ദലിതരുടെ രൂപം തന്നെ അയാളെ കുറ്റവാളിയാക്കുന്നത് സിനിമകളും കൊണ്ടാടുന്നു

0
51

ഷോകെയ്സിലോ വീട്ടുചുമരിലോ അയ്യൻകാളിയുടേയും അംബേദ്കറുടേയും ചില്ലിട്ട ചിത്രവും , കറുത്തവർ പാടുന്നൊരു നാടൻ പാട്ടിന്റെ സീനുമുണ്ടായാൽ ദലിത്പക്ഷ ചിത്രമായി എന്നു കരുതുന്നവരുടേതല്ലാ വർത്തമാനകാല ദലിത് ധൈഷണികലോകം എന്ന ബോധ്യമെങ്കിലും സിനിമാക്കാർ ഇനി ഉൾക്കൊള്ളേണ്ടിയിരിക്കുന്നു

Vasu Ak
.
പുലപ്പേടി , പറപ്പേടി , മണ്ണാപ്പേടി എന്നിവ ദലിത് ഗോത്രങ്ങളെ ചൂഴ്ന്നുള്ള സവർണ്ണ ഭയങ്ങളുടെ കേരള ചരിത്രമാണ് . തങ്ങളാൽ മുഴുവൻ മനുഷ്യാവകാശങ്ങളും നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടൊരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പ് സംബന്ധിച്ച ഭയാകുലതകൾ സവർണ്ണതക്കുണ്ടാകാമെന്നതും സ്വാഭാവികം .
മേൽ സൂചിപ്പിച്ച , ദലിതരെ ചൂഴ്ന്നുള്ള സവർണ്ണ ഭയങ്ങൾ വർത്തമാനകാലത്ത് ഏറെ ദൃശ്യമായത് ഡി . എച്ച് . ആർ . എം എന്ന ദലിത് സംഘടനയെ ചുറ്റിപ്പറ്റിയാണെന്നതിനാൽ , അത്തരം
” കേരളീയ ഭയ ” ങ്ങളുടെ ചിഹ്നശാസ്ത്രത്തെ സംബന്ധിച്ച് സാമൂഹിക ചിന്തകനായ
കെ . കെ .ബാബുരാജ് വിശദമായ പഠനം നടത്തിയിട്ടുണ്ട് ( ഇരുട്ടിലെ കണ്ണാടി , DC ബുക്സ് ) .

മൂന്നു സംവർഗ്ഗങ്ങളാണ് ‘ നായാട്ട് ‘ എന്ന സിനിമയിലുള്ളത് .
ഒന്ന് : വേട്ടയാടപ്പെടുന്ന പോലീസ് .
രണ്ട് : വേട്ടയാടുന്ന രാഷ്ടീയാധികാരം .
മൂന്ന് : വേട്ടയാടാൻ രാഷ്ട്രീയാധികാരത്തെ നിർബ്ബന്ധിക്കുന്ന ദലിത് പ്രഷർഗ്രൂപ്പ് .

