വേർതിരിവിന്റെ നെറികേട് ഏറ്റവും കൂടുതൽ മനസിലായതുകൊണ്ടാണ് ഞങ്ങളിലൊരാളായ ആളിൽ നിന്ന് തന്നെ ലോകത്തിലെ ഏറ്റവും നല്ല ഭരണഘടന ഉണ്ടായത്

  0
  407
  Veena JS
  ഞാൻ SC വിഭാഗത്തിൽ പെടുന്ന ആളാണ്.
  “അയ്യോ കണ്ടാൽ തോന്നില്ല കേട്ടോ” എന്ന് tribe വിഭാഗത്തിൽപ്പെട്ട സ്ത്രീയോട് എന്റെ സഹപ്രവർത്തകരായ ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. അതിനു മുൻപ് ആ സ്ത്രീ കേൾക്കാതെ അവർ ഇതേകാര്യം ഒത്തിരി പ്രാവശ്യം ഉരുവിട്ടതും അറിയാം. അതുകൊണ്ട് SC ആയ എന്നെ പറ്റി അവർ എന്റെ മുന്നിൽ പറയില്ല എന്ന് അറിയാമായിരുന്നു. ചില ഭാഷാപ്രയോഗങ്ങൾ നടത്തുന്നവരെ “ഓ ജാതി ഇതല്ലേ. ഭാഷ ഇങ്ങനെയേ ആവൂ” എന്ന് പറയുന്നതും കേട്ടിട്ടുണ്ട്. (ഒത്തിരി പ്രാവശ്യം ഞാനും കേട്ടിട്ടുണ്ട്). തൊട്ടുകൂടായ്മ എന്നത് സ്പർശത്തിനപ്പുറം കാറ്റിലൂടെ ചിന്തകളിലൂടെ സംഭവിക്കുന്ന ഒന്നാണ്.
  അങ്ങനെ ഒരുനാൾ ജോലിയെ സംബന്ധിച്ച ചർച്ച വന്നു. “പഠിച്ചറങ്ങുമ്പോ ജോലി കിട്ടുമോ” എന്ന വിഷമം SC ആയവർക്ക് സ്വന്തം ചങ്ക്ബ്രോകളുടെ അടുത്ത് പോലും പറയാൻ പറ്റില്ലെന്ന് അന്ന് മനസിലായി. ഒത്തൊരുമയോടെ ആണ് ഉത്തരം വന്നത്. “നിനക്കൊക്കെ എന്തായാലും ജോലി കിട്ടും. SC അല്ലേ?” അതെന്തൊരു വർത്താനമാ എന്ന് ചോദിച്ചപ്പോൾ “fact അല്ലേ. വൈകാരികം അല്ലല്ലോ” എന്ന്. SC Caste വൈകാരികമല്ലാത്ത ഏതെങ്കിലും SC സുഹൃത്ത് നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ സുഹൃത്തെന്ന രീതിയിൽ വലിയ ഒരു പരാജയമാണെന്ന് ഞാൻ പറയും.
