ട്രോളുകളും സിനിമകളും എല്ലാം മുറിവേൽപ്പിക്കാത്തവയാകണം, കാര്യങ്ങൾ അത്രയ്ക്ക് നിസാരമല്ല

0
159
Veena JS
Scene 1 മെഡിക്കൽ കോളേജിൽ ഒരു ക്ലാസ്സ്‌ റൂം.
ഫോറൻസിക് സൈക്ക്യാട്രി ക്ലാസ്സിൽ മതിഭ്രമത്തെ പറ്റി ക്ലാസ്സ്‌ എടുക്കുന്ന അധ്യാപിക. ഉള്ളടക്കം സിനിമയിൽ “ഞാൻ വിഴുങ്ങിയത് വെള്ളക്കുതിരയെയാണ്” എന്നുള്ള ജഗതി ശ്രീകുമാറിന്റെ “തമാശഭാഗം” ഒക്കെയായി കുട്ടികളിൽ പൊട്ടിച്ചിരി പടർത്തിയുള്ള ക്ലാസ്സ്‌ ആണ്. പാഠഭാഗം ആരും മറക്കില്ല. അത്രയും vibrant ആയ ക്ലാസ്.
പിജിപ്പഠനത്തിന്റെ കാലം ആയതുകൊണ്ട് ഞാനും ക്ലാസ്സിൽ ഉണ്ട്. ഇടക്ക് attendance വിളിക്കാനുള്ള സമയം വന്നപ്പോഴാണ് ഞാൻ അവനെ ശ്രദ്ധിച്ചത്. കഴിഞ്ഞ ആഴ്ച എന്നെ വിളിച്ച കുട്ടിയാണ്. മാനസികമായി ബുദ്ധിമുട്ടുണ്ട് എന്ന് മനസിലാക്കിയപ്പോൾ സൈക്ക്യാട്രിയിലേക്ക് പോകാൻ പറഞ്ഞിരുന്നു. ക്ലാസ്സിൽ അവൻ വിഷണ്ണനായി കാണപ്പെട്ടു. അവനെ കണ്ട ശേഷം ക്ലാസ്സ്‌ വളരെ അരോചകമായി എനിക്ക് അനുഭവപ്പെടുകയും ചെയ്തു. വൈകിട്ട് എനിക്ക് കിട്ടിയ മെസ്സേജ് ഇപ്രകാരമാണ്. “ചേച്ചീ, ക്ലാസ്സ്‌ വൃത്തികേടായിരുന്നു. എന്നെപ്പോലെ മാനസികസമ്മർദം അല്ലെങ്കിൽ അസുഖം ഉള്ള രോഗികളെപ്പോലും വകവെക്കാതെ ഇവിടെ മെഡിക്കൽ കോളേജിൽ പോലും ഇങ്ങനെയാണ് ക്ലാസ്സ്‌ എങ്കിൽ സിനിമകളെ കുറ്റം പറയാൻ പറ്റില്ലാലോ?” ഏതൊക്കെയോ രംഗങ്ങളിൽ ആർത്തുചിരിച്ച എനിക്ക് മുഖത്ത് കിട്ടിയ ഒന്നാന്തരം അടിയായിരുന്നു അവന്റെ വാക്കുകൾ.
