‘ലക്ഷക്കണക്കിന് ജനങ്ങൾ കണ്ടുതീർത്ത ആ എപ്പിസോഡിൽ ഇയാൾ പറഞ്ഞുവെച്ചിരിക്കുന്ന ഒത്തിരി തെറ്റുകൾ ഉണ്ട്’

0
236
Veena JS
കാലടി സർവകലാശാല സസ്യശാസ്ത്രം അധ്യാപകനും ബിഗ്‌ബോസ് അംഗവുമായ ശ്രീ രജത് കുമാറിന്റെ ഒരു ഇന്റർവ്യൂ (ജനകീയകോടതി) കണ്ടത് ഇന്നാണ്.
ഈ കുറിപ്പ് അദ്ദേഹത്തെ വിഷമിപ്പിക്കാൻ വേണ്ടിയുള്ളതല്ല. പക്ഷേ ശ്രീ രജത്കുമാറിനും ആരാധകർക്കും അപ്പുറമുള്ള ലോകത്തെപ്രതി ജൻഡർ ഐഡന്റിറ്റി/ലിംഗപദവിസ്വത്വം എന്ന വിഷയത്തെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ലക്ഷക്കണക്കിന് ജനങ്ങൾ കണ്ടുതീർത്ത ആ എപ്പിസോഡിൽ അദ്ദേഹം പറഞ്ഞുവെച്ചിരിക്കുന്ന ഒത്തിരി തെറ്റുകൾ ഉണ്ട്.
തെറ്റ് 1) //എന്നിലുള്ള പുരുഷത്വത്തിന്റെ characters ഞാൻ അധഃപതിപ്പിക്കുമ്പോൾ എന്നിലുള്ള സ്ത്രീയുടെ characters ഉണരും. //
തെറ്റാണു സാർ. ഒന്നാമതായി പുരുഷത്വം അധഃപതിക്കുമ്പോൾ പുറത്തുവരാൻ കാത്തിരിക്കുന്ന ഒന്നല്ല സ്ത്രീത്വം എന്നത്. പുരുഷത്വം സ്ത്രീത്വം എന്നിങ്ങനെയുള്ള വിഭജനംപോലും നിലവിൽ പ്രസക്തിയുള്ളതല്ല. താങ്കൾ പറയുന്നത് ജൻഡർ എന്ന കാര്യത്തെ പറ്റിപ്പോലുമല്ല.. Gender expression അതായത് “സ്വന്തം ലിംഗത്വം എങ്ങനെ പ്രകടിപ്പിക്കാം” (അത് അവശ്യപ്രവർത്തനം പോലുമല്ല. പക്ഷേ അത് ഒരാൾക്ക് വേണമെങ്കിൽ തീർച്ചയായും ആവാം) എന്നതാണെന്ന് തോന്നുന്നു താങ്കൾ പറയാൻ ശ്രമിക്കുന്നത്. Gender എക്സ്പ്രഷനിൽ സമൂഹത്തിന്റെ വിവിധഘടകങ്ങൾക്ക് സ്വാധീനം വരാമെങ്കിലും ആത്യന്തികമായി വ്യക്തി സ്വയം സ്വീകരിക്കുന്ന സ്വഭാവങ്ങൾ ആണ് പെരുമാറ്റരീതികളിൽ പ്രകടമാകാറുള്ളത്. അടിച്ചേല്പിക്കാനോ തുടച്ചുനീക്കാനോ പറ്റാത്തവിധം അത് വ്യക്തിയുടെ ബോധ/അബോധപൂർവതീരുമാനങ്ങളിൽ അധിഷ്ഠിതമാകുന്നു. പുരുഷത്വം/സ്ത്രീത്വം എന്ന് താങ്കൾ പറയുന്ന characters ഉള്ളത് ഒരു മേന്മയോ ഇല്ലാത്തത് ഒരു മോശമായ കാര്യമോ അല്ല. പക്ഷേ, സമൂഹം കല്പിച്ചിട്ടുള്ള സ്ത്രീത്വത്തിന്റെ 60% എനിക്ക് വേണമെന്ന് ഞാൻ തീരുമാനിക്കുമ്പോൾ, പല കാര്യങ്ങളും ചെയ്തുകൊണ്ടോ ഇല്ലാതാക്കിയോ ഞാൻ ആ 60 ശതമാനത്തിൽ എത്തിച്ചേരാൻശ്രമിച്ചിട്ട് അത് നടക്കാതെ വരുമ്പോൾ ഉള്ള സ്ട്രെസ് എന്റേത് മാത്രമാണ്.
