കാമുകിയുടെ വീട്ടിൽ പോയി ആത്മഹത്യചെയ്ത കാമുകന്റെ കുടുംബത്തിന് സംഭവിച്ചത്

552

Veena JS എഴുതുന്നു 

കാമുകിമാരെ/NO പറയുന്ന പെൺകുട്ടികളെ കത്തിക്കുന്ന/കൊല്ലുന്ന “കാമുകന്മാർ” എന്ന്‌ വിളിക്കപ്പെടുന്ന ആളുകൾ ഉണ്ടല്ലോ. അവരെ പിന്തുണക്കുന്നവരുടെ ശ്രദ്ധയിലേക്കാണ് ഇത് എഴുതുന്നത്.
പെൺകുട്ടികളെ അടിക്കാനും ചതയ്ക്കാനും കൊല്ലാനും മനസ് വരും മുന്നേ ഇത്തരം കൃത്യങ്ങൾ ചെയ്തവന്മാരുടെ വീടുകളുടെ അവസ്ഥ കൂടെ നിങ്ങൾ ഒന്ന് നിരീക്ഷിക്കണം.

എനിക്കറിയുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥ പറയാം. സീന എന്ന സാങ്കല്പികനാമം. അവൾക്ക് 15 വയസ്സുള്ളപ്പോ മുതൽ നിഷാന്ത് അവളുടെ പിന്നാലെ കൂടി. Mutual പ്രേമം ഇല്ലാ. കുറെ നടന്നപ്പോൾ അവനു കാലുകൾ വേദനിച്ചു. അവന്റെയുള്ളിലെ സ്ത്രീവിരുദ്ധതയെന്ന പ്രത്യേക ചാനലുകളിലൂടെ ആ വേദന മനസ്സിലേക്കും പടർന്നു. പിന്നെ അവൾക്ക് ഭീഷണികൾ ആയി. നാട്ടുകാർ അറിഞ്ഞുതുടങ്ങി. ആളുകൾ അവനെ എതിർത്തു തുടങ്ങി. സഹിക്കാൻ വയ്യാതെ അവൻ സീനയുടെ വീട്ടിന്റെ മുന്നിൽ പോയി ആത്മഹത്യ ചെയ്തു. ഭാഗ്യത്തിന് അവളെ കൊന്നില്ല എന്ന് പറയാം.

അവന്റെ മൃതശരീരം മോർച്ചറിയിലേക്ക് മാറ്റാൻ പോലും ആരും വന്നില്ല. പോലീസ് വന്നു വളരെ പാടുപെട്ടാണ് ആളുകളെ ഒരുക്കിയത്. ഒരു ചെറിയ ചെക്കൻ മരിച്ചാൽ മോർച്ചറിയിലേക്ക് സാധാരണയായി കൂട്ടുകാരും നാട്ടുകാരും കൂടെ വലിയ ഒരു ഒഴുക്ക് തന്നെ ഉണ്ടാകും. എന്നാൽ അവന്റെ ശരീരത്തിന്റെ കൂടെ ആരെയേലും വിടാൻ പോലീസ്ന് പെടാപ്പാടായിരുന്നു. മൃതശരീരം തങ്ങൾക്ക് വേണ്ടെന്ന് വീട്ടുകാരും പറഞ്ഞു. ഒടുക്കം മുനിസിപ്പാലിറ്റി ചെലവിൽ അടക്കം ചെയ്തു.

നിഷാന്തിന്റെ മരണത്തോടെ അവന്റെ കഥ തീരുന്നില്ല. അവൻ ഉണ്ടാക്കിയ മുറിവുകൾ പടർന്നത് അവന്റെ കൂടെ ജീവിച്ച ആളുകളിലേക്കാണ്. അവൻ ഒരു പെൺകുട്ടിയോട് തെറ്റ് ചെയ്തതിന് “അവന്റെ വീട്ടുകാർ പ്രത്യേകിച്ചും സ്ത്രീകളായ വീട്ടുകാർ കൂടുതൽ ബുദ്ധിമുട്ടനുഭവിച്ചു” എന്നതിലെ സ്ത്രീവിരുദ്ധത എന്ന മനുഷ്യവിരുദ്ധത നിങ്ങൾ കാണാതെ പോകരുത്. മറ്റൊരു വീട്ടിൽ “സംരക്ഷിക്കപ്പെടേണ്ട” ഒരു പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചവന്റെ വീട്ടിലെ സ്ത്രീകളെ അപമാനിക്കുക എന്നത് ആൺലോകനീതിയാണത്രെ!!!

നിഷാന്തിന്റെ അനിയത്തി റോഡിലൂടെ നടന്നു പോകുമ്പോൾ ആളുകൾ വാക്കുകൾ കൊണ്ട് അതിക്രമിക്കാൻ തുടങ്ങി. അതിക്രമങ്ങളെ നേരിടുമ്പോഴൊക്കെ അവന്റെ അനിയത്തിയോട് അവർ “ഓഹ് ചേട്ടൻ കാണിച്ചതൊക്ക അറിയുന്നത് കൊണ്ട് എന്ത് കൂസലുണ്ടാകാനാ. നീയൊക്കെ മറ്റേ പെണ്ണിന്റെ കാല് പിടിക്കെടി” എന്ന ലൈൻ.

