Vinod Nellackal

സനൽകുമാർ ശശിധരന്റെ “വഴക്ക്” സിനിമയുമായി ബന്ധപ്പെട്ട ഗംഭീര വഴക്ക് കണ്ടതുകൊണ്ടാണ് ഇന്ന് വിമിയോ ലിങ്ക് കണ്ടപ്പോൾ അത് കാണാമെന്ന് കരുതിയത്. ഉള്ളത് പറയാമല്ലോ, സിനിമ അവതരിപ്പിച്ച ആശയവും ഒരു പരിധിവരെ അവതരണവും എനിക്ക് ഇഷ്ടപ്പെട്ടു. മുൻകൂർ ഒരു കാര്യം, ഇത് തിയേറ്റർ റിലീസിനോ OTT റിലീസിനോ യോജിച്ച ഒരു ചലച്ചിത്രമല്ല, മറിച്ച് ഒരു ഫെസ്റ്റിവൽ മൂവി ആണ്. ഒരു ശരാശരി പ്രേക്ഷകന് സിനിമ കണ്ട് ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. എന്നിരുന്നാലും അതൊരു മോശം സിനിമയല്ല എന്ന് തോന്നിയതിനാലാണ് ഈ കുറിപ്പ്.

പ്രപഞ്ചത്തിന്റെ അതിവിശാലതയിൽനിന്ന് തുടങ്ങി മനുഷ്യന്റെ സൂക്ഷ്മ വികാരങ്ങളിലും അതിന്റെ സങ്കീർണതകളിലും എത്തി നിൽക്കുന്ന യാത്രയാണ് “വഴക്ക്”. മനുഷ്യനും മനുഷ്യൻ ജീവിക്കുന്ന ഭൂമിക്കും പ്രപഞ്ചത്തിലെ സ്ഥാനമെന്താണ് എന്നു കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. വിശാലമായ പ്രപഞ്ചവീക്ഷണത്തിൽ നിന്ന് തുടങ്ങി ഭൂമിയിലെത്തി മനുഷ്യൻ ഭൂമിയോട് പുലർത്തുന്ന ഉത്തരവാദിത്തരഹിതമായ സമീപനങ്ങൾ വരെ ദൃശ്യവൽക്കരിക്കാൻ മാത്രം കാൽ മണിക്കൂർ മാറ്റി വച്ചിരിക്കുന്നത് വലിയ ലാഗ് അനുഭവം സമ്മാനിക്കുന്നുണ്ട്.

എന്നാൽ, നായക കഥാപാത്രത്തെ നാം കണ്ടുതുടങ്ങുന്നത് മുതൽ മാറ്റം വരുന്നുണ്ട്. തുടക്കത്തിൽ അവിടെയും അഞ്ചോ പത്തോ മിനിട്ട് വരെ ഒറ്റ ഷോട്ടിൽ മാത്രം സിനിമ മുന്നോട്ടു പോകുന്നെങ്കിലും ആ ഒരു സംഭാഷണം വളരെ റിയലസ്റ്റിക്കും പലർക്കും കണക്ട് ചെയ്യാൻ കഴിഞ്ഞേക്കാവുന്നതും ആയതിനാൽ ലാഗ് അനുഭവപ്പെടാനിടയില്ല. തുടർന്നുള്ള സന്ദർഭങ്ങളിലും അനാവശ്യമാംവിധം അതിദൈർഘ്യമുള്ളതും സംഭാഷണങ്ങൾ ഇല്ലാത്തതുമായ ഒറ്റഷോട്ടുകൾ കാണാമെങ്കിലും കഥാഗതി കാഴ്ചക്കാരിൽ വലിയ ആകാംക്ഷ ജനിപ്പിക്കും. എങ്ങോട്ടാണ് കഥ പോകുന്നതെന്ന് മുൻകൂട്ടി കാണാൻ കഴിയാത്തതും എന്നാൽ ഉദ്വേഗം നിലനിർത്തുന്നതുമായ ഒരു സംവിധാന ശൈലി അവസാനംവരെ നിലനിർത്താൻ സനൽകുമാർ ശശിധരന് സാധിച്ചിട്ടുണ്ട്.

