Vani Jayate

ലിജോ ജോസ് പെല്ലിശ്ശേരി വിമർശകരുമായി കൊമ്പ് കോർക്കുന്നത് വൃഥാ വ്യായാമമാണെന്ന് മനസ്സിലാക്കണം. നിങ്ങളുടെ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഉണ്ടായിരിക്കും.. ഇഷ്ടപ്പെടാത്തവരും ഉണ്ടായിരിക്കും. വിമർശനം ഒക്കെ വെറുപ്പും വൈരാഗ്യവും കൊണ്ട് മാത്രമാണെന്ന് കരുതുന്നത് വിപരീത ബുദ്ധി എന്നേ കരുതാൻ നിർവാഹമുള്ളൂ. ഒരു സിനിമ വിജയിക്കണമെങ്കിൽ അത് തീർച്ചയായും പ്രേക്ഷകരുമായി കണക്റ്റ് ചെയ്യണം. അതില്ലെങ്കിൽ എത്ര വലിയ പ്രമോഷൻ നടത്തിയിട്ടും കാര്യമില്ല. ഹൈപ്പ് ഇരുതലായുള്ള ഒരു വാളാണ്. ആസ്വാദനം ലഹരി പോലെ രണ്ടു തരത്തിലുണ്ട്. ഒന്ന് കണ്ട നിമിഷം തലയ്ക്കടിക്കുന്ന ഒന്ന്.. ഇൻസ്റ്റന്റ് ഗ്രാറ്റിഫിക്കേഷൻ ലക്ഷ്യമാക്കി സിനിമ കാണാൻ ഇറങ്ങുന്നവരുടെ ആവശ്യമാണത്. എന്റർടൈൻമെന്റ് മാത്രം ലക്ഷ്യമാക്കി സിനിമ കാണാൻ കാശ് മുടക്കുമ്പോൾ അതിൽ നിന്നും അപ്പോൾ തന്നെ അവർക്ക് പ്രതീക്ഷിച്ച അനുഭൂതി തന്നെ കിട്ടണം. അതില്ലെങ്കിൽ അവർ രൂക്ഷമായി തന്നെ പ്രതികരിക്കും. ഒറ്റിറ്റിയിൽ കാണുന്നത് പോലെയല്ല തീയറ്ററിൽ കാണുന്നത്. പണവും, സമയവും അടക്കം ഒരുപാട് കാര്യങ്ങളിൽ കോമ്പ്രമൈസ് ചെയ്താണ് ഒരാൾ സിനിമ കാണുന്നത്. അങ്ങനെ അവർ പ്രതികരിക്കുമ്പോൾ അതിനെതിരെ തെറ്റായി കണ്ടിട്ട് ഒരു കാര്യവുമില്ല.

   രണ്ടാമത്തെ വിഭാഗം സമയമെടുത്ത് സിനിമ കാണുന്നവരാണ്. അവർക്ക് സിനിമയിൽ ഇൻവെസ്റ്റ് ചെയ്യാൻ സമയവും, സാവകാശവും, ഉണ്ട്. മെല്ലെ കത്തിപ്പടരുന്ന തരത്തിലുള്ള സിനിമകൾ അവർ ആസ്വദിക്കും. ഇത് ബുദ്ധിയുടെയോ നിലവാരത്തിന്റെയോ അളവ് കോലുകൾ അല്ല. ഓരോ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളുടെ കാര്യമാണ്. ആദ്യത്തെ വിഭാഗത്തിന്റെ പ്രതികരണം ഉച്ചത്തിൽ ഉള്ളതായിരിക്കും, ഉടനെ ഉള്ളതായിരിക്കും. അതിലവരെ പഴി പറഞ്ഞിട്ട് കാര്യമില്ല. അവർ പ്രതീക്ഷിച്ച അനുഭൂതികൾ ലഭിക്കാത്തത് കൊണ്ടുള്ള പ്രതികരണമാണ്. ആ പ്രതീക്ഷകൾ നൽകിയതും സിനിമയുടെ അണിയറ പ്രവർത്തകരാണ്. അത് ശരിയായ രീതിയിൽ മാർക്കെറ്റ് ചെയ്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന കാര്യവും. മോഹൻലാൽ സിനിമകളിൽ തന്നെ രണ്ടു ഉദാഹരണങ്ങൾ നിങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നു. ഒടിയനും നേരും… നിങ്ങളെ ശ്രീകുമാർ മേനോന്റെ പാത തിരഞ്ഞെടുത്തു. അതുകൊണ്ട് തന്നെ പ്രതികരണങ്ങളും അതെ തലത്തിൽ തന്നെ വാങ്ങി വെയ്ക്കുന്നു. എന്തൊക്കെ ആയാലും, പ്രേക്ഷകർ ആണ് ഇന്ന് ഏറ്റവും പ്രധാനം. അവരെ ഒരിക്കലും പഴിച്ചിട്ട് കാര്യമില്ല. നിങ്ങൾക്ക് മാറാൻ ഉദ്ദേശമില്ലാത്തത് പോലെ അവരും മാറില്ല.

