Vani Jayate

(ക്ഷമിക്കുക. വാലിബനെക്കുറിച്ച് ഒരു പോസ്റ്റ് കൂടി)

കാരണം വാലിബൻ പരാജയപ്പെടാൻ പാടില്ലാത്ത ഒരു സിനിമയാണ്. മാർക്കറ്റിങ്ങിൽ പിഴവുകൾ വന്നു ചേർന്നിട്ടുണ്ട് എന്നുള്ളത് അവിടെ നിൽക്കട്ടെ. ലിജോയുടെയും ലാലിന്റെയും ആരാധകവൃന്ദങ്ങളും രണ്ടാണ് എന്നുള്ള വാസ്തവവും അവിടെ നിൽക്കട്ടെ. എന്നാൽ, അതിലെല്ലാം ഉപരിയായി വലിയൊരു പരീക്ഷണ സിനിമയാണ് വാലിബൻ. എല്ലാ കൈക്കുറ്റപ്പാടുകളും മാറ്റി വെച്ച് കൊണ്ട് നോക്കിയാലും ഏറെ മികച്ച ഒരു പരിശ്രമം അവിടെ കാണാൻ കഴിയും. വേറിട്ടുള്ള ചിന്തകൾക്കും അതിന്റെ പേരിൽ ഇറക്കേണ്ട മുതൽമുടക്കിനും ഒരു പ്രചോദനമാവും അത്. രണ്ടും മൂന്നും പതിറ്റാണ്ടുകൾക്ക് മുമ്പ് ഇറങ്ങിയ, ഇന്ന് ആഘോഷിക്കുന്ന പല സിനിമകളെയും അന്നത്തെ പ്രേക്ഷകർ നിർദാക്ഷിണ്യം ആക്രമിച്ചിരുന്നു. അന്ന് സാമൂഹ്യ മാധ്യമങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് അധികമാരും ശ്രദ്ധ കൊടുത്തിട്ടില്ല എന്ന് മാത്രം. അതിനെ ഇപ്പോഴും സംവിധായകനും അണിയറ ശില്പികളും പ്രമോട്ട് ചെയ്യാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിൽ അത് അവരുടെ ഈ പ്രൊജക്റ്റിനോടുള്ള പാഷനാണ്. അർപ്പണ ബോധമാണ്.

ഇന്നലെയാണ് ഗലാട്ട പ്ലസ് എന്ന യൂട്യൂബ് ചാനലിൽ ഭരദ്വാജ് രംഗൻ, ലിജോയുമായി നടത്തിയ സാമാന്യം സുദീർഘമായ ഒരു അഭിമുഖം കാണുന്നത്. (ലിജോ മുമ്പൊന്നും ഇല്ലാത്ത വിധത്തിൽ ഓടി നടന്നു അഭിമുഖം കൊടുത്ത പ്രമോട്ട് ചെയ്യുന്നത് കാണുന്നുണ്ട്) സിനിമയെക്കുറിച്ച് അതിന് പിറകിലെ തഹോം വർക്കിനെക്കുറിച്ചുമൊക്കെ ലിജോ സാമാന്യം വിശദമാക്കി തന്നെ പറയുന്നുണ്ട്. എന്നാൽ ആ അഭിമുഖത്തിന്റെ പരിമിതികൾക്കപ്പുറം എത്രയോ വലിയ തയ്യാറെടുപ്പുകൾ ലിജോ നടത്തിയിട്ടുണ്ട് എന്നത് ഒന്ന് മനസ്സിരുത്തി കാണുന്ന പ്രേക്ഷകർക്ക് മനസ്സിലാവും. കഴിഞ്ഞ നാലിലേറെ പതിറ്റാണ്ടുകളായി ഞാൻ തന്നെ കണ്ടറിഞ്ഞ ദൃശ്യങ്ങളിൽ നിന്നും വായിച്ചു മനസ്സിലാക്കിയ അറിവുകളിൽ നിന്നും കടം കൊണ്ട, നിരവധി മനോഹരമായ ബിംബങ്ങളും, കൊച്ചു കൊച്ചു റെഫറൻസുകളും എത്ര മനോഹരമായിട്ടാണ് കൊരുത്തെടുത്തിരിക്കുന്നത് എന്ന് സിനിമയെ ഒന്ന് കൂടി റീകണക്റ്റ് ചെയ്യുമ്പോൾ മനസ്സിലാവും.