ഈ പ്രഷർഗ്രൂപ്പ് സമ്മർദ്ദമുണ്ടാക്കുന്നത് ദലിതരുടെ ഏതെങ്കിലും രാഷ്ട്രീയാവശ്യം ഉയർത്തിക്കൊണ്ടല്ല .
ഭൂപരിഷ്കരണം ദലിതരിൽ അടിച്ചേൽപ്പിച്ച ജാതിക്കോളനി വിട്ട് കൃഷിഭൂമി വേണമെന്നും , സർക്കാർ ശമ്പളം നൽകുന്ന എയിഡഡ് നിയമനങ്ങളിൽ നിയമാനുസൃതം തങ്ങൾക്ക് സംവരണം വേണമെന്നുമൊക്കെയുള്ള എത്രയോ ആവശ്യങ്ങൾ ദലിത് സംഘടനകൾ കാലാകാലങ്ങളായി ഉയർത്തിക്കൊണ്ടിരിക്കുന്നു ! അത്തരം ഒരാവശ്യംപോലും ഉന്നയിക്കുന്ന ഗ്രൂപ്പായല്ല , മറിച്ച് പൊതുസമൂഹത്തിന്റെ വെറുപ്പുമാത്രം നേടാൻ ഉതകുംവിധത്തിലുള്ള കേവല ക്രിമിനൽ സംഘമായിട്ടാണ് ഈ ദലിത്പ്രഷർ ഗ്രൂപ്പിനെ സിനിമ അവതരിപ്പിക്കുന്നത് .അവരിൽ സംവിധായകൻ ക്രൈം ആരോപിക്കുന്നത് വംശീയസ്വഭാവം എന്ന അബോധത്തിലാണ് .കൊളോണിയൽ കാലത്തുതന്നെ ഭരണാധികാരികൾ പേടിക്കുന്ന കീഴാളരായ സാമൂഹിക വിഭാഗങ്ങളെ ക്രിമിനൽ ട്രൈബ്സ് ( കുറ്റവാളി ഗോത്രങ്ങൾ ) എന്ന് നിയമപരമായി ലിസ്റ്റിൽ ഉൾപ്പെടുത്തിയ നാടാണിതെന്ന് ഡോ . അംബേദ്‌കർ നിരീക്ഷിക്കുന്നുണ്ട് .

ഏതെങ്കിലും നാട്ടിൽ എന്തെങ്കിലും അതിക്രമങ്ങൾ നടന്നാൽ ദലിത് കോളനികളിലും തുറകളിലും വന്ന് ആദ്യം പ്രതികളെ തേടുന്നത് നാം എത്രയോ തവണ കണ്ടിരിക്കുന്നു !തലമുടി വളർത്തിയതിന്റെ പേരിൽ പാവർട്ടിയിൽ വിനായകൻ എന്ന ദലിത് യുവാവ് പോലീസ് നായാടലിൽ ആത്മഹത്യ ചെയ്തിട്ട് അധികം കാലമായിട്ടില്ല . ദലിതരുടെ രൂപം തന്നെ അയാളെ കുറ്റവാളിയാക്കുന്നത് ‘ ആക്ഷൻ ഹീറോ ബിജു ‘ പോലുള്ള എത്രയോ സിനിമകളിൽ നാം കണ്ടിട്ടുണ്ട് ! കുറ്റം ചെയ്യുന്ന കഥാപാത്രങ്ങൾ , അവർ സവർണ്ണരാണെങ്കിൽ , അവരുടെ കുറ്റവാസനക്ക് ഉചിതമായൊരു കാരണം സിനിമ കണ്ടെത്തിയിരിക്കും .

‘ അദ്വൈതം ‘ എന്ന സിനിമ നോക്കുക : ശിവൻ എന്ന മോഹൻലാൽ കഥാപാത്രം കുറ്റവാസന പ്രകടിപ്പിക്കുന്നതിന് ന്യായീകരണങ്ങൾ ഏറെയാണ് .ശൂദ്ര ജീവിതത്തിന്റെ ചരിത്രപരമായ നേരവകാശമില്ലാത്ത നമ്പൂതിരീപിതൃത്വം ,പാർട്ടിക്കാരിയായ അപരസ്ത്രീയെ ചേർത്ത് സംശയിച്ച് തറവാടിയായ കാമുകി ( രേവതി ) കാണിക്കുന്ന പ്രണയനീരാസവും വെറുപ്പും , കീഴ്ജാതിക്കാരനായ
പാർട്ടിനേതാവിന്റെ ( സോമൻ )കിങ്കരനാവേണ്ടി വരുന്നത് …… ഇതെല്ലാമാകുമ്പോൾ , ശിവൻ ചെയ്തുകൂട്ടുന്ന എല്ലാത്തരം തിന്മകൾക്കും ന്യായീകരണമാവുകയും , കഥാപാത്രം നായകപദവിയിലേക്ക് ” ജ്ഞാനസ്നാനം ” ചെയ്യപ്പെടുകയും ചെയ്യുന്നു .നായാട്ടെന്ന സിനിമയിൽ ക്രിമിനൽവൽക്കരിക്കുന്ന , ദലിതനായ ബിജുവിന്റെയും കൂട്ടരുടെയും പോലീസ് വിരുദ്ധതക്ക് , പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെയില്ല . പകരം , ‘ ഇവരൊക്കെയല്ലേ ഇങ്ങനെയൊക്കെയേ ചെയ്യൂ ‘ എന്ന പൊതു തത്വമാണ് ആരോപിക്കുന്നത് .

