വാഴക്കോടന്റെ പ്രിഡിഗ്രി ഓർമ്മകൾ (ഭാഗം -2)

497

സാധാരണ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഞാൻ ഉമ്മയോടൊപ്പം ബസ്സിന്റെ അടുക്കള എന്നറിയപ്പെടുന്ന മുൻഭാഗത്ത് തന്നെയാണ് കയറാറ്. എങ്ങാനും സ്റ്റോപ്പ് മാറി ഇറങ്ങിയാൽ പിന്നെ പറയാനുണ്ടോ? പക്ഷേ പോകുന്നത് കോളേജിലാക്കാണല്ലോ എന്ന ഗമയിൽ ഞാൻ ബസ്സിന്റെ പിൻ വാതിലിലൂടെയാണ് കയറിയത്. എങ്കിലും കണ്ടക്ടർ പൈസ ചോദിച്ച് വന്നപ്പോൾ മുന്നിൽ ആളുണ്ടെന്ന് പറഞ്ഞത് കണ്ടക്ടർക്ക് ഇഷ്ടമായില്ലെന്ന് തോന്നുന്നു. അയാൾ ചീഞ്ഞ മത്തി നോക്കുന്ന അവജ്ഞയിൽ എന്നെയൊന്ന് നോക്കി. ഒരു സമരം വരട്ടെ ആദ്യം നിന്റെ ബസ്സിന് തന്നെ കല്ലെറിയുമെന്ന് വെറുതെ മനസ്സിൽ കുറിച്ച് വെച്ചു. വിദ്യാർത്ഥി ഐക്യം സിന്ദാബാദ് എന്ന മുദ്രാവാക്യം എന്റെ കാതുകളിൽ മുഴങ്ങുന്നത് പോലെ എനിക്ക് തോന്നി.

പാർളിക്കാട് ബസ് സ്റ്റോപ്പിൽ ഞാൻ കൃത്യമായിത്തന്നെ ഇറങ്ങി. റെയിൽ ക്രോസ് ചെയ്ത് റബ്ബർ എസ്റ്റേറ്റ് വഴിയുള്ള ഷോർട്ട് കട്ട് വഴിയിലൂടെ ഞങ്ങൾ വ്യാസയെ ലക്ഷ്യമാക്കി നടന്നു.

തലേ ദിവസം പെയ്ത മഴയിൽ അങ്ങിങ്ങായി ചെറിയ വെള്ളക്കെട്ടുകൾ ഉണ്ടായിരുന്നു. ഞങ്ങളെ വരവേൽക്കാൻ ജനങ്ങൾ റോഡിൽ ചെറിയ ചെറിയ കുളങ്ങളുണ്ടാക്കി വെച്ചതായി എനിക്ക് തോന്നി. റബ്ബർ മരങ്ങൾ ചില്ലകളനക്കി ഞങ്ങളെ പനിനീര് തെളിച്ച് യാത്രയിലുടനീളം സൽക്കരിച്ചു. നടക്കുന്തോറും വഴി നീളം കൂടുന്നുണ്ടോ എന്ന് വരെ ഞാൻ സംശയിച്ചു. ഈ വഴി ദിവസവും അങ്ങോട്ടും ഇങ്ങോട്ടും നടക്കണമല്ലോ എന്ന ചിന്ത എന്നെ അസ്വസ്ഥനാക്കി. എങ്കിലും വഴിയുടനീളം കണ്ട യുവമിഥുനങ്ങൾ എന്റെ എല്ലാ അസ്വസ്ഥതകളിലും കുളിർമഴ പെയ്യിച്ചു. ആ സന്തോഷ പുഞ്ചിരി ഉള്ളിലൊതുക്കാൻ ഞാനേറെ പാട് പെട്ടു.