ചെറിയ ഒരുദാഹരണം പറഞ്ഞാൽ, cis gender ആയ സ്ത്രീ (അതായത് സ്ത്രീയുടെ ശരീരത്തോടെ ജനിക്കുകയും സ്ത്രീയായി സ്വയം തിരിച്ചറിയുകയും ചെയ്യുന്ന വ്യക്തി. ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക. cis ആയ സ്ത്രീക്ക് പുരുഷനോട് മാത്രമേ അനുരാഗം/കാമം തോന്നൂ എന്നില്ല. അനുരാഗം/കാമം എന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. അതിന് സെക്ഷ്വൽ ഓറിയന്റഷൻ/ലൈംഗികചായ്‌വ് എന്നാണ് പറയുക. Cis ആയ വ്യക്തിക്ക് പുരുഷനോടോ സ്ത്രീയോടോ ട്രാൻസ് പുരുഷനോടോ ട്രാൻസ് സ്ത്രീയോടോ intersex ആയ ആളോടോ ഇഷ്ടം തോന്നാം. ഹെറ്ററോ, ഹോമോ, ബൈ എന്നിങ്ങനെ വിവിധപേരുകളിൽ ലൈംഗികചായ്‌വ് അറിയപ്പെടും. അത് മറ്റൊരിക്കൽ പറയാം.) പറഞ്ഞു വന്നത് cis ആയ സ്ത്രീക്ക് സാരി എന്ന വസ്ത്രം സ്ത്രീയെ അടക്കിവെക്കുന്നതായി തോന്നുന്നു എന്നിരിക്കട്ടെ. എന്നാൽ transwoman ആയ ചില സ്ത്രീകൾക്ക് “സ്ത്രീവേഷം” എന്ന ലേബലിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കാനാകും കൂടുതൽ ഇഷ്ടം. അത് തെറ്റല്ല. അത് അവർ(സിസ്സോ ട്രാൻസോ ആകട്ടെ) ആഗ്രഹിക്കുന്ന ജൻഡർ expressionനെ സഹായിക്കുന്ന ഒന്നായി ആവാം അവർ മനസിലാക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ” അയ്യോ നമ്മൾ വേണ്ടെന്ന് വെക്കുന്ന സാരിയും കുങ്കുമവും താലിയുമൊക്കെ ട്രാൻസ് സ്ത്രീകൾ ഉപയോഗിക്കുന്നു” എന്ന് cis സ്ത്രീകൾ പറയുന്നുവെങ്കിൽ അതിൽ ജൻഡർ expressionനെ പ്രതി യാതൊരു നൈതികയും ഇല്ലെന്നർത്ഥം.
നേരായ വിധത്തിൽ/സാംസ്കാരികമായി പറഞ്ഞാൽ പുരുഷത്വം ഇല്ലാതാകുന്നതുകൊണ്ട് വ്യക്തി ഇല്ലാതാകുന്നില്ല. കൂടിയോ കുറഞ്ഞോ സ്ത്രീത്വം ഉള്ളതും പ്രശ്നമുള്ള കാര്യമല്ല. ഒരു ഉന്നതമായ സമൂഹത്തിൽ ആയിരുന്നെങ്കിൽ യാതൊരു പരിഗണനയും വേണ്ടാത്ത കാര്യം ആണത്.
