വാഴക്കോടന്റെ പ്രിഡിഗ്രി ഓർമ്മകൾ (ഭാഗം -1)

537

പത്താം ക്ലാസ് റിസൽറ്റ് വന്നത് മുതൽ ഉപരിപഠനത്തിന് എവിടെ ചേരും? ഏത് കോളേജിൽ സീറ്റ് കിട്ടും എന്ന ചിന്തകൾ എല്ലാവരെപ്പോലെ എനിക്കും ഉണ്ടായിരുന്നു. ലഭിച്ച മാർക്ക് അളന്നും തൂക്കിയും നോക്കി പലരും എന്റെ ഭാവി പഠനം വ്യാസാ കോളേജിലായിരിക്കുമെന്ന് പ്രവചിച്ചു. ഉത്സവ പറമ്പുകളിൽ വരുന്നവരുടേയും പോകുന്നവരുടേയും കൈ നോക്കി ലക്ഷണം പറയുന്ന കാക്കാലത്തികളെപ്പോലെ പലരും ഫ്രീയായിത്തന്നെ എന്റെ കോളേജ് ജീവിതം പ്രവചിക്കാനായി മുന്നോട്ടുവന്നു. എല്ലാ പ്രവചനക്കാരും വ്യാസയിലേക്ക് തന്നെ എന്നെ നേർച്ചയാക്കി. അത് വരെ പ്രതീക്ഷയോടെ ആപ്ലിക്കേഷൻ സമർപ്പിച്ച സെന്റ് തോമസ് കോളേജും കേരള വർമ്മയുമൊക്കെ എന്നെ കൈവിടില്ലെന്ന പ്രതീക്ഷ പ്രവചനക്കാരുടെ ആക്രമണത്തിൽ ട്രേഡ് സെന്റർ കണക്കെ നിലംപൊത്തി. ഒടുവിൽ പ്രവചനക്കാരെ നിരാശപ്പെടുത്താതെ വ്യാസകോളേജിൽ നിന്ന് തന്നെ ആദ്യ ഓപ്ഷനായ സെക്കന്റ് ഗ്രൂപ്പിലേക്കുള്ള ഇൻറർവ്യൂ അറിയിപ്പ് അൽപ്പം മനോവേദനയോടെ കൈപ്പറ്റി.

വ്യാസയോടുള്ള ഇഷ്ടക്കുറവ്, പാർളിക്കാടിൽ ബസ്സിറങ്ങി ഒന്നര കിലോമീറ്ററോളം നടക്കണം. പിന്നെ ക്ലാസ് കട്ട് ചെയ്ത് സിനിമ കാണാൻ പോകണമെങ്കിൽ ഫുൾ ചാർജ് കൊടുത്ത് തൃശൂർക്ക് പോകണം. തൃശൂരിലെ വല്ല കോളേജിലും അഡ്മിഷൻ കിട്ടിയിരുന്നെങ്കിൽ സിനിമ കാണാൻ പോകുന്ന വണ്ടിക്കൂലിയെങ്കിലും ലാഭിക്കാമല്ലോ എന്ന കണക്ക് കൂട്ടലാണ് എക്സിറ്റ് പോൾ കണക്കേ തകർന്നത്. ഇനിയിപ്പോ വ്യാസയെങ്കി വ്യാസ എന്ന മനഃമില്ലാ മനസ്സിൽ ഇൻറർവ്യൂവിന് പോകാൻ ഞാൻ തീരുമാനിച്ചു. അന്ന് രാത്രി ശക്തമായ മഴ പെയ്തു. ഇടിവെട്ടി അടുത്ത വീട്ടിലെ തെങ്ങിന്റ മണ്ട നിന്ന്കത്തി. കുടയില്ലാത്തവർ പലരും അന്ന് മഴ നനഞ്ഞു. പിറ്റെ ദിവസം ഞാൻ വ്യാസയിലേക്ക് ഇൻറർവ്യൂവിന് പോകുന്നത് തടയാൻ പ്രകൃതി മനഃപ്പൂർവ്വം ക്ഷോഭിക്കുന്നതാണോയെന്ന് വരെ ഞാൻ സംശയിച്ചെങ്കിലും അത് കാലവർഷത്തിന്റെ പെയ്താണെന്നറിഞ്ഞപ്പോൾ മഴ വ്യാസയിലേക്കുള്ള തന്റെ വരവിനെ സ്വീകരിക്കാനായിരുക്കുമെന്ന് ഞാൻ അവസരോചിതമായി മാറ്റി ചിന്തിച്ചു. രണ്ടായാലും പ്രകൃതി പോലും എന്തോ മുൻകൂട്ടി കണ്ട് കാണണം.

രാവിലെ നേരത്തേ ഉണരാൻ വേണ്ടി സെറ്റ് ചെയ്ത അലാം ക്ലോക്ക് ബാറ്ററിയില്ലാത്ത നിസാര കാരണത്തിന് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയില്ല. എങ്കിലും ആദ്യ ദിവസം തന്നെ നേരം വൈകിയെത്തി എന്ന ചീത്തപ്പേര് കിട്ടാതിരിക്കാൻ വേണ്ടി മാത്രം ഞാൻ അന്ന് കുളിക്കാൻ പോലും സമയം കളയാതെ പതിവിലധികം സെന്റും പൂശി വ്യാസയിലേക്ക് പോകാൻ തയ്യാറായി. പഴയ കെട്ടിടം കുമ്മായം പൂശി പുതുക്കിയ പോലെ ഞാൻ മൊത്തത്തിൽ ഒരു മേക്കപ്പൊക്കെ ചെയ്തിട്ടുണ്ടായിരുന്നു.
ഒരു നല്ല കാര്യത്തിന് പോകുമ്പോഴെങ്കിലും നിനക്കൊന്ന് കുളിച്ചൂടെടാ എന്ന ചോദ്യം ഉമ്മയിൽ നിന്നും വരും എന്ന് പ്രതീക്ഷിച്ച എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഇന്നെങ്കിലും നീയൊന്ന് കുളിച്ച് കണ്ടല്ലോ എന്ന ഉമ്മയുടെ ഡൈലോഗിൽ എന്റെ മേക്കപ്പിനെക്കുറിച്ച് എനിക്കേറെ മതിപ്പ് തോന്നി. ഞാൻ കുറച്ച് സമയം എന്റെ കലാവിരുതിൽ അഭിമാനം കൊണ്ടു.
ഞാനും ഉമ്മയും വ്യാസയിലേക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങി. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഇടത് കാലാണോ വലത് കാലാണോ ആദ്യം വെക്കേണ്ടെതെന്ന സംശയം ഞാൻ ഉമ്മയോടും പറഞ്ഞു.
” പിന്നേ നീ ഹജ്ജിനല്ലേ പോണത്. ഇടത് കാലോ വലത് കാലോന്ന് സംശയിക്കാൻ, നിന്ന് തിത്തയ് കളിക്കാതെ ഇറങ്ങെടാ, ബസ്സങ്ങ് പോകും!

(തുടരും)

വാഴക്കോടന്റെ പ്രിഡിഗ്രി ഓർമ്മകൾ (ഭാഗം -2)