കണ്ണില്‍ക്കുത്തിയാല്‍ കാണാന്‍ കഴിയാത്ത ഇരുട്ട്. കാതടപ്പിക്കുന്ന വിധം കാറ്റിരമ്പുന്നു. പെട്ടെന്നു കഴുത്തിലെന്തോ കടിച്ചതു പോലെ. തൊട്ടു നോക്കുമ്പോള്‍ നേര്‍ത്ത നനവ്, ചോരയെുടെ മണം. കഴുത്തില്‍നിന്നു ചുമലിലേക്ക് രക്തമൊഴുകി. ഞരമ്പു മുറിഞ്ഞിരിക്കുന്നു. കൈകാലുകള്‍ തളര്‍ന്നു നിലത്തു വീഴുമ്പോള്‍ എന്തോ ഒരു രൂപം ദൂരേയ്ക്ക് പറന്നകന്നു… എന്തായിരുന്നു ആ അദൃശ്യസാന്നിധ്യം…? പ്രേതനോവലുകളിലും പിന്നീടു സിനിമകളിലുമാണ് ഇങ്ങനെ അദൃശ്യശക്തികളെ കണ്ടത്. രക്തരക്ഷസുകള്‍, യക്ഷി, പ്രേതം… മനുഷ്യരക്തം ഊറ്റിക്കുടിക്കുന്ന അമാനുഷിക ശക്തികള്‍ പാശ്ചാത്യലോകത്ത് വാംപെയറുകളാണ്. അവിടെ കഥകളില്‍ മാത്രം ഒതുങ്ങുന്നില്ല വാംപയറുകള്‍. നൂറ്റാണ്ടുകള്‍ക്കു മുമ്പേ അവര്‍ വാംപെയറുകളെ ഭയപ്പെട്ടു. വവ്വാലുകളായി പറന്നെത്തി രക്തമൂറ്റുന്ന വാംപെയറുകള്‍ ജീവിക്കുന്നുണ്ടെന്ന് വിശ്വസിച്ചു പഴയ തലമുറ. അതുകൊണ്ടു തന്നെ ബള്‍ഗേറിയയിലെ സോഫിയയിലുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പി ക്കുന്ന അസ്ഥികൂടത്തിനു പ്രസക്തിയേറുന്നു. ബള്‍ഗേറിയക്കാരെ സംബന്ധിച്ചിടത്തോളം അതൊരു വാംപെയര്‍ സ്കെലിറ്റന്‍ ആണ്.
എഴുനൂറു വര്‍ഷം പഴക്കമുള്ള രണ്ട് അസ്ഥികൂടങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ഇത് കുഴിമാന്തിയെടുത്തതു ബ്ലാക് സീ ടൗണായ സോക്കോപോളില്‍ നിന്ന്. ഒരുപാട് സ്കെലിറ്റനുകള്‍ ചരിത്രകാരന്മാര്ക്കു കിട്ടിയിട്ടുണ്ടെങ്കിലും പ്രദര്‍ശനത്തിനെത്തിച്ചതിന് പ്രത്യേകതയുണ്ട്. ഈ രണ്ട് അസ്ഥികൂടങ്ങളുടേയും നെഞ്ചിലേക്ക് ഒരു ഇരുമ്പ് ദണ്ഡ് ആഴ്ന്നിറങ്ങിയ പാടുണ്ട്. നെഞ്ചില്‍ ഇരുമ്പു കമ്പി ആഴ്ന്നിറങ്ങിയിട്ടുണ്ടെങ്കില്‍ അവിടത്തുകാര്‍ക്കറിയാം, അതു സാധാരണക്കാരനല്ല. മരണശേഷം വാംപെയര്‍ ആകാന്‍ സാധ്യതയുള്ള മനുഷ്യരാണ്. ഒരു കാലത്തു ഗ്രാമീണര്‍ ഏറെ ഭയപ്പെട്ടിരുന്ന സമൂഹദ്രോഹികളാണ് അവര്‍. അവര്‍ വാംപെയറുകളായി പുനര്‍ജനിച്ചു. പ്രഭുക്കന്മാരായിരുന്നു ഇങ്ങനെ മരണശേഷം വാംപെയറായി അവതരിച്ചത്.
