വേണ്ടെന്ന് വെച്ച ബന്ധങ്ങളെ ഓർത്തെടുക്കാൻ പാകത്തിനുള്ള അവസരങ്ങൾ ഇല്ലാത്തതാണ് നല്ലത്

0
184

Veena JS എഴുതിയത്

പ്രേമം സിനിമ ആദ്യമൊക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു കേട്ടോ. പ്രത്യേകിച്ച് കുട്ടിക്കുട്ടി ഡയലോഗ്സ്. എന്നാൽ മിസ്സിനെ കേറി പ്രേമിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അത് സായിപല്ലവിയെ പോലെ സൗന്ദര്യം ഇല്ലാത്തതുകൊണ്ടുള്ള അസൂയ അല്ല. അധ്യാപകർ ആകുമ്പോൾ വിദ്യാർത്ഥികളെ മുൻനിർത്തി ചില principles ഉള്ളത് നല്ലതാണ് എന്നാണ് തോന്നുന്നത്.

“മാംസനിബദ്ധമല്ല രാഗം” എന്ന് പറഞ്ഞാലും ശെരിക്കും എന്താണ് പ്രണയത്തിന്റെ അടിസ്ഥാനം എന്ന് ചോദിച്ചാൽ, ചിന്തിച്ചാൽ നമുക്ക് ആത്മാർത്ഥമായ ഉത്തരം ലഭിക്കേണ്ടതാണ്. സ്റ്റുഡന്റിന് പ്രണയം ഉണ്ടെങ്കിൽ അത് മിസ്സിനോട് പറയാതിരിക്കുക, മിസ്സ്നു പ്രണയം ഉണ്ടെങ്കിൽ അത് സ്റ്റുഡന്റിനോട് പറയാതിരിക്കുക എന്നതൊക്കെ പ്രധാനമാണ്. നേരെ തിരിച്ചു ആൺ അധ്യാപകരുടെ കാര്യവും ഇതേപോലെ വായിക്കാം. സ്റ്റുഡന്റ് ടീച്ചർ ബന്ധം ഓഫിഷ്യലി നിലനിൽക്കുന്നിടത്തോടത്തോളം ഇത് പാലിക്കപ്പെടണം.

പക്ഷേ സിനിമയിൽ ഇതിനേക്കാൾ പ്രധാനം എന്ന് തോന്നുന്ന ഒരു രംഗമാണ് മലരിന് ഓർമ നഷ്ടപ്പെട്ടു, തനിക്ക് അവളെ നഷ്ടപ്പെട്ടു എന്നറിഞ്ഞു തകരുന്ന ജോർജിന്റെ അവസ്ഥ. ഒരുപാട് കാലത്തേക്ക് അവൻ തകരുകയാണ്. ആഴങ്ങളിൽ സ്നേഹം പതിയുന്ന ബന്ധങ്ങളിലെല്ലാം അത് തകരുമ്പോൾ ഈ അവസ്ഥ ഉണ്ടാകാം. “ചിലപ്പോൾ ഒരു പത്തുവർഷം കഴിഞ്ഞു ഓക്കെ ആകുമെടോ” എന്നാണ് എനിക്കറിയാവുന്ന ഒരു മനുഷ്യൻ (നവനീത്) പ്രണയം നഷ്ടപ്പെടുമ്പോൾ ഉള്ള വേദനയെയും ഒറ്റപ്പെടലിനെയും കുറിച്ച് പറയുന്നത്. Chemical hearts എന്ന സിനിമ തീർച്ചയായും കാണണം പ്രത്യേകിച്ച് കൗമാരക്കാർ എന്ന് ഞാൻ ഒരിക്കൽ പറഞ്ഞതിന്റെ കാരണവും ഇതാണ്.

