Vani Jayate

ഏതൊക്കെ തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാലും മലയാള സിനിമയുടെ ബോക്സോഫീസിലെ കിരീടം വെക്കാത്ത ചക്രവർത്തി തന്നെയായിരുന്നു മോഹൻലാൽ. തന്റെ ഒരു ശരാശരി സിനിമയ്ക്കും, മറ്റേത് താരത്തിന്റെ മികച്ച സിനിമകളേക്കാൾ വലിയ വിജയം സമ്മാനിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ആ സ്റ്റാർ പവർ ഒന്നുകൊണ്ട് മാത്രമാണ്. ‘സൂപ്പർസ്റ്റാർഡം’ എന്ന കൺസെപ്റ്റ് എന്താണെന്ന് ഇനിയും മനസ്സിലാവാത്ത പലർക്കും ഈ ഒരൊറ്റ കാര്യം ശ്രദ്ധിച്ചാൽ പിടികിട്ടുന്നതാണ്. സമൂഹത്തിലെ ഓരോ തട്ടിലുമുള്ള പ്രേക്ഷകരുമായി കണക്റ്റ് ചെയ്യാൻ കഴിയുന്ന എന്തോ ഒന്ന്, കഥാപാത്രങ്ങൾക്ക് ജീവൻ നൽകുമ്പോൾ അദ്ദേഹത്തിന്റേതായി ചേർക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് നാല് പതിറ്റാണ്ടുകളായി നിരവധി തിരിച്ചടികളെ നേരിട്ടും ആ പദവി കൈവിടാതെ ഇരുന്നിട്ടുള്ളത്.

എന്നാൽ ഇന്ന് വലിയൊരു രീതിയിലുള്ള തലമുറ മാറ്റത്തിന്റെ കാലമാണ്. കഴിഞ്ഞ പത്തുകൊല്ലമായി ആ വിടവ് കാര്യമായ രീതിയിൽ ദൃശ്യമാണ്. തീയറ്ററിൽ നിന്ന് സിനിമ കാണുന്നവരിൽ വലിയൊരു പങ്ക് ഈ മാറിയ പ്രേക്ഷകരാണ്. അവരെ മോഹൻലാൽ എന്ന നടനുമായി റിലേറ്റ് ചെയ്യിക്കുന്ന ആ ത്രെഡ് ദുർബലമായിക്കൊണ്ടിരിക്കയാണ് എന്നത് അവഗണിക്കാൻ കഴിയാത്ത ഒരു സത്യമാണ്. അവർക്കിടയിൽ കിരീടവും കിലുക്കവും ചിത്രവും സദയവും ദേവാസുരവും ആറാം തമ്പുരാനുമൊക്കെ കണ്ടിട്ടുള്ളവർ ചുരുങ്ങി വരികയാണ്. കണ്ടിട്ടുള്ളവരിൽ തന്നെ അത് ആസ്വദിക്കുന്നവരും. അതെ സമയം മോഹൻലാലിന്റെ വേഷങ്ങൾ ഗൃഹാതുരത ഉണർത്തുന്ന തലമുറയാകട്ടെ അവരുടെ സിനിമ ആസ്വാദനങ്ങൾ വീട്ടിലെ സ്ക്രീനിലേക്ക് ചുരുക്കുകയും ചെയ്യുകയാണ്.

