ഓര്‍മയിലെ ഒരു വാലന്‍ന്റൈന്‍ ദിനം…

Loveഫെബ്രുവരി 14. ഇന്നാണ് വാലന്‍ന്റൈന്‍ ദിനം. ഇന്നാണ് കാമുകി കാമുകന്മാര്‍ പ്രണയ സന്ദേശങ്ങള്‍ ആദ്യമായി കൈമാറാന്‍ തിരഞ്ഞെടുക്കുന്ന ദിനം. ഇന്നാണ് നമ്മുടെ വിവാഹ വാര്‍ഷികം. ഇത്തവണ വെറും വാര്‍ഷികമല്ല…നമ്മള്‍ ഒന്നായിട്ടു ഇന്നേക്ക് ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുന്നു. ഇരുപത്തിയഞ്ച്‌ വര്‍ഷം! അത് ഇത്ര ചെറിയ കാലയളവാണോ?അറിയില്ല…ഈ ദിവസങ്ങളില്‍ അവളുടെ കൂടെ ആയിരിക്കും ഞാന്‍ മുഴുവനും. അതിരാവിലെ തന്നെ പുറപ്പെടാന്‍ വേണ്ടിയാണ് അലാറം വെച്ചത്. പതിവ് പോലെ അത് വേണ്ടി വന്നില്ല.

ഏകദേശം ഒന്നര മണികൂര്‍ യാത്രയാണ് അവിടേക്ക്.ഒരുവിധം എല്ലാ ദിവസങ്ങളിലും ഞാന്‍ അവിടെ പോകാറുണ്ട്.എങ്കിലും ഈ പാതയിലെ വഴിയോര കാഴ്ചകള്‍ എനിക്കിന്നും അന്യമാണ്…ഈ വഴിയുള്ള യാത്രകളില്‍ എനിക്ക് വേറെ ചിന്തകള്‍ ഇല്ല…ആകെ ഉള്ളത് അവള്‍ ….. അവള്‍.. മാത്രം…പതിവുപോലെ മനസ്സ് പിന്നില്ലേക്ക് പ്രയാണം തുടങ്ങി…ആ പഴയ വസന്തകാലത്തെക്ക്…നമ്മുടെ ആദ്യ ദിനങ്ങളിലേക്ക്…

പ്രീഡിഗ്രിക്ക് ശേഷം ഉയര്‍ന്ന പഠനത്തിനായി ഞാന്‍ ആദ്യമായി വീട് വിട്ടു നിന്ന കാലം.സത്യത്തില്‍ എനിക്ക് അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു…ആവശ്യത്തിലേറെ സ്വത്തു ഉണ്ട് തറവാട്ടില്‍..!…..,അത് കൊണ്ട് തന്നെ അച്ഛന് എന്നെ ദൂരത്തു പഠിപ്പിക്കാന്‍ താല്പര്യമില്ലായിരുന്നു.പിന്നെ എന്‍റെ ആഗ്രഹം…അവര്‍ അതിനെ തടയുമായിരുന്നില്ല.ഹും…ഇതൊക്കെ കേട്ടാല്‍ തോന്നും ഞാന്‍ കലാലയ ജീവിതം ഇഷ്ടപെടുന്ന വ്യക്തിയാണെന്ന്.സത്യത്തില്‍ കോളേജിലെ വര്‍ണശബളമായ അന്തരീക്ഷം എനിക്കിഷ്ട്ടമല്ലായിരുന്നു…ഒരു പക്ഷെ ഞാനൊരു കലാകാരനോ,സാഹിത്യകാരനോ,കായിക താരമോ ഒന്നും അല്ലാത്തത് കൊണ്ടാവാം അത്…അന്നത്തെ കലാലയങ്ങളില്‍ അതൊക്കെ തന്നെയാണല്ലോ പ്രധാനം…പിന്നെ എന്നെ പോലുള്ള ഒതുങ്ങി കൂടുന്ന ആളുകള്‍ക്ക് അവിടെ എന്ത് പ്രസക്തി…വെറുതെ പഠിച്ചു പോകാം അത്ര തന്നെ…എനിക്കും അത് മാത്രമായിരുന്നു ലക്‌ഷ്യം.പിന്നെ വീട്ടിലെ കച്ചവട അന്തരീക്ഷത്തില്‍ നിന്നുമൊരു മാറ്റവും.