ആദ്യം സൂചിപ്പിച്ച മൂന്നു സംവർഗ്ഗങ്ങളിലൊന്നായ വേട്ടയാടുന്ന രാഷ്ട്രീയാധികാരത്തിന്റെ ഭാഗമായ മുഖ്യമന്ത്രിയുടെ ഇടപെടലുകളിൽ ക്രൈം ഉണ്ടെങ്കിലും , ഭരണപരവും രാഷ്ട്രീയവുമായ
നയചതുരതയുടെ ” ബ്രില്ല്യൻസാ ” യി മാത്രമേ ആ ക്രൈമിനെയെല്ലാം പ്രേക്ഷകർ സ്വീകരിക്കാനിടയുള്ളു .
വേട്ടയാടപ്പെടുന്ന പോലീസ് എന്ന രണ്ടാം സംവർഗ്ഗം ചെയ്തുകൂട്ടുന്ന ക്രൈമുകളെല്ലാം , മണിയൻ എന്ന
ദലിത് പോലീസുകാരന്റെ ( ജോജു ജോർജ്ജ് ) ആത്മഹത്യയെന്ന ദുരന്താവതരണം കൊണ്ട് പ്രേക്ഷകരിൽ സിമ്പതിയായി പരിവർത്തനപ്പെടുന്നു .പ്രേക്ഷകശ്രദ്ധയിൽ നിതാന്തമായ വെറുപ്പു മാത്രം ഏറ്റുവാങ്ങേണ്ടിവരുന്നത് ദലിത് പ്രഷർഗ്രൂപ്പ് എന്ന സംവർഗ്ഗത്തിനാണ് എന്നിടത്താണ് നായാട്ട് എന്ന സിനിമയുടെ ദലിത് വിരുദ്ധത ദൃശ്യമാകുന്നത് .തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ എറണാകുളം മഹാരാജാസ് കോളേജ് കേന്ദ്രീകരിച്ച് കെ . കെ . കൊച്ച് ,സണ്ണി എം കപിക്കാട് തുടങ്ങിയവരുടെ മുൻകൈയിൽ ദലിത് വിദ്യാർത്ഥി ഏകോപന സമിതി ( D V E S ) എന്നൊരു ദലിത് വിദ്യാർത്ഥിസംഘടന ശക്തമായിരുന്നു . അന്നവിടെ പ്രബലമായിരുന്ന ഇടതു വിദ്യാർത്ഥി സംഘടനയ്ക്ക് , ” വർഗ്ഗീയ വാദം – വിഘടന വാദം ” എന്ന രൂപത്തിൽ മാത്രമേ , അംബേദ്കറിസത്തിൽ അധിഷ്ഠിതമായ DVES നെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ . അതുകൊണ്ടു തന്നെ സംഘർഷങ്ങൾ സർവ്വസാധാരണവുമായിരുന്നു . MCRV ഹോസ്റ്റൽ മെസ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ , DVES സ്ഥാനാർത്ഥികൾ വിജയിക്കുക കൂടി ചെയ്തപ്പോൾ , ക്രൂരമായ മർദ്ദനങ്ങളാണവിടെ അരങ്ങേറിയത് .