തെറ്റ് 2) Daya Gayathri താങ്കളോട് അവരുടെ gender ഏതാണെന്നു പറയുമ്പോൾ താങ്കൾ intersexuality എന്ന വാക്കാണ് പറയുന്നത്. സെക്സ് എന്നാൽ ലൈംഗികഅവയവങ്ങൾ അടിസ്ഥാനമാക്കി നിര്ണയിക്കപ്പെടുന്നതാണ്‌. സ്ത്രീലൈംഗികഅവയവങ്ങളുമായി ജനിക്കുന്ന കുട്ടിയെ പെണ്കുട്ടിയെന്നും പെനിസും വൃഷണങ്ങളും ആയി ജനിക്കുന്ന കുട്ടിയെ ആണെന്നും സ്ത്രീയുടെയും പുരുഷന്റെയും അവയവങ്ങൾ വ്യത്യസ്തരീതിയിൽ കലർന്ന കുട്ടിയെ ഇന്റർസെക്സ് എന്നും ജനനസമയത്തു വിളിക്കും. യഥാർത്ഥത്തിൽ വിവിധഫോമുകളിൽ നമ്മളോട് സെക്സ് അല്ല ആവശ്യപ്പെടേണ്ടത്. നമ്മുടെ ലൈംഗികഅവയവം എന്താണെന്ന് മറ്റൊരാൾ തിരക്കേണ്ട കാര്യം ഇല്ല. Gender അതായത് നമ്മൾ സ്ത്രീയോ പുരുഷനോ ട്രാൻസ് എന്നോ തിരിച്ചറിയുന്നോ എന്നതും എവിടെയും ചോദിക്കേണ്ട കാര്യമില്ല. ആവശ്യം pronoun ആണ്. അതായത് ഞാൻ അവൾ എന്നാണോ അവൻ എന്നാണോ അവർ (എടാ/എടി/എടൊ ഒക്കെ ഇതിൽ ഉൾപെടും) എന്നാണോ വിളിക്കപ്പെടേണ്ടത് എന്ന ചോദ്യം മാത്രമാണ് പ്രസക്തം. Cis ആയതുകൊണ്ട് ഒരു സ്ത്രീയെ എടി എന്ന് ധൈര്യമായി വിളിക്കാം എന്ന നിർബന്ധം പോലും പിടിക്കാൻ ആകില്ല. ആ വ്യക്തിയാണ് അത് നിര്ണയിക്കേണ്ടത്.
ലൈംഗികചായ്‌വ്നും/അനുരാഗത്തിനും നമ്മൾ സെക്സ് അറിയേണ്ട കാര്യമില്ല. കാരണം ലൈംഗികചായ്‌വ് എന്നാൽ മസ്തിഷ്‌കം നിർണയ്ക്കുന്ന ഒന്നാണ്. അനുരാഗം തോന്നുന്നത് ആരോടാണ് എന്ന് കണ്ടറിഞ്ഞാണ് നമ്മൾ സ്വന്തം ചായ്‌വ് എങ്ങനെയെന്നു സ്വയം നിര്ണയിക്കുന്നത്. (Hetero/homo/bi/asexual) എന്നിങ്ങനെ.
ഒത്തിരി ജൻഡർ identitiesഉം ഉണ്ട്. എല്ലാം പറഞ്ഞാൽ നീണ്ടുപോകും.
തെറ്റ് 3) Turner, Klinefelter എന്നീ സിൻഡ്രോമുകൾ ആണ് transgender എന്നുള്ള താങ്കളുടെ ധാരണയാണ് ഏറ്റവും അപകടം. ഈ സിൻഡ്രോമുകൾ ക്രോമോസോമിലുള്ള വ്യതിയാനങ്ങളുടെ ഫലമാണ്. അതും ട്രാൻസ്ജെൻഡറും തമ്മിൽ യാതൊരു ബന്ധവുമില്ല. ക്രോമോസോം വ്യതിയാനമോ ഹോർമോൺ വ്യതിയാനമോ കാരണം അല്ല transgender ആകുന്നത്. Transgender എന്നത് ഒരു വ്യതിയാനമേയല്ല എന്നത് മനസിലാക്കുക. Intersex എന്നത് ഒരു പ്രശ്‌നമോ വൈകല്യമോ അല്ല എന്നതും മനസിലാക്കുക.
