Vani Jayate

ചില യാത്രകളുണ്ട്, ലക്‌ഷ്യം അത്രയ്ക്ക് പ്രസക്തമല്ലാത്ത, എന്നാൽ ലക്ഷ്യത്തിലെത്താനുള്ള യാത്ര ആസ്വദിക്കുന്ന ചില യാത്രകൾ. അത്തരത്തിലൊന്നാണ് നേര്. നൂറു ശതമാനവും ഒരു പ്രൊസീജ്യറൽ ഡ്രാമയാണ്. മുമ്പ് ജീത്തു ജോസഫ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത് പോലെ തന്നെ ഒരു കോർട്ട് റൂമിന്റെ വിസ്തൃതിക്കകത്ത് വെച്ച് എഴുപത് ശതമാനവും സംഭവിക്കുന്ന ഒരു ഡ്രാമ. ഇതുവരെ കണ്ടുനിവന്നിട്ടുള്ള അത്തരം സിനിമകളിൽ നിന്നുള്ള വ്യത്യസ്തത അതിൽ പറ്റാവുന്ന ഇടത്തൊക്കെ പ്രേക്ഷകരെക്കൊണ്ട് എമ്പതൈസ് ചെയ്യുവാൻ കഴിയുന്ന വിധത്തിലുള്ള ഇമോഷൻസ് കൊണ്ട് വരാൻ കഴിഞ്ഞു എന്നുള്ളതാണ്. ആ ഒരൊറ്റ കാരണം കൊണ്ട് കണ്ടിരിക്കാവുന്ന രീതിയിലുള്ള ഒരു ദൃശ്യാനുഭവമായി നേര്.

ആരും കൈവെക്കാത്ത ഒരു വിഷയമൊന്നുമല്ല, അത് എങ്ങോട്ടാണ് പോവുന്നത് എന്നൂഹിക്കാനും വലിയ പ്രയാസമൊന്നുമില്ല. എന്നാൽ ഒരു സംവിധായകന്റേതായ ചില വ്യത്യസ്തതകൾ സുപ്രധാനമായ ഘട്ടങ്ങളിൽ കൊണ്ട് വരുന്നതിലൂടെയാണ് പ്രേക്ഷകരുടെ ഔൽസുക്യം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ ഒരു സൂപ്പർസ്റ്റാറിന്റെ കിരീടം അഴിച്ചു വെച്ചുകൊണ്ട്, ഒരു സാധാരണക്കാരനായി ഇറങ്ങി വരികയാണ്. കുസൃതിയും തമാശയും ചമ്മലും ഉള്ള ജോജിയോ, നിയോഗത്തിന്റ ഭാരം ചുമക്കാൻ വിധിക്കപ്പെട്ട സേതുമാധവനോ ആയ ഇന്നലെകളുടെ സാധാരണക്കാരനല്ല.

കരിയറിൽ നിന്നും ഒരു തിരിച്ചടി മൂലം വിട്ടു നിൽക്കേണ്ടി വന്നു വിധിവശാൽ വീണ്ടും വേഷമെടുത്തണിയാൻ നിര്ബന്ധിതനാക്കപ്പെട്ട, പകപ്പും, ആകുലതകളും, ആത്മവിശ്വാസക്കുറവും നിറഞ്ഞ തുടക്കവും.. പതിയെ പതിയെ ആഴങ്ങളിലേൽക്ക് നീന്തേണ്ടി വരുമ്പോൾ തിരിച്ചു പിടിക്കുന്ന പ്രൊഫഷണൽ സ്കിൽസുമൊക്കെ അനായാസമായി ഭാവങ്ങളിലൂടെ പകരാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും ഇമോഷണൽ ഡെപ്ത്തുള്ള കാരക്ടറുകൾക്ക് തയ്യാറായി ഇരിക്കുന്ന ഒരു വസന്തം ആ കണ്ണുകളിൽ വായിച്ചെടുക്കാൻ കഴിയും.

പക്ഷെ അപ്പോഴും മോഹൻലാൽ അല്ല ഈ സിനിമയിലെ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്‌ച വെച്ചിട്ടുള്ളത്. അത് അനശ്വര രാജനാണ്. രണ്ടു സീനുകൾ ക്ളൈമാക്സിന് തൊട്ടു മുമ്പും അതിനു ശേഷവുമുള്ള രണ്ടു സീനുകൾ മാത്രം എടുത്താൽ മതി ആ കുട്ടിയുടെ ടാലെന്റ്റ് വ്യക്തമാക്കാൻ. വേദനയിലും തന്റെ വ്യക്തിത്വത്തെ കൈവിടാൻ തയ്യാറല്ലാത്ത നിശ്ചയദാർഢ്യം പ്രതിഫലിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.