  ഇതിപ്പോ പറയാൻ കാരണം CAA-NRC കാര്യങ്ങളിൽ നടക്കുന്ന ചർച്ചകൾ കണ്ടിട്ടാണ്. ഓരോ PSC/exam related ആയി ജാതി സർട്ടിഫിക്കേറ്റ് അപേക്ഷിക്കുന്നവരുടെ കാര്യം നിങ്ങൾ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ? എന്റെ അനുഭവം പറയാം. 2018ൽ PSC interview ആയി ബന്ധപെട്ടു caste സർട്ടിഫിക്കേറ്റ്ന് അപേക്ഷിക്കാൻ പോയി. മാതാപിതാക്കളിൽ ഒരാൾ SCയും മറ്റേ ആൾ SC അല്ലാത്തതും ആകയാൽ അക്ഷയയിൽ നിന്ന് നേരിട്ട് കിട്ടില്ല. ഇനി ജാതി അപേക്ഷ കൊടുക്കൽ അതിലും വൃത്തികേടാണ്. അച്ഛൻ എഴുതിത്തരണം. “ഞാനും എന്റെ കുടുംബവും വർഷങ്ങളായി പുലയജാതിപ്രകാരമുള്ള ചടങ്ങുകൾ അനുഷ്ടിച്ചുജീവിക്കുന്നവരാണ്” എന്ന്. അച്ഛന്റെ സർട്ടിഫിക്കറ്റുകളോടൊപ്പം ഈ സ്റ്റേറ്റ്മെന്റ് മാത്രം പോരാ. അപ്പുറത്തെ വീട്ടിലെ ആളുകൾ നേരിട്ട് വില്ലേജോഫീസിൽ അച്ഛന്റെ കൂടെ ചെല്ലണം.
  അതായത് എന്റെ ജാതി തെളിയിക്കാൻ എന്റെ അച്ഛന്റെ സഹായം മാത്രം പോരാ. അപ്പുറത്തെ വീട്ടിലെ ഇക്കാക്കമാരെയും ഞാൻ കൊണ്ട്പോകണം. അങ്ങനെ എല്ലാരേയും കൊണ്ടുപോയി സാക്ഷ്യം വെച്ചു.
  ഏത്???
  പുലയാചാരപ്രകാരം ജീവിക്കുന്നെന്ന്. അതെന്താ ആചാരം എന്ന് എനിക്കിന്നും അറിയില്ല. ഈ ആചാരം തുടരണം എന്നാണോ അതിന്റെ അർത്ഥം എന്നും അറിയില്ല. സർട്ടഫിക്കറ്റ് കിട്ടണേൽ ഇങ്ങനെ എഴുതണം എന്ന ആരുടെയൊക്കെയോ നിർബന്ധത്തിൽ ഇങ്ങനെയൊക്കെ എഴുതിപോയി രണ്ടുദിവസം കഴിഞ്ഞപ്പോൾ ഒരു ഫോൺ.. “നിങ്ങൾ ഒരു റോമൻ കാതലിക്കിനെയാണോ വിവാഹം കഴിച്ചത്? മതം മാറിയിട്ടുണ്ടോ?” ഇല്ലാ എന്ന് ഉത്തരം പറഞ്ഞു. വിവാഹം പള്ളിയിൽ ആയിരുന്നോ എന്ന് അടുത്തത്. സ്പെഷ്യൽ മാര്യേജ് നടന്നതിന്റെ കോപ്പി പോലും കാണിച്ചിട്ടുണ്ട് എന്നോർക്കണം.
  കലി കേറിയപ്പോൾ ഞാൻ ചോദിച്ചുപോയി “കല്യാണം കഴിച്ചാൽ ജാതി മാറുമോ. മതം മാറിയാൽ ജാതി മാറുമോ” നാട്ടിനില്ലാത്ത sensibility നമ്മൾ കാണിക്കേണ്ട കാര്യമില്ല പ്രത്യേകിച്ച് ജാതി വിഷയത്തിൽ എന്നാണെങ്കില്പോലും ചോദിച്ചുപോയി. അയാൾ എന്തോ ദേഷ്യപ്പെട്ടു ഫോൺവെച്ചു. പിന്നെ ആരൊക്കെയോ വിളിച്ചു സർട്ടഫിക്കറ്റ് ഓക്കേ ആയി കേട്ടോ. വിളിക്കാൻ ആളില്ലാത്തവരുടെ കാര്യം എങ്ങനെയാവും എന്നറിയില്ല.
