Vani Jayate

ഈ കാലഘട്ടത്തിൽ, ജവാൻ പോലുള്ള ഒരു വൻ സിനിമ റിലീസ് ചെയ്തപ്പോഴും, മൂന്നാം വാരത്തിൽ കേരളത്തിന് പുറത്തുള്ള ഒരു തീയറ്ററിൽ ഹൌസ് ഫുൾ ഷോ ഓടണമെങ്കിൽ തുറന്ന് സമ്മതിക്കണം, സിനിമ ഒരു വൻ ഹിറ്റാണെന്ന്. കഴിഞ്ഞ ആഴ്ച പോയപ്പോൾ തീയറ്ററിൽ സാങ്കേതിക തകരാറ് കൊണ്ട് ഷോ കാൻസൽ ആയത് കൊണ്ടാണ് ഈ ആഴ്ച തീയറ്ററിൽ ഉണ്ടെങ്കിൽ കാണണമെന്ന് വിചാരിച്ചത്. കൂടെയിറങ്ങിയ ഇതിലും വലിയ സ്റ്റാർ കാസ്റ്റുള്ള രണ്ട് സിനിമകളും തീയറ്ററിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. എന്നാലും ഇത് തീയറ്ററിൽ നിന്നും തന്നെ കാണണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ടാണ് കാണാൻ ഒരുങ്ങിയത്. കുറെ റിവ്യൂകൾ, അതിലേറെയും പോസിറ്റിവ്, പുറത്തു വന്ന സിനിമ ആയത് കൊണ്ട് അധികമൊന്നും പറയാൻ ബാക്കിയില്ല. എന്നാലും അല്ലറ ചില്ലറ കാര്യങ്ങൾ പറഞ്ഞു പോവട്ടെ.

അജഗജാന്തരം, തല്ലുമാല, കുങ്‌ഫു മാസ്റ്റർ… വളരെ കാലങ്ങൾക്ക് ശേഷം മലയാളത്തിൽ പുനർജ്ജനിച്ച അടിയിടി സിനിമകളുടെ പരമ്പരയിലെ ഏറ്റവും പുതിയ സിനിമ ആയത് കൊണ്ട് ആർഡിഎക്‌സിനെ അതിനോട് രണ്ടിനോടും താരതമ്യം ചെയ്യുന്നതിൽ തെറ്റില്ല. ആ സിനിമകളിൽ ഒന്നുമില്ലാത്ത ഒരു ഇമോഷണൽ ജസ്റ്റിഫിക്കേഷൻ ഈ സിനിമയിലെ തല്ലുകളിൽ കൊണ്ടുവരാനുള്ള ഒരു ശ്രമം നടത്തിയിട്ടുണ്ട് നഹാസ് ഹിദായത്ത്. ഒരു അടി നടക്കുന്നതിന് മുൻപ്, പ്രേക്ഷകർക്കുള്ളിൽ തന്നെ ‘അവനെ അടിയെടാ’ എന്നുള്ള ഒരു വിളി പുറപ്പെടുന്ന സമയത്താണ് ഓരോ അടിയും പ്ലെയ്സ് ചെയ്തിരിക്കുന്നത്. അതെ സമയം ആക്ഷൻ കൊറിയോഗ്രഫിയിൽ അജഗജാന്തരത്തിന്റെയും, ഒരു വിഷ്വൽ ഫീലിൽ തല്ലുമാലയുടെയും ഒപ്പമെത്താൻ ഇതിന് കഴിഞ്ഞിട്ടില്ല. നമ്മൾ ഗാലറിയിൽ ഇരുന്ന് അടി കാണുന്നു എന്നതും, ആ തല്ല് നടക്കുമ്പോൾ അതിന്റെ ഇടയിൽ ഉള്ള ഫീൽ നൽകുന്നു എന്നതും രണ്ടു രീതികളാണ്. ഇവിടെ നമ്മൾ ഗാലറിയിൽ ഉള്ള കാഴ്ചക്കാരാണ്. അജഗജാന്തരത്തിലെപ്പോലെ ഓരോ ഫൈറ്റ് സീക്വൻസും പ്രേക്ഷകർക്ക് ഫീൽ ചെയ്യുന്ന രീതിയിലുള്ള മേക്കിങ് അല്ല ഇതിന്റേത്. അതുപോലെ തന്നെ ഇത്തരത്തിലുള്ള സിനിമകളിൽ വേണ്ട ഒരു സിഗ്നേച്ചർ മൂവുകൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ അത്രകണ്ട് വിജയിച്ചിട്ടില്ല എന്നും പറയണം. സേവ്യറിന്റെ നഞ്ചക്ക് പ്രയോഗം, ഡോണിയുടെ ബോക്സിങ് പഞ്ച്, റോബർട്ടിന്റെ കിക്ക്‌ എന്നൊക്കെ പറയാം എങ്കിലും അവയൊന്നും ഒരു മൗലികമായ രീതിയിൽ കൊറിയോഗ്രാഫി നടത്താൻ കഴിഞ്ഞിട്ടില്ല.