***

അറിയാൻ കഴിഞ്ഞ ആദ്യ പ്രതികരണങ്ങൾ ഏറെയും പ്രതികൂലമായിരുന്നെങ്കിലും നേരത്തെക്കൂടി ബുക്ക് ചെയ്തത് കൊണ്ട് ആദ്യ ദിവസം തന്നെ കണ്ടു. മുൻപൊരു പോസ്റ്റിൽ പറഞ്ഞ പോലെ ഒരു ​’ലോബ്രോ​’ റിലീസ് ടീസർ മൂലം ആവേശം ഒരു പൊടി അളവ് കുറച്ചാണ് തീയറ്ററിൽ കയറിയത്. ഇനി പറയാൻ പോവുന്നത് ഒരിക്കലും ഒരു പോപ്പുലർ ഒപ്പീനിയൻ ആയിരിക്കില്ല… പക്ഷെ പറയാതിരിക്കാനും കഴിയില്ല. എന്നെ നല്ലപോലെ ആകർഷിച്ച ഒരു തീയട്രിക്കൽ എക്സ്പീരിയൻസ് തന്നെ ആയിരുന്നു വാലിബന്റേത്. സ്ഥിരം കാഴ്ചവട്ടങ്ങളിൽ നിന്നൊക്കെ മാറി വിസ്മയിപ്പിക്കുന്ന വിഷ്വലുകളിലൂടെ വേറിട്ടൊരു മായിക പ്രപഞ്ചം തന്നെയാണ് ലിജോ വാലിബന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

“കേട്ടതൊക്കെയും പൊയ്.. ഇനി കേക്കപ്പൊകുത് ….”
സിനിമയെക്കുറിച്ച് റിലീസിന് മുമ്പ് അണിയറ പ്രവർത്തകർ പറഞ്ഞു കേട്ടിരുന്നതും, തുടക്കത്തിന്റെ ആവേശത്തോടെ കണ്ടവർ പ്രകടിപ്പിച്ചതുമൊക്കെ തൽക്കാലത്തേക്ക് വിസ്മരിച്ച് ഒരു തുറന്ന മനസ്സോടെ സമീപിക്കേണ്ട ഒരു സിനിമയാണിത്. ബിൽഡ് അപ്പ് ഒന്നും നൽകിയ തരത്തിലുള്ള ഒരു സിനിമയേ അല്ലിത്. ആർട്ട് ഹൌസ് – മാസ് കമ്മേർഷ്യൽ എന്ന പതിവ് വേർതിരിവുകൾക്കുള്ളിൽ പിടിച്ചു നിർത്താവുന്ന ഒരു സിനിമയുമല്ല. മോഹൻലാലിനെ ഉപയോഗിക്കുമ്പോൾ ലഭ്യമായ ഒരു ​’സേഫ് സോൺ​’ വിട്ടുകൊണ്ട് താഴെ വീണാൽ തടയാവാൻ ഒരു വലയില്ലാത്ത ട്രപ്പീസ് കളിയ്ക്കാണ് ലിജോ ഉദ്യമിച്ചത്. എന്നാൽ അതിൽ ലാലേട്ടന്റെ ആരാധകരായ പ്രേക്ഷകരെ എത്രമാത്രം ഉൾപ്പെടുത്താൻ കഴിഞുവെന്നത് വലിയൊരു ചോദ്യ ചിഹ്നമാണ്. കണ്ടു പഴകിയ സിനിമകളുടെ സൗന്ദര്യശാസ്ത്രവും, വ്യാകരണവും, രീതികളുമൊക്കെ ഒക്കെ മാറ്റിപ്പിടിക്കാൻ കഠിനമായ പരിശ്രമം തന്നെ നടത്തിയിട്ടുണ്ട്.. അതെ സമയം മാസ് മസാല സിനിമകളുടെ ചടുലതയും, ധാരാളിത്തവും​, വിശാലമായ കാൻവാസും, കടുത്ത ചായക്കൂട്ടുകളും, ത്രസിപ്പിക്കുന്ന താളവുമൊന്നും ആവേശിച്ചു കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്. അങ്ങനെ പറയുമ്പോഴും വലിയൊരു വിഭാഗത്തെ തൃപ്തിപ്പെടുത്താൻ കഴിയാത്ത സിനിമ ആയിരിക്കും മലൈക്കോട്ടെ വാലിബൻ.