മൃതദേഹത്തിന്റെ നെഞ്ചില്‍ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയാല്‍ പുനര്‍ജ നിക്കില്ലെന്നായിരുന്നു ബള്‍ഗേറിയ ക്കാരുടെ വിശ്വാസം. രക്തരക്ഷസായി രൂപാന്തരം പ്രാപിക്കാതിരിക്കാനുള്ള പ്രവൃത്തിയായിരുന്നു അത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഇത്തരത്തിലുള്ള ആചാരം ഇവിടെ നിലനിന്നിരുന്നതായി ചരിത്രകാരന്മാര് പറയുന്നു. അതു വ്യക്തമാക്കുന്നതാണ് പ്രദര്‍ശനത്തിനു വച്ചിട്ടുള്ള രണ്ട് അസ്ഥികൂടങ്ങള്‍.
ബള്‍ഗേറിയയുടെ അതിര്‍ത്തിയിലുളള റൊമാനിയയിലെ ട്രാന്‍സില്‍വാനിയയിലാണ് ബ്രാം സ്റ്റോക്കറുടെ കഥാപാത്രമായ ഡ്രാക്കുള വിഹരിച്ചിരുന്നത്. ഭാവനാസൃഷ്ടിയാണെങ്കിലും, നൂറ്റാണ്ടുകള്‍ക്കു മുമ്പേ വാംപെയര്‍ ബള്‍ഗേറിയക്കാരെ വിറപ്പിച്ചിരുന്നു എന്നതിനു സാക്ഷ്യമാണ് ഡ്രാക്കുള. രക്തരക്ഷസുകളെ തൃപ്തിപ്പെടുത്താനും അവര്‍ ശല്യപ്പെടുത്താതിരിക്കാനും ചില മാന്ത്രിക കര്‍മങ്ങള്‍ ചെയ്തിരുന്നു ബള്‍ഗേറിയക്കാര്‍. പക്ഷേ, കാലം കടന്നതോടെ വാംപെയറുകള്‍ സിനിമയിലും നോവലിലും മാത്രമായി.
പുതുയുഗത്തില്‍ പോക്കറ്റില്‍ നാലു പുത്തന്‍ വീഴാനുള്ള വഴിയൊരുക്കുന്നു വാംപെയറുകള്‍. റൊമാനിയയില്‍ വാംപെയര്‍ ടൂറിസമുണ്ട്. വാംപയറുകളുടെ നാടു കാണാനുള്ള അവസരം എന്നാണ് പരസ്യ വാചകം. ഇപ്പോള്‍ പ്രദര്‍ശനത്തിന് അസ്ഥി കൂടം എത്തിക്കുമ്പോള്‍ ഈ മാര്‍ഗത്തിലൂടെ സമ്പാദിക്കാനുള്ള സാധ്യത ബള്‍ഗേറിയയ്ക്കു ലഭിച്ചു. കഴിഞ്ഞയാഴ്ച അസ്ഥികൂടങ്ങള്‍ കണ്ടെത്തിയപ്പോള്‍ത്തന്നെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആ കുഴിമാടങ്ങളിലായിരുന്നു. നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ അസ്ഥി കൂടം പ്രദര്‍ശനത്തിനു വരുമ്പോള്‍ അതൊരു വലിയ വരുമാനമാര്‍ഗമായി മാറുമെന്നു തന്നെ വിശ്വസിക്കുന്നു ബള്‍ഗേറിയക്കാര്‍.
ബള്‍ഗേറിയന്‍ ഭൂമിയില്‍ പന്ത്രണ്ടു മുതല്‍ പതിനാലു നൂറ്റാണ്ടു വരെ വളരെ സജീവമായി നിലനിന്നിരുന്ന വിശ്വാസമായിരുന്നു വാംപെയറുകളെന്നു പറയുന്നു ഹിസ്റ്ററി മ്യൂസിയം ഡയറക്റ്റര്‍ ബോസിദര്‍ ദിമിത്രോവ്. അക്കാലത്തു ജനങ്ങള്‍ അന്ധവിശ്വാസികളായിരുന്നു. കമ്പി കുത്തിയിറക്കിയ മൃതദേഹങ്ങളുള്ള നൂറോളം ശവപ്പറമ്പുകള്‍ മുമ്പും കണ്ടെത്തിയിട്ടുണ്ടെന്നു ബോസിദര്‍ പറയുന്നു. മധ്യകാലത്തു ജീവിച്ചിരുന്ന പ്രഭുക്കന്മാരുടെ മൃതദേഹങ്ങളായിരുന്നു അവയിലേറെയും. പ്രഭുക്കന്മാര് രക്തമൂറ്റി കുടിക്കുന്ന വാംപെയറുകളായി രൂപാന്തരം പ്രാപിക്കുമെന്നു ബള്‍ഗേറിയക്കാര്‍ ഭയന്നു. ഇപ്പോള്‍ പല ബാള്‍ക്കന്‍ രാജ്യങ്ങളിലും വാംപെയറുകളുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ സജീവമാണ്. ചിലയിടങ്ങളില്‍ ഇതു നാടോടിക്കഥകളായും പ്രചരിക്കുന്നു. അതുകൊണ്ടു തന്നെ തലമുറകള്‍ കൈമാറി എത്തുകയാണു വാംപെയര്‍ കഥകള്‍.