കേസ് എറണാകുളം കോടതിയിലെത്തിയപ്പോൾ മർദ്ദനത്തിന് ആഹ്വാനം നൽകിയവരും മർദ്ദനത്തിൽ പങ്കെടുത്തവരുമായ സവർണ്ണ നേതൃത്വങ്ങളെയും പ്രവർത്തകരെയും ഒഴിവാക്കി , പ്രബല സംഘടനയിലെ ദലിതരായ പ്രവർത്തകരെ മാത്രമാണ് ഹാജരാക്കിയത് .
ഇതിലൂടെ രണ്ടു കാര്യത്തിലവർ വിജയിച്ചു :

ഒന്ന് , ദലിത് വിദ്യാർത്ഥികൾ കൊടുത്ത അട്രോസിറ്റി ആക്ടിനെ വിജയകരമായി മറികടന്നു .
രണ്ട് , “സമുദായമാലിന്യം ” തെല്ലുമേശാത്ത “പൊതുക്കളായ ” ഉദാര ദലിതരെല്ലാം സമുദായത്തിനൊപ്പമല്ല , മറിച്ച് തങ്ങൾക്കൊപ്പമാണെന്ന് പ്രചരിപ്പിക്കാനവർക്കു കഴിഞ്ഞു .
എം.ബി.മനോജിന്റെ ‘ ജാഗ ‘ എന്ന നോവലിന്റെ പ്രമേയം , അക്കാലത്തെ ദലിത് വിദ്യാർത്ഥി രാഷ്ട്രീയ
സംഭവവികാസങ്ങളാണ് .
നായാട്ട് സിനിമയിലും ദലിതരിൽ നിന്നുതന്നെ എതിർപക്ഷത്തെയും നിർമ്മിച്ചു കാണിക്കുക എന്ന കുതന്ത്രമാണ് പ്രവർത്തിക്കുന്നത് . പോലീസ് എന്ന അധികാര രൂപത്തിൽ ദലിതരെ പ്രതിഷ്ഠിക്കുക വഴി , ദലിത് വിമർശനങ്ങളുടെ ദിശതിരിക്കാൻ കഴിയുമെന്ന് ഈ തിരക്കഥാരചന കണക്കുകൂട്ടുന്നു . മുത്തങ്ങാ സമരത്തിലുണ്ടായ വെടിവെയ്പ്പു സംബന്ധിച്ചും പോലീസിലെ ദലിത് ദുരന്തം ചർച്ചയായിരുന്നല്ലോ .
ഈ ‘ ഒപ്പം ചേർക്കൽ ‘ തന്ത്രം കൃത്യമായി ബോധ്യപ്പെടുന്നൊരു സന്ദർഭം മണിയന്റെ ഡയലോഗിൽ വ്യക്തമാണ് .
” കൊല്ലപ്പെട്ടത് എന്നേപ്പോലൊരു ദലിതനാ …” എന്നതാണാ ഡയലോഗ് .
അതിൽ ” എന്നെപ്പോലെ ” എന്നത് അടിവരയിടുക . എന്നെപ്പോലെ എന്ന പ്രയോഗം അവിടെ മണിയന്റെ ആവശ്യമല്ല , മറിച്ച് , തിരക്കഥാകാരന്റെ മാത്രം ആവശ്യമാണ് . ഇത്തരത്തിലൊരു ഒപ്പമാക്കൽ തന്നെയാണ് കഥ ലക്ഷ്യമിടുന്നതും . തന്നെയുമല്ല ,
“എന്നെപ്പോലെ ” എന്ന ഉപമാവചനം ആ സന്ദർഭത്തിൽ അസ്ഥാനത്തുമാണെന്ന് സൂഷ്മമായി നോക്കിയാൽ വ്യക്തമാണ് .
അട്രോസിറ്റി ആക്ട് സംബന്ധിച്ച് ദളിതരിലും പോലീസുകാരിലും ഈയടുത്തുണ്ടായ അവബോധവും , ദളിത് സാമൂഹിക സമരങ്ങളിൽ കണ്ടു വരുന്ന ദളിതരുടെ രാഷ്ട്രീയ ഐക്യവും കാരണം ,
ദലിത് സാമൂഹിക പ്രശ്നങ്ങളുമായി പോലീസ് സ്റ്റേഷനുകളിൽ ചെന്നാൽ ,
മുൻകാലങ്ങളെയപേക്ഷിച്ച് കുറച്ചൊക്കെ നീതിലഭിക്കുന്നുണ്ട് ഇപ്പോൾ എന്നത് സത്യമാണ് . എന്നാൽ വ്യക്തിപരമായ / കുടുംബപരമായ കേസുകളുമായി ചെന്നാൽ ഇന്നും പോലീസിന്റെയും എതിർ വാദികളുടേയും താല്പര്യമാവും കൂടുതലായും സംരക്ഷിക്കപ്പെടുക . രാഷ്ട്രീയ പ്രസ്ഥാനങ്ങളും , പലപ്പോഴും , പോലീസ് സ്റ്റേഷനിൽ ദലിതേതരരുടെ താൽപര്യങ്ങൾക്കായാവും ഇടപെടൽ നടത്തുക .
അതുകൊണ്ടുതന്നെ വ്യക്തി / കുടുംബ പ്രശ്നവുമായി സ്റ്റേഷനിൽ വിളിക്കപ്പെട്ടെത്തിയ ദളിത് കുറ്റാരോപിതർക്ക് , നായാട്ടു സിനിമയിൽ അവതരിപ്പിച്ചതു പോലുള നിഷേധിത്തരങ്ങൾ സാധ്യമല്ല എന്നതാണ് നേരനുഭവം .

