നെഗറ്റീവ് കാരക്ടർ എങ്കിലും ഡേവിഡ് ലിബറൽ ആണ്, എന്നാൽ അലി അങ്ങനെയല്ല

0
239

വർക്കല വിഷ്ണു

ഫഹദ് ഫാസിൽ നായകനായി ഓൺലൈനിൽ റിലീസായ #മാലിക്ക് കണ്ടു.സിനിമയും ചരിത്രവുമായ കണക്ഷനെ കുറച്ചു ഈ പോസ്റ്റിൽ ഒന്നും പറയുന്നില്ല. എന്നാൽ ഇതിലെ രണ്ടു കഥാപാത്രങ്ങളെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. നായകവേഷം ചെയ്ത അലി ഇക്കയും നെഗറ്റീവ് ഷെയ്ഡ് ഉള്ള ഡേവിഡും.
രണ്ടുപേരും സ്കൂൾ കാലം മുതലേ സുഹൃത്തുക്കൾ, അലിക്ക് കടൽ പരിചയ പെടുത്തി കൊടുക്കുന്നതു പോലും ഡേവിഡ്. കൗമാരകാലം മുതലേയുള്ള ക്രൈം പാർട്ണർ. ഡേവിഡ്ന്റെ വീട്ടിൽ ഡേവിഡ്നോളം തന്നെ അലി ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്കു സ്വാതന്ത്ര്യം. ഡേവിഡ് അലിയുമായി പ്രശ്നം ഉണ്ടാകുന്നതിന്റെ മുഖ്യകാരണം മതമാണ്. പള്ളിയുടെ സ്‌ഥലത്തു പണിയുന്ന സ്കൂളിന് മുസ്ലിം പേരിടണമെന്ന അബൂബക്കറിന്റെ പ്രസ്താവന മുതലാണ് ഡേവിഡിന്റെ മുഖം മാറി തുടങ്ങുന്നത്. എന്നാൽ ആ പേര് സുഹൃത്തായ അലിയുടെ അച്ഛന്റെ ആണെന്നത് അയാളെ ഒന്ന് തണുപ്പിച്ചു എന്ന് വേണം കരുതാൻ.

സൗഹൃദത്തിലും ജീവിതത്തിലും മതം കൊണ്ട് വരാത്ത വ്യക്തിയായിരുന്നു ഡേവിഡ്. അതുകൊണ്ട് തന്നെയാണ് സർക്കാർ ജോലിക്കാരനുമായി ഉറപ്പിച്ച വിവാഹത്തിൽ നിന്നും പിന്തിരിഞ്ഞു അന്യ മതസ്‌ഥനായ തന്റെ സുഹൃത്തിനു തന്നെ പെങ്ങളെ കെട്ടിച്ചു കൊടുത്തത്. പള്ളിയുടെയും പട്ടക്കാരുടെയും സ്വന്തം അമ്മയുടെയും അച്ഛന്റെയും എതിർപ്പ് വരെ സമ്പാദിച്ചു അയാൾ അത് ചെയ്തു.കൊലപാതക കേസിൽ അലിയെ പോലീസ് അന്വേഷിക്കുന്ന സമയത്തു തന്നെ അയാൾ അത് നടത്താനും മുൻകൈ എടുത്തു.

എന്നാൽ ഭാവി അളിയനും പെങ്ങളുമായി ലക്ഷദീപ്ൽ എത്തിയ ഡേവിഡ് അവിടെ കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. കൊന്തയും ധരിച്ചു അകത്തോട്ടു കേറി പോയ പെങ്ങൾ തട്ടവും ധരിച്ചു ഇറങ്ങി വരുന്നതാണ് അയാൾ കാണുന്നത്. അവിടെയും ഡേവിഡിന്റെ മുഖം മങ്ങുന്നത് ശ്രദ്ധിക്കാൻ കഴിയും.
തുടർന്നു തുറയിലെ പെണ്ണുങ്ങൾ പോലീസ് കുട്ടികളെ പ്രസവിക്കും എന്ന അവസ്‌ഥയിൽ അലിയോട് കീഴടങ്ങാൻ ഡേവിഡ് ആവശ്യപ്പെടുന്നു. മതം എന്ന ഒരു ചിന്ത ഒഴിവാക്കിയാൽ നല്ലൊരു സുഹൃത്തായ അലി അത് അനുസരിക്കുകയും ചെയ്യുന്നു.