കോളേജിൽ ഞാനുമായി പ്രണയത്തിൽ ആയിരുന്ന ഒരാളെ പല കാരണങ്ങൾ കൊണ്ട് എനിക്ക് ഉപേക്ഷിക്കേണ്ടിവന്നപ്പോൾ അയാൾ ഒരുപാട് തകർന്ന് ഹോസ്റ്റലിന്റെ ഗേറ്റിൽ കുറേനേരം നിന്നിട്ടുണ്ട്, അവനെ ഫ്രണ്ട്സ് ആണ് വേറെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയത്. എന്നാൽ പിന്നീട് അവനും അവന്റെ ഫ്രെണ്ട്സും വളരെ മോശമായി എന്നെപറ്റി സംസാരിക്കുകയും എന്റെ സോഷ്യൽ ജീവിതം നശിപ്പിക്കാൻ ഒരു പരിധിവരെയെങ്കിലും കാരണമായതിൽ എനിക്ക് ദേഷ്യം വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ “ജീവിതമാണ് വായിക്കണം” എന്ന തലക്കെട്ടോടെ ഞാൻ എഴുതിയ കോളേജ് അനുഭവത്തിൽ അവൻ ഗേറ്റിൽ പിടിച്ചു നിന്നതിനെ അല്പം തമാശയോടെയായിരുന്നു എഴുതിയത്. ഈയിടെ നിഷാദ് എന്ന സുഹൃത്താണ് അത് അങ്ങനെ എഴുതിയത് ശെരിയല്ല, അവന്റെ വിഷമത്തെ ഞാൻ എന്റെ വെറുപ്പ് വെച്ച് ജഡ്ജ് ചെയ്യാൻ പാടില്ല എന്ന് എന്നോട് പറഞ്ഞത്. അത് ശരിയാണ് എന്ന് ഞാൻ പൂർണമായും അംഗീകരിക്കുന്നു.

പിന്നീട് പ്രേമം സിനിമയിൽ പുതിയ നായിക ജോർജിനെ സ്നേഹിച്ചു വിവാഹം ചെയ്യുമ്പോൾ അവൾ മലരിനെ വിവാഹത്തിന് ക്ഷണിച്ചു മലർ വരുന്നുണ്ട്. ജോർജിന്റെ മുഖം അപ്പോൾ വല്ലാതെ മാറുന്നുണ്ട്. അയാൾക്ക് പഴയ വിഷമം കുറച്ചു നേരത്തേക്കെങ്കിലും പുനർജനിക്കുന്നുണ്ട്. സിനിമാറ്റിക് ആയി ഇതെല്ലാം രസമാണെങ്കിലും യഥാർത്ഥജീവിതത്തിൽ ഇത്ര ഈസി ആകില്ല അത്.

വേണ്ടെന്ന് വെച്ച ആളുടെ വിവാഹത്തിന് പോകൽ വളരെ ഹീറോയിക് ആണെന്ന് പറയുന്ന കൂട്ടുകാരുമുണ്ട്.. അങ്ങനെ കല്യാണത്തിന് പോയി അവിടെ ചിരിച്ചുമറിഞ്ഞു ഒടുക്കം കൂട്ടുകാരൊക്കെ പോയപ്പോൾ സ്വന്തം മുറിയിൽ അസ്വസ്ഥമായി കിടന്ന തന്നെ ഓർത്തെടുത്ത ഒരുപാട് പേരെ അറിയാം. എന്ത് തീയോടും കളിച്ചാലും പരീക്ഷിച്ചാലും മനസിനോട് കളിക്കാൻ പോകരുത്. അത് എങ്ങനെയൊക്കെ കളിച്ചുമുന്നേറും എന്ന് നമുക്കോ ആർക്കോ പ്രവചിക്കാൻ ആകില്ല. നമ്മുടെ ഇമോഷൻസിനെ നേരിടാൻ നമുക്കല്ലാതെ മറ്റാർക്കും കഴിയുകയുമില്ല. സോ, വേണ്ടെന്ന് വെച്ച ബന്ധങ്ങളെ വെറുതെ ഓർത്തെടുക്കാൻ പാകത്തിനുള്ള അവസരങ്ങൾ ഇല്ലാത്തതാണ് നല്ലത് എന്നറിയുക. Exposure therapy ഒക്കെ scientific ആയിരിക്കണം. നഷ്ടത്തിനെ expose ചെയ്യുന്നത് സയന്റിഫിക് രീതി ആകില്ല എന്നൊരു തിരിച്ചറിവും നല്ലതാണ്. 🙂