Cis ആയ വ്യക്തിക്ക് Turner അവസ്ഥ വരാം എന്നത് പോലെതന്നെയാണ് trans ആയ വ്യക്തിക്ക് അതിനുള്ള സാധ്യതയും. അതുപോലെ cis ആയ വ്യക്തിക്ക് ഹോർമോൺ തകരാറുകൾ വരാം എന്ന അതേ സാധ്യത മാത്രമേ ട്രാൻസ് ആയ വ്യക്തിക്കും ഉള്ളൂ.
പിന്നെന്തിന് ഹോർമോൺചികിത്സാ എന്ന സംശയം ന്യായവും സ്വാഭാവികവുമാണ്. ഉദാഹരണം വെച്ച് തന്നെ പറയാം. ഞാൻ സ്ത്രീശരീരമായി ജനിച്ചു. എന്നാൽ ഞാൻ എന്നെ പുരുഷനായി തിരിച്ചറിയുന്നു എന്നിരിക്കട്ടെ. അപ്പോൾ എനിക്ക് എന്റെ ശരീരത്തിലുള്ള മുലകൾ, ആർത്തവം, യോനി, മുഖത്തും നെഞ്ചിലും രോമം ഇല്ലായ്മ, ശബ്ദം, പേശികൾ അങ്ങനെയൊന്നുംതന്നെ പുരുഷൻ എന്ന എന്റെ തിരിച്ചറിവിനെ തൃപ്തിപ്പെടുത്തുന്നതല്ല. ആ ഘടകങ്ങളിൽ കുറച്ചെങ്കിലും മാറ്റങ്ങൾ വരുത്താൻ വേണ്ടിയാണു ഹോർമോൺ ചികിത്സ നേടുന്നത്. ഹോർമോൺ ചികിത്സക്ക് ധാരാളം റിസ്കുകൾ ഉണ്ടെങ്കിൽ പോലും അതൊന്നും വകവെക്കാതെ ഹോർമോൺ സ്വീകരിക്കുന്നത് gender ഐഡന്റിറ്റി എന്നത് ജീവനോളം പ്രാധാന്യമുള്ളതുകൊണ്ടാണ്. സ്വത്വത്തിൽ ജീവിച്ചാൽ മാത്രമേ ഒരാളുടെ ജീവിതം quality ഉള്ളതാവുകയുള്ളു എന്നത്കൊണ്ടാണ്.
Gender identityയോ ലൈംഗികചായ്‌വോ ഒന്നും ഉണ്ടാക്കിയെടുക്കാനോ ഇല്ലാതാക്കാനോ കഴിയില്ല. അത് ചികിത്സ കൊണ്ട് മാറില്ല. വ്യാജചികിത്സ നടത്താനും പാടില്ല. അത്തരം ചികിത്സകൾ കുറ്റകരമാക്കണ്ടേ സമയം അതിക്രമിച്ചിട്ടുണ്ട്.
തെറ്റ് 4) രഹാന ഫാത്തിമയെ നോക്കി പറയുന്നത് ഇപ്രകാരമാണ്. “അവർക്ക് നല്ല സ്ത്രീത്വം ഉണ്ട്. കണ്ടാൽ അറിയില്ലേ. പുരുഷന് attraction പിന്നെ endocrine മാറ്റങ്ങൾ ഉണ്ടാക്കുന്ന തരം വശ്യത അവരുടെ മോഡലിംഗിൽ കണ്ടിട്ടുണ്ട് എന്ന്!!!!
