Vani Jayate

മാക്കിന്റെ കൂടെക്കിട്ടിയ ആപ്പിൾ ടിവി സബ്‌സ്‌ക്രിപ്‌ഷൻ അവസാനിച്ചിട്ട് അഞ്ചാറ് മാസമായി.. ഇതുവരെ പുതുക്കാൻ ശ്രമിച്ചിരുന്നില്ല. ഇന്നലെയാണ് അത് പുതുക്കിയത്. അതിനിടയ്ക്ക് മിസ് ചെയ്തതായിട്ട് കാര്യമായിട്ടൊന്നും കണ്ടില്ല. എനിക്ക് ഇഷ്ടപ്പെട്ട ഗണത്തിലുള്ള നാലഞ്ച് സീരീസുകൾ മാത്രമാണ് ശ്രദ്ധയിൽ പെട്ടത്. അതിലാദ്യത്തെതായി കാണാൻ തുടങ്ങിയത് ബ്ലാക്ക് ബേർഡ് ആണ്.

നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള ഒരു സീരീസാണ് ബ്ലാക്ക് ബേർഡ്. ജെയിംസ് കീനിന്റെ അദ്ദേഹത്തിന്റെ തന്നെ അനുഭവത്തെ പശ്ചാത്തലമായി രചിച്ച With The Devil: A Fallen Hero, A Serial Killer, and A Dangerous Bargain for Redemption എന്ന പുസ്തകമാണ് പ്രചോദനം. ഷട്ടർ ഐലണ്ട്, മിസ്റ്റിക്ക് റിവർ തുടങ്ങിയ ഓൾ ടൈം ക്ളാസിക്കുകളുടെ സ്രഷ്ടാവായ ഡെന്നീസ് ലെഹാനെയാണ് ബ്ലാക്ക് ബേർഡ് ഒരു സീരീസാക്കി മാറ്റിയത്. റെയ് ലിയോട്ടയുടെ അവസാനത്തെ വേഷം. കൂടെ കിങ്‌സ്‌മാനിലൂടെ പ്രശസ്തനായ റ്ററോൺ എഗ്ഗർട്ടൻ അടക്കമുള്ള ഒരു പിടി മികച്ച അഭിനേതാക്കളുടെ സാന്നിധ്യം. എല്ലാം കൊണ്ടും ആകര്ഷണീയമായിരുന്നു ആറ് എപ്പിസോഡുകൾ മാത്രമുള്ള രണ്ടു രാത്രികൊണ്ട് തീർക്കാവുന്ന ഈ മിനി സീരീസിലുള്ളത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രൈം ഡ്രാമകളുടെ കാലമാണിത്. മനുഷ്യന്റെ ഭാവനകൾക്കുമതീതമായ തരത്തിലുള്ള കുറ്റകൃത്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നത് കാണുമ്പോൾ, ഇത്തരം സീരീസുകൾ പ്രേക്ഷകർക്ക് ഭയചകിതമായ ഒരു ആകർഷണീയ വലയമാണ് സമ്മാനിക്കുന്നത്.

ബ്ലാക്ക് ബേർഡിന് ലളിതമായ ഒരു കഥാതന്തുവാണ് ഉള്ളത്. മികച്ച ഒരു ഫുട്ബോൾ താരവും, എല്ലാം കൊണ്ടും സക്സസ്സ്ഫുൾ ആയ ഒരു പശ്ചാത്തലവും ഉണ്ടായിട്ടും, മയക്കുമരുന്ന് കച്ചവടത്തിലും, ആയുധ കടത്തലിലും ഒക്കെ ഇടപെട്ട് ജീവിതം പാഴാക്കി പത്ത് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെട്ട് ജയിലിലെത്തുന്ന ജെയിംസ് കീനിന്റെ തന്നെ അനുഭവങ്ങളാണ്. കുറ്റസമ്മതം നടത്തിയാൽ അഞ്ചു വർഷത്തെ ശിക്ഷ മാത്രമേ ലഭിക്കൂ എന്ന ഉപദേശം കേട്ട് ഗിൽട്ടി പ്ലീയുമായി ചെന്ന ജെയിംസിനെ അമ്പരപ്പിച്ചു കൊണ്ട് ജഡ്ജ് പത്തു വർഷത്തെ തടവ് ശിക്ഷ പ്രഖ്യാപിക്കുകയാണ്. ആ നിരാശയിൽ ജയിലിൽ കഴിയുന്ന ജെയിംസിന് മുന്നിൽ ഫെഡറൽ ഇൻവെസ്റിഗേറ്റർ, തന്റെ അറ്റോണിയുടെ കൂടെ ഒരു ഓഫർ വെയ്ക്കുന്നു. മറ്റൊരു ജെയിലിൽ തടവിൽ കിടക്കുന്ന ഒരു പ്രതിയിൽ നിന്നും അയാൾ ചെയ്ത ഒരു ക്രൈമിനെപ്പറ്റിയുള്ള കുറ്റസമ്മതം വാങ്ങിക്കാൻ കഴിഞ്ഞാൽ തന്റെ ബാക്കി ശിക്ഷാ കാലാവധി കമ്മ്യൂട്ട് ചെയ്തു നൽകാം എന്നതായിരുന്നു ആ ഓഫർ. ആദ്യം ഒരു വൈമനസ്യം തോന്നിയെങ്കിലും, ഒരു സ്‌ട്രോക്കിന് ശേഷം അവശനായ തന്റെ അച്ഛന്റെ അവസ്ഥ ഓർത്ത് ആ ഓഫർ സ്വീകരിക്കുന്നു. എന്നാൽ തന്നെ കാത്തിരിക്കുന്നത് എന്താണെന്ന് ജെയിംസിന് ഒരു ഊഹവും ഉണ്ടായിരുന്നില്ല.