അവിടത്തെ ആദ്യ മൂന്ന്‍ മാസകാലം എനിക്ക് ഓര്‍മിക്കാന്‍ പ്രത്യേകിച്ച്‌ ഒന്നുമില്ലായിരുന്നു.ക്ലാസ്സ്മുറി ലൈബ്രറി ആല്‍ത്തറ എന്നിവിടങ്ങളില്‍ മാത്രമൊതുങ്ങി കഴിഞ്ഞ നാളുകള്‍.,.പലരും ഞാനുമായി സൌഹ്യദം സ്ഥാപിക്കുവാന്‍ വേണ്ടി ശ്രമിച്ചു.പക്ഷെ എന്നെ പോലുള്ള ഒരു ഒതുങ്ങിയ പ്രകൃതകാരനോട് ആര്‍ക്കും അധികം അടുക്കാന്‍ ആവുമായിരുന്നില്ല.എനിക്കും അതില്‍ താല്പര്യമില്ലായിരുന്നു.പക്ഷെ അവള്‍ എന്‍റെ ജീവിതം ആകെ മാറ്റിമറിച്ചു…എല്ലാ അര്‍ത്ഥത്തിലും…

നവ്യ, തികച്ചും യാധ്രിശ്ചികമായാണ് അവളെ ഞാന്‍ പരിച്ചയപെടുന്നത്. അതിനെകാള്‍ ഏറെ തമാശയോടുകൂടിയും…ആ ബന്ധം ആരംഭിക്കുന്നത് തന്നെ ഒരു വിഴ്ചയോടുകൂടിയാണ്.ഹാ ഹാ ഹാ ഇന്നും അത് ആലോചിക്കുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നത്…കോളേജിലെ പഴഞ്ചന്‍ ബെഞ്ചുകള്‍ക്ക് നന്ദി…ക്ലാസ്സ്‌ നടന്നു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അത്.അവള്‍ ഉള്‍പ്പെടെ നാല് തരുണിമണികള്‍ ഇരിക്കുന്ന ഒരു ചട്ടുകാലന്‍ ബെഞ്ച്‌ ഒടിഞ്ഞു നിലംപൊത്തി.അവളായിരുന്നു ഒടിഞ്ഞ വശത്ത് ഇരുന്നിരുന്നത്.വിഴ്ചയില്‍ അവള്‍ നേരെ പതിച്ചത് ഇപ്പറത്തെ വശത്തിരുന്ന എന്‍റെ കാലിലേക്കായിരുന്നു….ഹാ ഹാ ഹാ അവളുടെ ആ മുഖം,ആ ഭാവം ഇപ്പോഴും മനസ്സില്‍ അത് പോലെ കാത്തു സുക്ഷിച്ചിരിക്കുന്നു.ക്ലാസ്സില്‍ പടര്‍ന്ന കൂട്ട ചിരിക്കിടയിലും ഞാന്‍ ശ്രദ്ധിച്ചത് അവളുടെ ആ വിളറിയ മുഖമായിരുന്നു.ആദ്യാമായി ഞാന്‍ അവളുടെ കൈ പിടിച്ചതും അന്നാണ്.അപ്രതീക്ഷിതമായി ഏറ്റ നാണകേട് അവളെ കരച്ചിലിന്റെ വക്കത്തു എത്തിച്ചത് പോലെ എനിക്കു തോന്നി.അന്ന് മുഴുവന്‍ ഞാന്‍ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.ഇടയ്ക്കിടെ അവളും ഇടം കണ്ണിട്ടു നോക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.അതിനു മുമ്പ് ഞാന്‍ അവളെ കണ്ടിരുന്നെങ്കിലും അന്നാണ് അവളുടെ വശ്യത ഞാന്‍ തിരിച്ചറിഞ്ഞത്.ഭംഗിയായി എഴുതിയ അവളുടെ വിടര്‍ന്ന കണ്ണുകള്‍.ക്ക് വല്ലാത്തൊരു ആകര്‍ഷണ ശക്തി ഉള്ളത് പോലെ എനിക്ക് തോന്നി.

