Vani Jayate

ഇക്കഴിഞ്ഞ കാലങ്ങൾക്കിടയിൽ സിനിമാ പ്രേക്ഷക സമൂഹത്തെ രണ്ടായി നെടുകെ പിളർത്തുന്ന രണ്ടു സിനിമകളാണ് ഇറങ്ങിയിരിക്കുന്നത്. ആനിമലും വാലിബനും. എന്റെ ഓർമ്മയിൽ അടുത്തൊന്നും കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസമാണത്. ഒന്നുകിൽ ഈ സിനിമകളെ എല്ലാം മറന്ന് ഇഷ്ടപ്പെടുന്ന, അല്ലെങ്കിൽ ഒട്ടും ഇഷ്ടപ്പെടാത്ത ആസ്വാദകരെ ആണ് നമുക്ക് ചുറ്റും കാണാൻ കഴിയുന്നത്. അതിലേറെ കൗതുകകരമായ വസ്തുത, ഇങ്ങനെ ഇഷ്ടപ്പെടുന്നവരിലും, അല്ലാത്തവരിലും പൊതുവായ ഘടകങ്ങൾ ഒന്നും തന്നെയില്ല എന്നതാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകൾ, ലിംഗഭേദങ്ങൾ, പ്രായഭേദം, ഇതൊന്നും കൂടാതെയാണ് ഇഷ്ടപ്പെടുകയും വെറുക്കുകയും ചെയ്യുന്നത്. എന്നാൽ ഇങ്ങനെ പറയുമ്പോഴും രണ്ട് സിനിമകളെയും ഇഷ്ടപ്പെടുകയും, ഇഷ്ടപ്പെടാതെയിരിക്കുകയും ചെയ്യുന്നത് ഒരേ തരത്തിലുള്ള പ്രേക്ഷകരാണ് എന്നല്ല ഉദ്ദേശിച്ചത് എന്ന് കൂടി പറയണം. അതുകൊണ്ട് തന്നെ ആപ്പിളും ഓറഞ്ചും തമ്മിലുള്ള ഒരു താരതമ്യമല്ല ഉദ്ദേശിച്ചിരിക്കുന്നത് എന്നും.

രണ്ടും തികച്ചും വ്യത്യസ്തമായ ഴോണറുകളിൽ ഉള്ള സിനിമകളാണ്. പ്രമേയത്തിലും, അവതരണത്തിലും വ്യത്യസ്തത പുലർത്തുന്ന സിനിമകൾ. ആനിമൽ ആത്യന്തികമായി വയലന്റായിട്ടുള്ള ഒരു സോഷ്യോപാത്തിന്റെ സംഭവ ബഹുലമായ ജീവിത രേഖയാണ്. ചടുലതയാണ് അതിന്റെ ഹാൾമാർക്ക്. ഒന്നിന് പിറകെ ഒന്നൊന്നായി ഹൈപോയന്റുകൾ കോർത്തു വെച്ചിട്ടുള്ള ഒരു ഹൈലി എൻഗേജിങ് ആയിട്ടുള്ള ഒരു ആഖ്യാനരീതിയാണ് സന്ദീപ് വാംഗ സ്വീകരിച്ചിട്ടുള്ളത്. പ്രേക്ഷകരെ പ്രകോപിപ്പിക്കുവാനും അവരിൽ നിന്നും തികച്ചും എക്സ്ട്രീം ആയ പ്രതികരണങ്ങൾ ഉണർത്തുവാനും തക്ക രീതിയിലാണ് കഥാപാത്രങ്ങളെയും അവരുടെ വികാസവും പ്രതികരണവും പകർത്തി വെച്ചിട്ടുള്ളത്. ചിന്തിക്കാൻ ഒരു അവസരവും നൽകാത്ത ഒരു പേസിങ് ആണ് നരേറ്റിവിൽ സ്വീകരിച്ചിട്ടുള്ളത്. പുതിയ തലമുറയുടെ, ചിന്തകളും, ജീവിത വീക്ഷണങ്ങളുമൊക്കെയാണ് അസംസ്കൃത വസ്തുക്കൾ. നൂറ് ശതമാനം ‘ഇന്നിൽ’ ജീവിക്കുകയാണ് രൺബീറിന്റെ നായകൻ. അവന്റേതായ ലോകവും അവന്റേതായ ശരികളും മാത്രമേ ഉള്ളൂ. ന്യായീകരണങ്ങൾക്ക് ഒരു പഴുത് പോലും കൊടുക്കാതെയാണ് പാത്രസൃഷ്ടി. എന്തിനാണ് ന്യായീകരിക്കേണ്ടത് എന്നുള്ള ചോദ്യം ആണ് അവിടെ വെയ്ക്കുന്നത്. പേരിലെന്നപ്പോലെ തന്നെ വന്യതയാണ് ആത്യന്തികമായ ഭാവം.

