ആ പള്ളിയിൽവെച്ചാണ് ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് നിർമ്മിച്ചു വിക്ഷേപണം നടത്തിയത്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗം ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ

109

Varghese AC

ഒരു ദേവാലയം ശാസ്ത്ര പരീക്ഷണശാലക്കുവേണ്ടി മണി മുഴക്കിയ അപൂർവ്വ മുഹൂർത്തത്തിന്റെ സ്മരണകളാണ് ഈ കുറിപ്പിൽ.

മലയാളിയുടെ പ്രിയപ്പെട്ട ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിയും , ഡോക്ടർ ഭാഭയും . 1962ഇൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനും പരീക്ഷണശാലക്കും വേണ്ടി സ്ഥലം അന്വേഷിച്ചു നടക്കുന്ന കാലം. കേരളത്തിൽ പ്രൊഫസർ ചിറ്റ്‌നിസും , പ്രൊഫസർ പി ആർ പിഷാരടിയും ഇതിനുവേണ്ടി പല സ്ഥലങ്ങളും കണ്ടു. തിരുവനന്തപുരം ജില്ലയിലെ തുമ്പ. ആളില്ലാതുറ ,പെരുമാതുറ, കൊല്ലം ജില്ലയിലെ പറവൂര്, കരുനാഗപ്പള്ളിക്കടുത്തു വെള്ളനാതുരുത്ത്, തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ എഴുകോൺ മുതലായവയാണ് അവർ കണ്ടെത്തിയത് . എന്നാൽ ആ രേഖയ്ക്ക് അര ഡിഗ്രി തെക്കുള്ള തുമ്പ യാണ് ഉചിതമായി വിക്രം സാരാഭായിക്ക് തോന്നിയത് .

കാന്തിക ഭൂമധ്യരേഖയ്ക്കു അടുത്തുള്ള സ്ഥലം ആയിരിക്കണം ഇത്. പക്ഷേ ഈ സ്ഥലം ഒരു പള്ളിയുടെ ഇടമായിരുന്നു . വിശുദ്ധ മേരി മാഗ്‌നലിനിന്റെ നാമത്തിൽ ഉള്ള പള്ളിയായിരുന്നു അത്. പള്ളിയുടെ പരിസരങ്ങളിൽ നൂറോളം കുടുംബങ്ങളും ഉണ്ടായിരുന്നു. പള്ളിയോടു ചേർന്ന് ആയിരുന്നു ബിഷപ് ഹൗസ്. റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് കടലിനു പരിസരത്തുള്ള 600 ഏക്കർ സ്ഥലമായിരുന്നു വേണ്ടിയിരുന്നത്.ശ്രീ ആർ ശങ്കർ ആയിരുന്നു അന്ന് മുഖ്യമന്ത്രി .ശ്രീ പി ടി ചാക്കോ റവന്യൂ മന്ത്രിയും . ഇവർ രണ്ടു പേരുടെയും കൂടിയുള്ള ഇടപെടലിൽ ജനങ്ങൾ അവിടെനിന്ന് ഒഴിഞ്ഞു തരാം എന്ന് സമ്മതിച്ചു . പക്ഷേ പള്ളിയും അരമനയും വിട്ടുകൊടുക്കുവാൻ ബിഷപ്പ് ആദ്യം വിസമ്മതിച്ചു .പീറ്റർ ബർണാഡ് പെരേര ആയിരുന്നു ബിഷപ്പ്. റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ സുരക്ഷിതമായ പ്രവർത്തനത്തിന് ജനങ്ങളെ പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു.

രാഷ്ട്രീയ പ്രവർത്തകരുടെയും ഉദ്യോഗസ്ഥന്മാരുടെയും അനുമതിയോടെ വിക്രം സാരാഭായി ബിഷപ്പിനെ നേരിട്ട് പോയി വിവരങ്ങൾ ധരിപ്പിച്ചു .അപ്പോൾ അദ്ദേഹത്തിന് അതിന്റെ ഗൗരവം മനസ്സിലായി . അന്ന് ഒരു ഞായറാഴ്ചയായിരുന്നു. പള്ളിയിൽ കുർബാന നടക്കുന്നതിനിടയിൽ ബിഷപ്പ് ഇടവക അംഗങ്ങളോട് പറഞ്ഞു:- എന്റെ അടുത്ത് വന്നിരിക്കുന്നത് പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനാണ്. നമ്മുടെ പള്ളിയും ഞാൻ താമസിക്കുന്ന അരമനയും ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനു വേണ്ടി ഉപയോഗിക്കുവാൻ ഇദ്ദേഹം ആവശ്യപ്പെടുന്നു. മക്കളെ, മനുഷ്യ ജന്മത്തെ സമ്പുഷ്ടമാക്കുന്ന സത്യത്തെയാണ് ശാസ്ത്രം തേടുന്നത്. മതത്തിന്റെ ഉന്നത തലമാണ് ആത്മീയത. എന്നെപ്പോലെ ഉള്ളവർ സർവശക്തന്റെ സഹായം തേടുന്നത് മനുഷ്യമനസ്സുകളെ സമാധാന പ്പെടുത്തുവാനാണ് . ചുരുക്കത്തിൽ വിക്രമും ഞാനും ചെയ്യുന്നത് ഒരേ കാര്യമാണ്. പള്ളിയും വാസസ്ഥലവും വേറെ പണിത് തരാമെന്ന് വിക്രം എനിക്ക് വാക്ക് തന്നിരിക്കുന്നു. എല്ലാവരുംഒന്നിച്ച് ആമീൻ പറഞ്ഞു. അങ്ങനെ ഇടവക അംഗങ്ങളുടെ സമ്മതത്തോടെ 400 വർഷം പഴക്കമുള്ള മേരി മഗ്ദലന പള്ളി ഐഎസ്ആർഒ യുടെ പരീക്ഷണശാലയായി. അരമന ഓഫീസുമായി.

ഇപ്പോൾ ആ പള്ളി സ്പേസ് സയൻസ് മ്യൂസിയം ആയി സംരക്ഷിച്ചിരുന്നു.ആ പള്ളിയിൽവെച്ചാണ് ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് നിർമ്മിച്ചു വിക്ഷേപണം നടത്തിയത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗം ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ . അന്ന് അവിടെ ഉണ്ടായിരുന്ന യുവ ശാസ്ത്രജ്ഞനാണ് ആദരണീയനായ എ പി ജെ അബ്ദുൽ കലാം. തിരുവനന്തപുരത്തെ ഒരു സാധാരണ ലോഡ്ജിൽ സാധാരണക്കാരനായി ജീവിച്ച ആ മനുഷ്യൻ പിന്നീട് ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായതിനും നാം സാക്ഷികളായി .