അലി ജയിലിൽ കിടക്കുന്ന വേളയിലാണ് ഡേവിഡ് ന്റെ പെങ്ങൾ പ്രസവിക്കുന്നത്. ഹോസ്പിറ്റൽ രേഖയിൽ തന്നെ ആന്റണി എന്ന് കുഞ്ഞിന്റെ പേര് പറയുമ്പോഴും റോസ്‌ലിൻ ഒന്നും പറയുന്നില്ല. തുടർന്ന് മാമോദീസ ചടങ്ങ് നടക്കുന്നു. മാമോദീസ ചടങ്ങ് കഴിഞ്ഞു തന്റെ മരുമോനോടൊപ്പം വരുന്ന ഡേവിഡ്ന്റെ മുന്നിലാണ്,വർഗീയതയുടെ ആളി കത്തുന്ന രൂപവുമായി അലി വരുന്നത്. അതോടെ ആന്റിണി അമീർ ആകുന്നു. ഡേവിഡ് അലി ബന്ധം അവിടെ തീരുന്നു.

പിന്നെ പോലീസ് പറഞ്ഞത് അനുസരിച്ചു തുറയിൽ ചെറിയ ഒരു സംഘർഷത്തിന് ശ്രമിച്ച ഡേവിഡ് ഒരിക്കലും അറിയുന്നില്ല ആ സംഘർഷം ഒരു വെടി വയ്പ്പിൽ കലാശിക്കുമെന്നോ അത് തന്റെ അച്ഛന്റെയും അനന്തരവന്റെയും ജീവൻ എടുക്കുമെന്നോ.ഇനി നമുക്ക് അലിയിലേക്ക് വരാം. റോസ്‌ലിനെ ഇസ്ലാം ആക്കാൻ നിർബന്ധിക്കാത്തത് തന്റെ ഒരു ഔദാര്യം പോലെ കാണുന്നയാൾ, ആദ്യ രാത്രിയിൽ തന്നെ തന്റെ മക്കളെ ഇസ്ലാം ആക്കണമെന്ന് വാശി പിടിക്കുന്ന ആൾ. പള്ളിയിൽ മാമോദീസ കഴിഞ്ഞ ഉടനെ തന്നെ കുഞ്ഞിനെ തട്ടി പറിച് പോകുന്ന ആൾ,തന്റെ സാമ്പാദ്യം തന്റെ സമുദായത്തിന് വേണ്ടി ചിലവഴിക്കുന്ന ആൾ, തന്റെ സമുദായത്തിന്റ കോമ്പൗണ്ട് വൃത്തിയാക്കാൻ ശ്രമിക്കുന്ന ആൾ.5 നേരം നിസ്കാരം മുടക്കാത്ത,ഒരുപാട് റിസ്ക് എടുത്തും ഹജ്ജിനു പോകാൻ തയ്യാറെടുക്കുന്ന ആൾ. പോലീസിനെയും ഗവണ്മെന്റ്നെയും തടയാൻ മതവികാരം ഉണർത്തി വിടുന്നയാൾ. എന്തിനും ഏതിനും അവസാന വാക്കായി പള്ളിയിലെ ഇമാമിനെ കാണുന്നയാൾ.

അതേ സമയം ഡേവിഡ് ആകെ പാടെ പള്ളിയിൽ കേറിയത് മരുമോന്റെ മാമോദീസയ്ക്ക് വേണ്ടു മാത്രം. ഡേവിഡ് പള്ളീലച്ചന്റെ വാക്കുകൾക്ക് കാത്തു നിൽക്കുന്നില്ല.ഈ രണ്ടു വ്യക്തികളിൽ സൗഹൃദത്തിനും മനുഷ്യത്തിലും ധീരതയിലും ഒന്നാമൻ അലി തന്നെയാണ്. എന്നാൽ ഡേവിഡ് നെ പോലെ ലിബറൽ ആയിരുന്നു അയാളെങ്കിൽ എത്ര നന്നായിരുന്നു. മനുഷ്യൻ എത്ര നന്നായാലും മതത്തിന്റെ സ്വാധീനം ഒരു പരിധിക്ക് അപ്പുറമാണെങ്കിൽ വളരെ വലിയ അപകടത്തിനു അത് വഴി വയ്ക്കും എന്നതാണ് ഞാൻ ഈ സിനിമയിൽ നിന്നും മനസിലാക്കിയ സന്ദേശം.അതോടൊപ്പം മതത്തെയും സൗഹൃദങ്ങളെയും രാഷ്ട്രീയത്തെയും അവസരം പോലെ ഉപയോഗിക്കുന്ന അബൂബക്കർനെ പോലെ ഉള്ളവരോട് അകലം പാലിക്കാനും സിനിമ പഠിപ്പിക്കുന്നു.തലസ്‌ഥാനത്തു തന്നെ പോലീസിന് പോലും കയറാൻ പറ്റാത്ത സ്‌ഥലങ്ങൾ ഉണ്ടെന്നതും ന്യൂന പക്ഷ മത മേധാവികളുടെ സാമാന്തര ഭരണമുണ്ടെന്നതും ഒരു പൗരൻ എന്ന നിലയിൽ എന്നിൽ ഉത്കണ്ട ഉളവാക്കാനും ഈ സിനിമയ്ക്ക് സാധിച്ചു