തിമിംഗല ഫോസിൽ കണ്ടെത്തിയത് ഹിമാലയത്തിൽ നിന്ന് ! അതെങ്ങനെ ഹിമാലയത്തിൽ വന്നു ?

461

Veena C എഴുതുന്നു

5.35 കോടി വർഷം പഴക്കമുള്ള, അന്നറിയപ്പെടുന്നതിൽ ‘ഏറ്റവും പഴയ തിമിംഗല ഫോസിൽ’ ആയിരുന്നു ആ കണ്ടെത്തൽ.

അത്രയും പഴക്കമുള്ള തിമിംഗല ഫോസിൽ കണ്ടെത്തി എന്നതല്ല പലരെയും അമ്പരപ്പിച്ചത്, അതു കണ്ടെത്തിയ സ്ഥലമായിരുന്നു. ഹിമാലയത്തിൽ നിന്നാണ് ആ ഫോസിൽ കിട്ടിയത്! കോടിക്കണക്കിന് വർഷം പഴക്കമുള്ള തിമിംഗല ഫോസിൽ* എങ്ങനെ ഹിമാലയത്തിൽ വന്നു?

Veena C

അതിനുള്ള ഉത്തരം ഭൗമചരിത്രം പറയും. നമ്മൾ ഇപ്പോൾ കാണുംപോലെ ആയിരുന്നില്ല മുമ്പ് ഭൂപ്രതലം. ഫലകചലന പ്രവർത്തനം മൂലം പലതവണ ഭൂപ്രതലം മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഉദാഹരണമായി 31 കോടി വർഷം മുമ്പത്തെ കാര്യമെടുക്കാം. അന്ന് ‘പാൻജിയ’ (Pangea) എന്ന ഒറ്റ സൂപ്പർഭൂഖണ്ഡം മാത്രമേ ഭൂമിയിൽ ഉണ്ടായിരുന്നുള്ളൂ. 18 കോടി വർഷം മുമ്പ് അത് പൊട്ടിപ്പിളർന്ന് തെക്കും വടക്കും യഥാക്രമം ഗോണ്ട്വാനാലാൻഡ് (Gondwanaland), ലൊറേഷ്യ (Laurasia) എന്നീ ഭൂഖണ്ഡങ്ങളുണ്ടായി. ഇന്ത്യൻ ഉപഭൂഖണ്ഡം ഗോണ്ട്വാനാലാൻഡിന്റെ ഭാഗമായിരുന്നു.

ഏതാണ്ട് 8.8 കോടി വർഷംമുമ്പ് ഗോണ്ട്വാനാലാൻഡിൽ നിന്ന് ഇന്ത്യൻ ഫലകം വേർപെട്ടു. സമുദ്രാന്തർഭാഗത്തെ ശക്തമായ ലാവാസ്ഫോടനം സൃഷ്ടിച്ച തള്ളലിൽ 6000 കിലോമീറ്റർ നീങ്ങി, അഞ്ചുകോടി വർഷം മുമ്പ് യൂറേഷ്യൻ ഫലകവുമായി കൂട്ടിമുട്ടി. ഇന്ത്യൻ ഫലകം (plate) യൂറേഷ്യൻ ഫലകത്തിനടിയിലേക്ക് ഇടിച്ചുകയറി. ഇരുഫലകങ്ങളെയും വേർതിരിച്ചിരുന്ന ‘ടീതസ് സമുദ്രം’ (Tethys Sea) അതോടെ ഇല്ലാതായി. അവിടെ ഹിമാലയം ഉയർന്നുവന്നു.

ഇക്കാര്യം അറിവുള്ളവർക്ക്, ഹിമാലയത്തിൽ തിമിംഗലഫോസിൽ കണ്ടതിൽ അത്ഭുതമുണ്ടാകില്ല. ഇന്ത്യയുടെ ഭൗമചരിത്രത്തിലെ നിർണായക വഴിത്തിരിവായിരുന്നു ഹിമാലയത്തിന്റെ ആവിർഭാവം. സിന്ധുനദി പിറന്നതും ഇന്നത്തെ നിലയ്ക്ക് ഇന്ത്യൻ മൺസൂൺ ശക്തിപ്രാപിച്ചതുമൊക്കെ അതിനു ശേഷമാണ്.

