Vani Jayate

ചിലപ്പോൾ ഓഫ് ബീറ്റ് സിനിമകളിൽ കഴിവ് തെളിയിച്ച പല സംവിധായകർക്കും ഒരു തോന്നലുണ്ടാവും, കമ്മേർഷ്യൽ (ജനപ്രിയ) സിനിമകൾ എളുപ്പത്തിൽ ചെയ്യാവുന്നതാണെന്ന്. തങ്ങൾക്ക് ഉണ്ടെന്ന് സ്വയം വിശ്വസിപ്പിക്കുന്ന “സുപ്പീരിയർ ഇന്റെലെക്റ്റ്” കൊണ്ട് ‘ബുദ്ധിശൂന്യരായ’ പ്രേക്ഷകരെ വഴക്കിയെടുക്കാം എന്ന്. എന്നാൽ അവർ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമാണത്. ഒരു പക്ഷെ ആർട്ട് ഹൌസ് സിനിമകളേക്കാൾ ബുദ്ധിപരമായ ഇടപെടലുകൾ വേണ്ടി വരുന്നതാണ് കമ്മേർഷ്യൽ ചിത്രങ്ങളുടെ നിർമ്മിതി. ഒന്നോ രണ്ടോ പ്രാവശ്യം ബോക്സ് ഓഫീസ് വിജയങ്ങൾ നേടാൻ ഒരു പക്ഷെ സാധിക്കുമായിരിക്കും.

എന്നാൽ തുടർച്ചയായി അത് നേടിയെടുക്കാൻ അസാമാന്യമായ നിരീക്ഷണ പാടവവും, സെന്സിബിലിറ്റിയും, കൂർമ്മമായ കൗശലവും കൂടിയേ തീരൂ. ആദ്യ തലമുറയിലെ ശശികുമാർ, എ ബി രാജ് മുതൽ ഐ വി ശശി, ജോഷി, ഷാജി കൈലാസ്, സിബി മലയിൽ, പ്രിയദർശൻ തുടങ്ങിയവർ വരെ ആ ഒരു മോൾഡിൽ പെട്ടവരാണ്. ഇവരൊരുത്തരും സ്ഥിരമായി പല ഭാഷകളിലെയും പെട്ട സിനിമകൾ കാണുകയും പ്രേക്ഷകാഭിപ്രായങ്ങൾ ശ്രവിക്കുകയും, മനസ്സിലാക്കാൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നവരാണ്. അതെ സമയം രണ്ടു വള്ളങ്ങളിലും ഒരു പരിധിവരെ വിജയകരമായി തുഴഞ്ഞു പോവാൻ കഴിഞ്ഞിട്ടുള്ളത് ഭരതൻ, പദ്മരാജൻ, കെ ജി ജോർജ്ജ് തുടങ്ങിയ ചുരുക്കം ചിലർക്ക് മാത്രമാണ്. കമ്മേർഷ്യൽ സിനിമകൾക്കും അവയുടേതായ ഒരു വ്യാകരണമുണ്ട്, ഒരു സൗന്ദര്യ ശാസ്ത്രമുണ്ട്.

പല തരത്തിലുള്ള സാഹചര്യങ്ങളിൽ നിന്ന് വരുന്ന മനുഷ്യരെ തൃപ്തിപ്പെടുത്താനുള്ള ചേരുവകൾ കണ്ടെത്തി കോർത്തെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയ ആണ്. ഭൂരിഭാഗം വരുന്ന പ്രേക്ഷകർ മണ്ടന്മാരാണെന്നും, അവരെ കയ്യിലെടുക്കാൻ തങ്ങളുടെ ഉന്നത നിലവാരത്തിലുള്ള ‘ധിഷണ’ കൊണ്ട് സാധിക്കുമെന്നും ഉള്ള ആത്മവിശ്വാസത്തോടെ സമീപിച്ചാൽ പണി എപ്പോ കിട്ടിയെന്ന് നോക്കിയാൽ മതി. വിജയ ചിത്രങ്ങളുടെ ഫോർമുല എന്നൊന്നില്ല. ഒരിക്കൽ പ്രേക്ഷകരെ കയ്യടിച്ച രംഗങ്ങൾ അതെ പടി സാങ്കേതികമായ തികവോടെ വീണ്ടും പുനർ സൃഷ്ടിച്ചാൽ അതിനും പ്രേക്ഷകർ കയ്യടിക്കുമെന്ന ധാരണയും വെറുതെയാണ്. അതിനേക്കാൾ ഉപരിയായി ആ രംഗത്തിന് എന്തുകൊണ്ടാണ് പ്രേക്ഷകരുടെ കയ്യടി കിട്ടിയത് എന്ന് വിലയിരുത്തി മനസ്സിലാക്കി ആ ഘടകത്തെ വേർതിരിച്ചെടുക്കാൻ കഴിയണം. അതിനൊപ്പിച്ച് കൺസീവ് ചെയ്യാൻ കഴിഞ്ഞാൽ ഒരു പക്ഷെ വിജയിക്കാൻ സാധിച്ചേക്കും. അപ്പോഴും സമയം ഒരു പ്രധാന ഘടകമാണ്. ടൈമിംഗ് കൃത്യമായാലേ എന്തും സ്വീകരിക്കപ്പെടൂ.