എന്നാൽ ലിജോയുടെ സിനിമകളിൽ നിന്നെന്തു പ്രതീക്ഷിക്കാമോ അത് കൃത്യമായി തന്നെ പകർന്നു നൽകിയിട്ടുണ്ട്. ഒരു ലൂസിഫറോ, പുലി മുരുകനോ ഒന്നുമല്ല ലിജോ ഒരുക്കിയിരിക്കുന്നത് എന്നുള്ള ധാരണ തീർച്ചയായും ഉണ്ടായിരിക്കണം. അതുപോലെ തന്നെ കെജിഎഫ്, ബാഹുബലി, പുഷ്പ… ടൈപ്പ് ‘പാൻ ഇന്ത്യ’ ചട്ടക്കൂടിലുള്ള സിനിമയുമല്ല. എന്റെ അഭിപ്രായത്തിൽ, ലിജോയ്ക്ക് പറ്റിയ ഒരു പാളിച്ച സ്ക്രിപ്റ്റിംഗിൽ ആണ്. സംഭാഷണ രചനയിൽ, പല തരത്തിലുള്ള ഭാഷകളും പ്രയോഗങ്ങളും മാറി മാറി വരുന്നുണ്ട്.. ഒരേ കഥാപാത്രം തന്നെ ആധുനിക മലയാളവും, തമിഴും, ഹിന്ദിയും, മറാത്തിയും, പറങ്കിയും, തമിഴ് കലർന്ന മലയാളവും ഒക്കെ മാറി മാറി പറയുമ്പോൾ, പലയിടങ്ങളിലും പൊരുത്തക്കേടുകൾ തല പൊക്കുന്നു. ദൃശ്യങ്ങളുടെ പൊലിമ കൂട്ടുന്നതിൽ ശ്രദ്ധിച്ച അവധാനത, എഴുത്തുവേലയിൽ സ്വീകരിച്ചിട്ടില്ല. ഒരു പക്ഷെ വടക്കൻ വീരഗാഥ പോലുള്ള സിനിമകളുടെ സ്ക്രിപ്പ്റ്റ് എടുത്ത് പല ആവർത്തി വായിക്കണം.​ എം ടി വാസുദേവൻ നായരുടെ ഭാഷാ പ്രാവീണ്യം ഉപയോഗിച്ച് വാക്കുകളെ അളന്ന് മുറിച്ച് കൃത്യമായി സംഭാഷണങ്ങളാക്കി വന്നപ്പോൾ അതിലൊരു നാടകീയതയും പ്രേക്ഷകർക്ക് തോന്നിപ്പിച്ചില്ലല്ലോ. പിന്നെ തിരക്കഥയിലെ പേസിങ്​. വേഗത​ വേണ്ടിടങ്ങളിൽ ഇഴച്ചു കൊണ്ട് പോവുകയും​, ഒന്ന് സാവകാശത്തിൽ പറഞ്ഞു പോവേണ്ട കാര്യങ്ങൾ തിടുക്കത്തിലാക്കുകയും ചെയ്തിരിക്കുകയാണ്.

