ഹിപ്പോക്രസി, മാനിപ്പുലേഷൻ, ഗ്രീഡ്, ഗ്യാസ് ലൈറ്റിങ്

Vani Jayate

വ്യതിരിക്തമായ ചുറ്റുപാടുകളിൽ നിന്നും വരുന്ന ഒരു കൂട്ടം മനുഷ്യർ ചേരുന്ന ഒരു ഇടത്തിൽ അവർ തമ്മിലുള്ള ബന്ധങ്ങൾക്കിടയിൽ പ്രത്യക്ഷമാവുന്ന കറുപ്പും ചാരവും. വളരെ ചെറിയൊരു കാൻവാസിൽ, ഒരു പിടി മികവുറ്റ കലാകാരന്മാരുടെ അഭിനയ പ്രകടനവും, അളന്നു കുറിച്ചുകൊണ്ടെഴുതിയ സംഭാഷണങ്ങളും കൊണ്ട് ഉള്ളിൽ തട്ടുന്ന രീതിയിൽ പറഞ്ഞു പ്രതിഫലിപ്പിച്ചിട്ടുണ്ട് ആനന്ദ് ഏകാർഷി. അദ്ദേഹത്തിൻറെ ഉള്ളിലെ എഴുത്തുകാരൻ സംവിധായകനെക്കാൾ ഒന്നോ രണ്ടോ അംഗുലം മുന്നിട്ടു നിൽക്കുന്നുണ്ട് എന്ന് പറയാം. സിനിമയ്ക്ക് പശ്ചാത്തലമായ ആധുനിക നാടകക്കളരി സംവിധായകന് ഏറെ സുപരിചിതമായ മേഖലയാണെന്ന് പ്രേക്ഷകർക്ക് തോന്നും.

രണ്ടു വർഷങ്ങൾക്ക് മുമ്പ് പാ രഞ്ജിത്തിന്റെ നക്ഷത്രങ്ങൾ നഗരികിറത് എന്ന സിനിമയിലും നമ്മൾ കണ്ടിട്ടുള്ളത് ഇതിന് സമാനമായ പശ്ചാത്തലം ആണെങ്കിലും അതിൽ നിന്നേറെ വ്യത്യസ്തമാണ് ഇതിൽ കൈകാര്യം ചെയ്തിരിക്കുന്ന പ്രമേയം. തുടക്കത്തിലേ തന്നെ ചെറിയ ചില എക്സ്ചേഞ്ചുകളിൽ നിന്നും കഥാപാത്രങ്ങൾ തമ്മിലുള്ള സമവാക്യങ്ങൾ ഏറെക്കുറെ വ്യക്തമാവും. ഓരോരുത്തർക്കും അവരുടേതായ ചുമടുകൾ ഉണ്ടെന്ന് അധികം വിശദമാക്കാതെ തന്നെ മനസ്സിലാക്കി തരുവാൻ കഴിഞ്ഞിട്ടുണ്ട്. പ്ലമ്പറും, പെട്രോൾ ബങ്ക് ജീവനക്കാരനും, ആർക്കിടെക്ടും, ഷെഫും, റിട്ടയേർഡ് ചീഫ് എഡിറ്ററും, അദ്ധ്യാപകനും, ഡ്രൈവറും, സൂപ്പർമാർക്കെറ്റ് ജീവനക്കാരനും, ക്ഷേത്ര പൂജാരിയുമൊക്കെയായി വിവിധ തൊഴിൽ പശ്ചാത്തലവും ജീവിത സാഹചര്യങ്ങളുമായി ഒരു കൂട്ടം ആളുകൾ ആണ് അരങ്ങ് എന്ന ട്രൂപ്പിൽ ഉള്ളത്. അവിടെ നായക വേഷത്തിൽ എത്തിപ്പെടുന്ന ഹരി, പത്തു പന്ത്രണ്ട് സിനിമകളിൽ വേഷമിട്ട നടനാണ്. അയാളുടെ ഓഡിയൻസ് പുൾ കൊണ്ട് ട്രൂപ്പിന് ഗുണം ഉണ്ടായിട്ടുണ്ടെന്ന് സംഘത്തിന്റെ ഡയറക്റ്ററിൽ നിന്നും നമുക്ക് മനസിലാക്കാം. അതിന്റെ സുപ്പീരിയോരിറ്റിയും അഹന്തയും ഹരിയിലും ഉണ്ട്.