ഒരു സ്ത്രീയെ കാണുമ്പോൾ പുരുഷന് endocrine പ്രശ്നം ഉണ്ടെങ്കിൽ അയാൾ തീർച്ചയായും ചികിത്സയ്ക്ക് പോകണം. പുതിയതരം എന്തോ അസുഖമാണത്. വൈദ്യശാസ്ത്രരംഗം വളരാൻ സഹായകമാകും.
ഇനി സ്ത്രീത്വം എന്നത് പുരുഷന് എന്തെങ്കിലും ഉണ്ടാക്കാൻ ആണെന്ന ധാരണയും തെറ്റാണ്. മറ്റൊരാൾക്ക്‌ കണ്ടുപിടിക്കാൻ പറ്റുന്ന ഒന്നല്ല ജൻഡർ എന്നത്. അത് മനസ്സാണ്. അടുത്ത കൂട്ടുകാർക്ക് പോലും അത് കാണാൻ കഴിയണമെന്നില്ല. അത് കണ്ടറിഞ്ഞ കൂട്ടുകാർ പോലും വ്യക്തി അത് തുറന്ന് പറയാത്തപക്ഷം പറയാൻ പാടില്ല. അതാണ് അതിലെ നൈതികത. അതിനാൽ തന്നെ, ലിംഗമാറ്റശസ്ത്രക്രിയ ചെയ്യാത്ത സ്ത്രീശരീരം എങ്ങനെ ട്രാൻസ്‌മാൻ ആകും, അത് ചെയ്യാത്ത പുരുഷശരീരംഎങ്ങനെ transwoman ആകും എന്നൊന്നും ചോദിക്കാൻ പറ്റില്ല, പാടില്ല. “സ്ത്രീയുടെ വസ്ത്രം” ധരിക്കാതെ എങ്ങനെ tranwoman ആകും എന്നതും നേരെ തിരിച്ചും ഉള്ള ചോദ്യങ്ങളും ഇതേപോലെ യാതൊരു അടിസ്ഥാനവും ഇല്ലാത്തവയാണ്.
എന്തായാലും സസ്യശാസ്ത്രഅധ്യാപകൻ ജന്തുശാസ്ത്രത്തെക്കുറിച്ച് ഈ എപ്പിസോഡിൽ കാണിച്ചിരിക്കുന്ന “”അറിവും അവബോധവും (ഇല്ലായ്മ)”” കാണുമ്പോൾ എനിക്ക് പറയാനുള്ളത് ഇത്രയുമാണ്. കൃത്യമായ മെറ്റീരിയലുകൾ വായിക്കുക. ചർച്ച ചെയ്യുക. നിങ്ങൾക്ക് ഇനിയും വിളക്കാകാൻ കഴിയും. സമൂഹത്തിന് വിലങ്ങാവാതെയും സമൂഹത്തെക്കൊണ്ട് വിലക്കാതെയും ഇരിക്കാൻ കഴിയും. കാരണം ദയയെ കണ്ടപ്പോൾ “നിങ്ങളെ എനിക്ക് മകനോ മകളോ ആയിക്കാണാം” എന്ന് പുലമ്പുന്നിടത്തുനിന്നു ദയ “ഞാൻ സ്വയം സ്ത്രീയായാണ് identify ചെയ്യുന്നത്, Gender ഐഡന്റിറ്റിയുടെ കാര്യത്തിൽ സുപ്രീം കോടതി സ്വയം നിർണയാവകാശം ഉണ്ടെന്നു പറയുന്നു” എന്ന് പറഞ്ഞതിന് ശേഷം അവളെ “മോളെ എന്ന് മാത്രം” സംബോധന ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളിലെ മനുഷ്യൻ ഇന്നും ഉത്സാഹത്തോടെ ജീവിക്കുന്നുണ്ട്. സമൂഹത്തെ ഉയർത്താൻ നിങ്ങൾക്ക് തീർച്ചയായും സാധിക്കും.
I think we should definitely meet once.