വരനെ ആവശ്യമുണ്ട് ; ഒരു നല്ല ചിത്രം ഉണ്ടാക്കാൻ തൻ്റെ ആദ്യശ്രമത്തിൽ തന്നെ അനൂപ് സത്യന് കഴിഞ്ഞിട്ടുണ്ട്

287
Sanuj Suseelan
വരനെ ആവശ്യമുണ്ട്
ചെന്നൈ നഗരത്തിലെ ഒരു അപ്പാർട്ട്മെൻറ്റ് കോംപ്ലക്‌സിലെ നാലു ഫ്ലാറ്റുകളിൽ താമസിക്കുന്ന നാലു കുടുംബങ്ങളുടെ കഥയാണ് വളരെ രസകരമായി ഈ സിനിമ പറയുന്നത്. അതിലൊരാൾ സ്വന്തം അറേഞ്ച്ഡ് മാര്യേജ് സ്വയം അറേഞ്ച് ചെയ്യാൻ ശ്രമിക്കുന്ന ഒരു യുവതിയും. ആർക്കും ഊഹിക്കാവുന്ന കഥാഗതി , പല സിനിമകളിലും ഒരുപാടു തവണ കണ്ടിട്ടുള്ള രംഗങ്ങൾ, സംഭാഷണങ്ങൾ, കഥാന്തരീക്ഷം എന്നിങ്ങനെ ആവർത്തിച്ച് വരുന്ന ഘടകങ്ങൾ ഒരുപാടുണ്ടെങ്കിലും അതൊക്കെ ഉപയോഗിച്ച് തെറ്റില്ലാത്ത ഒരു ചിത്രം ഉണ്ടാക്കാൻ തൻ്റെ ആദ്യശ്രമത്തിൽ തന്നെ അനൂപ് സത്യന് കഴിഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങൾ.
ഈ സിനിമയുടെ ഏറ്റവും വലിയ ബലം ഇതിലെ താരനിരയാണ്.ഇതിലെ കഥാപാത്രങ്ങളെല്ലാം പുത്തൻ പുതിയതാണ് എന്ന് പ്രേക്ഷകനെക്കൊണ്ട് തോന്നിപ്പിക്കുന്നതിൽ ചിത്രത്തിലെ കാസ്റ്റിംഗ് മികവ് നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. കേന്ദ്ര കഥാപാത്രങ്ങളായ മേജർ ഉണ്ണികൃഷ്ണനെ അവതരിപ്പിക്കുന്ന സുരേഷ് ഗോപി തന്നെയാണ് അതിൽ ഒന്നാമത്. കഴിഞ്ഞ കുറെ ചിത്രങ്ങളായി അത്യാവശ്യം വെറുപ്പിക്കുന്ന രീതിയിൽ, അതി നാടകീയമായി അഭിനയിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിൻ്റെ ഒരു ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവ് എന്തായാലും ഗംഭീരമായി. തന്നെ തന്നെ ട്രോൾ ചെയ്യുന്നത് അദ്ദേഹം ആസ്വദിച്ച് അഭിനയിച്ചിരിക്കുന്നത് പല രംഗങ്ങളും തീയറ്ററിൽ ചിരിയുണർത്തിയതും വെറുതെയല്ല.
അതുപോലെ തന്നെ ശോഭനയും. പ്രായം മുഖത്ത് ചെറിയ ചുളിവുകളൊക്കെ വീഴ്ത്തിയിട്ടുണ്ടെങ്കിലും ഇപ്പോളും അവർ എത്ര സുന്ദരിയാണ്. വർഷങ്ങളോളം അഭിനയിക്കാതിരുന്നിട്ടും അവരുടെ പ്രതിഭയ്ക്ക് ഒരു കോട്ടവും പറ്റിയിട്ടില്ല എന്നത് പല രംഗങ്ങളിലും വളരെ സ്പഷ്ടമാണ്. കടുത്ത മെലോഡ്രാമാറ്റിക് ആകുമായിരുന്ന ചില സീനുകൾ അവരുടെ നിയന്ത്രണത്തോടെയുള്ള അഭിനയം കൊണ്ട് മാത്രം രക്ഷപ്പെട്ടിട്ടുണ്ട്. ശോഭനയുടെ നൃത്തം കാണിക്കാൻ വേണ്ടി മാത്രം കടപ്പുറത്തുള്ള ആ നൃത്തമണ്ഡപത്തിൽ ചുവടു വയ്പ്പിക്കുന്ന രംഗമൊക്കെ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.
