Vani Jayate

എല്ലാ നഗരങ്ങളുടെയും ഏതെങ്കിലും കോണിലൊക്കെ “ചൈനീസ് ഫാസ്റ്റ് ഫുഡ്” എന്ന ബോർഡും വെച്ച് കണ്ണാടി പിടിപ്പിച്ച ഉന്തുവണ്ടികളിൽ കുറഞ്ഞ വിലയ്ക്ക് ‘ചൈനീസ്’ ഭക്ഷണം ലഭിക്കുന്ന തട്ടുകടകൾ ഉണ്ടാവും. മിക്കവയും ഒറ്റയാൾ കടകളാണ്. ഓരോരോ ട്രേകളിൽ പാതി വേവിച്ച ചോറും, നൂഡിൽസും, അരിഞ്ഞ പച്ചക്കറികളും, ഹാഫ് കുക്ക്ഡ് ചിക്കനും, പിന്നെ ടൊമാറ്റോ, ചില്ലി, സോയാ പോലുള്ള മൂന്ന് നാല് സോസുകളും, വിനീഗറും, അജിനാമോട്ടോയും, ഒറ്റ സ്റ്റോവും, ഒരു വലിയ കരണ്ടിയുമായി ചൈനീസ് തട്ടുകടകൾ. സൂര്യനസ്തമിക്കുന്ന നേരത്ത് തുറക്കുന്ന, അർദ്ധരാത്രിയോടെ കാലിയാവുന്ന തട്ടുകടകൾ. നൂഡിൽസോ, ഫ്രെയ്‌ഡ്‌ റൈസോ.. ഡിഷ് ഒന്ന് തന്നെ ആണെങ്കിലും പല ഫ്‌ളേവറുകളിൽ ചേർത്ത് കിട്ടും. സിംഗപൂരോ, മഞ്ചൂരിയനോ, ഷാങ് ഹായോ, ശേഷുവാനോ, പല പേരുകളിൽ ചേരുവകളുടെ മിശ്രണത്തിൽ അല്ലറ ചില്ലറ ഏറ്റക്കുറച്ചിലുകളോടെ അവർ ചൂടോടെ സെർവ് ചെയ്യും. വില കുറവുമാവും, അപാര ടെയ്സ്റ്റുമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം ഒരുവിധമുള്ള സെറ്റപ്പുകളിൽ ഒക്കെ നല്ല തിരക്കും കാണും.

ഗിരീഷ് എഡി
ഗിരീഷ് എഡി

മലയാള സിനിമയിൽ, ഏതാണ്ടിതുപോലെയുള്ള ഒരു തട്ടുകട നടത്തുന്ന ആളാണ് ഗിരീഷ് എഡി. ഒരൊറ്റ കോർ ഐഡിയ വെച്ച്, മൂന്ന് വ്യത്യസ്ത രീതിയിലുള്ള സിനിമകളെടുത്ത് വിജയിപ്പിച്ചു. വലിയ ആഡംബര സ്റ്റാർകാസ്റ്റോ, പ്രൊഡക്ഷൻ കോസ്റ്റോ കൂടാതെ, പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാത്ത തരത്തിൽ ആണ് അദ്ദേഹം എടുത്ത മൂന്ന് സിനിമകളും. ബൗദ്ധികമായ പേ ഓഫുകൾക്കോ, രാഷ്ട്രീയ നിലപാടുകൾക്കോ വേണ്ടി ചിക്കി ചികയാൻ നിൽക്കാതെ വളരെ ലളിതമെന്ന് പുറമേക്ക് തോന്നുന്ന രീതിയിൽ എടുത്ത ഓരോ സിനിമയും താൻ ഉദ്ദേശിച്ച പ്രേക്ഷകരെ നല്ല പോലെ മനസ്സിലാക്കി കൊണ്ട് തന്നെ നിർമ്മിച്ചവയാണ്. ഒരു തലമുറയുടെ, ഒരു ഏജ് ഗ്രൂപ്പിന്റെ മനഃശാസ്ത്രം നല്ല പോലെ മനസ്സിലാക്കി തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. ഓരോ ഘടകവും പ്രേക്ഷകരെ രസിപ്പിക്കുന്ന മട്ടിലാണ് ചേർത്തു വെച്ചിരിക്കുന്നത്.