ആ സംഭവത്തിന്‌ ശേഷം അവളെന്നെ കാണുമ്പോള്‍ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി കരുതാറുണ്ടായിരുന്നു…അവളുടെ വശ്യത എന്‍റെ ചിന്തകളെ നിയന്ത്രിക്കുന്നതായി എനിക്ക് തോന്നി.പലപ്പോഴും എന്‍റെ കണ്ണുകള്‍ അവളുടെ അടുത്തേക്ക് പതിക്കുക പതിവായി.അപ്പോള്‍ ചിലപ്പോഴൊക്കെ അവള്‍ എന്നെയും നോക്കുന്നുണ്ടായിരുന്നു.ആ തിളങ്ങുന്ന കണ്ണുകള്‍ കൊണ്ടുള്ള നോട്ടം എന്‍റെ ഹൃദയത്തെ ചൂഴ്ന്നെടുക്കുന്നത് പോലെ തോന്നി.ചുണ്ടില്‍ സ്ഥിരമായി കരുതുന്ന മന്ദസ്മിതം അവളുടെ സൌന്ദര്യം ഇരട്ടിയാക്കിയിരുന്നു.പതിയെ പതിയെ അവള്‍ എന്‍റെ മനസ്സിനെ കിഴ്പെടുത്തുവാന്‍ ആരംഭിച്ചു.അവളോട്‌ സംസാരിച്ചു തുടങ്ങാന്‍ എന്‍റെ മനസ്സ് വെമ്പല്‍ കൊണ്ടു…

ഒടുവില്‍ ആ സുദിനം വന്നു ചേര്‍ന്നു…ഞാന്‍ അവളോട്‌ ആദ്യമായി സംസാരിച്ച ദിനം…ക്ലാസ്സിലേക്കുള്ള ഇടനാഴികയില്‍ വെച്ചായിരുന്നു അത്.അന്നവള്‍ ഇട്ട നീല ദാവണി…കയ്യില്‍ അണിഞ്ഞ കരിവളകള്‍…,…കാതുകളിലെ ജിമിക്കി…കയ്യില്‍ മുറുകെ പിടിച്ച പുസ്തകങ്ങള്‍…,…തല ചെറുതായി കുനിച്ചുള്ള ആ നടത്തം…നമ്മുടെ ആദ്യ സംഭാഷണങ്ങള്‍.,എല്ലാം തെളിനീര്‍ പോലെ വ്യക്തമായി ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു…

“ഏയ്‌ കുറെ നാള്‍ ആയി വിചാരിക്കുന്നു ഒന്ന് പരിച്ചയപെടുവാന്‍.””,”

അവിചാരിതമായി കേട്ട ശബ്ദത്തിന്റെ ഞെട്ടല്‍ എന്നോണം വളരെ പെട്ടെന്നായിരുന്നു അവള്‍ തല ഉയര്‍ത്തി നോക്കിയത്…ആ നോട്ടത്തില്‍ അവളുടെ ആശ്ചര്യം പ്രകടമായിരുന്നു…ഏതാനും നിമിഷത്തെ മൌനത്തിനു ശേഷം അവള്‍ മറുപടി പറഞ്ഞു…

“അതിനെന്താ…ചോദിച്ചുകൊള്ളൂ…”

“പേരറിയാം…നവ്യ…അപ്പോള്‍ ആ ചോദ്യം ഒഴിവാക്കാമല്ലോ…എന്‍റെ പേര് അറിയാമോ…”

തല തെല്ലൊന്നു കുനിച്ചു അല്‍പ്പം നാണത്തോടെ,ഒരു ചെറു മന്ദസ്മിതതോടെ അവള്‍ മൂളി…

“ഉം…..”

“വീട് എവിടെയാ?”

തല വീണ്ടും ഉയര്‍ത്തി അവള്‍ മറുപടി തന്നു….