പറഞ്ഞു വന്നത് മലൈക്കോട്ടൈ വാലിബന്റെ ട്രെയ്‌ലർ കണ്ടു. മറ്റെല്ലാ സാധാരണ പ്രേക്ഷകരെയും പോലെ ഒന്ന് ഉൾവലിഞ്ഞുള്ള പ്രതികരണമാണ് അത് മനസ്സിലുണ്ടാക്കിയത്. വാനോളം ഉയർന്ന ഹൈപ്പിലാണ് തീയറ്ററിൽ എത്തുന്നത്. ബുക്ക് മൈ ഷോവിൽ കേരളത്തിന് പുറത്ത് ഓപ്പണായിട്ടില്ലെങ്കിലും, പതിനോരായിരത്തിൽ അധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ടതായിട്ടാണ് കാണിക്കുന്നത്. ലാലേട്ടൻ മമ്മൂട്ടിയെ പോലെയല്ല.. നൂറു ശതമാനവും ഒരു സംവിധായകന്റെ റോ മെറ്റേറിയൽ ആണ്. അതുകൊണ്ട് തന്നെ മോഹൻലാൽ അവതാരം എന്നൊക്കെ എഴുതിയാലും കട്ട അക്ഷരത്തിൽ എഴുതി വെച്ചാലും വിജയവും തോൽവിയുമൊക്കെ ലിജോ എങ്ങിനെ അദ്ദേഹത്തെ ഉപയോഗിച്ചിരിക്കുന്നു എന്നതിൽ ആശ്രയിച്ചിരിക്കും. ഏതായാലും രണ്ടുപേരെയും രണ്ടു രീതിയിൽ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകൻ എന്ന നിലയ്ക്ക് ടിക്കറ്റ് കിട്ടി തീയറ്ററിൽ കയറുന്ന ആ ഒരു മുഹൂർത്തം വരെ ആകാംക്ഷയോടെ കാത്തിരിക്കാം. അധികമാർക്കും കഴിയാത്ത ഒരു ട്രാൻസ്ഫോർമേഷൻ ലിജോയ്ക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

You May Also Like

വ്യത്യസ്ഥമായ അഞ്ചു കഥകൾ പറയുന്ന ആന്തോളജി സിനിമയാണ് അഞ്ചു വിത്തുകൾ(5 സീഡ് സ് )

വാഴൂർ ജോസ്. വ്യത്യസ്ഥമായ അഞ്ചു കഥകൾ പറയുന്ന ആന്തോളജി സിനിമയാണ് അഞ്ചു വിത്തുകൾ(5 സീഡ് സ്…

നായകന്റെ ആക്ഷൻ ചടുലത കൊണ്ടും കണ്ടിരിക്കാവുന്ന ആക്ഷൻ ഫ്ലിക്ക് ആക്കുന്നുണ്ട് അണിയറക്കാർ

മോർഗൻ എസ്. ഡാലിബെർട്ട് സംവിധാനം ചെയ്‌ത 2023-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ആക്ഷൻ ക്രൈം ചിത്രമാണ് എകെഎ…

നടിയും മുൻ ബിഗ് ബോസ് താരവുമായ വനിതാ വിജയകുമാർ താൻ ആക്രമിക്കപ്പെട്ട വിവരം വെളിപ്പെടുത്തി

നടിയും മുൻ ബിഗ് ബോസ് താരവുമായ വനിതാ വിജയകുമാർ താൻ ആക്രമിക്കപ്പെട്ട വിവരം വെളിപ്പെടുത്തി. ശനിയാഴ്ചയാണ്…

പ്രേക്ഷകനെ പേടിയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ഹൊറർ സിനിമ

Unni Krishnan TR Cellar 2022 പ്രേക്ഷകനെ പേടിയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ഹൊറർ സിനിമ…