കോളേജിന്റെ ഇരുമ്പ് ഗേറ്റ് കടന്ന് ഞങ്ങൾ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് നടന്നു. മൊത്തത്തിൽ തരക്കേടില്ലാത്ത രണ്ട് നില കെട്ടിടം. കരിങ്കൽ തൂണുകൾ, നീണ്ട വരാന്തകൾ, മുറ്റത്ത് മാവുകൾ നിൽക്കുന്നത് മരം ചുറ്റി പ്രേമത്തിനാവുമെന്ന് ഞാൻ വെറുതേ ഊഹിച്ചു. അഡ്മിഷൻ കാര്യത്തിൽ സഹായിക്കാൻ അവിടെ ഒത്തിരി ചേട്ടന്മാരും ചേച്ചിമാരും ഉണ്ടായിരുന്നു. അവരുടെ സഹായത്തിലും കാർമ്മികത്വത്തിലും എന്നേയും വ്യാസയിൽ ചേർത്തു, ഏതാണ്ട് എൽദോനെ സിൽമേല് എടുത്ത പോലെ തന്നെ!

തിരിച്ചുള്ള യാത്രയിലുടനീളം ഉമ്മയുടെ ഉപദേശങ്ങളായിരുന്നു. പരിചയമുള്ളതും ഇല്ലാത്തതുമായ ഒരു പെൺകുട്ടിയോടും സംസാരിക്കരുത് എന്നുള്ള നിബന്ധന ഷുഗറുള്ളവന്റെ മുന്നിൽ ലഡുകൊണ്ടു വെച്ച് തിന്നരുത് എന്ന് പറയുന്നത് പോലെയല്ലേ എന്ന് ഞാൻ വെറുതേ സംശയിച്ചു.പിന്നെ റബ്ബർ എസ്റ്റേറ്റിൽ കൂടി ഒരു കാരണവശാലും ഒറ്റയ്ക്ക് വരരുതെന്ന് ഉമ്മ താക്കീത് ചെയ്തു. അതെന്തായാലും അങ്ങിനെയായിരിക്കുമെന്ന് അപ്പോൾ തന്നെ റബ്ബർ മരങ്ങളെ സാക്ഷിയാക്കി ഞാൻ ശപഥം ചെയ്തു. റബ്ബർ മരങ്ങൾ ചില്ലകൾ ഇളക്കി വീണ്ടും പനിനീർ തളിച്ചു. ഉള്ളിലെ സന്തോഷം നിർഗ്ഗളിച്ച് ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയൊതുക്കാൻ ഞാൻ പിന്നേയും പാട് പെട്ടു. ഞങ്ങൾ വീണ്ടും പാർളിക്കാടെത്തി. ഒരു ചെറുപുഞ്ചിരിയോടെ റബ്ബർ മരങ്ങളെ തിരിഞ്ഞ് നോക്കിക്കൊണ്ട് ഞങ്ങൾ ബസ്സിൽ കയറി. യാത്രയിലുടനീളം വ്യാസാ കോളേജും പരിസരവും റബ്ബർ തോട്ടവുമൊക്കെയായിരുന്നു. ബസ്സ് വാഴക്കോട് എത്തിയിട്ടും സ്വപ്നം കണ്ട് മയങ്ങി സീറ്റിലിരുന്ന എന്നെ പേര് വിളിച്ച് ബസ്സിൽ നിന്നും ഇറക്കുകയായിരുന്നു.
ഞാനൊന്ന് മയങ്ങിപ്പോയെന്ന് വെറുതേ ഉമ്മാട് പറഞ്ഞു. അത്രേം ദൂരം നടന്നതിന്റെ ക്ഷീണമാകും എന്ന് ഉമ്മയും ആശ്വസിപ്പിച്ചു. ക്ലാസ് തുടങ്ങുന്ന ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീടങ്ങോട്ട്. ജീവിതത്തിലെ ഒരു നാഴികക്കല്ലാവാൻ പോകുന്ന പ്രീഡിഗ്രി പഠിക്കാൻ വ്യാസയിലേക്ക് …..

(തുടരും)

വാഴക്കോടന്റെ പ്രിഡിഗ്രി ഓർമ്മകൾ (ഭാഗം -1)