  ഇനി.. റോമൻ കാത്തലിക് കുടുംബത്തിൽ കല്യാണം കഴിച്ച ഒരു പുലയസ്ത്രീയെ ആ കുടുംബം എങ്ങനെ ഏറ്റെടുത്താലും മറ്റുകുടുംബാംഗങ്ങൾ അങ്ങനെ ഏറ്റെടുക്കും എന്നാണോ നിങ്ങൾ കരുതുന്നത്? വിവാഹത്തിനുമുന്നേ ജാതി ആരോ ചോദിച്ചപ്പോൾ അമ്മയുടെ ജാതിയായ “നായർ” ലേബൽ ആണ് എനിക്ക് ലഭിച്ചത്. “ഓഹ് നീ നയരല്ലേ അതുകൊണ്ട് കുറച്ച് വെളുപ്പെങ്കിലും പിള്ളേർക്ക് കിട്ടി” എന്ന് അധിക്ഷേപിക്കുന്നിടത്തുപോലും താഴ്ന്ന എന്ന് വിചാരിക്കേണ്ടിവരുന്നവരെ ആക്ഷേപിക്കൽ ആണ് നടക്കുന്നത് അല്ലെങ്കിൽ കറുപ്പ് എന്ന അവസ്ഥയെ ആണ് ആക്ഷേപിക്കൽ എന്ന് മനസിലാക്കാൻ ആർക്കും കഴിയാറില്ല. കറുപ്പ് കുറയുന്നത് പോലും ആശ്വാസമാകുന്ന ഗതികേട് എല്ലാവർക്കും മനസിലാക്കാൻ പറ്റണമെന്നില്ല എന്നുകൂടെ പറയേണ്ടിവരും. കറുപ്പ്ന്റെ ജാതി കാരണം മേൽജാതിയിൽ കളിയാക്കപ്പെടേണ്ടിവരുന്നവരും ഇതേ ജാതിയിരകൾ.
  “ഹിന്ദുമേൽ”ജാതിക്കാരുടെ വീടുകളിലേക്കു വിവാഹം കഴിച്ച് ചെല്ലുന്ന സ്ത്രീകളുടെ അവസ്ഥ നിങ്ങൾക്കറിയാമോ? വിവാഹം തൊട്ട് മരണം വരെ നീണ്ടുനിൽക്കുന്ന തൊട്ടുകൂടായ്മ ഏറ്റവും നന്നായി അവർക്ക് പറയാൻ പറ്റും. വിവാഹത്തിനുള്ളിൽ ആയതിനാൽ അവർ മിണ്ടാത്തതാണ്. ഏത് മതത്തിലോ ആകട്ടെ, കയറിചെല്ലുന്ന പെണ്ണ് കീഴ്ജാതി ആണെങ്കിൽ അവൾ ഇറങ്ങുംവരെ അവളുടെ ജാതിയുടെ കീഴ്മൂർച്ച കൂടുന്നെ ഉള്ളൂ എന്ന് കേരളമെങ്കിലും മനസിലാക്കണം.
  ഹിന്ദുമേല്ജാതിക്കാരിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്ന SC യുവാവിന്റെ കഥ എങ്ങനെയാണെന്ന് അറിയാമോ? അവിടെ gender power role ഇല്ലാ. സ്ത്രീക്ക് അവിടെ ജാതി power നൽകും.. അഥവാ കീഴ്ജാതിബോധം SC യുവാവിന്റെ ആൺബോധത്തെ അറുത്തുകളയും.. വിഷാദത്തിലാക്കും. അത്തരം അബ്യൂസുകളിൽ ജീവിക്കുന്ന ഒരു പ്രശസ്തവ്യക്തിയെ എനിക്ക് നേരിട്ടറിയാം. Abuse ചെയ്യരുത് എന്ന് തീർത്തുപറഞ്ഞപ്പോൾ അവൾ അവനെ പൊതുസ്ഥലത്തുനിന്ന് പൊതിരെ തല്ലി. കറുത്തവനും മുടിയുള്ളവനും ആയതിനാൽ കാര്യം എന്താണെന്ന് പോലും ചോദിക്കാതെ തല്ലുകിട്ടുന്ന നാട്ടിൽ ഭാഗ്യം കൊണ്ട് മാത്രം അവൻ രക്ഷപ്പെട്ടു.