വർഷങ്ങൾക്ക് ശേഷം ശോഭന അഭിനയിക്കാൻ വരുമ്പോൾ അവരുടെ ഡാൻസ് കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയാവും എന്നുള്ള തെറ്റിദ്ധാരണ അനൂപിനുണ്ടായിരുന്നോ ആവൊ. “എന്നും എപ്പോഴും” എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ നൃത്ത രംഗം തിരുകി കയറ്റിയത് അങ്ങനെ ഒരു ധാരണയുടെ പുറത്തായിരുന്നു എന്നും അത് പ്രേക്ഷകർ സ്വീകരിച്ചു എന്നുമൊക്കെ സത്യൻ അന്തിക്കാട് എവിടെയോ പറയുന്നത് കേട്ടിട്ടുണ്ട്. മലയാളി പ്രേക്ഷകർ ഇങ്ങനെയൊക്കെ പ്രതീക്ഷിച്ചല്ല സിനിമ കാണാൻ വരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും ശോഭനയെ ഇനിയും ഒരുപാടു ചിത്രങ്ങളിൽ കാണാൻ ആഗ്രഹം തോന്നിക്കുന്ന വിധമാണ് ഇതിലെ നീന എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചിരിക്കുന്നത്. ശോഭനയ്ക്ക് ശബ്ദം പകർന്ന ഭാഗ്യലക്ഷ്മിയും നന്നായി ജോലി ചെയ്തിട്ടുണ്ട്.
ഉർവശിയും അതേ. ഉർവശിയുടെ ഡേറ്റ് ഉണ്ടെങ്കിൽ മാത്രം ചെയ്യാൻ വച്ചിരുന്ന സിനിമകളെക്കുറിച്ച് പല സംവിധായകരും പറഞ്ഞിട്ടുണ്ട്. ഇതിലെ ഡോക്ടർ ഷേർളിയെ കാണുമ്പോൾ അതോർമ്മ വന്നു. എന്തൊരു നടിയാണ് ഉർവശി. അത്ര നല്ല ശബ്ദമല്ലാതിരുന്നിട്ടുകൂടി എത്ര മനോഹരമായാണ് ഉർവശി സ്വന്തം കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തിരിക്കുന്നത്. തമാശയും സന്തോഷവും ദുഃഖവുമെല്ലാം ഞൊടിയിട കൊണ്ട് മാറിമറിയുന്ന മുഖം. അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിൽ ഉർവശിയും മീരാ ജാസ്മിനും തമ്മിലുള്ള ബന്ധം പോലൊന്ന് ഇതിൽ ശോഭനയും കല്യാണിയും തമ്മിലുണ്ടാവുമോ എന്ന് പ്രതീക്ഷിച്ചെങ്കിലും ബുദ്ധിപൂർവം അണിയറക്കാർ അതൊഴിവാക്കിയിട്ടുണ്ട്. ശോഭനയും ഉർവശിയും പോലുള്ള അഭിനേതാക്കൾ അവതരിപ്പിച്ച കഥാപാത്രങ്ങൾ വർഷമെത്ര കഴിഞ്ഞാലും നമ്മൾ ഓർത്തിരിക്കുന്നത് അവരുടെ പ്രതിഭ കൊണ്ട് തന്നെയാണ്. പകരം വയ്ക്കാനില്ലാത്ത കലാകാരികൾ
ദുൽഖർ സൽമാന് ഈ റോൾ വലിയ വെല്ലുവിളിയായിരുന്നിരിക്കാൻ താല്പര്യമില്ല. മുമ്പും ഇതുപോലുള്ള വേഷങ്ങൾ പുള്ളി ഒരുപാടു ചെയ്തിട്ടുണ്ട്. കല്യാണി പ്രിയദർശൻ കൊള്ളാം. മലയാളത്തിലെ തൻ്റെ ആദ്യ സിനിമയിലെ കഥാപാത്രത്തെ രസകരമായി കല്യാണി അവതരിപ്പിച്ചു. നികിത എന്ന നിക്കിയെ അവതരിപ്പിക്കാൻ അണിയറക്കാർ ആദ്യം കണ്ടു വച്ചിരുന്നത് നസ്രിയയെ ആയിരുന്നുവത്രെ. അവസാന നിമിഷമാണ് സാങ്കേതിക കാരണങ്ങളാൽ കല്യാണി അതിലേക്കു വരുന്നത്. എന്തായാലും അത് തെറ്റായില്ല എന്ന് വേണം പറയാൻ.