ഇത് ഒരു നടനെ സംബന്ധിച്ചേടത്തോളം വളരെ സുപ്രധാനമായ ഒരു കാലഘട്ടമാണ്. ഇനിയും തന്റെ പ്രതാപകാലത്തിന്റെ പ്രതിച്ഛായയിൽ നിന്ന് ഊർജ്ജം സംഭരിക്കണോ, അതോ കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് സ്വയം മാറാൻ ശ്രമിക്കണോ എന്നുള്ള ചിന്തകളിലൂടെ കടന്നു പോവുന്ന സമയം. കയ്യിലുള്ളത് വിട്ടു പുതിയതൊന്നിലേക്ക് മാറാനുള്ള ഒരു ആശയക്കുഴപ്പത്തിലൂടെ കടന്നു പോവുകയാണ്. ഇതിനെ മറികടക്കുവാൻ അദ്ദേഹത്തിന് കഴിയും എന്നതിൽ സംശയമൊന്നുമില്ല. അതിന് വേണ്ട പാകത ഒരു വ്യക്തി എന്ന നിലയ്ക്ക് അദ്ദേഹം ആർജ്ജിച്ചു കഴിഞ്ഞിട്ടുണ്ട്. ഇയ്യിടെയായി വിമർശനങ്ങളെയും ആക്രമണങ്ങളെയും അദ്ദേഹം നേരിടുന്ന രീതി ശ്രദ്ധിച്ചിട്ടുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുമത്. ഒരു പക്ഷെ തന്റെ മുൻഗാമിയായ മമ്മൂട്ടി ചെയ്ത പോലെ ഒന്ന് സ്വിച്ച് ഓഫ് ചെയ്തു മറ്റൊന്ന് സ്വിച്ച് ഓൺ ചെയ്യുന്ന തലത്തിലുള്ള ഒരു പരിവർത്തനം ആയിരിക്കില്ല അദ്ദേഹം സ്വീകരിക്കുന്നത്. തന്റെ പ്രേക്ഷകരെക്കൂടി കൂടെ കൊണ്ട് പോവുന്ന ഒരു സമീപനമായിരിക്കും എന്നാണ് കരുതുന്നത്.

കരിയറിന്റെ ഈ ഘട്ടത്തിൽ സ്വയം ഉടച്ചു വാർക്കാൻ നിന്ന് കൊടുക്കുക എന്നത് ഒരു കലാകാരനെ സംബന്ധിച്ചേടത്തോളം വളരെ വലിയൊരു വെല്ലുവിളിയാണ്. ലോകസിനിമയിൽ ക്ലിന്റ് ഈസ്റ്റ് വൂഡിനെ (മോഹൻലാലും പ്രിയദർശനുമൊക്കെ അദ്ദേഹത്തിന്റെ വലിയ ആരാധകർ ആയിരുന്നെന്ന് അവരുടെ ആദ്യകാലത്തെ അഭിമുഖങ്ങളിൽ വായിച്ചിട്ടുണ്ട്) അദ്ദേഹത്തിന് അതിൽ മാതൃക അയക്കാവുന്നതാണ്. ഗുഡ് ബാഡ് ആൻഡ് അഗ്ലി, ഫോർ എ ഫ്യു ഡോളേഴ്‌സ് മോർ… തുടങ്ങിയ സിനിമകളിൽ നിന്നും അൺഫോഗിവനിലെയും മില്യൺ ഡോളർ ബേബിയിലേക്കുമൊക്കെ എത്തിയപ്പോൾ കടന്ന് പോയ ഒരു ട്രാൻസ്ഫോർമേഷൻ. അതായിരിക്കണം പാഠപുസ്തകം. ഒരു പക്ഷെ അതിൽ മമ്മൂട്ടിയേക്കാൾ സമയം അദ്ദേഹത്തിനുണ്ട്. അത് കൊണ്ട് ഞെട്ടിപ്പിച്ചു കൊണ്ട് ഒരു ആളിക്കത്തലിന്റെ ആവശ്യമില്ല.