ഇനി മൂന്ന് സിനിമയും എടുത്തൊന്ന് സൂക്ഷിച്ചു കണ്ടു നോക്കൂ. എന്താണ് കോർ ഐഡിയ? സമൂഹത്തിന്റെ കാഴ്ചപ്പാടിൽ സമ്പൂർണ്ണ പരാജയമായ, ഭാവി ഒരു ചോദ്യ ചിഹ്നമായ, പറയത്തക്ക കഴിവുകൾ ഒന്നും ഇല്ലാത്ത ഒരു പയ്യൻ, റേഷനലി ചിന്തിച്ചാൽ അവന് ഒരിക്കലും അർഹത ഉണ്ടെന്ന് വിലയിരുത്താൻ കഴിയാത്ത മികച്ച ഭാവിയുള്ള, മിടുക്കിയായ, ഒരു മോസ്റ്റ് എലിജിബിൾ പെൺകുട്ടിയെ സ്വന്തമാക്കുന്നതാണ് മൂന്ന് സിനിമയുടെയും പ്രമേയം. നായികാ നായകർക്കും, കഥാസന്ദർഭങ്ങൾക്കും മാത്രമല്ല, പ്രതിനായക ബിംബങ്ങൾക്കും ഒരേ മാനമാണ്. ചുറ്റുമുള്ളവരെ മുഴുവൻ ഇമ്പ്രെസ്സ് ചെയ്യാൻ കഴിയുന്ന എന്നാൽ അടിമുടി ഫ്രോഡ് ആയ ഒരു കഥാപാത്രമാണ് തണ്ണീർ മത്തനിലെ രവി പദ്മനാഭൻ. ഒരു പക്ഷെ നായകനും, അയാളിലൂടെ പ്രേക്ഷകർക്കും മാത്രമേ രവിയുടെ വില്ലത്തരം തിരിച്ചറിയാൻ കഴിയുന്നുള്ളൂ. ഇനി ശരണ്യയുടെ കാര്യം നോക്കുക. ഇവിടെ പ്രതിനായകർ രണ്ടാണ്. അരുൺ സാറും, അജിത്ത് മേനോനും. അജിത്ത് മേനോനെ കാമ്പസ് ഹീറോ ആയിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. അതെ സമയം അരുൺ സാർ, സുമുഖനായ, തരക്കേടില്ലാത്ത ജോലിയും സൗകര്യങ്ങളുമുള്ള അതെ ‘മോസ്റ്റ് എലിജിബിൾ’ ബ്രാക്കറ്റിൽ പെടുന്ന ആളും. ഒരു പക്ഷെ നാല് പ്രതിനായക കഥാപാത്രങ്ങളിലും വെച്ച് ഏറ്റവും വെറുപ്പുളവാക്കുന്ന ഒരു ക്രീപ്പ് ആണ് അരുൺ സാർ. ഏറ്റവും റിയൽ ആയ കഥാപാത്രവും. ആ അരുൺ സാറിനെ വാറ്റിയെടുത്താണ് പ്രേമലുവിലെ ആദിയെ സൃഷ്ടിച്ചത്.