ഇപ്പോള്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സോക്കോപൂളില്‍ പ്രചരിക്കുന്ന കഥ ഇങ്ങനെ. ഈ അസ്ഥികൂടങ്ങള്‍ പുറത്തെടുക്കുന്നതു വരെ ആ പ്രദേശത്തെ ചിലയാളുകള്‍ക്ക് രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലത്രേ. അസ്ഥികൂടങ്ങള്‍ ചരിത്രകാരന്മാര് കൊണ്ടു പോയപ്പോള്‍ സുഖനിദ്ര ലഭിക്കുകയും ചെയ്തു.. ഇങ്ങനെ പറഞ്ഞും പ്രചരിപ്പിച്ചും പെരുപ്പിച്ചും എത്രയോ രക്തമൂറ്റിക്കുടിക്കുന്ന കഥകള്‍. എന്തായാലും ഇപ്പോള്‍ത്തന്നെ സോക്കോപൂള്‍ വാംപെയര്‍ ടൂറിസം സൈറ്റായി മാറിക്കഴിഞ്ഞു. ഈ കണ്ടുപിടുത്തത്തിനു ശേഷം ധാരാളം പേര് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
പൂര്‍വികരുടെ അന്ധവിശ്വാസത്തെക്കുറിച്ചു കൂടുതല്‍ അറിയിക്കാന്‍ ഈ പ്രദര്‍ശനം സഹായിക്കുമെന്നാണു കരുതുന്നത്. രക്തരക്ഷസുകളുടെ ചരിത്രം തേടുന്നവര്‍ക്ക് ഏറെ സഹായകരമായിരിക്കും ഇപ്പോഴത്തെ ഈ കണ്ടുപിടുത്തവും അസ്ഥി കൂടത്തിന്റെ പ്രദര്‍ശനവും. എന്തായാലും വാംപെയറുകളുടെ കഥകള്‍ക്ക് ഇപ്പോഴും നല്ല വേരോട്ടമുണ്ട് ബള്‍ഗേറിയയില്‍. പലരും മറന്നു തുടങ്ങിയ പല കഥകളും ഇപ്പോള്‍ പൊടിതട്ടി പുതിയ കൂട്ടിച്ചേര്‍ക്കലുകളോടെ പുറത്തു വന്നിരിക്കുന്നു. ബള്‍ഗേറിയയുടെ രാത്രികളില്‍ വീണ്ടും രക്തരക്ഷസുകള്‍ ഉലാത്താന്‍ തുടങ്ങിയിരിക്കുന്നു. ലോകം ഇത്രയേറെ പുരോഗമിച്ചു, ഇനിയും വാംപെയര്‍ കഥകള്‍ കേട്ടാല്‍ പേടിക്കുന്ന മനുഷ്യര്‍ ഉണ്ടാകുമോ, പൂര്‍വികരിലാരോ പടച്ചുവിട്ട വാംപെയര്‍ സങ്കല്‍പ്പത്തെ ആരെങ്കിലും വിശ്വസിക്കുമോ…? ഉത്തരം ഹിസ്റ്ററി മ്യൂസിയം ഡയറക്റ്റര്‍ തന്നെ പറയും.
“” അസ്ഥികൂടങ്ങള്‍ തിരിച്ചെടുത്തശേഷം അവ കഴുകി വൃത്തിയാക്കുമ്പോള്‍ മ്യൂസിയത്തിലെ ഒരു തൊഴിലാളി മൂന്നു നാലു പ്രാവശ്യം കുരിശു വരയ്ക്കുകയും, കഴുത്തിലെ കുരിശില്‍ മുറുകെ പിടിക്കുകയും, പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു ” വാംപെയറുകള്ക്കു മരണമില്ല, ബള്‍ഗേറിയയിലെ ചിലരുടെ മനസുകളിലെങ്കിലും.