  പത്താംക്ലാസ്സിലും പ്ലസ്ടൂവിലും പഠിക്കുന്ന മിടുമിടുക്കുള്ള ചില SC students ജാതിപറഞ്ഞുള്ള റാങ്കുകൾ വരുന്നത് പേടിച്ചിരുന്നതും നേരിട്ടറിയാം. അത്തരം റാങ്കുകൾ അനിവാര്യമാണെന്ന ബോധത്തിനപ്പുറം ജാതി സമ്മാനിച്ച അരക്ഷിതാവസ്ഥകൾ ആണവ. ലേശം ഉഴപ്പിയാലും സെയിം ജാതിപ്രശ്നം കേൾക്കണം. റിസർവേഷൻ സീറ്റും കാശും ഒക്കെ തുലക്കുകയല്ലേ സുഖിക്കുകയല്ലേ എന്ന് !! എന്തിനധികം പറയണം. അച്ഛൻ കറുപ്പായതിനാൽ അച്ഛനെ സ്കൂളിൽ കൊണ്ടുപോകാൻ സമ്മതിക്കാത്ത കുട്ടികളെ കണ്ടിട്ടുണ്ട്. ബന്ധുക്കളോട് മറ്റുള്ളവരുടെ മുന്നിൽനിന്ന് മിണ്ടാതെ പോകുന്നവരെ കണ്ടിട്ടുണ്ട്. സന്ധ്യവരെയുള്ള കളികൾ കഴിഞ്ഞ് കുളിച്ചു കഴിഞ്ഞാൽ SC കുട്ടികളെ വീട്ടിൽ കയറ്റാത്ത ആളുകൾ ഇന്നും തലശേരിയിൽ ഉണ്ട്. സ്കൂളിൽ ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോൾ “നീ അവൾക്ക് ഭക്ഷണം കൊടുത്തോളു. പക്ഷേ അവളുടെ ഭക്ഷണം കഴിക്കരുത്” എന്ന് നിർദേശിക്കപ്പെട്ട മേൽജാതിക്കുട്ടികൾ നന്മ നിറഞ്ഞ മലബാറിൽ ഇന്നുമുണ്ട്. വൃത്തി ഒരു രോഗമായി മാറിയ ദളിത്‌ ജീവിതങ്ങൾ പോലും ഈ caste discrimination കാരണമുള്ള ഇരകൾ ആണ്.
  ജാതി അറിഞ്ഞാൽ വീട് കിട്ടില്ല എന്ന് 2016ൽ മനസിലാക്കിത്തന്ന തിരുവനന്തപുരവും ഉണ്ട്. അതിനു മുന്നേ MBBS സമയത്ത് ഒരു self intro പൂരിപ്പിക്കൽ ഉണ്ട്. നേരിട്ട് caste ചോദിക്കാൻ പറ്റില്ലല്ലോ. So ചേട്ടന്മാർ പെണ്കുട്ടികളുടെ റാങ്ക് ചോദിക്കും. റിസർവേഷൻ കാറ്റഗറിയുള്ളവർക്ക് റാങ്ക് വലിയ അക്കങ്ങൾ ആകും എന്ന “എളുപ്പമാർഗം” യൂസ് ചെയ്യൽ ആണത് എന്ന് പിന്നീട് അറിഞ്ഞു.