മറ്റുള്ളവരുടെ മുന്നിൽ ‘പെർഫെക്റ്റ്’ എന്ന കളത്തിൽ ഒരു ടിക്ക് മാർക്കുമായി എത്തുന്ന ആദി, എന്നാൽ പ്രേക്ഷകർക്ക് മുന്നിൽ ഇൻട്രൊഡക്ഷനിൽ തന്നെ ഒരു ‘സ്പെല്ലിങ് മിസ്റ്റേക്കോടെയാണ്’ അവതരിപ്പിക്കപ്പെടുന്നത്. അത് ശ്യാം എന്ന നടന്റെ കഴിവ് കൂടിയാണ് സൂചിപ്പിക്കുന്നത്. അതെ സമയം ശരണ്യയും, റീനുവും, കീർത്തിയുമാവട്ടെ, വളരെ പ്രകാശപൂരിതമായ ഭാവിയുള്ള, ആകർഷണീയമായ വ്യക്തിത്വത്തിന് ഉടമകളും, ബുദ്ധിമതികളുമായ കഥാപാത്രങ്ങളാണ്. ഒരു പക്ഷെ ഈ മൂന്ന് പെൺകുട്ടികളുടെയും തിരഞ്ഞെടുപ്പുകൾ യഥാർത്ഥ ജീവിതത്തിലാണെങ്കിൽ നെറ്റി ചുളിയാതെ സാമാന്യ യുക്തിയോടെ ചിന്തിക്കുന്നവർക്ക് കാണാൻ കഴിയില്ല. അവിടെയാണ് പ്രതിനായകരെ ഉപയോഗിച്ച് ഗിരീഷ് പ്രേക്ഷകരെ പരുവപ്പെടുത്തി എടുക്കുന്നത്. പ്രതിനായകരോടുള്ള വെറുപ്പ്, നായകരോടുള്ള അനുതാപമാക്കി അതീവ കൗശലത്തോടെയാണ് ഗിരീഷ് ക്രാഫ്റ്റ് ചെയ്തിട്ടുള്ളത്. അതാണ് ഈ മൂന്ന് സിനിമകളുടെ വിജയവും.

‘അണ്ടർ ഡോഗ്’ എന്ന കൺസെപ്റ്റ് സിനിമയിലെ സദാഹരിത ഹിറ്റ് ഫോർമുല ആണ്. എല്ലാ അർത്ഥത്തിലും തോൽവി എന്ന് വിശേഷിപ്പിക്കാവുന്ന, സമൂഹത്തിന്റെ ദൃഷ്ടിയിൽ കുറ്റങ്ങളും കുറവുകളും ഉള്ള, ഒരു പൊടി അപകർഷതാബോധവും, ആത്മവിശ്വാസക്കുറവുമുള്ള, തിരക്കുള്ള ഒരു തെരുവിൽ ഒരു പിടി പൂഴിമണ്ണ് വായുവിലേക്ക് എറിഞ്ഞാൽ തലയിൽ വന്നു വീഴുന്ന നൂറ് പേരിൽ തൊണ്ണൂറ് പേരെയും പ്രതിനിധാനം ചെയ്യുന്ന നായകൻ, നിത്യ ജീവിതത്തിൽ സ്വപ്നം മാത്രം കാണാൻ കഴിയുന്ന ഒന്ന് നേടിയെടുക്കുന്നത് ഓരോ പ്രേക്ഷകരുടെയും മോഹങ്ങളെയും സങ്കല്പങ്ങളെയും തൊട്ടു തലോടി പോവുന്ന പ്രമേയമാണ്. അതാണ് തണ്ണീർ മത്തൻ ദിനങ്ങളും, സൂപ്പർ ശരണ്യയും, പ്രേമലുവും ഒക്കെ. ഇനി വേറൊരു രീതിയിൽ നോക്കിയാൽ മലയാളക്കരയ്ക്ക് അപ്പുറം തമിഴകത്തും തെലുങ്ക് നാട്ടിലുമൊക്കെ ഓരോ സംവിധായകരും അമിതമായ മസാലക്കൂട്ടുകളുടെ അകമ്പടിയോടെ പറഞ്ഞു കൊണ്ടിരുന്ന കഥകളും ഇതൊക്കെയാണ്. നിരവധി സിനിമകളിൽ ധനുഷും, വിജയുമൊക്കെ നിരവധി തവണ കെട്ടിയാടിയിട്ടുള്ള, വേലയില്ലാ പട്ടധാരി, പൊറുക്കി വേഷങ്ങളും ഇതൊക്കെ തന്നെയാണ്. എന്നാൽ ഗിരീഷ് ആ കഥാപാത്രങ്ങളെയും, ആ ഒരു കോർ കണ്സെപ്റ്റും എടുത്ത് മലയാളിയുടെ രുചി ശീലങ്ങളിലേക്ക് വിദഗ്ദമായി സമന്വയിപ്പിച്ചു എന്ന് മാത്രം.

