ഇന്നു വയലാറിന്റെ ജന്മദിനം

591

ഇന്നു വയലാറിന്റെ ജന്മദിനം

വയലാർ കവിയോ?ഗാനരചയിതാവോ? ഒബി ശ്രീദേവി (Ob Sreedevi)എഴുതുന്നു 

ഈ ചോദ്യത്തിന് എനിക്കൊരുത്തരമേയുള്ളു.നവംനവങ്ങളായ ഗാന പീയൂഷ നിർത്സരിയാൽ കവിത വിരിയിക്കുന്ന ഗാനചക്രവർത്തി. കവിതയെഴുത്തു നിർത്തി,പൂർണ്ണമായും തന്റെ ശ്രദ്ധ ഗാനങ്ങളിലേക്ക് അദ്ദേഹം വ്യാപരിപ്പിച്ചപ്പോൾ കവിതക്ക് നഷ്ടപ്പെട്ടത് എന്താണോ ആ സൌഭാഗ്യം ഗാനങ്ങൾക്ക് നേട്ടമായി.തന്റെ ഗാനങ്ങളെ കവിതകളാക്കി മാറ്റിക്കൊണ്ട്,കവിതയെഴുതി മതിയാകാത്ത ആ കവി,തന്റെ ആഗ്രഹം സഫലീകരിച്ചു.ശബ്ദസൌകുമാര്യം നിറയ്ക്കുന്നതിനൊപ്പം ആശയ ഗാംഭീര്യവും നിറച്ച് ഓരോ ഗാനവും അർത്ഥസുഭഗമാക്കി.വയലാറിനെ കേരളത്തിലെ ജനപ്രിയ കവിയാക്കി മാറ്റിയത് അദ്ദേഹത്തിന്റെ ഗാനങ്ങളാണ്.കവിത, ലളിതപദാവലികളാൽ ഗാനരൂപത്തിലാകുമ്പോഴാണല്ലോ സാധാരണക്കാർക്ക് അനുഭവവേദ്യമാകുന്നത്.
കേരളീയ ജനത അദ്ദേഹത്തിന്റെ ഗാനത്തിന്റെ ഒപ്പം ചേർത്തു വയ്ക്കേണ്ടതാണ് ആ കാവ്യ സമ്പത്തും…

സ്നേഹിക്കയില്ല ഞാൻ
നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു
തത്ത്വശാസ്ത്രത്തെയും….
എന്നുറക്കെ ഉദ്ഘോഷിച്ച ആ
കവി ചങ്ങമ്പുഴയുടെ അഗാധമായ സ്വാധീന വലയത്തിൽ പെട്ടാണ് നാല്പതുകളിൽ രംഗപ്രവേശനം ചെയ്യുന്നത്.
പ്രിയകവിയുടെ അന്ത്യമേല്പിച്ച ആഘാതത്തിൽ…..,
കരുണ രസം കരകവിയും
കഥകളുമായെന്നും….
വരുമെന്നോർമ്മകളിൽ…..”
എന്നു തേങ്ങി….

പിന്നെ ചങ്ങമ്പുഴ നിർത്തിയ ഇടത്തു നിന്നും അതിഗംഭീരമായൊരു തുടക്കം തന്നെ ആയിരുന്നു…

ചക്രവാളത്തിൻ മതിൽക്കെട്ടിന്മേൽ….
കൈയ്യുംകെട്ടി നില്ക്കും ഞാൻ….
പ്രപഞ്ചത്തിൻ ഭ്രമണം
നിയന്ത്രിക്കാൻ……””എന്നെഴുതിവച്ച കവി ആ
വരികൾ അന്വർത്ഥമാകുന്ന രീതിയിൽ മലയാള ചലച്ചിത്രഗാന സാമ്രാജ്യം മുഴുവൻ നിയന്ത്രിക്കുന്ന ഗാനചക്രവർത്തിയായി വിരാജിച്ചു….
സ്നേഹജ്വാലയാണതിൽ
കാണും ചൈതന്യം”….എന്നു
തിരിച്ചറിഞ്ഞ കവി സ്നേഹത്തേയും പ്രണയത്തേയും കുറിച്ച് അവിരാമം പാടിക്കൊണ്ടേയിരുന്നു….

അദ്ദേഹത്തിന്റെ ഓരോ ഗാനവും ഒരു സമ്പൂർണ്ണ ചരിത്രമാണ്.ഒരു സംഭവം
പല്ലവിയിൽ തുടങ്ങുമ്പോൾ,
അനുപല്ലവി കഴിഞ്ഞ് ചരണമാകുമ്പോഴേക്കും ആ
സംഭവത്തിന്റെ പൂർണ്ണ രൂപം കിട്ടിയിരിക്കും.അനുവാചകർക്കു കിട്ടുന്ന
ഈ സാധ്യത ഒരു ഗാനരചയിതാവിൽ നിന്നും
പ്രതീക്ഷിക്കുന്നതിലപ്പുറമാണ്..

പ്രിയതമന് എങ്ങനെ പ്രണയ
ലേഖനം എഴുതും എന്ന കാമിനിയുടെ നിഷ്ക്കളങ്ക
ചോദ്യത്തിനു മുന്നിൽ നമ്ര ശിരസ്കനായ കവിഭൂമിയിൽ ഞങ്ങൾക്കു ദുഃഖങ്ങൾ നൽകിയ ദൈവമിപ്പോഴും
അവിടെയുണ്ടോ എന്ന് നീലാംബരത്തിനോടും…..താരാ പദത്തിനോടുംചോദിക്കയും…..മുൾക്കിരീടം എന്തിനു നൽകിയെന്ന് കണ്ണീരൊഴുക്കയും ചെയ്യുന്നു.

കാളിദാസൻ മരിച്ചു….
കണ്വമാമുനി മരിച്ചു….
അനസൂയ മരിച്ചു….
പ്രിയംവദ മരിച്ചു….
ശകുന്തള മാത്രം മരിച്ചില്ലാ…..

“ജീവിച്ചു മതിവരാത്ത നിമിഷത്തിൽ മരണത്തിന്റെ മടിയിൽ തലചായ്ക്കാൻ വിധിക്കപ്പെട്ട മനുഷ്യരായ മനുഷ്യരുടെ മുഴുവൻ ശബ്ദമായ ശബ്ദം ഈ വരികളിൽ സ്പന്ദിക്കുന്നു…

വയലാർ മരിക്കുന്നില്ലാ….ലക്ഷക്കണക്കിനു കേരളഹൃദയങ്ങളിൽ പുനർജ്ജനിച്ചുകൊണ്ടേയിരിക്കുന്നു….(പിറന്നവരുടേയും പിറക്കാനിരിക്കുന്നവരുടേയും).