കാലം കടന്ന് പോയപ്പോൾ വില്ലൻ പോൾസണിൽ കൊണ്ടുവന്ന രൂപഭാവങ്ങളിലെ മാറ്റം, നായക കഥാപാത്രങ്ങൾക്ക് പകരാൻ ഇവിടെ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ച് ആന്റണി വർഗീസിന്. അതെ സമയം ഒരു നടൻ എന്ന നിലയ്ക്ക് വലിയ പരിമിതികൾ ഉണ്ടെങ്കിലും ആക്ഷൻ രംഗങ്ങളിൽ ഏറ്റവും കൺവിൻസിംഗ് ആയിരിക്കുന്നത് ആന്റണിയാണ്. സിനിമയിലെ ഏറ്റവും പവർഫുൾ ആയി ഫീൽ ചെയ്ത സാനിധ്യവും ആന്റണിയുടേതും, വിഷ്ണുവിന്റേതുമാണ്. ആക്ഷൻ അല്ലാതെ മറ്റൊന്നിനും കാര്യമായ സ്ഥാനമില്ലാത്ത ഈ സിനിമയിൽ മറ്റു രണ്ടു പേരും വെറും പ്ലെയ്സ് ഹോൾഡേഴ്സ് മാത്രമാണ്. നല്ല കായികാദ്ധ്വാനം നടത്താവുന്ന ആർക്കും അഭിനയിച്ചു പോവാവുന്ന റോളുകൾ. ലാൽ ഓരോ സിനിമ കഴിയും തോറും കൂടുതൽ അരോചകമായി വരികയാണ്. വായിലിട്ട് കോഴ കൊഴാന്ന് കൊഴയ്ക്കുന്ന സംഭാഷങ്ങൾ വെറുപ്പിക്കുകയാണ് എന്ന് അദ്ദേഹത്തിനും മനസ്സിലാക്കേണ്ട സമയമായി. എനിക്കേറ്റവും വിഷമം തോന്നിയത് ബാബു ആന്റണിയെ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല എന്ന് പറയുമ്പോഴാണ്. ഇത്തരത്തിലുള്ള സിനിമകളുടെ ‘കമലാസനൻ’ ആവേണ്ടിയിരുന്ന ബാബു ആന്റണിയെ ക്ളൈമാക്സിൽ പ്രസെന്റ് ചെയ്തപ്പോൾ കയ്യടി ഒക്കെ ഉണ്ടായി എന്നത് ശരിയാണ്. പക്ഷെ പ്രേക്ഷകരെ ഇതിലും ത്രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിയുമായിരുന്നു. ഇനി വയലൻസ് കൈകാര്യം ചെയ്യുന്നത് ഒരൽപം അവധാനതയോടെ ആണെന്ന കാര്യത്തിൽ സമ്മതിക്കണം. ജയിലറിലൊക്കെ കണ്ട പോലെ മനം മടുപ്പിക്കുന്ന ക്രൂരതയോടെ അല്ല സംഘട്ടനങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. നിലനിൽപ്പിന്, അല്ലെങ്കിൽ പിടിച്ചു നിൽക്കാൻ വേണ്ട ആവശ്യത്തിന് മാത്രം അടിക്കുന്ന, നായകന്മാരാണ് മൂന്ന് പേരും എന്നത് ഒരു ആശ്വാസമാണ്. ആക്ഷൻ അല്ലാതെ മറ്റൊന്നും സിനിമയിൽ ഇല്ലാത്തത് കൊണ്ട് സിനിമയുടെ കണ്ടെന്റിനെക്കുറിച്ച് വേറൊന്നും പറയാനില്ല.