നിത്യസഞ്ചാരിയായ യോദ്ധാവാണ് വാലിബൻ. ഓരോരോ ദേശങ്ങളിൽ പോയി ഓരോരോ വെല്ലുവിളികൾ ഏറ്റെടുത്ത് പോരാടി ജയിച്ചു മുന്നേറുന്ന ഒരു മല്ലൻ. യാത്ര തുടങ്ങുമ്പോൾ വാലിബനോടൊപ്പം തന്റെ ഗുരുവും പിതൃസ്ഥാനീയനുമായ, അയ്യനാരുണ്ട്, അയ്യനാരുടെ മകനായ ചിന്നനുണ്ട്, പിന്നെ കാളകളും, അയാളുടെ ഭൂതകാലത്തിന്റെ വ്യക്തമാക്കപ്പെടാത്ത മാറാപ്പുകളും… ആദ്യം നേരിട്ട മല്ലനായ കേളുവിനെ അനായാസം മലർത്തി അടിച്ചുള്ള ആഘോഷം നടത്തി മാങ്കോട്ടേക്ക് തിരിക്കുമ്പോൾ യാദൃശ്ചികമായി വന്നു ചേരുന്ന ശത്രുവാണ് ചമതകൻ. ഒരു തേളിനെപ്പോലെ നഖത്തുമ്പിൽ വിഷവുമായി ദംശിക്കാൻ അവസരം പാർത്ത് നടക്കുന്ന ചമതകൻ. വാലിബന്റെ പ്രയാണങ്ങൾ അനന്തമാണ്. ഒരിടത്തും ഒന്നിലും ഉറപ്പിക്കാത്ത ഒരിക്കലും അവസാനിക്കാത്ത അനന്തയാത്രകൾ. ഓരോ പോരാട്ട വിജയങ്ങളും അവനെ ഒരിടത്തും തളച്ചു നിർത്തുന്നില്ല. ലക്ഷ്യങ്ങളും എതിരാളികളും ദേശങ്ങളും മാറി വരുന്നു.. അപ്പോഴും അവന്റെ നിയോഗം പോരാടിക്കൊണ്ടിരിക്കുക എന്നതാണ്. രണ്ടു പേരിലൊരാൾ വീഴുന്നത് വരെയുള്ള പോരാട്ടം…

മോഹൻലാൽ ഒരു നടൻ എന്ന നിലയ്ക്ക് വാലിബന്റെ രൂപഭാവങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ കാര്യമായി പ്രയത്നിച്ചിട്ടുണ്ട്. അത് കാണാനുമുണ്ട്. ശരീരം കൊണ്ടും ഭാവം കൊണ്ടും ഒരു അതിമാനുഷമായ പരിവേഷം തന്റെ കഥാപാത്രത്തിന് നൽകാൻ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്.​ അവിടെയും ഇവിടെയുമൊക്കെ അദ്ദേഹത്തിന്റെ ആരാധകർ നെഞ്ചിലേറുന്ന ഒരു ലാലേട്ടനെ മിന്നി മറയുന്നതും കാണാം. ഡാനിഷ് സേത്തിന്റെ ചമതകനും, ഹരീഷ് പേരാടിയുടെ അയ്യനാരും ഒരു പാട് അടരുകളുള്ള കഥാപാത്രങ്ങളാണ്. വിഷ്വലി റിച്ചാണ് വാലിബൻ. മധു നീലകണ്ഠന്റെ ഓരോ ഫ്രെയിമും ഓരോ പെയിന്റിങ് പോലെ മനോഹരമാണ്. ക്ളൈമാക്സിലെ കുതിരവേല രംഗങ്ങളൊക്കെ ചുമ്മാ തീയാണ്. നിറങ്ങളോടുള്ള റൊമാൻസ് ആണ് ദൃശ്യങ്ങളിലൂടെ പകരുന്നത്. അതുപോലെ തന്നെ പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും.​ സിനിമയുടെ ട്രീറ്റ്മെന്റ് ആവശ്യപ്പെടുന്നതെന്താണ് അത് തന്റെ സംഗീതത്തിലൂടെ പകരാൻ സാധിക്കുന്ന ഒരു അസാമാന്യ കഴിവ് പ്രശാന്ത് പിള്ളയ്ക്കുണ്ട്. പാട്ടുകളും പശ്ചാത്തല സംഗീതവുമൊക്കെ ഒക്കെ മാറ്റി നിർത്തി കേൾക്കുമ്പോൾ വലിയ വിശേഷമൊന്നും തോന്നുന്നില്ലെങ്കിലും അത് സിനിമയോട് ഇഴുകി ചേർത്ത് നിർത്തുന്നത് ഒരു കഴിവ് തന്നെയാണ്. ചില സ്ലോമോഷൻ രംഗങ്ങളിൽ ഒക്കെ ലിജോയുടെ തന്നെ ഡബിൾ ബാരലിനോട് സാമ്യത തോന്നി.