  MBBS Entranceൽ മൂവായിരം റാങ്ക് കിട്ടിയ ഞാൻ അന്ന് ട്യൂഷൻ ക്ലാസ്സിൽ പോയപ്പോ അവിടത്തെ മെയിൻ സാറും ഒരു ചിരിയോടെ പറഞ്ഞു. “തനിക്ക് കിട്ടുമല്ലോ പിന്നെന്താ എന്ന്” എനിക്ക് കിട്ടില്ല എന്ന് വിചാരിച്ചാണ് ഞാൻ അന്ന് ക്ലാസ്സിൽ പോയത്. സാറിന്റെ ചിരിച്ച/ചൊറിഞ്ഞ വർത്താനത്തിൽ Admission കിട്ടുമെന്ന സന്തോഷം പോലും ഇല്ലാതായി. പിന്നെ ആര് റാങ്ക് ചോദിച്ചാലും എങ്ങനെയേലും ഒഴിഞ്ഞുമാറുകയോ കള്ളം പറയുകയോ ചെയ്തിട്ടുണ്ട്. കാരണം ജാതി എന്നാൽ എന്തോ വലിയ തെറ്റാണെന്ന് അന്നുമുതൽ എന്നും ഓരോരുത്തർ ഓർമിപ്പിച്ചു. പിജി ചെയ്യാൻ പോകുമ്പോ ഒറ്റ വാശിയെ ഉണ്ടായിരുന്നുള്ളു. എല്ലാവരെയും പോലെയുള്ള റാങ്കിൽ പോകണം. അന്ന് ബാച്ചിൽ ചേർന്ന എല്ലാവർക്കും ഏകദേശം ഒരേ റാങ്ക് ആയിരുന്നു. എന്നിട്ടും നമ്മൾ അറിയാതെ അവർ നമ്മുടെ ജാതി അറിയുന്നുണ്ട്. അതായത് അവിടെ ഒരുതരം അന്വേഷണം നടക്കുന്നുണ്ട് എന്നത് നിശ്ചയം.
  Caste is very simple its not at all complicated.. caste ഏതാണെന്നു പറഞ്ഞു ഇതുവരെ ഒന്നും പറയാതെ ഇരുന്നതും ഇതേ പേടി എവിടെയൊക്കെയോ ബാക്കി ഉള്ളത് കൊണ്ടായിരുന്നു. പേടികൾ തമാശകൾ ആകാൻ അത്ര എളുപ്പമല്ല. പ്രത്യേകിച്ചും ചില ജാതികൾക്ക്
  മതം മാറുന്നതുകൊണ്ട് മാറുന്ന അവസ്ഥയല്ല ജാതി എന്നത് കേരളത്തിൽ നിന്ന് മറ്റുള്ളവർക്ക് പാഠം ആകുംവിധം മാറ്റം വരണം എന്നാണ് എന്റെ ശക്തമായ നിലപാട്.
  CAA NRC PROTESTS കാണുമ്പോൾ ഞങ്ങൾ കൃത്യഇടവേളകളിൽ കാസ്റ്റിനെ പറ്റി സ്റ്റേറ്റിനെ ബോധ്യപ്പെടുത്തേണ്ടതിന്റെ ഗതികേട് ഓർമ വന്നെന്ന് മാത്രം. വേർതിരിവിന്റെ നെറികേട് ഏറ്റവും കൂടുതൽ മനസിലായതുകൊണ്ടാണ് ഞങ്ങളിലൊരാളായ ആളിൽ നിന്ന് തന്നെ ലോകത്തിലെ ഏറ്റവും നല്ല ഭരണഘടന ഉണ്ടായത് എന്നും നിങ്ങൾ ഇപ്പോൾ മനസിലാക്കുന്നുണ്ട് എന്ന് കരുതട്ടെ.
  മാട്രിമോണി കോളങ്ങളിലും മനസുകളിലും കൂടെ ആ മനസ്സിലാക്കൽ വെട്ടിത്തിളങ്ങുമ്പോൾ നമ്മൾക്ക് കട്ടൻചായയും പാൽചായയും സ്റ്റീൽ കപ്പും ഗ്ലാസ്‌ കപ്പുമൊക്കെ കഥപറയുന്നത് നിർത്താമെ..