ചങ്ങമ്പുഴയുടെ രമണൻ, ആയിരത്തൊന്ന് രാവുകൾ, ബൈബിളിലെ സാംസൺ – ദലീല, ഷോലയിലെ ബസന്തിയുടെ നൃത്തം, സ്പാഗെറ്റി വെസ്റ്റേൺ ഡേർട്ടി ഹാരി മൂവീസ്, അമർ ചിത്ര കഥ, ജാപ്പനീസ് സമുറായ്, കാളിയും ദാസനും, ഖസാക്കിന്റെ ഇതിഹാസം, വിക്രമാദിത്യൻ കഥകൾ, ലാവ്‍ണി.. മിത്തുകൾ, ലോക സിനിമയിലെ കൾട്ട് ചലച്ചിത്രങ്ങൾ, ചരിത്രം, കുന്നിക്കുരുകൾ ഇട്ടു വെച്ച ഒരു മണിച്ചിമിഴ് പോലെ എന്തൊക്കെയാണ് ഒരു സിനിമയിൽ ലിജോ ചേർത്തു വെച്ചിരിക്കുന്നത് എന്നാലോചിക്കുമ്പോൾ ഒരു പക്ഷെ നമ്മൾ തന്നെ അത്ഭുതപ്പെട്ടു പോവും. ദൃശ്യങ്ങളിലും, സംഗീതത്തിലും, സംഭാഷണത്തിലൂടെ ട്രിബ്യുട്ടുകളുടെ ഒരു അക്ഷയഖനിയാണ് ആ സിനിമ. ഇനി മറ്റൊരു കാര്യം കൂടി. വാലിബൻ, ലിജോയുടെ മുൻകാല സിനിമകളിൽ ഒന്നും കാണപ്പെട്ടിട്ടില്ലാത്ത അളവിൽ, ഇന്ത്യൻ ഈത്തോസുമായി ഇണക്കി ചേർക്കപ്പെട്ട ഒന്നാണ്. അതിനെ തമസ്ക്കരിച്ചു കൊണ്ടാണ് ആക്രമണം.

 ഇന്ന് നമുക്കുള്ളത് കണ്ടീഷൻ ചെയ്യപ്പെട്ട പ്രേക്ഷകരാണ്. സിനിമ എന്ന മീഡിയത്തെക്കുറിച്ച് അലിഖിതമായ ചില സങ്കൽപ്പങ്ങൾ മാത്രം സ്വീകരിക്കുന്ന പ്രേക്ഷകർ. ഒരു നായകനെ എങ്ങനെ അവതരിപ്പിക്കണം, ആഖ്യാനം എങ്ങനെയാവണം, തുടങ്ങേണ്ടത് എങ്ങനെ… അവസാനിക്കേണ്ടത് എങ്ങനെ എന്നുള്ള സിനിമയുടെ ഘടനയെ സംബന്ധിച്ചുള്ള ഓരോന്നിനെക്കുറിച്ചും അവർ നിരൂപിച്ചു വെച്ചിട്ടുണ്ട്. അതിനെ തുടരാതെയാണ് ലിജോ വലിബനെ ഒരുക്കിയിരിക്കുന്നത്. ലിജോ ഒരു ലോകം സൃഷ്ടിച്ച്, അതിനെ പടി പടിയായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഒരു മാതൃകയാണ് അവലംബിച്ചത്. എന്നാൽ അതിന് വഴങ്ങുന്നവരല്ല അവരുടെ സങ്കല്പങ്ങൾക്കനുസൃതമായ വിനോദത്തിനായി വെമ്പൽ പൂണ്ട് നിൽക്കുന്ന പ്രേക്ഷകർ എന്ന ദുഃഖസത്യം വൈകിയാണ് മനസ്സിലാക്കിയത്. അതിൽ പ്രേക്ഷകരെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല. കാരണം അവരെക്കുറിച്ചുള്ള അറിവുകൾ വേണ്ടത് ഫിലിം മേക്കർക്കാണ് എന്നാണ് ഞാൻ കരുതുന്നത്. അവരുടെ പോക്കറ്റിലുള്ള പണം മുടക്കിയാണ് സിനിമ കാണാൻ വരുന്നത്. അതിനെ ലക്ഷ്യമാക്കുമ്പോൾ അവർക്ക് വേണ്ടി സിനിമ ഉണ്ടാക്കണം. അല്ലെങ്കിൽ കുറഞ്ഞ പക്ഷം ആമുഖമായി തന്നെ താനെന്താണ് ഒരുക്കിയിരിക്കുന്നത് എന്നത് പ്രേക്ഷകരെ മനസ്സിലാക്കണം. ഇവിടെ കണ്ടത് ഉപഭോക്താവിന്റെ പ്രതീക്ഷയും ഉല്പന്നവും തമ്മിൽ ഉള്ള അടിസ്ഥാനപരമായ വൈരുദ്ധ്യമാണ്.

