന്റെ പ്രധാന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ത്തന്നെയായിരുന്നു മൗലവിയുടെ ഹര്‍ജിയെന്നും ഡോ.എം.എസ്.ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നു.
രാമദാസ് തെറ്റിദ്ധരിച്ചത് പോലെ പിള്ളക്ക് ‘പൊരുതാ’നായിരുന്നില്ല മൗലവി പത്രം തുടങ്ങിയത്. പത്രത്തിന്റെ ലക്ഷ്യവുമായി ബന്ധമില്ലാത്ത കാര്യത്തില്‍ ഭരണകൂടത്തെ നെറികെട്ട രീതിയില്‍ ആക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതാണ് പത്രം അടച്ച് പൂട്ടലിലേക്ക് നയിച്ചത്. അത് മാത്രമല്ല പൊതുവെ പ്രചരിപ്പിക്കപ്പെടുന്നത് പോലെ അതിന്റെ യഥാര്‍ത്ഥ പ്രചോദനം അഴിമതിക്കും സദാചാരമൂല്യത്തകര്‍ച്ചക്കും എതിരായ പോരാട്ടമായിരുന്നില്ലെന്നും മറിച്ച് രാമകൃഷ്ണപ്പിള്ളയുടെ മുസ്ലിങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ ഉയര്‍ച്ചക്ക് ഭരണകൂടം കൈക്കൊണ്ട അനുകൂല നിലപാടുകളോടുള്ള അസഹിഷ്ണുതയായിരുന്നുവെന്നും ബി.ആര്‍.പി ഭാസ്‌ക്കര്‍, ഡോ. എം.എസ്.ജയപ്രകാശ് എന്നിവര്‍ വ്യക്തമാക്കുന്നു.
അന്നത്തെ രാജാവായിരുന്ന ശ്രീമൂലത്തേയും ദിവാനായിരുന്ന രാജഗോപാലാചാരിയേയും തികച്ചും ആഭാസകരമായ രീതിയിലാണ് പിള്ള ആക്ഷേപിച്ചു കൊണ്ടിരുന്നത്. ഇതിന്റെ പേരിലാണ് പിള്ള നാടു കടത്തപ്പെട്ടത്. ഈഴവര്‍ക്കും മുസ്ലീങ്ങള്‍ക്കും മുക്കുവര്‍ക്കും പട്ടികജാതിക്കാര്‍ക്കും മുമ്പെങ്ങും ഉണ്ടാകാത്ത തരത്തില്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായി ഉയരാനുള്ള സാഹചര്യമുണ്ടാക്കിയ ആളാണ് ദിവാന്‍ രാജഗോപാലാചാരി. വക്കം മൗലവിയുടെ തന്നെ പരിശ്രമം ഇതിന് പിന്നിലുണ്ട്. അതേ ഭരണാധികാരികളെയാണ് പിള്ള മൗലവിയുടെ പത്രത്തില്‍ നിന്ദ്യമായി ആക്ഷേപിച്ചത്.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് വഴി നടക്കാനും സ്‌ക്കൂള്‍ പ്രവേശനത്തിനും വിപ്ലവകരമായ നടപടികളെടുത്തയാളായിരുന്നു ദിവാന്‍. പിന്നോക്ക വിഭാഗങ്ങളിലെയും മുന്നോക്ക വിഭാഗങ്ങളിലെയും കുട്ടികള്‍ ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെതിരെ രാമകൃഷ്ണപ്പിള്ളയുടെ പ്രതികരണം ‘പോത്തിനേയും കുതിരയേയും ഒരേ നുകത്തില്‍ കെട്ടാനാകുമോ?’ എന്നായിരുന്നു!
അങ്ങനെയുള്ള രാമകൃഷ്ണപ്പിള്ളയെ മഹത്വവല്‍ക്കരിക്കാനും വക്കം മൗലവിയെ ഇകഴ്ത്താനുമുള്ള രാമദാസിന്റെ ശ്രമം തിരിച്ചടിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. അതോടൊപ്പം കേരള മുസ്ലിം നവോത്ഥാന ചരിത്രത്തിലെ ഒരു മഹദ് സംരംഭത്തിന്റെ ദുരന്തപൂര്‍ണ്ണമായ പര്യവസാനത്തിന്റെ അടിയൊഴുക്കുകളും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.