ഒരുപാട് ഴോണറുകൾ ഇടകലർത്തി പറയാൻ ശ്രമിച്ചിട്ടുണ്ട് ലിജോ. സാമുറായും, കറി വെസ്റ്റണും, അടക്കമുള്ള പല ശൈലികളും ദൃശ്യാവിഷ്കാരത്തിലും ഭൂമികയിലും പശ്ചാത്തലങ്ങളിലെ ശബ്ദ വിന്യാസത്തിലും ഒക്കെ ആവാഹിച്ചിട്ടുണ്ട്. ലിജോയുടെ ദൗര്ബല്യമായ സുദീർഘമായ സിംഗിൾ ഷോട്ടുകൾ വാരി വിതറിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ മലയ്ക്കോട്ടെ വാലിബൻ ഒരു അനുഭവമാണ്. ആഴ്ന്നിറങ്ങാൻ കഴിഞ്ഞാൽ ആസ്വദിച്ചു കാണാവുന്ന അനുഭവം. അവസാനമായി, പറയുന്നത് ക്ലീഷെ ആണ് എന്നാലും പറയാം, വാലിബൻ എല്ലാവരുടെയും കോപ്പയിലെ ചായ അല്ല. ഒരു മാസ് ആക്ഷൻ എന്റർടൈൻമെന്റ് ആഗ്രഹിച്ചു വരുന്നവർക്ക് നിരാശയായിരിക്കും ഫലം. വാലിബൻ ഒരിക്കലും ഒരു മോശം സിനിമയല്ല. ഇറ്റിസ് എനിടൈം ബെറ്റർ ദാൻ ഒടിയൻ.. ഫാർ ബെറ്റർ ദാൻ മരയ്ക്കാർ

You May Also Like

ആരും അധികം ശ്രദ്ധിക്കാതെയും ചർച്ചചെയ്യപ്പെടാത്ത പോയ ഒരു കിടിലൻ ക്രൈം ത്രില്ലർ

Battery (2022) Pranav Pradeep ആരും അധികം ശ്രദ്ധിക്കാതെയും ചർച്ചചെയ്യപ്പെടാത്ത പോയ ഒരു കിടിലൻ ക്രൈം…

നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനെ നായകനാക്കി സിനിമയൊരുക്കാന്‍ മണി രത്നം

കമൽ ഹാസനും മണിരത്നവും ഇപ്പോൾ സന്തോഷത്തിലാണ്. കാരണം രണ്ടുപേരും വലിയ ഹിറ്റുകളുടെ നിറവിൽ ആണ്. കമൽഹാസന്റെ…

‘വെടിക്കെട്ട്’ എന്ന ചിത്രത്തിലെ കല്യാണപ്പാട്ട് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

‘വെടിക്കെട്ട്’ എന്ന ചിത്രത്തിലെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഷിബു പുലര്‍കാഴ്ച്ച, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരി…

അസീസിയിലെ വിശുദ്ധ ഫ്രാൻ‌സിസിന്റെയും ക്ലാരയുടെയും ജീവിതം ഇങ്ങനെ കണ്ടോണ്ടിരിക്കാൻ തന്നെ ഒരു വല്ലാത്ത അനുഭൂതിയാണ്.

Lawrence Mathew 2007 ഇൽ ഇറ്റലിയിൽ റിലീസ് ആയ ഒരു ടെലിഫിലിം ആണിത്.16 വർഷമായി ഈ…