ഇനി പറയാനുള്ളത് സിനിമയുടെ അപകടകരമായ ഒരു വശത്തെക്കുറിച്ചാണ്. പലരും പറഞ്ഞിട്ടുള്ളതാണ്. എന്നാലും ഒരിക്കൽക്കൂടി അടിവര ഇട്ടു പറയേണ്ടത് കൊണ്ട് ആവർത്തിക്കുകയാണ്. ‘കോളനിക്കാർ’ എന്നെടുത്ത് പറഞ്ഞുകൊണ്ട് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ ഒന്നടങ്കം ഇത്രയും അധമമായ രീതിയിൽ ചിത്രീകരിക്കുന്ന പ്രവണത അപലപിക്കാതെ പോവാൻ കഴിയില്ല. നിയമത്തെയും, സംവിധാനങ്ങളെയും പണവും സ്വാധീനവുമുപയോഗിച്ച് വരേണ്യ വർഗത്തെ പ്രതിനിധാനം ചെയ്യുന്നവർ തങ്ങളുടെ വരുതിയിലാക്കുന്നതിനെ മഹത്വവൽക്കരിച്ചുള്ള ചിത്രീകരണം സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. കണ്ടു തീരുമ്പോൾ, ചെകിടിക്കുന്ന ഒരു ചുവ ബാക്കി വെയ്ക്കുന്ന ഒന്നാണ് അത്. കഥാപാത്രങ്ങളുടെ പേര് പോൾസൺ എന്നും ഡേവിസ് എന്നും ജെയ്‌സൺ എന്നുമൊക്കെയാണ് എന്നുള്ള ന്യായീകരണങ്ങൾ കേട്ടു. മതത്തിന്റെ ഏത് കള്ളിയിൽ പിടിച്ചിട്ടാലും ഉദ്ദേശിച്ചത് ആരെയാണ് എന്ന് മനസ്സിലാക്കാൻ കവിടി നിരത്തി നോക്കേണ്ട ആവശ്യമൊന്നുമില്ല. എന്തൊക്കെ ന്യായീകരിച്ചാലും മലയാളിയുടെ ജീർണ്ണിച്ച മനസ്ഥിതിയിലെ ഹിപ്പോക്രസിയാണ് ഇവിടെ നടുത്തെരുവിൽ തൊലി പൊളിഞ്ഞു നിൽക്കുന്നത് എന്നുകൂടി പറഞ്ഞു നിർത്തുന്നു.

You May Also Like

ആല്‍പ്സ് പര്‍വതങ്ങളില്‍ തുടങ്ങി മഞ്ഞില്‍ മൂടിക്കിടക്കുന്ന ഹിമാലയം വരെ നീളുന്ന സിനിമ

The Eight Mountains (Italian: Le otto montagne)(2022/Italy/Italian) [Drama]{7.8/10 of 6.1K} മഞ്ഞണിഞ്ഞ ആല്‍പ്സ്…

ഈ സ്ഥലനാമങ്ങൾ നിങ്ങളെ ചിരിപ്പിച്ചു പണ്ടാരമടക്കും …

കൗതുകമുള്ള ചില സ്ഥലനാമങ്ങള്‍⭐ അറിവ് തേടുന്ന പാവം പ്രവാസി ????ഒരുപക്ഷേ ചില സഞ്ചാരികളെങ്കിലും കേട്ടിട്ടുണ്ടാകും പേരിലെ…

45 ദിവസം, ചുരുങ്ങിയ ആർട്ടിസ്റ്റുകൾ, ഒറ്റ ലൊക്കേഷൻ, ചെറിയ ബജറ്റ് – ബജറ്റിന്റെ 4 ഇരട്ടി തൂത്തുവാരിയ കിടിലൻ സർവൈവൽ ത്രില്ലെർ ചിത്രം

ഇതുവരെയും കണ്ടിട്ടില്ലാത്തവർ ഈ വ്യത്യസ്തമാർന്ന അതിജീവിത സിനിമ കാണേണ്ടതാണ്

തമിഴരുടെ ദൈവമായിരുന്ന നടി, പക്ഷെ മലയാളത്തിൽ കൈവച്ചതെല്ലാം പിഴച്ചു

Anu Pama  തമിഴിൽ ടോപ് നായിക ആയിരുന്നു എങ്കിലും കുശ്ബുവിന് മറ്റു മറുനായികമാരെ പോലെ മലയാളത്തിൽ…