Vani Jayate
OTT റിവ്യൂ

എന്തിനാണ് കൊറോണ പേപ്പേഴ്സ് എന്ന് പേരിട്ടത് എന്ന് ചോദിക്കുന്നില്ല, കാരണം അത്തരത്തിലുള്ള ലോജിക്കുകൾ ഒന്നും നോക്കിയിട്ടല്ലല്ലോ പ്രിയദർശൻ തന്റെ സിനിമകൾക്ക് പേരിടുന്നത്. സിനിമയെക്കുറിച്ച് പറയുകയാണെങ്കിൽ മുഷിവില്ലാതെ കണ്ടു തീർക്കാവുന്ന ഒരു കാഴ്ചാനുഭവമാണ്. തന്റെ കഴിവുകളിൽ ഏറ്റവും മികച്ച ‘വിഷ്വലൈസിങ് കേപ്പബിലിറ്റി’സിൽ ഒട്ടു പോലും ഇടിവ് വന്നിട്ടില്ലെന്നത് വ്യക്തമാക്കുന്ന ഫ്രെയിംമുകൾ സമൃദ്ധമായി തന്നെ പ്രിയൻ ഉടനീളം വാരി വിതറിയിട്ടുണ്ട്. എന്നാൽ അപ്പോഴും തന്റെ മുൻസിനിമകളെപ്പോലെ തന്നെ മൗലികത ഒട്ടും അവകാശപ്പെടാൻ കഴിയാത്ത ഒരു സിനിമ തന്നെയാണിത്.

തുടർച്ചയായി മികച്ച സിനിമകൾ ഒന്നിന് പിറകെ ഒന്നായി, തമിഴിൽ ഇറങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ജിഗർതണ്ട, കുരങ് ബൊമ്മെ, യുദ്ധം സെയ്‌, ഒനായും ആട്ടുക്കുട്ടിയും, കാക്ക മുട്ടൈ, മാനഗരം, ആരണ്യകാണ്ഡം.. തുടങ്ങിയ ഞെട്ടിപ്പിക്കുന്ന തരത്തിൽ താരപ്പൊലിമ കൂടാതെ അണിയിച്ചൊരുക്കിയിരുന്ന മികച്ച കണ്ടെന്റുള്ള ചിത്രങ്ങൾ. അക്കൂട്ടത്തിൽ കണ്ടു ഇഷ്ടപ്പെട്ട ഒന്നാണ് – എട്ടു തോട്ടാക്കൾ. എം എസ് ഭാസ്കർ എന്ന നടൻ മൊഴി എന്ന സിനിമയ്ക്ക് ശേഷം പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയിൽ നടത്തിയ വേഷപ്പകർച്ചയായിരുന്നു അതിലെ സസ്‌പെൻഡഡ്‌ പൊലീസുകാരനായ കൃഷ്ണമൂർത്തിയുടെ കഥാപാത്രം. മിഷ്‌കിന്റെ അസിസ്റ്റന്റ് ആയിരുന്ന ശ്രീ ഗണേഷ്, അക്കീര കുറസോവയുടെ ‘സ്‌ട്രെ ഡോഗ്സ്’ ആസ്പദമാക്കിയാണ് എട്ടു തോട്ടാക്കൾ അണിയിച്ചൊരുക്കിയത്. നാസറും അപർണ്ണ ബാലമുരളിയുമൊക്കെ ആയിരുന്നു മുഖ്യ വേഷത്തിൽ.

ആ ഒരു പ്ലോട്ടിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്താതെ ആണ് പ്രിയദർശൻ ഈ ചിത്രത്തിൻറെ സ്ക്രിപ്റ്റിംഗിൽ കടന്നിരിക്കുന്നത്. എന്നാൽ പക്ഷെ മേയ്ക്കിങ്ങിൽ ആണ് വ്യത്യസ്തത വരുത്തുവാനുള്ള ശ്രമങ്ങൾ കാണുന്നത്. ഒരു ചെറുപ്പക്കാരനായ റുക്കി പോലീസ് ഓഫീസറിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോവുന്ന എട്ടു തിരകൾ നിറച്ച ഒരു തോക്കിന്റെ യാത്രയായിട്ടാണ് ശ്രീ ഗണേഷ് പറഞ്ഞു പോവുന്നത്. എന്നാൽ പ്രിയദർശന്റെ സ്റ്റോറി ടെല്ലിങ്ങിൽ – തോക്കിൽ കേന്ദ്രീകരിക്കുന്നില്ല. സിദ്ധിഖിന്റെ ശങ്കരരാമൻ എന്ന കഥാപാത്രത്തിനെയാണ് ആശ്രയിക്കുന്നത്. ഒരു കാര്യം വ്യക്തമാണ് പ്രിയദർശൻ തന്റെ പതിവ് രീതികളിൽ നിന്നൊക്കെ മാറ്റിപ്പിടിക്കാൻ ബോധപൂര്വമായിട്ടുള്ള ഒരു ശ്രമം നടത്തിയിട്ടുണ്ട്. കാസ്റ്റിംഗിൽ ആയാലും മേയ്ക്കിങ്ങിൽ ആയാലും ഇതുവരെയുള്ള പ്രിയദർശൻ സിനിമകളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റ് ആണ് കൊറോണ പേപ്പേഴ്‌സിന്റേത്.