നേര് – പ്രേക്ഷകർ എങ്ങിനെയായിരിക്കും അതിനെ സ്വീകരിക്കുക എന്നറിയില്ല. എന്നാൽ ഒരു നടൻ, അല്ല സ്റ്റാർ എന്ന നിലയ്ക്ക് മോഹൻലാലിന്റെ ഭാഗത്ത് നിന്നും ഒരു സുപ്രധാന ചുവടുവെപ്പായി അദ്ദേഹം കാണുന്നുണ്ട് എന്നത് നമുക്ക് മനസ്സിലാക്കാൻ കഴിയും. മുമ്പെങ്ങും കാണാത്ത വിധത്തിൽ അദ്ദേഹം ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമാവുന്നുണ്ട്. അഭിമുഖങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ഒക്കെ അണ്ടർ സ്റ്റേറ്റഡ്‌ ആയ അപ്പ്രോച്ച് ആണ് അദ്ദേഹവും ജിത്തു ജോസഫുമൊക്കെ സ്വീകരിക്കുന്നുണ്ടെങ്കിലും, ഈ സിനിമയിൽ അദ്ദേഹത്തിനുള്ള പ്രതീക്ഷ വളരെ വ്യക്തമായി വായിച്ചെടുക്കാൻ കഴിയും. ഒന്നുകിൽ കണ്ടെന്റിനെക്കുറിച്ചുള്ള ആത്മവിശ്വാസം, അതല്ലെങ്കിൽ ഉരുണ്ടുകൂടിയ ഇൻസെക്യൂരിറ്റി. കാരണം ഏതായാലും അദ്ദേഹം ഈ സിനിമയെ തന്റെ അഭിനയ ജീവിതത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ വീണ്ടും പഴയ മോഹൻലാൽ തന്നെ ആയി തുടരുമോ? അതോ കാലഘട്ടത്തിനനുസരിച്ചുള്ള വേഷ പകർച്ച സ്വീകരിക്കുമോ? കണ്ടറിയണം.ലാലേട്ടൻ അത്രയ്ക്ക് പ്രതീക്ഷ വയ്ക്കുകയാണെങ്കിൽ നമുക്ക് കുറയ്ക്കാൻ കഴിയുമോ. ഇന്ന് ടിക്കറ്റ് നൈറ്റ് ഷോയ്ക്ക് ബുക്ക് ചെയ്തിട്ടുണ്ട്. കാവിലമ്മേ കാത്തോളണേ..

You May Also Like

ആദ്യകാല ഗോഡ്സില്ല ചിത്രങ്ങളിലൂടെ ഒരു യാത്ര

Jithin K Mohan 1954ഇൽ ആദ്യമായി Gojira എന്ന ജാപ്പനീസ് സിനിമ ഇറങ്ങുമ്പോൾ ആ സിനിമ…

അബ്കാരി, ഇൻസ്പെക്ടർ ബൽറാം, നായർസാബ്.. അങ്ങനെ അനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലിബർട്ടി പ്രൊഡക്ഷൻസ് വീണ്ടും നിർമ്മാണ രംഗത്തേക്ക്

ലിബർട്ടി പ്രൊഡക്ഷൻസ് വീണ്ടും നിർമ്മാണ രംഗത്തേക്ക് മലയാളത്തിലെ മുൻനിര ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ലിബർട്ടി പ്രൊഡക്ഷൻസ്…

കമൽഹാസൻ ബജറ്റ് 50 കോടി, വിജയ് സേതുപതിക്ക് 10 കോടി, ഫഹദ് ഫാസിലിന് നാലുകോടി; വിക്രത്തിൻറെ ആകെ ബജറ്റ് 120 കോടി

എല്ലാ സിനിമ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് കമൽഹാസൻ നായകനാകുന്ന ചിത്രം വിക്രം

ജയിലർ കാണാൻ എത്തിയ വിജയ് ആരാധകനെ രജനി ആരാധകർ ആക്രമിക്കുന്ന വീഡിയോ വൈറലാകുന്നു

കഴിഞ്ഞ കുറച്ച് മാസങ്ങളായി തമിഴ് സിനിമയിൽ സൂപ്പർ താര വിവാദം കത്തിപ്പടരുകയാണ്. ഇതിന് മറുപടിയായി കഴിഞ്ഞ…