നായക കഥാപാത്രമായെത്തുന്ന ടൊവിനോയുടെയും പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിയുടെയും പ്രകടനങ്ങൾ എടുത്തു പറയേണ്ടതാണ്. അസീസ് നെടുമങ്ങാട് തുടങ്ങി മറ്റുള്ള അഭിനേതാക്കളും മികച്ച അഭിനയം കാഴ്ചവയ്ക്കുന്നു. മനുഷ്യർക്കിടയിലുള്ള വഴക്കുകളുടെ അർത്ഥശൂന്യതയെ വിശാലമായ പ്രപഞ്ച വീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുക എന്നതിനപ്പുറം മറ്റൊന്നുമല്ല സംവിധായകൻ ഈ ചലച്ചിത്രം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് എന്ന് വ്യക്തം. കാരണമെന്തെന്ന് അറിയാത്ത, പരിഹാരമെന്തെന്ന് അറിയാത്ത കുറേ വഴക്കുകളാണ് സിനിമയിൽ പറഞ്ഞുവയ്ക്കുന്നത്. സിനിമ എവിടെയോ തുടങ്ങി എവിടെയോ അവസാനിക്കുന്നു എന്ന് വിമർശിക്കാം. പക്ഷെ, സനൽ കുമാർ ശശിധരൻ ഇവിടെ പറഞ്ഞുവച്ചിരിക്കുന്നത് ചില യാഥാർത്ഥ്യങ്ങൾ തന്നെയാണ്, പച്ചയായ യാഥാർത്ഥ്യങ്ങൾ. അൽപ്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത് തിയേറ്റർ റിലീസിന് യോജിച്ച ഒരു ചലച്ചിത്രമാകുമായിരുന്നു എന്ന അഭിപ്രായംകൂടിയുണ്ട്.

വഴക്കുകൾക്കെതിരെ നല്ലൊരു സന്ദേശം കൊടുക്കാൻ ആഗ്രഹിച്ച് തുടങ്ങിയ സംരംഭം വഴക്കിൽ എത്തിനിൽക്കുന്നു എന്നത് ഒരു വിരോധാഭാസം. ഈ സിനിമയുമായി ബന്ധപ്പെട്ട വഴക്കുകൾക്ക് പിന്നിൽ യഥാർത്ഥത്തിൽ എന്താണെന്നും അറിയില്ല. എങ്കിലും, സിനിമ ഉൾക്കൊള്ളുന്ന ആശയം തള്ളിക്കളയേണ്ടതല്ല എന്ന വിലയിരുത്തൽ ഇവിടെ രേഖപ്പെടുത്തുന്നു.

 

You May Also Like

യുദ്ധത്തിന്റെ മുറിപ്പാടുകൾ പേറുന്ന കൊസോവോയിൽ നിന്നും ഗംഭീരവും ഹൃദയസ്പർശിയുമായ ഒരു സിനിമ

‘Zana’ (Albanian, Kosovo, 2019) Jaseem Jazi ഗംഭീരവും ഹൃദയസ്പർശിയുമായ സിനിമ. ആദ്യമായാണ് ‘കൊസോവോ’ എന്ന…

ഗംഭീര പടം എന്ന വിശേഷണത്തിനപ്പുറം നമ്മളെല്ലാം അറിഞ്ഞിരിക്കേണ്ട ജീവിതവും കഥയുമാണ് മേജർ

കീർത്തി പ്രഭ മേജർ-തന്റെ ജീവിതം ആത്മാർഥമായി രാജ്യത്തിനു വേണ്ടി സമർപ്പിച്ച ഒരു ധീര ജവാന്റെ കഥ…

ഒരു ഫാൻസ് ഷോ വരുത്തി വച്ച വിന

ഒരു ഫാൻ ഷോ വരുത്തി വച്ച വിന Ajith PV പോയ വാരം ഞാൻ മലൈകോട്ടയ്…

മലയാളത്തിൽ വന്ന ഏറ്റവും മികച്ച രാഷ്ട്രീയ ചിത്രങ്ങളിലൊന്നാണ് ഈ സിനിമ, ഇതിന്റെ പേര് തന്നെ ശ്രദ്ധിക്കൂ…

Sanuj Suseelan മഞ്ഞ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന വിജനമായ ഒരു റോഡിലൂടെ രാത്രി സകല ശക്തിയുമെടുത്ത്…