“ഇവിടെ അടുത്ത് തന്നെ…ഈ കുന്നിന്‍ താഴ്വരയില്‍ …”

“ഓ അത് ശരി…ഞാന്‍ കുറച്ചു ദൂരെന്നാ…”

ഒരു ചെറു പുഞ്ചിരിയായിരുന്നു അതിന്നു മറുപടി.ലജ്ജ കാരണം അവള്‍ക്കു എന്‍റെ മുന്നില്‍ നില്‍കാന്‍ പ്രയാസ്സമുള്ളതുപോലെ എനിക്ക് തോന്നി…അത് മനസ്സിലാക്കി ഞാന്‍ പറഞ്ഞു…

“എങ്കില്‍ നമ്മുക്ക് ക്ലാസ്സിലേക്ക് നടക്കാം…”

അത് ഒരു തുടക്കമായിരുന്നു…പിന്നീട് ആ ബന്ധം വളര്‍ന്നു.ആദ്യം കണ്ട നാണംകുണുങ്ങി പെണ്ണില്‍ നിന്ന് അവള്‍ വളരെ മാറി…എന്നോടു അവള്‍ എന്തും സംസാരിക്കുമായിരുന്നു…ഞാനും ഏറെ മാറി കഴിഞ്ഞിരുന്നു.ജീവിതത്തില്‍ അത് വരെ ലഭികാതിരുന്ന ഒരു സംതൃപ്തി തോന്നി തുടങ്ങിയ കാലമായിരുന്നു അത്….ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ മനസ്സിലായി ,എനിക്ക് അവളോടുള്ളത് ഘാടമായ പ്രണയം തന്നെ എന്ന്…എങ്കിലും അത് പ്രകടിപ്പിക്കാന്‍ ഉള്ള ഒരു മാനോധൈരം എനുക്ക് ഉണ്ടായിരുന്നില്ല.അവള്‍ക്കും എന്നോടു അങ്ങനെ തന്നെ ഉള്ളത് പോലെ എനിക്ക് അനുഭവപെടാരുണ്ടാരുണ്ടായിരുന്നു…പലപ്പോഴും അത് ചോദിക്കാന്‍, അല്ലെങ്കില്‍ എന്‍റെ മനസ്സിലുള്ള ആഗ്രഹം തുറന്നു പറയാന്‍ ഞാന്‍ കൊതിച്ചു…പല ദിവസങ്ങളിലും അതിനുള്ള ധൈരം സംഭരിച്ച്‌ ഞാന്‍ വരുമായിരുന്നു…പക്ഷെ അവളുടെ മുന്നില്‍ എത്തിയാല്‍,ആ കണ്ണുകള്‍ കണ്ടാല്‍ ധൈരമെല്ലാം ചോരുന്നത് പോലെ തോന്നും…നിഷ്കളങ്കമായ ആ പുഞ്ചിരി മാഞ്ഞു പോകുമോ എന്നുള്ള ഒരു ഭയവും ഉണ്ടായിരുന്നു അതിനു പിന്നില്‍ …ഒരു പക്ഷെ ഇനി ഇപ്പോള്‍ അവള്‍ക്കു അങ്ങനെയില്ലെന്നു പറഞ്ഞാല്‍…..,പിന്നീട്  അവള്‍ ഒരിക്കലും എന്നോടു മിണ്ടാതായാല്‍…..,…..അത് ചിന്തിക്കാന്‍പോലും എനിക്കാവുമായിരുന്നില്ല…എന്നെങ്കിലും അത് പ്രകടിപ്പിക്കാന്‍ ദൈവം തന്നെ അവസരമൊരുക്കും എന്ന് കരുതി ഞാന്‍ സമാധാനിച്ചു ദിവസങ്ങള്‍ തള്ളി നീക്കി.രണ്ടു വര്‍ഷങ്ങള്‍ അങ്ങനേ കടന്നു പോയി…

കോളേജിലെ അവസാന വര്‍ഷം പകുതിയോടടുത്തു…ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ എല്ലാവരും പിരിയുകയായി…എത്രയും പെട്ടെന്നു തന്നെ എന്‍റെ ആഗ്രഹം അവളെ അറിയിക്കണം എന്ന് എനിക്ക് തോന്നി…അല്ലെങ്കില്‍ ഈ കോളേജ് വിട്ടാല്‍ പിന്നെ അവളെ കണ്ടില്ലെങ്കിലോ…ഒരു പക്ഷെ അവളും അത് ആഗ്രഹിക്കുന്നുന്ടെങ്കിലോ…ചില പദ്ധതികള്‍ ഒക്കെ തയ്യാറാക്കണം എന്ന് ഞാന്‍ തിരുമാനിച്ചു…പക്ഷെ വിധി…അത് എല്ലാം തന്നെ മാറ്റി മറിച്ചു…ഒരിക്കല്‍ അവള്‍ കോളേജില്‍ വന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളോടു കൂടിയായിരുന്നു…കാര്യം അന്വഷിക്കാന്‍ ചെന്ന എന്നെ അവള്‍ ഒഴിവാക്കുനതായി എനിക്കനുഭാവപെട്ടു…ഒന്ന് രണ്ടു ദിവസം അവള്‍ എന്നോടു മിണ്ടിയതെ ഇല്ല….ഞാന്‍ ആകെ തകരുകയായിരുന്നു അപ്പോഴൊക്കെ…ജീവിതം അവസാനിക്കാന്‍ പോകുന്നത് പോലെ തോന്നി…സന്തോഷങ്ങള്‍ എന്നെന്നെക്കുമായി വിട പറയുന്നതു പോലെയും.ഹോസ്റ്റല്‍ മുറികളില്‍ ഞാന്‍ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു തിരിഞ്ഞു.അവസാനം അവള്‍ എന്‍റെ അടുക്കല്‍ എത്തി കാര്യം പറഞ്ഞു…