പഴയ ഒരു ഹീറോ ഹോണ്ട ബൈക്കിന്റെ പരസ്യ വാചകമുണ്ട്. ഫിൽ ഇറ്റ്, ഷട്ട് ഇറ്റ്, ഫോർഗെറ്റ് ഇറ്റ്.. അതാണ് സിദ്ധിക്ക്. ഏത് വേഷത്തിൽ കാസ്റ്റ് ചെയ്താലും സംവിധായകന് മറ്റുള്ളവരിലേക്ക് ശ്രദ്ധ വ്യാപാരിക്കാം. സിദ്ധിഖിന്റെ ഭാഗം അദ്ദേഹം ഭംഗിയാക്കിക്കോളും. ജഗദീഷും പരിമിതമായ സ്‌പേസിൽ നിയന്ത്രിതാഭിനയം കാഴ്ച വെച്ചിട്ടുണ്ട്. അനശ്വരയുമായി രൂപ സാദൃശ്യം കൊണ്ടാണെന്ന് തോന്നുന്നു ശ്രീധന്യയെ ഇതിലും കാസ്റ്റ് ചെയ്യാൻ മുതിർന്നിട്ടുള്ളത്. അവരും അവരുടെ ഭാഗം തരക്കേടില്ലാതെ കൈകാര്യം ചെയ്തിട്ടുണ്ട്.

എന്നാൽ കാസ്റ്റിംഗിൽ ഒരു മിസ്ഫിറ്റ് ആയി തോന്നിയിട്ടുള്ളത് രചനയിൽ പങ്കാളി കൂടി ആയിട്ടുള്ള ശാന്തിപ്രിയ ആണ്. എന്തൊരു വെറുപ്പിക്കലാണ് അവർ. ഓവർ ആക്റ്റ് ചെയ്തു പരമാവധി ഇറിറ്റേറ്റ് ചെയ്തിട്ടുണ്ട്. അവർക്കാണെങ്കിൽ മുഴുനീള വേഷവുമുണ്ട്. കൊള്ളാവുന്ന വേറെ ഏതെങ്കിലും അഭിനേതാക്കളെ കാസ്റ് ചെയ്തിരുന്നെങ്കിൽ എന്ന തോന്നൽ അവശേഷിപ്പിച്ചു വെച്ചിട്ടുണ്ട്.

തിരക്കഥയിൽ ഫ്രിവ്‌ലസ് എന്ന് പറയുന്ന ചില അംശങ്ങൾ കയറിക്കൂടിയിട്ടുണ്ടെങ്കിലും, ഫാസ്റ്റ് പേസിൽ കൊണ്ട് പോവുന്നത് കൊണ്ട് അത് മറച്ചു പിടിക്കാൻ ജീത്തുവിന് ആയിട്ടുണ്ട്. വലിയ ഗിമ്മിക്‌സിനൊന്നും ശ്രമിക്കാതെ നേരെ ചൊവ്വേ പറഞ്ഞു പോവുന്ന രീതിയുമായത് കൊണ്ട് ഒരു വൺ ടൈം വാച്ച് എന്ന ഗണത്തിൽ പെടുത്തി വിടാവുന്ന സിനിമയായി അവസാനിക്കുകയാണ് നേര്.

You May Also Like

‘ഒരു ജാതി ജാതകം’ കുറിച്ച് തുടങ്ങി

‘ഒരു ജാതി ജാതകം’ കുറിച്ച് തുടങ്ങി ‘അരവിന്ദന്റെ അതിഥികൾ’ എന്ന വൻ വിജയത്തിന് ശേഷം വിനീത്…

ക്ലാസ്‌മേറ്റ്സിൽ റസിയ ആയാൽ മതിയെന്ന് നിർബന്ധം പിടിച്ച കാവ്യക്ക് സംഭവിച്ചത്

മലയാളത്തിലെ ഏറ്റവും ഹിറ്റുകളിൽ ഒന്നായിരുന്നു ക്ലാസ്മേറ്റ്സ്. ആ സിനിമ ഒരു തരംഗമാകുകയും പലരും ആ സിനിമയിൽ…

കോവിഡ് മുടക്കിയ ജിത്തു ജോസഫ്-മോഹൻലാൽ ചിത്രം തുടങ്ങുന്നു

കോവിഡ് മുടക്കിയ ജിത്തു ജോസഫ് മോഹൻലാൽ ചിത്രം തുടങ്ങുന്നു അയ്മനം സാജൻ കോവിഡ് മൂലം നിർത്തിവെച്ച…

അഭിനയരംഗത്തെത്തിയപ്പോൾ സംഭവിച്ച വെല്ലുവിളികളെ കുറിച്ച് ചുംബനസമരനായിക രശ്മി ആര്‍ നായര്‍

വളരെ വിവാദം സൃഷ്ടിച്ച ചുംബന സമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് രശ്മി ആര്‍ നായര്‍. സോഷ്യല്‍ മീഡിയയില്‍…