ഹരിയുടെ മേൽക്കോയ്മ മൂലം പത്തു പതിനാല് വർഷമായി ട്രൂപ്പിൽ കഷ്ടപ്പെടുന്ന വിനയ്‌ക്ക് താൻ അർഹതയുണ്ടെന്ന് കരുതുന്ന നായകവേഷം നിഷേധിക്കപ്പെടുകയാണ്. സംഘത്തിലെ ഏക പെൺകുട്ടിയാണ് അഞ്ജലി. അവളും വിവാഹമോചനത്തിലേക്ക് നീങ്ങുന്ന വിനയും തമ്മിലുള്ള അടുപ്പവും തുടക്കത്തിലേ വ്യക്തമാവും. മറ്റുള്ള കഥാപാത്രങ്ങൾക്കും അവരുടേതായ പരിമിതികളും അവസ്ഥകളും സ്പർശിച്ചു കൊണ്ട് അവർ തമ്മിലുള്ള ഡൈനാമിക്‌സിനെക്കുറിച്ച് പ്രേക്ഷകർക്ക് ഒരു ധാരണ രൂപീകരിക്കാൻ വിട്ടു കൊടുക്കുന്നുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിൽ അവർക്കിടയിൽ ഉണ്ടാവുന്ന ഒരു ഗുരുതരമായ ഒരു വിഷയം. അതിനെ അവർ കൈകാര്യം ചെയ്യുന്ന രീതിയും, അതിനോടുള്ള പ്രതികരണങ്ങളും, അതിൽ ഓരോരുത്തർക്കുമുള്ള ഉദ്ദേശ ലക്ഷ്യങ്ങളും ഒക്കെ ചേർന്നാണ് പിന്നീട് മുന്നോട്ട് നീങ്ങുന്നത്. പിന്നെ കാഴ്ചക്കാരെ ആഗിരണം ചെയ്തു പിടിച്ചിരുതുന്നത് അളന്നു കുറിച്ച സംഭാഷണങ്ങളും, ഗംഭീര പ്രകടനങ്ങളുമാണ്. എന്താണ് സത്യം എന്ന് അറിയാനുള്ള ആകാംക്ഷ ഓരോ കഥാപത്രങ്ങൾക്കൊപ്പം ഓരോ പ്രേക്ഷകർക്കും ഉള്ളിൽ സജീവമാക്കി നിർത്തുന്നിടത്താണ് സംവിധായകന്റെ വിജയം. സിനിമയുടെ മൊത്തം വ്യാകരണത്തോട് നൂറ് ശതമാനം നീതി പുലർത്തിയിട്ടുള്ള അന്ത്യം കൂടി ആവുമ്പോൾ ആട്ടം ഈ വർഷത്തെ തീയറ്റർ അനുഭവങ്ങൾക്ക് മികച്ച തുടക്കമായി മാറുകയാണ്.

കാസ്‌റ്റിംഗിന് നൂറ് മാർക്ക്. തഴക്കം വന്ന നടന്മാരായ ഷാജോണിനോടും വിനയ് ഫോർട്ടിനോടും അതെ താളത്തിൽ ചേർന്ന് നിൽക്കുകയാണ് മുൻപ് ഏതൊക്കെയോ സിനിമകളിൽ ചില ചെറിയ വേഷങ്ങളിൽ മിന്നി മറഞ്ഞു പോയിരുന്നവരും, തികച്ചും പുതിയ മുഖങ്ങളായവരും ആയ സഹതാരങ്ങൾ. ഓരോരുത്തർക്കും അരങ്ങും പശ്ചാത്തലവും സുപരിചിതമാണെന്ന് തോന്നും. എന്നാലും അഞ്ജലിയുടെ വേഷമിട്ട സറീൻ ശിഹാബ് മറ്റുള്ളവരെയെല്ലാം നിഷ്പ്രഭമാക്കാൻ പോന്ന പ്രകടനമാണ് കാഴ്‌ച വെച്ചിരിക്കുന്നത്. സുപ്രധാനമായ ആ വേഷം ഉജ്ജ്വലമാക്കിയിട്ടുണ്ട് ആ പെൺകുട്ടി. ടെക്ക്നിക്കൽ ആസ്‌പെക്റ്റുകളിലേക്ക് ശ്രദ്ധ പോവാത്ത രീതിയിലുള്ള പേസിങ് ആണ് സിനിമയ്ക്ക് ഉള്ളത്. അനാവശ്യമായ ഏച്ചുകെട്ടലുകൾ ഒന്നും കൂടാതെ തന്നെ പറഞ്ഞു പോയിട്ടുള്ളത് തിരക്കഥയുടെ മികവായി കാണാൻ കഴിയും. ഒടുവിൽ പറയുകയാണെങ്കിൽ സൂക്ഷ്മതയോടെ കാണേണ്ട ഒരു സിനിമയാണ് ആട്ടം. അതുകൊണ്ട് തന്നെ ഒരു തീയറ്റർ വ്യൂവിങ് ശുപാർശ ചെയ്യുന്നു.
ആട്ടം – തീയറ്റർ റിലീസ്

You May Also Like

മോഹൻലാൽ ഉള്ളതുകൊണ്ട് പ്രൊഡ്യൂസർ രക്ഷപെട്ട, വിതരണക്കാർ കുത്തുപാള എടുത്ത ചിത്രം

സലാം ബാപ്പു സംവിധാനം ചെയ്തു 2013 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 2013 ൽ പുറത്തിറങ്ങിയ റെഡ്…

രാജേഷ് മാധവൻ ആദ്യമായി സംവിധായകനാകുന്നു

രാജേഷ് മാധവൻ മലയാള സിനിമയിൽ ഇപ്പോൾ അവിഭാജ്യഘടകമായി തീർന്ന നടനാണ്. സ്വാഭാവിക അഭിനയചാതുര്യം കാരണം ഏറെ…

ഓസ്‌കാർ കമ്മിറ്റി നോമിനേഷൻ ലിസ്റ്റ് പുറത്തിറക്കി, ഇരവിൻ നിഴൽ, കാന്താര ഉൾപ്പെടെ 10 ഇന്ത്യൻ ചിത്രങ്ങൾ

ഇരവിൻ നിഴൽ, ആർആർആർ, കാന്താര തുടങ്ങി 10 ഇന്ത്യൻ ചിത്രങ്ങളാണ് ഓസ്‌കാർ കമ്മിറ്റി പുറത്തിറക്കിയ നോമിനേഷൻ…

നടൻ കാർത്തിയും അനു ഇമ്മാനുവലും ‘ജപ്പാൻ’ ടീമും ശനിയാഴ്ച കൊച്ചിയിൽ !

നടൻ കാർത്തിയും അനു ഇമ്മാനുവലും ‘ജപ്പാൻ’ ടീമും ശനിയാഴ്ച കൊച്ചിയിൽ ! തെന്നിന്ത്യൻ നടൻ കാർത്തിയുടെ…