“എന്നോടു ക്ഷമിക്കണം…ഞാന്‍ കുറച്ചു ദിവസ്സമായി ഒഴിഞ്ഞു മാറുന്നത് നിന്നോടുള്ള ദേഷ്യം കൊണ്ടല്ല…എനിക്ക് അതിനു സാധിക്കുക തന്നെയില്ല…കാര്യം എന്താണെന്ന് വെച്ചാല്‍ ഇനി ഞാന്‍ കൂടിയാല്‍ രണ്ടു മാസം കൂടിയേ ഇവിടെ ഉണ്ടാകു…എന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുന്നു…പഠനം പൂര്‍ത്തിയാക്കാന്‍ പോലും വീട്ടിന്നു സമ്മതിക്കുന്നില്ല…ഞാന്‍ അവരെ കുറ്റപെടുത്തുന്നില്ല…എന്‍റെ താഴെയും ഉണ്ട് രണ്ടു പേര്‍…,…അത് കൊണ്ട് ഇനി വൈകിപ്പിക്കാന്‍ ആവില്ലെന്നാണ് പറയുന്നത്…”

ഇടി തീ തട്ടിയത് പോലെ സ്തബ്ധനായി നില്‍ക്കുകയായിരുന്നു ഞാന്‍ അപ്പോള്‍…,…ഇശ്വരാ ഇതിനായിരുന്നു എന്നെ ഇത്രയ്ക്കും അവളോട്‌ അടുപ്പിച്ചത്…ഇതിനായിരുന്നോ ഇത്ര നാള്‍ ഞാന്‍ കാത്തിരുന്നത്…ഞാന്‍ മനസ്സില്‍ പളുങ്ക് പത്രത്തില്‍ കൊണ്ട് നടന്ന സ്വപ്‌നങ്ങള്‍ എല്ലാം ഒരു നിമിഷം കൊണ്ട് വീണു ഉടഞ്ഞതു പോലെ തോന്നി…

ആ സംഭവം എന്‍റെ മനസ്സിന്‍റെ താളം ആകെ തെറ്റിച്ചു…അവളെ കാണുമ്പോള്‍ എനിക്ക് നിയന്ത്രണം നശിക്കുന്നത് പോലെ തോന്നി…പലപ്പോഴും അവളുടെ അടുക്കല്‍ ചെന്ന് പോട്ടി കരയണം എന്ന് തോന്നാറുണ്ടായിരുന്നു…അവള്‍ എന്നോട് അധികം സംസാരിക്കാതായി…ഞാനും…ദിവസങ്ങള്‍ കഴിയുംതോറും അവളുടെ സങ്കടങ്ങള്‍ കുറയുന്നതായി ഞാന്‍ മനസ്സില്ലാക്കി…വിവാഹം സ്വപ്നം കാണുന്ന ഏതൊരു സാധാരണ പെണ്‍കുട്ടിയെയും പോലെ പ്രസ്സന്നയായി അവളെ എനിക്ക് കാണുവാന്‍ സാധിച്ചു…അതെ സമയം ഞാന്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു…താളം തെറ്റിയ മനസ്സിനെ നിയന്ത്രിക്കാന്‍ പലപ്പോഴും ലഹരികളെ കൂട്ടുപിടികേണ്ടാതായി വന്നു എനിക്ക്…മദ്യവും,മയക്കുമരുന്നും എനിക്ക് ഒഴിച്ച് കൂടാനാവാത്ത അതിഥികളായി മാറിയ നാളുകളായിരുന്നു പിന്നീട്…