ഇങ്ങനെയൊക്കെ പറഞ്ഞാലും ഇത്തരം ഒരു ചിന്തകൾക്കും കീറി മുറിക്കലുകൾക്കും ഒന്നും പോവാതെ ചുമ്മാ ഒരു എന്റർടൈനർ എന്ന നിലയിലൂടെ കാണുമ്പോൾ ഈ മൂന്ന് സിനിമകളും പാസ് മാർക്കോടെ കടന്നു പോവുന്നവയാണ്. ബോക്സ് ഓഫീസ് അത് തെളിയിച്ചിട്ടുമുണ്ട്. ഗിരീഷിന്റെ കൂടെ നിന്നിട്ടുള്ളത് തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ ലഭിച്ച അഭിനേതാക്കളുടെ ആകർഷണീയതയും ഫ്രഷ്‌നെസ്സും കൂടിയാണ്. എന്നാൽ ഇതുവരെ ഗിരീഷിനില്ലാതിരുന്ന സമ്മർദ്ദം ഇനിയങ്ങോട്ട് ഉണ്ടായിരിക്കും. ഈ വിജയങ്ങൾ അദ്ദേഹത്തിന്റെ ചുമലിലോട്ട് കയറ്റി വെച്ച് കൊടുത്ത മാറാപ്പാണത്. അതുകൊണ്ട് തന്നെ വ്യത്യസ്ഥതയും, ഫ്രെഷ്‌നസ്സും കൊണ്ടുവരാൻ അദ്ദേഹത്തിന് കൂടുതൽ അദ്ധ്വാനിക്കേണ്ടി വരും. പ്രേമലു രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്പോൾ ആ ഫ്രഷ്‌നെസ്സ് അദ്ദേഹത്തിന് നില നിർത്താൻ കഴിയുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

You May Also Like

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം പി.ആർ.ഒ- അയ്മനം സാജൻ എന്നും നെഞ്ചോട് ചേർത്ത്…

സഞ്ജയ് ദത്ത് ഇനി വിജയ്‌യുടെ വില്ലൻ

കെജിഎഫ് ചാപ്റ്റർ രണ്ടിൽ അധീരയായി വന്നു കൊടുംവില്ലൻ വേഷം അവതരിപ്പിച്ച ബോളീവുഡ് താരം സഞ്ജയ് ദത്ത്…

“ഇതൊക്കെ ഷൈനിന്റെ വെറും അഭിനയം ആകാം, പക്ഷെ അത് ബോറും അസഹനീയവും ആണ്”

കഴിഞ്ഞ ദിവസം നടൻ ഷൈന്‍ ടോം ചാക്കോയുമായി തര്‍ക്കിച്ച് നടി മറീന മൈക്കിള്‍ അഭിമുഖത്തില്‍ നിന്നും…

ലഡ്കി: എൻ്റർ ദി ഗേൾ ഡ്രാഗൺ” ജൂലായ് 15ന് തീയേറ്ററുകളിലേക്ക്

റാം ഗോപാൽ വർമ്മയുടെ പാൻ ഇന്ത്യൻ ചിത്രം “ലഡ്കി: എൻ്റർ ദി ഗേൾ ഡ്രാഗൺ” ജൂലായ്…