നിമിഷ തിരിച്ചു വന്നോട്ടെ, നാടിൻറെ നിയമം അനുസരിച്ച് അവർക്കുമേൽ നടപടിയുണ്ടാകുന്നതിൽ തെറ്റുപറയാൻ പറ്റില്ല

86

Vakkom Sukumaran

നിമിഷ ഫാത്തിമ തിരിച്ചു വന്നാൽ

തിരിച്ചു വന്നാൽ ജയിലിലടയ്ക്കില്ലെന്നുറപ്പുണ്ടെങ്കിൽ മടങ്ങിവരാൻ നിമിഷ ഫാത്തിമ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. സഹായിക്കണമെന്ന് നിമിഷയുടെ അമ്മ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ഹൃദയവ്യഥയോടെ അപേക്ഷിച്ചിട്ടുണ്ട്. മക്കളെക്കുറിച്ചോർത്തുള്ള ഒരമ്മയുടെ കരളുരുക്കം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളു. എന്നാൽ രാജ്യം വിട്ടുപോയി ഐഎസിൽ ചേർന്ന ഒരാളിൻറെ കാര്യത്തിൽ അത്ര ലാഘവത്തോടെയുള്ള തീരുമാനം സാദ്ധ്യമല്ല തന്നെ. നിമിഷ മടങ്ങി വന്നോട്ടെ. പക്ഷേ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിച്ചുള്ള നടപടികൾക്ക് വിധേയയാവാൻ അവരും ബാദ്ധ്യസ്ഥയാണ്. നിമിഷ ഒരു ചെറിയ കുഞ്ഞല്ല. വിദ്യാസമ്പന്നയാണ്. അവരുടെ കാമുകൻ തീവ്രവാദിയാണെന്നും അവരെ മതം മാറ്റി ഐഎസ്സിൽചേർക്കാനാണ് ശ്രമിക്കുന്നതെന്നും അവരുടെ മാതാപിതാക്കൾ കോടതിയിൽ തന്നെ പറഞ്ഞതാണ്. അതിനെയെല്ലാം അവഗണിച്ച് തന്നിഷ്ടത്തോടെ ഇന്ത്യ വിട്ടുപോയി തീവ്രവാദ സംഘടനയിൽ ചേർന്ന നിമിഷയോടു പൊറുക്കേണ്ട ബാദ്ധ്യതയൊന്നും രാജ്യത്തിനില്ല. അതുകൊണ്ട് നിമിഷ തിരിച്ചു വന്നോട്ടെ. നാടിൻറെ നിയമം അനുസരിച്ച് അവരുടെ മേൽ നടപടിയുണ്ടായേ തീരൂ.