ഒരു പക്ഷെ ചിമ്മിയാൽ മറയുന്ന റോളുകളിൽ വന്ന മണിയൻപിള്ള രാജുവും സുരേഷ് കുമാറും ഒഴിച്ച് പതിവ് പ്രിയൻ സിനിമകളിൽ ചേരുവകൾ ആയിരുന്ന ഒരൊറ്റ അഭിനേതാക്കൾ പോലും ഇതിലില്ല. മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന, ഷെയിൻ, ഷൈൻ ടോം ചാക്കോ, ജീൻ പോൾ, വിജിലേഷ്, ഗായത്രി… തുടങ്ങിയവർ എല്ലാം തന്നെ ഒരു പ്രിയൻ സിനിമയിൽ ആദ്യമായിട്ടായിരിക്കും വേഷമിടുന്നത്. ആരും മോശമാക്കിയിട്ടില്ല. ഒപ്പത്തിൽ പോലും ഉണ്ടായിരുന്ന കോമഡി ഇവിടെ മരുന്നിന് പോലും ചേർത്തിട്ടില്ലെന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. പാട്ടും അതുപോലുള്ള ഒരു ഡിസ്ട്രക്ഷനും കൂടാതെയാണ് ഏകദേശം രണ്ടര മണിക്കൂറോളം വരുന്ന സിനിമ പേസിങ്ങിന് ഒട്ടും താളം പോവാതെ കൊണ്ട് പോവുന്നത്. ജോഷിയെയും ഷാജി കൈലാസിനേയും പോലെ പ്രിയദര്ശനിലെ ടെക്ക്‌നീഷ്യനും വർത്തമാനകാലത്തെ മേയ്ക്കിങ് രീതികൾക്ക് തന്റെ ക്രാഫ്റ്റ് വഴക്കിയെടുക്കാൻ കഴിയും എന്ന് തെളിയിക്കുന്നുണ്ട്. പറഞ്ഞവസാനിപ്പിക്കുമ്പോൾ ക്ലൈമാക്സ് ദുര്ബലമായിരുന്നു എന്നതൊരു പോരായ്മ തന്നെയാണ് എന്ന് കൂടി പറയട്ടെ. ഡിസ്‌നി ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ട്.

Leave a Reply
You May Also Like

സിനിമ സ്വപ്നം കണ്ടു നടക്കുന്ന സാധാരണക്കാരനായ ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രധിനിധി ആണ് ഉദയൻ

എഴുതിയത് : രാഗീത് ആർ ബാലൻ ഉദയനാണ് താരം എന്ന സിനിമയിൽ പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടു…

നൂറ്റാണ്ടുകൾക്ക് മുമ്പ് അവസാനിച്ചു എന്ന് കരുതിയിരുന്ന ആ ദുഷ്ടശക്തികൾ അവരിലൂടെ വീണ്ടും തിരിച്ച് വരുന്നുവോ?

പ്രദീപ് വി കെ SUSPIRIA (2018) : നൂറ്റാണ്ടുകൾക്ക് മുമ്പ് അവസാനിച്ചു എന്ന് കരുതിയിരുന്ന ആ…

സൂപ്പർ താരനായികയായശേഷം പിന്നീട് ബിഗ്രേഡ് പടങ്ങളുടെ താരറാണിയായിമാറിയ അഭൗമസൗന്ദര്യം…!

Moidu Pilakkandy സൂപ്പർ താരനായികയായശേഷം പിന്നീട് ബിഗ്രേഡ് പടങ്ങളുടെ താരറാണിയായിമാറിയ അഭൗമസൗന്ദര്യം…! എൺപതുകളുടെ പകുതിക്ക് ശേഷം…

“സിനിമാക്കാരൊക്കെ ഇങ്ങനെ തന്നെയാണ് എന്നാണു മലയാളികളുടെ സ്ഥിരം ഡയലോഗ്”

വിജയ്ബാബു വിഷയത്തിൽ ‘അമ്മ സംഘടനാ പുകയുകയാണ്. അടിമുടി പുരുഷമേധാവിത്വം കൊടികുത്തിവാഴുന്ന സംഘടന എന്നാണു അംഗങ്ങളിൽ ചിലരുടെ…