കൊറോണ ബാധിച്ചുള്ള മരണത്തേക്കാൾ കൂടുതൽ പട്ടിണി മരണമാകാം നമ്മൾ അഭിമുഖീകരിക്കാൻ പോകുന്നത്

90

കൊറോണ ബാധിച്ചുള്ള മരണത്തേക്കാൾ കൂടുതൽ പട്ടിണി മരണമാകാം നമ്മൾ അഭിമുഖീകരിക്കാൻ പോകുന്നത് ! എല്ലാത്തട്ടിലുമുള്ള ജനങ്ങളെ കാണാത്ത പ്രഖ്യാപനങ്ങൾ മറ്റൊരു രാഷ്ട്രീയ അടിയന്തിരാവസ്ഥയിലേയ്ക്കുള്ള പരുവപ്പെടുത്തലിന്റെ മുന്നോടി കൂടിയാണ് .

Varghese Antony writers

21 ദിവസത്തെ ലോക്ക് ഡൗൺ എന്നത് കൊറോണക്കെതിരായ പോരാട്ടത്തിൽ അനിവാര്യം തന്നെ.
പക്ഷേ അത്രയും ദിവസം ഈ രാജ്യത്തെ പട്ടിണിപ്പാവങ്ങളായ മനുഷ്യരെങ്ങിനെ ഭക്ഷണം കഴിക്കും എന്നതിന് ആരാണ് മറുപടി പറയുക? അത്ര ദിവസത്തേക്കുള്ള നീക്കിയിരിപ്പ് അന്നന്നത്തെ അപ്പത്തിന് വേണ്ടി കൂലിവേല ചെയ്ത് ജീവിക്കുന്ന ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന പാവങ്ങൾക്കുണ്ടെന്നാണോ രാജ്യം ഭരിക്കുന്നവർ വിചാരിക്കുന്നത്? നിങ്ങളുടെ കയ്യിൽ തന്നെയുണ്ടല്ലോ കണക്കുകൾ. ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കെല്ലാം അതുണ്ടാക്കാൻ വേണ്ടി കൊണ്ടുവന്ന പ്രധാനമന്ത്രി ജൻധൻ പദ്ധതിയുടെ ഭാഗമായി ഏകദേശം 34 കോടി ആളുകൾക്ക് ഇതേ പ്രധാനമന്ത്രി അക്കൗണ്ട് തുറന്ന് കൊടുത്തിട്ടുണ്ടല്ലൊ. ആ അക്കൗണ്ടുകളിലേക്ക് നോക്കൂ സർ. അവരുടെ ബാങ്ക് ബാലൻസ് ഒരു മൗസ് ക്ലിക്കിൽ അറിയാമല്ലൊ. അവരെങ്ങനെ 21 ദിവസം പുറത്തിറങ്ങാതെ, ജോലിക്ക് പോകാതെ ഭക്ഷണം കഴിക്കും എന്നതിനേക്കുറിച്ച് നിങ്ങളെന്താണ് ഒന്നും പറയാതിരുന്നത്? പ്രധാനമന്ത്രി പ്രഖ്യാപിച്ച 15000 കോടിയുടെ ആരോഗ്യ മേഖലയിലെ പാക്കേജ് ഒഴിവാക്കാനാകാത്തതാണ്. അത് രോഗപ്രതിരോധത്തിനായുള്ള പരിശ്രമങ്ങൾക്ക് സഹായകവുമാണ്. അമേരിക്കയിൽ മുതിർന്ന ഓരോ പൗരന്റേയും അക്കൗണ്ടിലേക്ക് കുറഞ്ഞത് ആയിരം ഡോളർ(ഏകദേശം 75000 രൂപ) എങ്കിലും ഈ പ്രതിസന്ധിയിൽ നിന്നും കരകയറാനായി നിക്ഷേപിക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ ഈ തുക പോരാ എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അത്രയൊന്നും നമുക്ക് സാധിക്കില്ലല്ലൊ. തമിഴ്‌നാട് സർക്കാർ 1000 രൂപ പ്രഖ്യാപിട്ടുണ്ട്. കേരളം എപിഎൽ ബിപിൽ വ്യത്യാസമില്ലാതെ ഒരു മാസത്തെ റേഷൻ അനുവദിച്ചും കഴിഞ്ഞു. രാജ്യത്തെ ബി.ബി.എൽ കാർഡുടമകൾക്കെങ്കിലും 21 ദിവസത്തേക്കുള്ള റേഷൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിക്കാൻ നിങ്ങൾക്കായില്ലല്ലൊ സർ! (കേരളത്തിനെ ഒഴിവാക്കാമല്ലൊ- അവർ പ്രഖ്യാപിച്ചു കഴിഞ്ഞല്ലൊ) മഹാനഗരങ്ങളിൽ തെരുവുകളിൽ അന്തിയുറങ്ങുന്ന, ജൻധനിലോ റേഷൻ പദ്ധതിയിലോ ഭാഗമല്ലാത്ത, കോടിക്കണക്കിന് ഇന്ത്യക്കാർ കണക്കുകൾക്കപ്പുറമാണെന്ന് നമ്മളോർക്കണം. യാചകർ, ചേരികളിലും മറ്റും ജീവിക്കുന്നവർ, ചെരുപ്പ് കുത്തികളേപ്പോലെ തെരുവിൽ വിവിധങ്ങളായ കൈത്തൊഴിൽ ചെയ്യുന്നവർ, ലൈംഗികത്തൊഴിലാളികൾ, ആക്രി സാധനങ്ങൾ പെറുക്കി വിൽക്കുന്നവർ, തെരുവ് കച്ചവടക്കാർ എന്നിങ്ങനെ കോടിക്കണക്കിന് മനുഷ്യരെങ്ങിനെയാകും ഈ ദിനങ്ങളെ അതിജീവിക്കുക?  രോഗങ്ങളല്ല, പട്ടിണിയാണ് ലോകത്ത് ഏറ്റവുമധികം മനുഷ്യരെ കൊന്നിട്ടുള്ളത് എന്ന ചരിത്രം നമുക്ക് മറക്കാതിരിക്കാം.