ഏറ്റവും ഒടുവില്‍ അവള്‍ എന്നോട് സംസ്സാരിച്ചത് അന്നായിരുന്നു…അതെ അന്ന്…അന്ന് അവള്‍ അവളുടെ വിവാഹത്തിന്‍റെ ക്ഷണകത്തുമായാണ് എത്തിയത്…

“വരുന്ന ഫെബ്രുവരി പതിനാലിനാണ് എന്‍റെ വിവാഹം…എനിക്കിവിടെ ക്ഷണിക്കാന്‍ ആകെ കുറച്ചു കൂട്ടുകാരെ ഉള്ളു…നിയാണ്‌ അതില്‍ ഏറ്റവും മുഖ്യം…തീര്‍ച്ചയായും വരില്ലേ???”

മനസ്സ് എരിയുകയായിരുന്നെങ്കിലും ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു…വാക്കുകള്‍ കണ്ടെത്താന്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി…

“തീര്‍ച്ചയായും ഞാന്‍ ഉണ്ടാവും…എന്‍റെ പ്രിയ കൂട്ടുകാരിക്ക്…” മുഴുമിക്കാന്‍ സാധിച്ചില്ല…

അതിനു ശേഷം അവള്‍ കോളേജില്‍ വരാറില്ലായിരുന്നു…എന്‍റെ ജീവിതം അന്ധകാരത്തിലേക്ക് നീങ്ങി കൊണ്ടിരുന്നു…നഷ്ടപെടുന്നവന് കിട്ടാനുള്ള ഏറ്റവും വലിയ സൌഭാഗ്യം മരണമാണെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു പിന്നീട്…ജീവിതമാവസ്സാനിപ്പിക്കാന്‍ ഞാന്‍ ചിന്തിച്ചു തുടങ്ങിയ കാലം…ഒടുവില്‍ ഞാന്‍ അത് തന്നെ തിരുമാനിച്ചു…അവളുടെ വിവാഹമായ ഫെബ്രുവരി പതിനാലിന്…വാലൻന്റൈൻ ദിനത്തില്‍ ഈ ലോകത്തോട് എന്നെനെക്കുമായി വിട പറയാന്‍ ഞാന്‍ ഉറച്ചു…പക്ഷെ അവള്‍ വീണ്ടും എന്‍റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു.അന്ന്…അവളുടെ വിവാഹ ദിനത്തില്‍ എനിക്ക് അവളുടെ ഒരു കത്ത് ലഭിച്ചു…അതെ അവളുടെ കത്ത്…അതിലെ ഉള്ളടക്കം എന്നെ നയിച്ചത് വിഭ്രാന്തിയിലെക്കായിരുന്നു…