ഭൂമിയുടെ പ്രായം 450 കോടി വർഷമാണ്. അതുവെച്ചു നോക്കിയാൽ, ടീതസ് സമുദ്രം ഇല്ലാതായതും, അതിന്റെ സ്ഥാനത്ത് ഹിമാലയം വന്നതുമൊക്കെ സമീപകാല സംഭവങ്ങൾ മാത്രം. ഭൂമിയിൽ ഫലകചലന പ്രവർത്തനം ആരംഭിച്ചത് ഏതാണ്ട് 350 കോടി വർഷം മുമ്പാണ്. ആ സമയത്തു തന്നെ, ഹിമാലയം രൂപപ്പെട്ടതിന് സമാനമായ ചില സംഭവങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ടത്രേ! ഏതാണ്ട് 330 കോടി മുതൽ 250 കോടി വർഷം മുമ്പുവരെയുള്ള വേളയിൽ ദക്ഷിണേന്ത്യയിൽ ചില ‘കുഞ്ഞൻ ഹിമാലയങ്ങൾ’ രൂപപ്പെട്ട കാര്യം കണ്ടെത്തിയിരിക്കുകയാണ്, മലയാളിയായ രതീഷ് കുമാർ ആർ.ടി.യുടെ നേതൃത്വത്തിൽ ഒരു രാജ്യാന്തര ഗവേഷകസംഘം!

Image result for Himalayacetus subathuensisകർണാടകത്തിലെ ‘ധാർവാർ മേഖല’ (Dharwar Craton) യിലെയും, അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലെയും വ്യത്യസ്തയിനം ശിലകളുടെ സ്വഭാവം, പ്രായം, രാസഘടന തുടങ്ങിയവ വിശകലനം ചെയ്തായിരുന്നു പഠനം. ഏതാണ്ട് 330 കോടി വർഷം മുമ്പ് ധാർവാർ പ്രദേശം ഒരു വലിയ സമുദ്രത്താൽ (Dharwar Ocean) ചുറ്റപ്പെട്ടിരുന്നു. പിൽക്കാലത്ത്-ഏതാണ്ട് 310 കോടി മുതൽ 250 കോടി വർഷം വരെയുള്ള സമയത്ത്-കുറെ ചെറുഭൂഖണ്ഡങ്ങൾ (microcontinental blocks) ധാർവാർ പ്രദേശത്തിന് ചുറ്റും കൂട്ടിയിടിച്ച് ആ പ്രാചീന സമുദ്രം ഇല്ലാതായി എന്നാണ് പഠനത്തിൽ വ്യക്തമായത്.

ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നു തോന്നാം. എന്താണ് ഫലകചലന പ്രവർത്തനം (Plate tectonics) എന്നറിഞ്ഞാൽ ആ സംശയം മാറും. ഭൂമിയുടെ പുറംപാളിയും അതിനുള്ളിലെ മാന്റിലിന്റെ (mantle) മേൽഭാഗവും ചേർന്ന അടരിന് ‘ലിഥോസ്ഫിയർ’ (lithosphere) എന്നാണ് പേര്. ലിഥോസ്ഫിയർ ഒറ്റ ഘടനയല്ല, കുറെ കുറെ ഭൗമഫലകങ്ങൾ (tectonic plates) ചേർന്നതാണ്. എട്ടു മുതൽ 12 വരെ വലിയ ഫലകങ്ങളും, ഇരുപതോളം ചെറുഫലകങ്ങളും ലിഥോസ്ഫിയറിൽ ഇപ്പോൾ ഉള്ളതായി ശാസ്ത്രലോകത്തിന് അറിയാം. ഈ ഫലകങ്ങൾ ചലിക്കുന്നവയാണ്. പരസ്പരം ഇടിച്ചും തള്ളിയുമൊക്കെയുള്ള ഇവയുടെ ചലനമാണ് ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം വരെ സൃഷ്ടിക്കുന്നതും ഭൂഖണ്ഡങ്ങളെയും സമുദ്രങ്ങളെയും വരെ രൂപപ്പെടുത്തുന്നതും ഇല്ലാതാക്കുന്നതും.