സ്റ്റേഷനിലെത്തിയ ദളിതരോടിടപെടുമ്പോൾ ദളിതരെ പ്രകോപിപ്പിക്കുന്നതാണ് പൊലീസുകാരുടെ സ്ഥിരം രീതി . മദ്യപാനികൾ എന്ന ആരോപണം , നിരന്തരം വഴക്ക് കൂടുന്നവർ എന്ന ആരോപണം , ഇതെല്ലാം ചേർത്ത് ആടിനെ പട്ടിയാക്കി , അവരിൽ തൽസമയം ഉണ്ടാകുന്ന പ്രകോപന ചെയ്തികളും കൂട്ടിച്ചേർത്ത് വലിയ കേസുകൾ തന്നെയാവും ദളിതർക്കെതിരെ മിക്കവാറും പോലീസ് ചാർത്തിക്കൊടുക്കുക . “കീച്ചാതിയാണെങ്കിൽ തുപ്പിയാൽ തൂറി എന്നാവും ഏമാൻ ഭാഷ്യം , മേച്ചാതിയാണെങ്കിൽ തുറിയാൽ തുപ്പി എന്നാവും ഏമാൻ ഭാഷ്യം ” എന്ന ഒരു ചൊല്ലുതന്നെ കീഴാളർക്കിടയിൽ നിലവിലുണ്ട് .
മണിയൻ എന്ന പോലീസുകാരൻ സ്വസമുദായക്കാരോട് അടുപ്പം കാണിക്കുന്നില്ല എന്നു മാത്രമല്ല , അവരെ പ്രകോപിപ്പിച്ച് ഇതര ജാതിക്കാരുടെ മുമ്പിൽ മോശക്കാരാക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നതും സിനിമയിലുണ്ട് . പ്രശ്നം ഈ വഴിക്കല്ലാ പോയതെങ്കിൽ , ബിജുവിന്റെ വീട്ടിൽ കഞ്ചാവോ സ്പിരിറ്റോ കൊണ്ടുചെന്ന് ഒളിപ്പിച്ചു വച്ച് , റെയ്ഡു നടത്തി കേസെടുക്കാനും അയാൾ മടിക്കില്ലായിരുന്നു . മേലധികാരിയുടെ നിർദ്ദേശം പാലിച്ചാണെങ്കിലും , മറ്റൊരു വീട്ടിൽ പെട്രോളൊഴിച്ച് ജനൽ കത്തിച്ച് കള്ളക്കേസെടുക്കുന്ന സംഭവത്താൽ അത് വ്യക്തവുമാണ് .

മേൽ സൂചിപ്പിച്ച ചൊല്ലുപോലെ , സ്റ്റേഷനിൽ വന്ന് മുറുക്കിത്തുപ്പുന്ന ബിജുവിനോട് നിനക്ക് തൂറാനുള്ള സ്ഥലമല്ല സ്റ്റേഷനെന്നും , തൂത്തു വൃത്തിയാക്കിയാലേ നിന്നെ വിടുകയുള്ളു എന്നും ആദ്യമേ തന്നെ പ്രകോപനം സൃഷ്ടിക്കുന്നുണ്ട് മണിയൻ പോലീസ് . മേലുദ്യോഗസ്ഥൻ ലീവ് അനുവദിക്കാത്തതിന്റെ ദേഷ്യത്തിൽ ഇറങ്ങിവരുന്ന പ്രവീണെന്ന പേലീസുകാരൻ ( കുഞ്ചാക്കോ ബോബൻ ) ബിജുവിന്റെ മൊബൈൽ ഫോൺ തട്ടിത്തെറിപ്പിക്കുന്നതോടു കൂടിയാണ് പ്രശ്നം ഗുരുതരമാകുന്നത് .
മാന്യവേഷധാരിയും മേലാളനുമായ ഒരാളുടെ ഫോണാണ് അത്തരത്തിൽ തട്ടിയിട്ടതെങ്കിൽ , സോറിപറഞ്ഞു കൊണ്ടു തന്നെ അത് എടുത്തു കൊടുക്കുമായിരുന്നു .

ബിജു ദലിതനായതിനാൽ ഫോൺ തട്ടിയെറിഞ്ഞു എന്നു മാത്രമല്ല , അയാളുടെ മേൽ കുതിരകേറാനുമാണ് പ്രവീൺ പോലീസ് മുതിരുന്നത് . ആ സന്ദർഭത്തിൽ പ്രശ്നം പരിഹരിക്കുന്നതിനു പകരം , ‘ ഞാൻ കൈവച്ചാൽ കുഴപ്പമില്ലല്ലോ ‘ എന്ന തരത്തിൽ , അട്രോസിറ്റി ആക്ടിനെ ഇകഴ്ത്തും വിധത്തിലുള്ള പൊതു ഭാഷയുമായിട്ടാണ് ദലിതനായ മണിയൻ പോലീസ് ചാടി വീഴുന്നത് . ചെറിയൊരു കുടുംബ പ്രശ്നത്തിന് സർവ്വീസ് തോക്കടക്കം അയാൾ എടുത്തു പെരുമാറുന്നുണ്ട് . പ്രശ്നം വഷളാകുമ്പോൾ ,
കേരളത്തിൽ മറ്റേതൊരു സാമുദായിക രാഷ്ട്രീയ വിഭാഗങ്ങളെക്കാണ്ടും ഒരു സംവിധായകനും വിളിപ്പിക്കാത്ത ,” സ്റ്റേഷനിൽ കേറി തൂറും ഞങ്ങൾ ” എന്ന തരത്തിലുള വൾഗർ മുദ്രാവാക്യമാണ് , പ്രേക്ഷക വെറുപ്പിനെ ചേർത്തെടുക്കാൻ മാത്രം ഉതകും വിധം , ദലിതരെക്കൊണ്ടു വിളിപ്പിക്കാൻ തിരക്കഥയിൽ ശ്രമിച്ചിട്ടുള്ളത്…

പ്രശ്നം സങ്കീർണമാകുമ്പോൾ ഒരു ദലിത് നേതാവ് മുഖ്യമന്ത്രിയെ ഓഫീസിൽ ചെന്നുകണ്ട് സംസാരിക്കുന്ന സന്ദർഭത്തെ ,” കാതുകുത്തുന്നിടത്ത് ഇറച്ചിക്ക് പോകുന്നു ” എന്ന പ്രയോഗത്തോടു ചേർത്തുവേണം കാണാൻ . പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പിൽ തങ്ങളോടൊപ്പം നിൽക്കുന്നതിന് ദളിത് നേതാവ് പാരിതോഷികം ചോദിക്കുന്നത് ഒരു എഞ്ചിനീയറിങ് കോളേജ് തുടങ്ങാനുള്ള അനുവാദമാണ് . സർക്കാരുകളുടെ സാമുദായിക രാഷ്ട്രീയ ബന്ധങ്ങളിൽ ഇത്തരം വിലപേശലുകൾ സ്വാഭാവികമാണു താനും . എന്നാൽ കേരളത്തിൽ എൻജിനീയറിങ് കോളേജുകൾ , മെഡിക്കൽ കോളേജുകൾ , എയിഡഡ് കോളേജുകൾ ,ഇതര എയ്ഡഡ് വിദ്യാലയങ്ങൾ എന്നിവയൊക്കെയായി നൂറുകണക്കിന് സ്ഥാപനങ്ങൾ നടത്തുന്ന ഏതെങ്കിലും സമുദായത്തെ ചേർത്ത് , ഇത്തരം ഒരു രംഗം ഇന്നേവരെ മലയാള സിനിമ ആവിഷ്കരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ് .

അടുത്തിടെ മാത്രം നാമമാത്രമായ എയിഡഡ് കോളേജുകൾ തുടങ്ങിയ ദളിത് സമുദായങ്ങൾക്ക് നേരെയുള്ള വിദ്വേഷമാണ് ഇവിടെ പ്രകടമാവുന്നത് . ഈ സിനിമക്ക് തിരക്കഥയെഴുത്തും ഷൂട്ടിങ്ങും നടക്കുന്ന സമയത്തു പോലും , ദലിതരുടെ എയിഡഡ് കോളേജുകളിൽ പോസ്റ്റ് ക്രിയേഷനോ ശമ്പള വിതരണമോ നടന്നിരുന്നില്ല എന്നതാണ് സത്യം . ദലിതർ സ്ഥാപനവൽകൃത സമുദായമാവുന്നതിനെതിരായി പൊതുബോധത്തെ അണിനിരത്താനേ ആ വിലപേശൽ രംഗം ഉപകരിച്ചിട്ടുള്ളു .
മണിയൻ , സുനിത എന്നീ പോലീസുകാരായ ദലിത്കഥാപാത്രങ്ങളെയും കൂലിപ്പണി ചെയ്യുന്നവരായ മറ്റു ദലിത് കഥാപാത്രങ്ങളെയും പരസ്പരം വെറുപ്പു പ്രകടിപ്പിച്ച് അകന്നു നിൽക്കുന്നവരായി സിനിമ അവതരിപ്പിക്കുന്നുണ്ട് .

ഉദ്യോഗം ലഭിച്ച ദളിതരെയും കൂലിപ്പണിക്കാരായ ദളിതരെയും വിഘടിപ്പിക്കാൻ ശ്രമിക്കുന്ന സവർണ്ണ താൽപര്യമായ ക്രീമീലെയർ വാദമാണിവിടെ ഒളിച്ചു കടത്തുന്നത് . അങ്ങനെയൊരവസ്ഥയെ കൃത്രിമമായി സിനിമ നിർമ്മിച്ചെടുക്കുന്നു എന്നതാണ് ദുരവസ്ഥ . ദളിത് രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ കെ . കെ കൊച്ച് , കെ . കെ . ബാബുരാജ് ,സണ്ണി . എം . കപിക്കാട് ,
എം . ഗീതാനന്ദൻ ,ളാഹാ ഗോപാലൻ തുടങ്ങി പ്രധാന ദലിത് പ്രതിനിധാനങ്ങളെല്ലാം സർക്കാർ ഉദ്യോഗസ്ഥർ തന്നെയായിരുന്നു .ഉദ്യോഗം ലഭിച്ച ദളിതർ സമുദായത്തെ തള്ളിപ്പറയുകയല്ല , മറിച്ച് , സാമുദായിക ശാക്തീകരണത്തിന് സ്വന്തം ചിന്തയും സമ്പത്തും നൽകുകയായിരുന്നു എന്നതാണ് ശരിയായ മനസ്സിലാക്കൽ .

ഈ പാരസ്പര്യം സാധാരണക്കാരായ ദലിത് ജനങ്ങൾക്ക് സമുദായത്തിലുള്ള വിദ്യാഭ്യാസം നേടിയവരോടും ഉദ്യോഗസ്ഥരോടും ഉണ്ട് എന്നുള്ളതാണ് നേരറിവ് .നിരവധി ദലിത് രാഷ്ട്രീയസമരങ്ങളിൽ പോലീസ് കേസുകൾ വന്നപ്പോൾ, തങ്ങളിലുള്ള വിദ്യാഭ്യാസം നേടിയവരെയും സർക്കാരുദ്യോഗമുള്ളവരെയും കേസിൽ പെടുത്താതെ മാറ്റി നിർത്താൻ തൊഴിലാളികളായ ദലിതർ മുൻകൈയെടുത്തതിന്റെ എത്രയോ ചരിത്രങ്ങൾ പറയാനുണ്ട് ! വൈകാരികമായ ഈ ഇഴയടുപ്പത്തിനെ മറ്റുപലരും
” ചീപ്പ് സെന്റിമെൻസ് ” എന്നുപോലും കളിയാക്കിയിട്ടുണ്ട് . സത്യം അങ്ങനെയായിരിക്കെ , സ്വന്തം അമ്മാവനെ ഒരു അപകടത്തിൽ പോലും വെടിഞ്ഞ് ഓടുന്ന മരുമകനെ അവതരിപ്പിക്കുന്നത് വിചിത്രമായിത്തോന്നി . അതും ഗൾഫിൽ പോകുന്നതിന് ഇരുപതിനായിരം രൂപ സഹായം കൊടുക്കുന്ന അതേ സന്ദർഭത്തിൽ … . !

ചെറിയൊരു ന്യൂനപക്ഷം അങ്ങനെ എല്ലാ സമുദായത്തിലും ഉണ്ടായിരിക്കാമെങ്കിലും അതിന്റെ പ്രതിനിധാനമായി മരുമകന്റെ ചതി അവതരിപ്പിക്കുന്നതുവഴി ദലിതർ പരസ്പരവിശ്വാസമില്ലാത്തവർ എന്ന അപസർപ്പക കഥയാണ് നിമ്മിർച്ച് ഇതരർക്കു മുന്നിൽ നിരത്തുന്നത് .
ഷോകെയ്സിലോ വീട്ടുചുമരിലോ അയ്യൻകാളിയുടെയും അംബേദ്കറിന്റെയും ചില്ലിട്ട ചിത്രവും , കറുത്തവർ പാടുന്നൊരു നാടൻ പാട്ടിന്റെ സീനുമുണ്ടാക്കിയാൽ ദലിത്പക്ഷ ചിത്രമായി എന്നു കരുതുന്നവരുടേതല്ലാ വർത്തമാനകാല ദലിത് ധൈഷണികലോകം എന്ന ബോധ്യമെങ്കിലും സിനിമാക്കാർ ഇനിയെങ്കിലും ഉൾക്കൊള്ളേണ്ടിയിരിക്കുന്നു .