കെ പി എ സി ലളിത, ലാലു അലക്സ്, മേജർ രവി, ലാൽ ജോസ് ( ആ കഥാപാത്രത്തിന്റെ ആവശ്യം എന്തായിരുന്നു എന്ന് മനസ്സിലാവുന്നില്ല. തൻ്റെ ഗുരുവായ ലാൽജോസിന്റെ ആദ്യ ചിത്രത്തിൽ ഉൾപ്പെടുത്താൻ വേണ്ടി കുത്തിത്തിരുകിയ പോലെയായായിപ്പോയി ആ വേഷം ) എന്നിവരൊക്കെ പല വേഷങ്ങളിൽ വന്നു പോകുന്നുവെങ്കിലും ഏറ്റവും ചിരിപ്പിച്ചത് ജോണി ആന്റണി അവതരിപ്പിച്ച ഡോക്ടർ ബോസാണ്.
അസ്സൽ ഒരു പാലാക്കാരൻ സൈക്കോളജിസ്റ്റ്. പുള്ളി സംവിധാനം ചെയ്തു ഇറങ്ങിയ അവസാനത്തെ ചിത്രങ്ങളും അദ്ദേഹം അഭിനയിച്ച വേഷങ്ങളും തട്ടിച്ചു നോക്കിയാൽ സംവിധാനത്തേക്കാൾ അങ്ങോർക്ക് കൂടുതൽ ചേരുന്നത് അഭിനയമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഒരേ റൂട്ടിൽ സ്ഥിരമായി ഓടുന്ന ബസ്സ് പോലെയാണ് സത്യൻ അന്തിക്കാട് ചിത്രങ്ങളെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത് നടൻ സലിംകുമാറാണ്. ബസ്സ് ഒരേ റൂട്ടിൽ സുരക്ഷിതമായി തന്നെ ഓടുകയും അതിൽ കയറാൻ ആളുണ്ടാവുകയും ചെയ്യുന്ന സ്ഥിതിക്ക് താനെന്തിന് റൂട്ട് മാറ്റി അതോടിക്കണം എന്നായിരുന്നു സത്യൻ അന്തിക്കാട് അതിനു മറുപടിയായി പറഞ്ഞത്. ആ റൂട്ടിൽ അതേ കുടുംബത്തിൽ നിന്നും പുതിയ ഒരു ബസ്സ് കൂടി ഇറങ്ങിയിട്ടുണ്ട് എന്നാണ് അനൂപ് ആദ്യ ചിത്രത്തിൽ നൽകുന്ന സൂചന. എന്തായാലും സാരമില്ല. ഇടയ്ക്കൊക്കെ ഇതും വേണ്ടേ . ആവശ്യമില്ലാത്ത ചില സീനുകൾ, ചുമ്മാ വലിച്ചു നീട്ടിയ ക്ലൈമാക്സ് എന്നിങ്ങനെ തെറ്റുകുറ്റങ്ങൾ ചിലതൊക്കെയുണ്ടെങ്കിലും ഒരു ത്രില്ലർ ചിത്രം ഉണ്ടാക്കുന്നതിനേക്കാൾ ആയിരം മടങ്ങ് ബുദ്ധിമുട്ടാണ് ജീവിതത്തിൽ നിന്നൊരു കഥ പറയാൻ എന്നുള്ളത് കണക്കിലെടുക്കുമ്പോൾ ആദ്യ ചിത്രമെന്ന നിലയ്ക്ക് ഇതൊക്കെ ക്ഷമിക്കാവുന്നതേയുള്ളൂ. പൊടിക്ക് അശ്ലീലമോ ദ്വയാർത്ഥ പ്രയോഗങ്ങളോ ഒന്നുമില്ലാത്ത ഒരു ക്‌ളീൻ കുടുംബ ചിത്രമാണിത്. അൽഫോൻസ് ജോസഫ് ഈണം പകർന്ന നല്ല പാട്ടുകളും മുകേഷ് മുരളീധരന്റെ മികച്ച ഛായാഗ്രഹണവും ഒക്കെ അകമ്പടിയായുണ്ട്.
ഈ സിനിമ കാണാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒരു സുഹൃത്ത് കളിയാക്കി. എന്തിനാണ് ഈ സ്ഥിരം ഡ്രാമയൊക്കെ കാണാൻ പോകുന്നത് ? നീയൊക്കെ ഫീൽ ഗുഡ് സിനിമയുടെ ആളാണല്ലേ ? എന്നായിരുന്നു അവൻ്റെ പരിഹാസം. ആർക്കാണ് ഒരു സിനിമ കണ്ടിട്ട് ഫീലിംഗ് ബാഡ് അകാൻ ആഗ്രഹമുള്ളത് ? അതിനേക്കാൾ എത്രയോ നല്ലതാണ് കണ്ടു പഴകിയതാണെങ്കിലും കുറച്ചു നേരത്തേക്കെങ്കിലുമുള്ള ആ ഫീൽ ഗുഡ് ഫാക്ടർ എന്ന് ചോദിച്ചപ്പോൾ അവൻ അടങ്ങി.