എന്‍റെ എത്രയും പ്രിയപ്പെട്ട കൂട്ടുകാരന്,

ഈ കത്ത് ഞാന്‍ എഴുതുന്നത്‌ ഒരിക്കലും നിന്നെ സങ്കടപെടുത്താന്‍ വേണ്ടി അല്ല…പക്ഷെ വിട പറയും മുമ്പ് ആ ഒരു സത്യം വെളിപെടുത്തണം എന്ന് എനിക്ക് തോന്നുന്നു…എന്‍റെ വിവാഹം അടുക്കുകയാണ്…നീ അറിയാത്ത ഒരു വലിയ ഒരു രഹസ്സ്യമുണ്ടായിരുന്നു എന്‍റെ ഉള്ളില്‍….,…മറ്റൊന്നുമല്ല അത്…ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു…അഗാധമായി…പലപ്പോഴും ഞാന്‍ ആഗ്രഹിച്ചിരുന്നു നീ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത് കേള്‍ക്കുവാന്‍ വേണ്ടി…പക്ഷെ ഒരിക്കലും അതുണ്ടായില്ല…കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ പല അവസ്സരങ്ങളിലും ഞാന്‍ തന്നെ അത് വെളിപ്പെടുതിയാലോ എന്നും ചിന്തിച്ചിരുന്നു…പക്ഷെ എന്‍റെ നാണം,ഭയം അത് പറയാന്‍ അനുവദിച്ചില്ല…പലപ്പോഴും നമ്മള്‍ ഒന്നിച്ചു കഴിയുന്നത് സ്വപ്നം കണ്ടിരുന്നു ഞാന്‍…,പക്ഷെ ഇനി അത് ഒരിക്കലും സാധിക്കില്ലല്ലോ…ഒരു പക്ഷെ വേറെ വിവാഹമേ കഴിക്കാതെ ഈ സ്വപ്നങ്ങളുമായി മാത്രം ജീവിതാവസാനം വരെ കഴിയാന്‍ ഞാന്‍ തയ്യാറായിരുന്നു…പക്ഷെ ഇനി ഇപ്പോള്‍ മറ്റൊരാളെ വിവാഹം ചെയ്യുക,അയാളോടൊപ്പം ജീവിത കാലം മുഴുവന്‍ കഴിയുക…എനിക്ക് ചിന്തിക്കാന്‍ പോലും ആവുനില്ല അതൊന്നും…അതെ ഞാന്‍ അത് തീരുമാനിച്ചു കഴിഞ്ഞു…ഈ കത്ത് നിന്‍റെ കയ്യിലെത്തുമ്പോഴേക്കും ഞാന്‍ ഈ ലോകത്തോട് വിട പറഞ്ഞിരിക്കും…ആരെയും ഞാന്‍ കുറ്റപെടുത്തുന്നില്ല…ഇത് എന്‍റെ വിധിആയിരിക്കാം…എനിക്ക് യാത്ര പറയാന്‍ ഈ ലോകത്തില്‍ നീ മാത്രമേയുള്ളൂ…ഒരു ദുസ്വപ്നം പോലെ ഈ കത്തിനെ മറക്കുക…എന്നെയും…എന്നെന്നേക്കുമായി വിട…..

സ്നേഹത്തോടെ                                                                                                                                                                                                                                                                                                                                                                               നിന്‍റെ സ്വന്തം നവ്യ

***************************************************************

കുറച്ചകലെയായി പള്ളിയുടെ കുരിശു ദൃശ്യമായി…അതെ അവളുടെ അടുത്ത് എത്തിയിരിക്കുന്നു…സ്മശാനത്തിനടുത്ത് വണ്ടി നിര്‍ത്തി ഞാന്‍ നീങ്ങി…കാലം ഈ പ്രദേശത്തെ ആകെ മാറ്റിയെങ്കിലും ഈ ശ്മശാനത്തിനും ഇവിടെയുള്ള ശവകുടിരങ്ങള്‍ക്കും ഇന്നും അതെ ഭാവം…വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ വെച്ചായിരുന്നില്ലേ നമ്മുടെ വിവാഹം !!!

അന്ന് ആ കത്ത് വായിച്ചതിനു ശേഷം സമനില പൂര്‍ണ്ണമായും നശിച്ച ഞാന്‍ കണ്ണില്‍ കണ്ടതും കയ്യില്‍ കിട്ടിയതുമൊക്കെ എറിഞ്ഞുടയ്ക്കുകയായിരുന്നു…ആര്‍ക്കും എന്നെ നിയന്ത്രിക്കാന്‍ ആവുമായിരുന്നില്ല അപ്പോള്‍,…എങ്കിലും ഒരു നേരിയ പ്രതീക്ഷ എന്നില്‍ അപ്പോളുമുണ്ടായിരുന്നു…ഇല്ല അവള്‍ അത് ചെയ്യില്ല അവള്‍ക്കു അതിനാവില്ല…ആ പ്രതീക്ഷ എന്നെ അവളുടെ വീട്ടിലെക്കെതിച്ചു…പക്ഷെ ദൈവം വീണ്ടും എന്നോട് ക്രുരത കാട്ടി…അവിടെ എത്തിയ എന്നെ സ്വികരിച്ചത് അവളുടെ മരണ വാര്‍ത്ത തന്നെ ആയിരുന്നു…അവളുടെ ചേതനയറ്റ ശരീരം പള്ളിയിലേക്ക് കൊണ്ട് പോയിരുന്നു അപ്പോളേക്കും…