Scene 2 അടികൂടുന്ന കാമുകികാമുകന്മാർ. നിസാരകാര്യത്തിനാണ്. കൂടെയിരുന്ന കൂട്ടുകാരി ഗതികെട്ട് അവസാനം ഒരു ഡയലോഗ്. “എടാ നിനക്കൊന്നു നിർത്തിക്കൂടെ. അവൾക്ക് PMS (premenstrual syndrome) സമയത്തെ ഭ്രാന്തല്ലേ. ഇപ്പോ നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല.” ഒരു നിമിഷത്തേക്ക് എല്ലാം ശാന്തം. പിന്നെ കാമുകിയടക്കം “അതാണ്” എന്നും പറഞ്ഞ് കൂട്ടച്ചിരി. രണ്ടുവർഷങ്ങൾക്ക് ശേഷം ഒരു PMS സമയത്ത് സ്ട്രെസ് കൂടിയപ്പോ അവൾ ആത്മഹത്യ ചെയ്തു. (ചികിത്സ എടുത്തിരുന്നെങ്കിൽ രക്ഷപെടുമായിരുന്നത്)
Scene 3 നോർത്ത് 24 കാതം സിനിമ ഇറങ്ങുന്നു. സൂക്ഷ്മാണുക്കളെ ഒപ്പിയെടുക്കുന്ന പേപ്പർ പോലെ ഫഹദ് ചില കണ്ടിഷനുകൾ അഭിനയിച്ചു തകർക്കുന്നു. വൃത്തികൂടിയ സ്വഭാവം ഉള്ള സുഹൃത്തിനെ ഞാൻ അത് പറഞ്ഞു കളിയാക്കാൻ തുടങ്ങി. അവന്റെ മുഖം മാറുന്നു. ചോദിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെയാണ്. “എടെ ഈ പറഞ്ഞത് ഞാൻ മനഃപൂർവം ഉണ്ടാക്കിയതല്ല. പണ്ട് ഒരൂസം അങ്ങേ വീട്ടിലെ അപ്പൂപ്പൻ അയാളുടെ private ഭാഗങ്ങൾ നിർബന്ധിച്ചു എന്റെ വായിലേക്ക് ഇട്ടു . ശ്വാസം മുട്ടി ഞരങ്ങി എങ്ങനെയോ രക്ഷപെട്ടു. എത്ര ലിറ്റർ ഉമിനീരാണ് അന്ന് തുപ്പിക്കളഞ്ഞത് എന്നോർമ്മയില്ല. പക്ഷേ ഒരുകാര്യമുണ്ട്. മാധവിക്കുട്ടി എഴുതിയപോലെ ഒന്ന് കുളിച്ചാൽ തീരുന്ന വിഷയമല്ല അത്.”
ഒരൊറ്റ “തമാശ”യാക്കലിൽ വീണ്ടും മുഖമടച്ചുള്ള മറുപടി.
Scene 4 ഒരു സ്റ്റാഫ് റൂം. എന്തോ കാര്യത്തിന് മൂഡ് ഔട്ട്‌ ആയിരിക്കുന്ന അധ്യാപികയെ നോക്കി അധ്യാപകന്റെ കമന്റ്‌. “എന്താ ടീച്ചറേ രാവിലത്തെ ഗുളിക കഴിക്കാൻ വിട്ടുപോയോ?? “
ഉടനെ ടീച്ചറുടെ മറുപടി. “എനിക്ക് മരുന്നൊന്നുമില്ല. ഗംഗാധരൻ ഡോക്ടറുടെ വീട്ടിൽ നിന്ന് സാറിനെ ഇടക്ക് കാണാറുണ്ടെന്ന് ഇവിടെ എല്ലാർക്കും അറിയാം.”
ഇത് കേട്ടുകൊണ്ടിരുന്ന മറ്റൊരു മാഷ്. “അപ്പോ ഇനി ടീച്ചറും പൊക്കോ. മാഷിന് ഒരു കൂട്ടായല്ലോ.” അവസ്ഥ അനുഭവിച്ച മാഷാണ് “തമാശ” തുടങ്ങിയത് എങ്കിലും ഈ ഡയലോഗ് വന്നതോടെ ആ മാഷും ടീച്ചറും ഒരേപോലെ ഒന്ന് ഞെട്ടി. ഗംഗാധരൻ ഡോക്ടർ സ്ഥലത്ത സൈക്യാട്രിസ്റ്റ്.
