Vani Jayate

ക്രൈം ത്രില്ലർ ഗണത്തിൽ പെട്ട ഒരു സിനിമ തന്നെയാണ് ഗരുഡൻ. എന്നാൽ ഈ ഗണത്തിൽ പെട്ട സിനിമകളിൽ ഇയ്യിടെയായി പൊതുവെ കാണാറുള്ള ഗിമ്മിക്കുകൾക്കും വയലൻസിന്റെ അതിപ്രസരങ്ങൾക്കും പോവാതെ ഒരു വളച്ചുകെട്ടലുകൾക്കും മുതിരാതെ നേരെചൊവ്വേ പറഞ്ഞു പോവുകയാണ് അരുൺ വർമ്മ. മിഥുൻ മാനുവൽ തോമസിന്റെ കയ്യിൽ മികച്ച ഒരു വിഷയം ഉണ്ടായിരുന്നു, നല്ല രീതിയിൽ എഴുതിയ പ്രധാന കഥാപത്രങ്ങളും ഉണ്ട്. അതിനെ അതിഗംഭീരമായി അഭ്രഭാഷയിൽ പകർത്താൻ കഴിയുന്ന പ്രകടനങ്ങളുമുണ്ട്. ബാക്കിയുള്ള എല്ലാ ചേരുവകളും ചേർന്ന് പോവുന്ന തികച്ചും എൻഗേജിങ് ആയ കാഴ്ച്ചാനുഭവമാണ് ഗരുഡൻ. കഥ പറയുന്ന രീതിയിൽ ഒരു പുതുമ കൊണ്ടു വരാൻ ആത്മാർത്ഥമായ ശ്രമം നടത്തിയിട്ടുണ്ട്.

(ചില സ്‌പോയ്‌ലറുകൾ തുടർന്ന് വായിക്കുമ്പോൾ ഉണ്ടാവും. സിനിമ കാണാത്തവർ മനസ്സിൽ വെയ്ക്കുക)

തെരേസ എന്ന വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രൊഫസർ നിശാന്തിനെ എസ്പി ഹരീഷ് മാധവ് തന്റെ അന്വേഷണത്തിന് ഒടുവിൽ അറസ്റ്റ് ചെയ്യുന്നു. കേസിലെ തെളിവുകൾ എല്ലാം നിഷാന്തിന് എതിരായതിനാൽ കോടതി അയാളെ ജീവപര്യന്തം തടവിന് വിധിക്കുന്നു. ഏഴ് വർഷക്കാലം ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങുന്ന നിശാന്തിനെ അയാളുടെ കുടുംബവും സമൂഹവും സ്വീകരിക്കാൻ തയ്യാറായില്ല. അതുകൊണ്ട് തന്നെ കേസ് വീണ്ടും പുനർവിചാരണ നടത്താൻ ഹൈക്കോടതിയിൽ നിഷാന്ത് ഹർജി നൽകുന്നു. ആ പുനരന്വേഷണം വിരമിക്കാനൊരുങ്ങുന്ന ഹരീഷ് മാധവിന് ഏതൊക്കെ വെല്ലുവിളികളാണ് ഉണർത്തുന്നത്. അതിലൂടെ പുറത്തു വരുന്ന വെളിപ്പെടുത്തലും സത്യങ്ങളും എന്തൊക്കെയാണ്.. ഇതാണ് ഗരുഡന്റെ പ്രമേയം.

ഈയടുത്ത കാലത്ത് ഇറങ്ങിയ ത്രില്ലറുകളിൽ നിന്നൊക്കെ വഴിമാറിപ്പോവുന്ന പുതുമയുള്ള ഒരു പരിസരത്തിലൂടെയാണ് പ്രേക്ഷകരെ കൊണ്ട് പോവുന്നത്.ഒരു കേസന്വേഷണം രണ്ടു വ്യക്തികൾ തമ്മിലുള്ള സംഘർഷത്തിന്റെ വിവിധ തലങ്ങളിലേക്ക് കടക്കുമ്പോൾ അത് പിരിമുറുക്കമുള്ള ഒരു കാഴ്ച്ചാനുഭവം സൃഷ്ടിക്കുകയാണ്. സുരേഷ് ഗോപിയുടെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിൽ വേഷങ്ങളിൽ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന വേഷമാണ് ഹരീഷ് മാധവിന്റേത്. സ്‌ക്രീൻ പ്രെസൻസ് കൊണ്ടും, വൈകാരിക തീവ്രത കൊണ്ടും അദ്ദേഹത്തിന്റേത് മാത്രമായ അതിശക്തമായ ഒരു മാനം ആ വേഷത്തിന് നൽകിയിട്ടുണ്ട്.

