ക്ലോസറ്റിൻ്റെ സ്ഥാനം-വാസ്തുനോക്കി പൈസ കളയണ്ട, അത് ആസനത്തിന് താഴെയായിരിക്കുന്നതാണ് വൃത്തി, അത്രേയുള്ളൂ..!

94

Ajith Ks

വാസ്തുവിശ്വാസങ്ങളും വീട്ടിലെ ക്ലോസറ്റിൻ്റെ സ്ഥാനവും

പ്രധാനമായും രണ്ട് സാഹചര്യങ്ങളുണ്ട്..

1.അന്ധവിശ്വാസിയായ ആർക്കിട്ടെക്റ്റ്.. (അന്ധവിശ്വാസികളായ അദ്ധ്യാപകർ, ഡോക്ടർമാർ, ന്യായാധിപൻമാർ എന്തിനേറെ ശാസ്ത്രജ്ഞൻമാർ വരെയുള്ള നാട്ടിൽ ഇതിൽ അൽഭുതത്തിന് വകയില്ല) അവരാണ് പഠിച്ച സയൻസിൽ നിർബന്ധം പിടിച്ച് വെള്ളം ചേർത്ത് കന്നിമൂല, കിഴക്കോട്ട് ദർശനം, വാസ്തുപുരുഷൻ്റെ പ്രീതി etc.. എന്നൊക്കെപ്പറഞ്ഞ് സ്വതവേ അന്ധവിശ്വാസികളോ, അരവിശ്വാസികളോ ആയ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത്.

  1. ആർക്കിട്ടെക്റ്റിന് ഇതൊക്കെ ഉടായിപ്പാണെന്നറിയാം.. പക്ഷെ വാസ്തു പരിഗണിക്കാതെ മുന്നോട്ട് പോയാൽ പണി കിട്ടില്ല കാരണം സമൂഹത്തിലെ ബഹു ഭൂരിപക്ഷവും വാസ്തുവിശ്വാസികളോ അരവിശ്വാസികളോ ആണ്. അപ്പൊ ആർക്കിട്ടെക്റ്റ് ഒഴുക്കിനൊപ്പം നീന്തും ഉപഭോക്താക്കളെ അതൂടെ ചേർത്ത് പിഴിയും. അതും ലാഭമായിക്കരുതും..

രണ്ടാമത്തെ വിഭാഗമാണ് കൂടുതലെന്ന് തോന്നുന്നു. ഇത്തരം കാര്യങ്ങൾ സംസാരിച്ചിട്ടുള്ള ഏതാണ്ടെല്ലാ ആർക്കിട്ടെക്റ്റുകളും കോൺട്രാക്ടർമാരും കള്ളച്ചിരിയോടെ ഇതംഗീകരിച്ചിട്ടുണ്ട്.. അവരിൽ പലരും മുൻപ് വിശ്വാസികളായിരുന്നു താനും.. ധാരാളം വീടുകൾ നിർമ്മിച്ച.. അവിടെ ജീവിക്കുന്നവരുടെ പിന്നീടുള്ള ജീവിതം കണ്ട അനുഭവത്തിലാണ് പലർക്കും വെളിവ് വന്നത്.. (അല്ലാതെ വാസ്തുവിശ്വാസങ്ങളുടെ അശാസ്ത്രീയതകൾ മനസിലാക്കിയിട്ടൊന്നുമല്ല..! )

ഇത്തരക്കാർ വിശ്വാസികളായവരുടെ വീടിൻ്റെ പ്ലാനിൽ വെള്ളം (വാസ്തു അന്ധവിശ്വാസങ്ങൾ )ചേർത്ത് വീടിൻ്റെ ദിശയും മറ്റ് സൗകര്യങ്ങളുമൊക്കെ കുളമാക്കും.. അവരെ പ്രീതിപ്പെടുത്തും.. അതീൻ്റെ ഫീസും ഈടാക്കും..വാസ്തുപരിഗണിക്കേണ്ടതില്ല എന്ന് ആദ്യമേ സൂചിപ്പിക്കുന്നവർക്ക് മര്യാദക്ക് വീടും വച്ചു കൊടുക്കും..സാമ്പത്തിക സ്വാതന്ത്ര്യവും മറ്റ് സൗകര്യങ്ങളുമുള്ള വിശ്വാസി വാസ്തു പുരുഷൻ്റെ അനുഗ്രഹമാണെന്ന് കരുതി ആനന്ദമായി ജീവിക്കും..

അല്ലാത്ത വിശ്വാസി കടവും മറ്റ് ബുദ്ധിമുട്ടുകളും സഹിച്ച് സ്വന്തം വിധിയാണെന്ന് കരുതി തുടർന്നും നരകിക്കും..ഇതൊക്കെ അശാസ്ത്രീയവും അന്ധവിശ്വാസങ്ങളുമാണെന്ന് ബോധമുള്ളവൻ ഒന്നാമത്തെ വിഭാഗം ആർക്കിട്ടെക്റ്റിനെ ഒഴിവാക്കും.. അത്രയും പൈസ ലാഭം, മറ്റ് സൗകര്യങ്ങളും സാഹചര്യങ്ങളും മാത്രം പരിഗണിച്ച് മുന്നോട്ട് പോകും..ഇനി ക്ലോസറ്റിൻ്റെ സ്ഥാനം..അത് ആസനത്തിന് താഴെയായിരിക്കുന്നതാണ് വൃത്തി.. അത്രേയുള്ളൂ..!