Scene 5 ഒരു CME. As usual സില്ലി ആയ തമാശകൾക്കെല്ലാം ആർത്തുചിരിക്കുന്ന എന്നോട് ഒരു മാഡം. “മാനിയ ആണോ”. ചിരി ഒരു ഗോഷ്ടിയിൽ ആയിപോയി. പക്ഷേ അടുത്തിരിക്കുന്ന ഒരു സുഹൃത്തിന്റെ മുഖം മാറുന്നത് ഞാൻ കണ്ടു. കുറേക്കാലത്തിനുശേഷം ഒരു പൊതുഇടത്‌വെച്ചു സംസാരിക്കുമ്പോൾ അയാൾക്ക് ബൈപോളാർ അസുഖത്തിന്റെ മരുന്ന് കഴിച്ച് ഭേദപ്പെട്ടതായി വെളിപ്പെടുത്തി. ശേഷം എന്നോട് അയാൾ അന്ന് CMEയിൽ ആ കമന്റ്‌ കേട്ടപ്പോൾ ഉണ്ടായ ട്രോമയെ പറ്റി പറഞ്ഞു.
Scene 6 ഒരു ക്ലാസ്സ്‌റൂം. തന്റെ വീട്ടിലെ കാര്യങ്ങൾ ടീച്ചറോട് പറയുന്ന കുട്ടി. അപ്പൻ ദിവസവും അമ്മയെ തല്ലും. ആ ആഴ്ച പതിവിലും ശാന്തമായിരുന്നു അവളുടെ മുഖം. ഇന്നും തല്ലിയോ എന്ന് ടീച്ചർ ചോദിച്ചു. “ഇല്ലാ ഇന്ന് ഗ്ലാസ്‌ എറിഞ്ഞുടച്ചു.” ഇത് കേട്ടയുടൻ ടീച്ചർ “നിന്റപ്പനെന്താ വട്ടാണോ?” പറയാൻ പോയ അടുത്ത വാക്യം അവൾ വിഴുങ്ങി. കാരണം അവളുടെ അപ്പന് മാനസികരോഗം സ്ഥിരീകരിച്ചു മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. അതിനുശേഷം സ്ഥിതി ശാന്തമാവുന്നുണ്ടായിരുന്നു. ഇക്കാര്യം എന്നോട് പറഞ്ഞത് ഞാൻ ക്ലാസ്സ്‌ എടുക്കാൻ പോയ സ്കൂളിലെ ഒരു കുഞ്ഞ്.
Scene 7 ആൺകുട്ടികളുടെ സൗഹൃദം. പ്രേമിച്ച പെണ്ണ് വിട്ടുപോയതിനു പെണ്ണിന്റെ നാടിനോട് പോലും കലിപ്പ് കത്തുന്നു. “അവളൊന്നും ജീവിച്ചിരിക്കാൻ പാടില്ല” എന്ന് പറഞ്ഞ അവനോട് “എടാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ. നിന്റെ വീട്ടുകാർക്കു മുഴോൻ വട്ടാണോ?” ഇത് കേട്ട അവന്റെ കസിൻ മാത്രം ആ പറഞ്ഞവനെ ഒന്ന് തുറിച്ചുനോക്കി. ചിരികൾ ശാന്തമായി. അവന്റെ വീട്ടിലെ വഴക്ക് കാരണം ആ വീട്ടിൽ കേറാൻ പോലും ആരും കൂട്ടാക്കാറില്ലായിരുന്നു. എല്ലാവരും മാനസികമായി പ്രശ്നം അനുഭവിക്കുന്നവരുമായിരുന്നു. മരുന്നും ഉണ്ട്. (ഒരു ബന്ധത്തിന്റെ പരിണിതഫലം പുറത്തുള്ള ഒരാൾക്ക് നിർവചിക്കാൻ ആകില്ലെന്നറിയാം. പക്ഷേ രോഗചികിത്സ ഉൾപ്പെടെയുള്ള നല്ല സപ്പോർട്ട് സിസ്റ്റം ഇല്ലെങ്കിൽ മാനസികബുദ്ധിമുട്ടുള്ളവർക്ക് ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാൻ ഇടയുണ്ട്. ഈ ആൺകുട്ടിക്ക് പ്രേമം നഷ്ടപ്പെട്ടതിലുള്ള പല കാരണങ്ങളിൽ ഒന്ന് രോഗമായിരിക്കാം)
Scene 8 (added byAnju Krishnaunder this post)
അവളുടെ അമ്മ മാനസികരോഗത്തിന് ട്രീൻറ്മെൻറ് എടുത്തിരുന്നു. അത് അവൾ അവളുടെ കാമുകനോട് പറഞ്ഞിരുന്നു. പിന്നീട് എന്തോ ചെറിയ വഴക്കിനിടയിൽ “നിൻറെ അമ്മയെ പോലെ നിനക്കും ഭ്രാന്ത് ആണ്” എന്ന് അവൻ പറഞ്ഞു. അതോടെ അവൾ ആ ബന്ധം അവസാനിപ്പിച്ച് ബൈ പറഞ്ഞു.