ബിജു മേനോന്റത് അതിനോട് ചേർന്ന് നിൽക്കുന്ന പവർഫുൾ ആയ വേഷപ്പകർച്ച ആണ്. പലപ്പോഴും മെലോഡ്രാമയിലേക്ക് വഴുതി വീഴാൻ പോവുകയാണെന്ന് കരുതുന്ന സമയങ്ങളിൽ ട്രാക്ക് മാറ്റി പ്രേക്ഷകരെ എൻഗേജ് ചെയ്‌തിരുത്തുന്നത് മികച്ച തിരക്കഥയുടെ ക്രാഫ്റ്റ് ആണ്. രണ്ടു കാലഘട്ടങ്ങളിലായി ഒരു കേസിനെ കൈകാര്യം ചെയ്യുന്ന കോടതി രംഗങ്ങൾ ഓടിച്ചു ചെയ്തത് പോലെ തോന്നി. അതെ സമയം രണ്ടാം പകുതിയിൽ എത്തുമ്പോൾ ഡ്രിഫ്റ്റ് ചെയ്യുകയാണോ എന്ന രീതിയിൽ സംശയം ജനിപ്പിച്ചിട്ട് പൊടുന്നനെ ഓരോ ലൂസ് എൻഡ്‌സും കൃത്യമായി പ്ലെയ്‌സ് ചെയ്യുന്ന രീതിയിലുള്ള ക്ളൈമാക്സിൽ അവസാനിക്കുന്നു. തന്റെ ആദ്യ സിനിമയുടെ യാതൊരു തരത്തിലുള്ള പരിചയക്കുറവും അരുൺ വർമ്മയ്ക്കുള്ളതായി തോന്നിപ്പിച്ചിട്ടില്ല.

അവസാനമായി ഒന്ന് രണ്ടു കാര്യങ്ങൾ. മലയാള സിനിമയിലെ അവിഭാജ്യ ഘടകമായ മദ്യപാന രംഗങ്ങൾ കൊണ്ട് സമൃദ്ധമാണ് ഗരുഡനും. പക്ഷെ ഈ ചിത്രത്തിൽ ഉടനീളം കാണിക്കുന്ന മദ്യപാന രംഗങ്ങൾ ഒന്നുപോലും മദ്യത്തെ ആസ്വദിക്കുന്ന ആഘോഷിക്കുന്ന രംഗങ്ങൾ ആവാതിരിക്കാൻ ശ്രദ്ധ കൊടുത്തിട്ടുണ്ട്. അതൊരു നല്ല കാര്യമാണ്. ഒടുവിൽ വയലൻസ് കാണിക്കാൻ ഒരു പാട് സാധ്യതകൾ ഉണ്ടായിട്ടും പരമാവധി അതൊഴിവാക്കാൻ നടത്തിയ ഒരു വകതിരുവും ശ്രദ്ധേയമായ ഒരു കാര്യമായി തോന്നി.

You May Also Like

സുരേഷ്‌ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് സിനിമയിലേക്ക്, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി

സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ കുടുംബത്തിൽ നിന്നും ഒരാൾ കൂടി സിനിമയിലേക്ക്. ഇളയ മകന്‍ മാധവ്…

സിൽക്ക് സ്മിതയുടെ ഗ്ലാമർ ഹാസ്യാത്മകമായി ചിത്രീകരിച്ച ഈ സിനിമ ഇന്നും റിപ്പീറ്റ് വാല്ല്യു ഉള്ള ഒന്നാണ്

Moidu Pilakkandy സിൽക്ക് സ്മിതയെ ഏറ്റവും സുന്ദരിയായി സ്ക്രീനിൽ കണ്ടത് 1996 ൽ കലാഭവൻ അൻസാർ…

ഇത് റോക്കിയുടെ കഥ, സോറി കെജിഎഫ് അല്ല.. മറ്റൊരു റോക്കിയുടെ കഥ

Rocky 2021/tamil പേര് കേൾക്കുമ്പോൾ ആരും ഒന്ന് ശ്രദ്ധിച്ചു പോകും, റോക്കി ഭായി അത്രക്ക് അങ്ങ്…

220 കിലോയിൽ നിന്ന് 65 കിലോയിലേക്ക്, തിരിച്ചറിയാനാകാത്ത അദ്‌നാൻ സമി

ഗയാനകനായ അദ്‌നാൻ സമിയെ കുറിച്ച് ചിന്തിച്ചാൽ തന്നെ നമുക്ക് ഓർമ്മവരുന്നത് അദ്ദേഹത്തിന്റെ അമിതമായ ആ ഭാരമാണ്.…