ഇതുതന്നെയാണ് ധാർവാർ പ്രദേശത്തും സംഭവിച്ചത്. ചെറുഭൂഖണ്ഡങ്ങൾ ഇടിച്ചതിന്റെ ഫലമായാണ് ധാർവാർ പ്രദേശത്തിനു ചുറ്റും കൂർഗ്, നീലഗിരി, ബിലിഗിരി രംഗൻ തുടങ്ങിയ മലനിരകൾ രൂപപ്പെട്ടതെന്ന് പഠനത്തിൽ കണ്ടു. ‘ആർക്കിയാൻ യുഗം’ (Archean Eon) എന്നറിയപ്പെടുന്ന ആ അതിപ്രാചീനകാലത്തെ ഭൗമശാസ്ത്രത്തെ പറ്റി പുതിയ ഉൾക്കാഴ്ച നൽകുന്ന ഈ പഠനം, അമേരിക്കൻ ശാസ്ത്രജേർണലായ ‘പ്രീകാംബ്രിയാൻ റിസേർച്ചി’ൽആണ് പ്രസിദ്ധീകരിക്കുക.

ലോകമെങ്ങുമുള്ള ഭൗമശാസ്ത്രജ്ഞരിൽ ആകാംക്ഷയുണർത്തുന്ന ഒന്നാണ് കർണാകത്തിലെ ധാർവാർ പ്രദേശം. കാരണം, ഭൂമുഖത്തെ ഏറ്റവും പഴക്കമേറിയ ശിലകളുള്ള അപൂർവ്വം പ്രദേശങ്ങളിൽ ഒന്നാണത്. ധാർവാറിനെക്കാൾ പഴക്കമുള്ള ശിലകൾ ഓസ്ട്രേലിയ, ഗ്രീൻലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേ കാണാനാകൂ. ധർവാർ ക്രേറ്റണിലെ ശിലാഘടനകൾ രൂപപ്പെടുന്ന കാലത്ത് അന്തരീക്ഷത്തിൽ ജീവവായുവായ ഓക്സിജന്റെ തോത് നാമമാത്രമായിരുന്നു. മാത്രമല്ല, ഭൂമിയുടെ ഭ്രമണം ഇന്നത്തേതിലും വേഗത്തിലുമായിരുന്നു. അന്ന് ഒരുദിവസമെന്നത് ആറു മണിക്കൂർ മാത്രം!

ബാഗ്ലൂരിലെ പ്രശസ്തമായ ലാൽബാഗ് പാർക്കിലെ പാറപ്പരപ്പിലെത്തുന്ന മിക്കവരും അറിയാറില്ല, അത് ധാർവാർ മേഖലയുടെ ഭാഗമാണെന്നും 300 കോടിയിലേറെ പ്രായമുള്ള ശിലയാണതെന്നും! ബാംഗ്ലൂരിൽ നിന്ന് 70 കിലോമീറ്റർ അകലെ നന്ദി ഹിൽസിലെ പാറപ്പരപ്പുകൾ രൂപപ്പെട്ടതും ആർക്കിയാൻ യുഗത്തിലാണ്.

ഫലകചലന പ്രക്രിയ തുടങ്ങിയ സമയത്തുള്ളതാണ് ധാർവാർ മേഖല. അപ്പോൾ, ധാർവാർ പ്രദേശം ഭൂമിയിലെ ആദ്യത്തേത് എന്ന് പറയാവുന്ന ഒരു സൂപ്പർഭൂഖണ്ഡത്തിന്റെ കേന്ദ്രസ്ഥാനം

* ‘Himalayacetus subathuensis’ എന്നാണ് ഹിമാലയത്തിൽ നിന്ന് കണ്ടെത്തിയ തിമിംഗല വർഗ്ഗത്തിന് പേരിട്ടത്.

Advertisements