ലാറി ഹാൾ എന്ന പ്രതി ഒരു പാട് സവിഷേതകളുള്ള ഒരു വ്യക്തിയാണ്. വിചിത്രമായ രീതിയിൽ ഇൻവെസ്റിഗേറ്റർമാരെ കുഴക്കുന്ന മൊഴികളും മൊഴിമാറ്റങ്ങളുമായി തന്നിൽ ആരോപിതമായ കൊലപാതകങ്ങളുടെ പരമ്പരയിൽ തെളിവുകളെ അപ്രസക്തമാക്കുകയാണ് ലാറി. അതുപോലെ തന്നെ സ്നിച്ച് (പോലീസ് ചാരൻ) എന്ന അപകടകരമായ ഒരു ദൗത്യവുമായിട്ടാണ് ജിമ്മി തടവറയിലേക്ക് എത്തുന്നത്. പാളിപ്പോയാൽ ജീവൻ വരെ പോയേക്കാവുന്ന ഒരു ദൗത്യം. ലാറി, ഫെഡറൽ ഏജന്റുമാർ കരുതുന്ന പോലെ ഒരു സീരിയൽ കില്ലറാണോ? ആണെങ്കിൽ എങ്ങിനെയാണ് ലാറിയിൽ നിന്നും അയാളെ ശിക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള കുറ്റസമ്മത മൊഴി നേടിയെടുക്കാൻ കഴിയുക? ആറ് എപ്പിസോഡുകളുള്ള ഈ മിനി സീരീസ് കൈകാര്യം ചെയ്യുന്ന വിഷയം ഇതാണ്.

ലാറി ഹാൾ ആയി വരുന്ന പോൾ വാൾട്ടർ ഹോസറിന്റെ പ്രകടനമാണ് എടുത്ത് പറയേണ്ടത്. അവ്യക്തമായി സംസാരിക്കുന്ന, ഉറക്കം തൂങ്ങിയ മട്ടിലുള്ള ശരീരഭാഷയുള്ള, ലാറിയുടെ വേഷം വലിയൊരു വെല്ലുവിളിയുള്ളതാണ്. കയ്യടക്കത്തോടെ പെർഫോം ചെയ്തില്ലെങ്കിൽ പാളിപ്പോവാവുന്ന വേഷം. ലാറിയുടെ ഇരട്ട സഹോദരനായ ഗാരിയുടെ വേഷത്തിൽ ക്വാണ്ടിക്കോയിലെ പ്രിയങ്ക ചോപ്രയുടെ നായകനായി കണ്ട ജെയ്ക്ക് മെക്‌ലോലിൻ, കേസന്വേഷകരായ ബ്രയാനും ലോറീനുമായി എത്തുന്ന ഗ്രെഗ് കിന്നെറും, സെപ്പിടാ മോവാഫിയും എല്ലാം അവരുടെ വേഷങ്ങളിൽ നന്നായിട്ടുണ്ട്.

പൊതുവെ ഒരു സ്ലോ ബർണർ ട്രീറ്റ്മെന്റ് ആണെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വിധത്തിൽ ത്രിൽ എലെമെന്റ്സും ഹ്യുമൻ ഡ്രാമയും സംയോജിപ്പിച്ചു കൊണ്ട് പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ മികച്ച ഒരു കാഴ്ച്ചാനുഭവമാണ് ബ്ലാക്ക് ബേർഡ്. എക്സ്ട്രീം വയലൻസും സെക്ഷ്വൽ കണ്ടെന്റും ഉള്ള മൂന്ന് നാല് രംഗങ്ങൾ ഫാമിലി ഓഡിയൻസിന് അനുയോജ്യം ആയിരിക്കില്ല എന്നത് കൂടി പറയുന്നു.
ബ്ലാക്ക് ബേർഡ് , ആപ്പിൾ + ടിവിയിൽ സ്ട്രീം ചെയ്യുന്നു

Leave a Reply
You May Also Like

ഡയലോഗിന്റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ വില്ലൻ, നാലുപതിറ്റാണ്ട് കാലം അഭിനയത്തിൽ നിറഞ്ഞാടിയ പ്രതിഭ

Kalagramam Book Shelf “ടാ…..സി ബി ഐ …… ഇറങ്ങി വാടാ …….എനിക്കിവിടെ മാത്രമല്ലെടാ അങ്ങ്…

വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം “സൈന്ധവ്”; ട്രെയ്‌ലർ റിലീസ് ചെയ്തു

വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം “സൈന്ധവ്”; ട്രെയ്‌ലർ റിലീസ് ചെയ്തു നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട്…

ഭാവനയെ ക്ഷണിച്ചതിനു മലയാളത്തോട് നന്ദി പറഞ്ഞു ലിസി

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്‌ഘാടന ചടങ്ങിലേക്ക് ഭാവനയെ ക്ഷണിച്ചതിൽ നന്ദി രേഖപ്പെടുത്തി അഭിനേത്രിയും സംവിധായികയുമായ ലിസി.…

പ്രായമാകുമ്പോളുള്ള ഒടിവുകൾ നിയന്ത്രിക്കാൻ സാമന്തയുടെ വർക്ഔട്ട് മന്ത്രങ്ങൾ

വർത്തമാനകാലത്തിന്റെ ജീവിത സാഹചര്യങ്ങൾ വളരെ സങ്കീർണ്ണമാണ്. ഭക്ഷണം, വ്യായാമം, വിശ്രമം എന്ന മൂന്നു ആരോഗ്യമന്ത്രങ്ങൾ എത്രപേർക്ക്…