എന്താണ് ജൈവാധിനിവേശം ?

0
199

Veena C

ബ്രിട്ടനിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ച ഒന്നായിരുന്നു 2001 ൽ രാജ്യത്ത് കന്നുകാലികൾക്ക് പടർന്നുപിടിച്ച കുളമ്പുരോഗം. ബ്രിട്ടന്റെ കാലിവ്യവസായം തകർച്ച നേരിട്ടു. എഴുപത് ലക്ഷത്തോളം ആടുകളെയും മാടുകളെയും നശിപ്പിക്കേണ്ടി വന്നു. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് പോലും ഒരു മാസത്തേക്ക് മാറ്റിവെച്ചു. 1600 കോടി ഡോളറിന്റെ നഷ്ടമാണ് ആ മൃഗരോഗം ബ്രിട്ടന് വരുത്തിയത്.

ഇന്ത്യയിൽ-ശരിക്കുപറഞ്ഞാൽ ഉത്തർപ്രദേശിൽ! തൊണ്ണൂറുകളിൽ ഉത്തർപ്രദേശിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്ത ആടുകളിലൂടെ ഇവിടെനിന്ന് പോയ വൈറസാണത്രേ, പല വഴികളിലൂടെ ഒടുവിൽ വർഷങ്ങൾക്ക് ശേഷം ബ്രിട്ടനിലെത്തി നാശംവിതച്ചത്!

ചിക്കുൻഗുനിയ ഉൾപ്പടെ ഇരുപതിലേറെ മാരക വൈറസുകളുടെ വാഹകരാണ് കേരളമടക്കം ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ടൈഗർ കൊതുക്.

അന്യജീവജാതികൾ ഒരു പ്രദേശത്ത് കടന്നുകൂടി പെരുകി അവിടുത്തെ ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണി സൃഷ്ടിക്കുന്നതിനെയാണ് ജൈവഅധിനിവേശം (bioinvasion) എന്ന് വിളിക്കുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതിപ്രശ്നങ്ങളിലൊന്നായി ജൈവഅധിനിവേശം ഇന്ന് മാറിയിരിക്കുന്നു. ഗതാഗതത്തിലുണ്ടായ വർധനയും ആഗോളവ്യാപാരവുമെല്ലാം ജൈവഅധിനിവേശത്തിന് ആക്കംകൂട്ടുന്നതായി ‘വേൾഡ് വാച്ച് ഇൻസ്റ്റിട്ട്യൂട്ട്’ പറയുന്നു.

ഉൾനാടൻ മത്സ്യകൃഷിക്കായി 1980കളുടെ തുടക്കത്തിൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ അവതരിപ്പിച്ച ആഫ്രിക്കൻ മുഷി (Clarias gariepinus ) യാണ്, ഇപ്പോൾ നിരോധിക്കേണ്ട അധിനിവേശയിനമായി മാറിയിരിക്കുന്നത്. അലങ്കാരസസ്യമെന്ന നിലയ്ക്ക് നഴ്സറികളിൽ വളർത്താനും വിൽപ്പനയ്ക്കുമായി 1940കളിൽ ഏഷ്യയിലേക്കും മറ്റും എത്തിയ സസ്യയിനമാണ് ആഫ്രിക്കൻ പായൽ (Salvinia molesta). പേര് ഇതാണെങ്കിലും, ഇവയുടെ സ്വദേശം തെക്കുകിഴക്കൻ ബ്രസ്സീലും വടക്കൻ അർജന്റീനയുമാണ്. ആഫ്രിക്കൻ പായൽ നമ്മുടെ കൃഷിയിടങ്ങൾക്കും ജലാശയങ്ങൾക്കും എത്ര ഭീഷണിയായി മാറി എന്നാലോചിക്കുക.

രണ്ടാംലോകമഹായുദ്ധകാലത്ത്, വ്യോമതാവളങ്ങൾ ശത്രുക്കളുടെ കണ്ണിൽ നിന്ന് മറച്ചുവെയ്ക്കാൻ ഉപയോഗിച്ച സസ്യയിനമാണ് ധൃതരാഷ്ട്ര പച്ച (Mikania micrantha). ഒരിടത്ത് എത്തിയാൽ, ഭ്രാന്തമായ വേഗത്തിൽ വളർന്നുപടർന്ന് വ്യാപിക്കുന്ന സസ്യമാണിത്. തെക്കേയമേരിക്കയും മധ്യ അമേരിക്കയുമാണ് ഇതിന്റെ ജന്മദേശം. നമ്മുടെ നാട്ടിൽ തേയിലകൃഷിക്ക് ഏറ്റവുമധികം ഭീഷണി സൃഷ്ടിക്കുന്ന മൂന്ന് കളകളിൽ ഒന്നാണ് ഇന്ന് ധൃതരാഷ്ട്ര പച്ച. ഇതുപോലെ, തെക്കേയമേരിക്കയിൽ ആമസോണിൽ നിന്നെത്തിയ കളവാഴ, കിഴക്കൻ ആഫ്രിക്കയിൽ നിന്നെത്തിയ ആഫ്രിക്കൻ ഒച്ച്, മധ്യഅമേരിക്കയിൽ നിന്നുള്ള ഗാംബൂസിയ മത്സ്യം, തെക്കേയമേരിക്കൻ സ്വദേശിയാ കമ്മ്യൂണിസ്റ്റ് പച്ച, മധ്യഅമേരിക്കൻ സ്വദേശിയായ പാർത്തനീയം, മെക്സിക്കൻ സ്വദേശിയെന്ന് കരുതുന്ന മണ്ഡരി കീടം ഒക്കെ കേരളത്തിലെ തനത് ജീവിവർഗ്ഗങ്ങൾക്കും സസ്യങ്ങൾക്കും ഭീഷണിയാണ്.

പല കാലങ്ങളിൽ പല കാരണങ്ങളാൽ നമ്മുടെ നാട്ടിലെത്തിയ അധിനിവേശയിനങ്ങൾ ശരിക്കും കേരളത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് എത്ര ആഘാതമേൽപ്പിക്കുന്നു എന്നത് പഠിക്കേണ്ട വിഷയമാണ്.