Scene 9 (added by a friend in inbox)
6 വർഷങ്ങൾക്ക് മുൻപ് extremely suicidal ആയിരുന്ന സമയം
ഒരു ദിവസം രാത്രി ‘എനിക്ക് മരിക്കാൻ തോന്നുന്നു ‘ എന്നു ഒരു ഫ്രണ്ടിന് മെസ്സേജ് അയച്ചപ്പോ ‘എങ്കിൽ പോയി ചത്തോ’ എന്ന് അവൾ പറഞ്ഞു. അന്ന് രാത്രി sleeping pills കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. ഒരു മാസം ഐസിയുവിൽ ആയിരുന്നു . അതിനു ശേഷം ‘നിനക്കൊക്കെ പോയി ചത്തൂടെ’ ‘നീയൊക്കെ ജീവിച്ചിരിക്കുന്നതിലും ഭേദം ചാവുന്നതാ’ ‘ പോയി ചത്തോ’ മുതലായവ ആര് പറഞ്ഞു കേട്ടാലും ഉള്ളിൽ ഒരു നീറ്റൽ ആണ്.
മേല്പറഞ്ഞ സംഭവങ്ങൾ എല്ലാം നടക്കുന്നത് ഏഴിൽ ഒരാൾക്ക് മാനസികാരോഗ്യപ്രശ്നമുണ്ട് എന്ന സ്ഥിതിവിശേഷം നിലനിൽക്കുന്ന നമ്മുടെ നാട്ടിലാണ് എന്ന് ഓർക്കണം. അതായത് പത്തുപേർ ഉള്ള ഗ്രൂപ്പിൽ ആണ് ഇത്തരം തമാശ ഉണ്ടാകുന്നതെങ്കിൽ ഒരാൾ വേദനിക്കും. അഞ്ഞൂറുപേർ ഉള്ള സിനിമ ഹാളിൽ ആണ് ഇത്തരം തമാശയ്ക്ക് ചിരി ഉയരുന്നതെങ്കിലുള്ള കാഠിന്യം ആലോചിക്കുക. ഒരാൾക്കെങ്കിലും അത് affect ചെയ്യും എന്നാണെങ്കിൽ അതാണ് നമ്മൾ പരിഗണിക്കേണ്ടത്. അല്ലാതെ ഭൂരിഭാഗം ആസ്വദിക്കുന്ന കോമഡിയെയല്ല നമ്മൾ promote ചെയ്യേണ്ടത്. ബോഡിshamingനെ പറ്റി awareness ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഒരാളുടെ അസ്ഥിത്വത്തെ shame ചെയ്യുന്നതിൽ നമ്മുടെ സമൂഹം തന്നെ മുന്നിൽ. ട്രോളുകളും സിനിമകളും എല്ലാം മുറിവേൽപ്പിക്കാത്തവയാകണം. കാര്യങ്ങൾ അത്രയ്ക്ക് നിസാരമല്ല.
ആ ഏഴിലൊരാൾ ആരുമാകാം എന്ന് മറക്കരുത്.
(ചിത്രത്തിലെ ട്രോൾ കാണിച്ച് ഈ topic എന്നോട് എഴുതാൻ പറഞ്ഞത് Dr

Nithin Jayan

ആണ്. Thanks to him. and respect.

ഇത്തരം ട്രോളുകൾക്കെതിരെ doctors ആയവർ തന്നെ പ്രതികരിച്ചുതുടങ്ങണം.)