പൊട്ടി കരഞ്ഞുകൊണ്ടാണ് ഞാന്‍ പള്ളിയിലേക്ക് ഓടിയത്…അവിടെ എത്തിയപ്പോള്‍ എനിക്ക് കാണുവാന്‍ സാധിച്ചത് ആള്‍കൂട്ടത്തിനിടയില്‍ വെളുത്ത വസ്ത്രത്തിനുള്ളിലുള്ള അവളുടെ മരവിച്ച ശരീരതെയാണ്.സര്‍വ്വ നിയന്ത്രണവും നഷ്ടമായ ഞാന്‍ അവളുടെ നിര്‍ജീവമായ ശരീരത്തെ കെട്ടി പിടിച്ചു കരഞ്ഞു…സംഭാവിക്കുന്നത് എന്തെന്ന് മനസ്സിലാവാതെ ബന്ദുകളും വികാരിയച്ചനും അതിശയിചിരിക്കണം…വികാരിയാച്ചന്‍ എന്‍റെ കയ്യിലുള്ള കത്ത് എടുത്തു അതിനിടയില്‍….,…അത് വായിച്ചത് കൊണ്ടാവാം അദേഹം എന്നെ വാത്സല്യംതോട് കൂടി പിടിച്ചേഴുന്നെല്‍പ്പിച്ചു…ഞാന്‍ അദേഹത്തിന്‍റെ കയ്യ്കള്‍ പിടിച്ചു പൊട്ടി കരഞ്ഞു കൊണ്ട് ആവശ്യപെട്ടു…

“അച്ചോ ദയവു ചെയ്തു എന്നെ ഇവള്‍ക്ക് വിവാഹം കഴിപ്പിച്ചു തരാമോ…എനിക്കിനി അവള്‍ക്കു നല്‍കാന്‍ എന്‍റെ ബാക്കി ജീവിതമാല്ലാതെ വേറെ ഒന്നും തന്നെയില്ല…അവളുടെ ആഗ്രഹം ഇപ്പോഴെങ്കിലും സാധിച്ചു കൊടുക്കാന്‍ എന്നെ അനുവദിക്കണം…”

ആളുകള്‍ എല്ലാം തന്നെ അതിശയകരമായി അച്ഛനെയും എന്നെയും മാറി മാറി നോക്കുനുണ്ടായിരുന്നു…എല്ലാവരും അച്ഛന്റെ മറുപടിക്ക് ആകാംഷയോടെ കാത്തിരുന്നു…എന്‍റെ തലയില്‍ തലോടി അച്ഛന്‍ പറഞ്ഞു…

“ശരി ഞാന്‍ നടത്തി തരാം…ഇവരുടെ വിവാഹത്തിനു ഈ കൂടി നില്‍ക്കുന്ന ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ???”

ആരും ഒന്നും മിണ്ടിയില്ല…ഞാന്‍ എന്‍റെ കയ്യിലെ അമ്മ സമ്മാനിച്ച മോതിരമൂരി അവളുടെ വിരലില്‍ അണിയിച്ചു…വിറങ്ങലിച്ച ആ വിരലിലെ തണുപ്പ് ഇന്നും എനിക്കനുഭാവപെടുന്നു…അവളുടെ നെറ്റിയില്‍ അവസാനമായി ഞാന്‍ ചുംബിച്ചു…ശവപെട്ടി മൂടി കുഴിയിലേക്ക് എടുത്തു വെക്കുമ്പോഴേക്കും ഞാന്‍ മോഹല്യസപെട്ടിരുന്നു…

അതിനു ശേഷം ഒട്ടുമിക്ക ദിവസങ്ങളിലും ഞാന്‍ ഇവിടെ വരാറുണ്ടായിരുന്നു…അവള്‍ ഇല്ല എന്നുള്ള സത്യം ഇപ്പോളും എനിക്ക് അംഗീകരിക്കാനാവുന്നില്ല…ഇല്ല അവള്‍ ഇവിടെ തന്നെയൊക്കെ ഉണ്ട്…പഴയ ആ കൌമാരകാരിയായി അവള്‍ ഇന്നും നിലനില്‍ക്കുന്നു…നര വീണ എന്‍റെ മുടിയും,താടിയും നോക്കി അവള്‍ കണ്ണിറുക്കി ചിരിക്കുന്നത് എനിക്ക് കാണുവാന്‍ സാധിക്കുന്നു…

Comments are closed.