അതെ സമയം വാലിബനാവട്ടെ മന്ദതാളമാണ് തുടക്കത്തിൽ സ്വീകരിച്ചിട്ടുള്ളത്. ക്ളൈമാക്സിനോട് അടുക്കുമ്പോൾ ഒരു എലിവേഷൻ കിട്ടുന്നതിന് വേണ്ടി മനഃപൂർവം ആയിരിക്കാം അത്തരത്തിലുള്ള ഒരു തുടക്കത്തിലൂടെ കടന്ന് പോയിട്ടുള്ളത്. ഗതകാലത്തിൽ നിന്നും സമർത്ഥമായി അടർത്തി എടുത്ത ചായങ്ങളും ചമയങ്ങളും ഒന്നൊന്നായി കൊരുത്ത് കൊണ്ട്, കാഴ്ചകൾക്കിടയിൽ പ്രേക്ഷകർക്ക് ചിന്തിക്കാൻ സാവകാശം നൽകിക്കൊണ്ടാണ് വാലിബന്റെ മുമ്പോട്ടുള്ള പ്രയാണം. ഇവിടെ നാടോടിക്കഥകളുടെ ഘടനയും രൂപവും എടുക്കുമ്പോൾ ഓരോ ഫ്രെയിമിനെയും ദൃശ്യഭംഗിയിൽ ഊന്നിക്കൊണ്ട് ഒരു പെയിന്റിങ് പോലെ വരച്ചു വെയ്ക്കുകയാണ്. മഞ്ഞയും ചുവപ്പും നിറങ്ങളുണ്ട്, മുഖമൂടി വെച്ചതും വെയ്ക്കാത്തതുമായ കഥാപാത്രങ്ങളുണ്ട്. വാലിബൻ ശരീരത്തിലും കരുത്തിലും അതിമാനുഷികനാണെങ്കിലും മുറിവേറ്റതും, ദുർബലമായതുമായ ഒരു മനസ്സിന്റെ ഉടമയാണ് എന്നുള്ള ഒരു വിവക്ഷയും ലിജോ ശ്രദ്ധാപൂർവം വിളക്കി ചേർത്തിട്ടുണ്ട് . ഭീമാകാരത്തിൽ ഒളിപ്പിച്ചു വെച്ച വൾനറബിലിറ്റിയാണ് വാലിബൻ. ഒരു പക്ഷെ രണ്ടാമൂഴത്തിലെ ഭീമൻ എന്ന സങ്കല്പം ലിജോയെ സ്വാധീനിച്ചിരിക്കും.

തികച്ചും വ്യത്യസ്തമായ രണ്ടു സിനിമകളെയും പറ്റി ഒരു താരതമ്യത്തിന് വേണ്ടിയല്ല ഇത്രയും പറഞ്ഞത്… പക്ഷെ രണ്ടു സിനിമകളും പ്രേക്ഷക സമൂഹത്തെ എത്രമാത്രം ഷാർപ്പ് ആയി വിഭജിച്ചു എന്നുള്ള വസ്തുത മനസ്സിലാക്കാനുള്ള ഒരു ശ്രമമായിട്ടാണ്. എന്റെ അറിവിൽ മുമ്പെങ്ങും ഒരു സിനിമകൾക്കും ഇത് പോലുള്ള പ്രതികരണങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല. അതിലേറ്റവും ശ്രദ്ധേയമായ വസ്തുത ഫാൻസിന്റെ അന്ധമായ പിന്തുണ എന്നുള്ളത് ഒരു പരിധിക്കുമപ്പുറം ഘടകമേ ആയി മാറിയിട്ടില്ല എന്നതാണ്. മോഹൻലാലിന്റെ പ്രഖ്യാപിത ഫാൻ ബേസിന് പുറത്തുള്ളവരാണ് വാലിബനെ സ്തുതിച്ചു കൊണ്ട് വരുന്നതിൽ വലിയൊരു വിഭാഗം എന്നുള്ളത് ഒരു സത്യമാണ്. ഒരു സിനിമയെ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും കൊണ്ട് പ്രേക്ഷകരെ വിലയിരുത്തുക എന്നത് (ഞാനടക്കമുള്ളവർ) പലരും പലപ്പോഴും ആവർത്തിക്കുന്ന ഒരു തെറ്റാണ്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ഒരു വ്യായാമത്തിന് മുതിരുന്നില്ല. പക്ഷെ ഈ വിഭജിക്കപ്പെട്ട പ്രേക്ഷക സമൂഹത്തെ ബന്ധിപ്പിക്കുന്ന പൊതു ഘടകങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്.

You May Also Like

ദി ഗ്രേറ്റ് എസ്കേപ്പ് , ബാബു ആൻ്റണി വീണ്ടും ആക്ഷൻ ഹീറോയാവുന്നു, അമേരിക്കയിൽ തുടങ്ങി

ദി ഗ്രേറ്റ് എസ്കേപ്പ് , ബാബു ആൻ്റണി വീണ്ടും ആക്ഷൻ ഹീറോയാവുന്നു, അമേരിക്കയിൽ തുടങ്ങി. പി.ആർ.ഒ-…

പോസ്റ്റ്-പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലെത്തുന്ന ‘ആടു ജീവിതം’

പോസ്റ്റ്-പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലെത്തുന്ന ‘ആടു ജീവിതം’ ചിത്രത്തിന്റെ ആസന്നമായ റിലീസിനായി മോളിവുഡ് ഒരുങ്ങുമ്പോൾ പ്രതീക്ഷകൾ വർദ്ധിക്കുന്നു.…

മഞ്ജു വാര്യരുടെ സയൻസ് ഫിക്ഷൻ സിനിമ ജാക് ആൻഡ് ജിൽ ഒഫീഷ്യൽ ടീസർ

മഞ്ജുവാര്യർ പ്രധാന കഥാപാത്രമായി വരുന്ന ജാക് ആൻഡ് ജിൽ ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തു. പ്രശസ്ത…

ജനപ്രിയ നർത്തകിയും അഭിനേത്രിയുമായ അങ്കിത ദേവിന്റെ ഗ്ലാമർ ചിത്രങ്ങൾ

ഇന്ത്യയിൽ നിന്നുള്ള ഒരു ജനപ്രിയ നർത്തകിയും അഭിനേത്രിയുമാണ് അങ്കിത ഡേവ്. നിരവധി വാണിജ്യ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട…