അശാസ്ത്രീയമായ പാമ്പുപിടുത്തം വെറും ഷോയ്ക്കു വേണ്ടിയാകരുത്, ഇന്ന് കയ്യടിക്കുന്നവർ നാളെ കരയാൻ വരില്ല

153

Jinesh PS

വീണ്ടും പാമ്പുകടിയേറ്റ് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നൊരു വാർത്ത വായിച്ചു. അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ ലഭിക്കട്ടെ എന്നും പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തട്ടെ എന്നും ആഗ്രഹിക്കുന്നു. തികഞ്ഞ അശാസ്ത്രീയമായ, അപകടകരമായ രീതിയിൽ അദ്ദേഹം പാമ്പുകളെ പിടിക്കുന്നതിനെ മുൻപ് വിമർശിച്ചിട്ടുണ്ട്. മുന്നൂറിലധികം തവണ വിഷപാമ്പുകളുടെ കടിയേറ്റ വ്യക്തിയാണദ്ദേഹം എന്ന് വിക്കിപീഡിയയിൽ വായിച്ചു. വിഷമില്ലാത്ത പാമ്പുകളുടെ കടിയും ആയിരത്തിലധികം എന്നും അതിലുണ്ട്. അദ്ദേഹം പാമ്പുകളെ പിടിക്കുന്നത് നിർത്തി എന്നൊരു വാർത്ത കേട്ടപ്പോൾ സന്തോഷം തോന്നിയിരുന്നു. നിർത്തിയില്ലെങ്കിലും കുഴപ്പമില്ല, ശാസ്ത്രീയമായി ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പുകളെ പിടിച്ചാൽ പാമ്പുകൾക്കും ജനങ്ങൾക്കും ഉപകാരമായിരിക്കുമെന്നും എഴുതിയിരുന്നു. പക്ഷേ അദ്ദേഹത്തിന് വീണ്ടും പാമ്പുകടിയേറ്റ വാർത്തയാണ് വായിക്കുന്നത്. ഖേദകരമായ വാർത്തയാണ്. ഓരോ ജീവനും വിലമതിക്കാനാവാത്തതാണ്, സുരേഷിന്റെയും. പക്ഷേ, അദ്ദേഹത്തോട് എന്തെങ്കിലും പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് സമൂഹത്തോട് മാത്രമേ പറയാനുള്ളൂ.സുരേഷ് ചെയ്യുന്ന കാര്യങ്ങൾ ആവർത്തിക്കരുത്. അപകടകരമാണ്, മനുഷ്യ ജീവനും പാമ്പുകളുടെ ജീവനും.

അജയ് ഗിരിയെ അറിയുമോ ? ഇതുവരെ നാനൂറിലധികം രാജവെമ്പാലകളെ റെസ്ക്യൂ ചെയ്ത ആളാണ്. ഇതുവരെ ഒരു കടി പോലും വാങ്ങിയിട്ടില്ല, പാമ്പുകടിയേറ്റ് ഇതുവരെ എ.എസ്.വി സ്വീകരിച്ചിട്ടില്ല, പാമ്പുകളെ പിടിച്ച് ഷോ കാണിച്ചിട്ടില്ല, പകരം ഉപകരണങ്ങളുടെ സഹായത്താൽ ശാസ്ത്രീയമായി പാമ്പുകളെ പിടിക്കുകയും അവയെ കാട്ടിൽ തുറന്നു വിടുകയും ചെയ്യുന്നു.നാനൂറിലധികം രാജവെമ്പാലകളെ രക്ഷിച്ച് കാട്ടിൽ വിട്ടിട്ടുള്ള അജയ് ഗിരിക്ക് പത്മ ബഹുമതി കൊടുക്കണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടുമില്ല. പറഞ്ഞു വന്നത് മറ്റൊന്നുമല്ല, അനുകരണീയമായ മാതൃകകൾ ധാരാളം ഉണ്ടെന്ന് മാത്രമാണ്. താത്പര്യമുള്ളവർക്ക് അജയ് പാമ്പുകളെ പിടിക്കുന്ന വീഡിയോ കാണാൻ സാധിക്കുന്നതാണ്. ശാസ്ത്രീയമായി എങ്ങനെ പാമ്പുകളെ പിടിക്കുന്നു എന്ന് കാണാവുന്നതാണ്. ഒന്ന് കണ്ടുനോക്കൂ… അശാസ്ത്രീയമായ രീതിയിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്ന വീഡിയോകൾ ഷെയർ ചെയ്യാതിരിക്കൂ.സുരേഷ് പൂർണ്ണ ആരോഗ്യവാനായി തിരികെ എത്തട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിക്കുന്നു.