അപ്പോഴും വാലിബൻ എങ്ങിനെയെങ്കിലും വിജയിക്കണം എന്നുള്ള സ്വാർത്ഥ താൽപ്പര്യം എനിക്കുണ്ട്. കാരണം ഇതിനുണ്ടാവേണ്ട ഒരു രണ്ടാം ഭാഗം എന്നെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. അയ്യനാരുടെ ബോധമണ്ഡലത്തിൽ ഒരു നിമിഷം മിന്നി മറയുന്ന ആ ദൃശ്യത്തിന്റെ അനന്ത സാധ്യതകൾ എന്നെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കാൻ അത് മാത്രം മതി.
(അവസാനമായി സ്‌ക്രീനിലല്ലാതെ ഈ സിനിമയുമായി ബന്ധപ്പെട്ട ആരെയും എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ ആരും, ഒന്നും എന്നെ സ്വാധീനിച്ചിട്ടില്ല എന്ന് കൂടി വ്യക്തമാക്കുന്നു)

You May Also Like

വല്ലപ്പോഴും കഥാപാത്രങ്ങൾ ഇങ്ങനെ അയാളിലെ നടനിലേക്കു ലയിക്കുന്നത് ഒരു വേറിട്ടൊരു കാഴ്ചയാണ്……

Sanal Kumar Padmanabhan തന്റെ പിതാവ് വർഗീസ് വൈദ്യന്റെ ജീവിതം അദ്ദേഹത്തിന്റെ മരണശേഷം, മകൻ ചെറിയാൻ…

“ക്രിമിനലുകളെ സംരക്ഷിക്കുന്ന അമ്മയിൽ തുടരാൻ വയ്യ, അംഗത്വഫീസ് ആയ ഒരുലക്ഷം തിരിച്ചു തരണ്ട”

നടൻ ഹരീഷ് പേരടി ‘അമ്മ’ യ്‌ക്കെതിരെ അതി ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന സംഘടന…

‘ചന്ദ്രമുഖി 2’ ന്റെ ഗംഭീരമായ പ്രീ-റിലീസ് ഇവന്റ് ഫോട്ടോകൾ

‘ചന്ദ്രമുഖി 2 ‘ ന്റെ ഗംഭീരമായ പ്രീ-റിലീസ് ഇവന്റ് ഹൈദരാബാദിലെ പ്രശസ്തമായ ജെആർസി കൺവെൻഷൻ സെന്ററിൽ…

220 കിലോയിൽ നിന്ന് 65 കിലോയിലേക്ക്, തിരിച്ചറിയാനാകാത്ത അദ്‌നാൻ സമി

ഗയാനകനായ അദ്‌നാൻ സമിയെ കുറിച്ച് ചിന്തിച്ചാൽ തന്നെ നമുക്ക് ഓർമ്മവരുന്നത് അദ്ദേഹത്തിന്റെ അമിതമായ ആ ഭാരമാണ്.…