“ചേട്ടന്റെ അതേ സ്വഭാവമാണോടാ” എന്ന ചോദ്യങ്ങൾ അവന്റെ അനിയൻ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. കോളേജിലെ കുട്ടികൾ മുഴുവൻ അവനോട് മിണ്ടാതായി. “ഇങ്ങനുള്ള ഒരുത്തന്റെ അനിയനെ കെട്ടിയാൽ നാളെ അവനു ഭ്രാന്ത് വന്നു നിന്നെ കൊല്ലുമെടി. അല്ലെങ്കിൽ എന്നേലും ഒരിക്കൽ നിന്റെ മുറിയിൽ തൂങ്ങുമെടി” എന്ന്‌ പറഞ്ഞ് അനിയന്റെ കാമുകിയെ ആളുകൾ സ്ട്രെസ്സിലാക്കി. അവൾ ബന്ധം നിർത്തി. എല്ലാത്തിന്റെയും സ്ട്രെസ് സഹിക്കാൻ വയ്യാതെ അവൻ ആത്മഹത്യ ചെയ്തു.

അനിയത്തിക്ക് വിവാഹപ്രായമെത്തിയപ്പോൾ ചേട്ടന്റെ കഥ കാരണം വിവാഹാലോചന മുഴുവൻ മുടങ്ങി. രണ്ടാമത്തെ ചേട്ടനും ആത്മഹത്യ ചെയ്തതുകൊണ്ട് “മൊത്തം കുടുംബം മാനസികരോഗികൾ” എന്ന ലേബലായി.

അടുക്കളയിലേക്ക് സാധനം വാങ്ങാൻ പോലും ഷോപ്പിൽ പോകാൻ പറ്റാത്ത അവസ്ഥയായി. ജോലിക്ക് പോകാൻ പറ്റാതെയായി. അച്ഛൻ നാടുവിട്ടു. അമ്മയും പെങ്ങളും മാത്രം വീട്ടിലായി. രാത്രികളിൽ മാത്രം സഹായഹസ്തങ്ങളുമായി ആളുകൾ വാതിലിൽ മുട്ടാൻ തുടങ്ങിയപ്പോൾ അവർ രണ്ടുപേരും ആത്മഹത്യക്ക് ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. ഇന്നും വലിയ സന്തോഷങ്ങളൊന്നും ഇല്ലാതെ മുന്നോട്ട് പോകുന്നു.

വാർദ്ധക്യസഹജമായ രോഗത്തെ തുടർന്ന് അമ്മ മരിച്ചു. ചേട്ടന്റെ ദുഷ്‌പേരുകൊണ്ട് പെങ്ങൾക്ക് കല്യാണമാകാത്തതു കൊണ്ട് അവൾ “ഭർത്താവിന്റെ വീടല്ലാത്ത” വീടുകൾ തോറുംകേറി വീട്ടുജോലി എടുക്കുന്നു. അതുകൊണ്ട് അതിന്റെ കൂലിയെങ്കിലും കിട്ടുന്നു. ജീവൻ മുന്നോട്ട് വലിച്ചു നീക്കുന്നു.

ഇനി അവൻ പോയി തൂങ്ങിമരിച്ച പെണ്ണിനെക്കുറിച്ച് പറയാം.
സാമൂഹികആൺനീതിവെച്ച് ഉറപ്പായും കഥകൾ ഇറങ്ങി. കുറെ വിവാഹാലോചനകൾ മുടങ്ങി. പക്ഷേ അവളുടെ വീട്ടുകാർക്ക് അവളെ നിലനിർത്താൻ (നിലക്ക് നിർത്താൻ അല്ലാട്ടോ) അറിയാവുന്നത് കൊണ്ട് അവൾ കുറെ പഠിച്ചു. വിവാഹം ഒന്നാം ഓപ്ഷൻ ആയില്ല. ആ ഒരൊറ്റ കാര്യത്തിന് അവൾ അവനോട് കടപ്പെട്ടിരിക്കുന്നു. കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ അവൾക്ക് ജോലിയായി. സ്വന്തം തെരഞ്ഞെടുപ്പിൽ തന്നെ ഒരാളെ പങ്കാളിയാക്കുകയും ചെയ്തു. നിഷാന്തിന്റെ അനിയത്തി ജീവിക്കുന്ന വീട്ടിന്റെ അടുത്താണ് സിനിയുടെ ഭർത്താവിന്റെ വീട്. ആ വീടിന്റെ അടുക്കളയിൽ സിനി കൂലിയില്ലാതെ ജോലിയെടുക്കും. കെടന്ന് പെടച്ചാണെങ്കിലും കൂലിയുള്ള ജോലി നിലനിർത്തുന്നു.

NB: കൊലയാളി ആണെങ്കിൽ പോലും മരണാനന്തരം ഒരാൾക്ക് കിട്ടേണ്ടുന്ന പരിഗണന നൽകണം എന്നതും ഓർമിപ്പിക്കുന്നു. അയാളുടെ ജീവിച്ചിരിക്കുന്ന നിരപരാധികളായ ബന്ധുക്കളോടുള്ള മനുഷ്യത്വമെങ്കിലും നമ്മൾ ബാക്കിവെക്കണം. മീഡിയയോടും അതാണ് പറയാൻ ഉള്ളത്.

Advertisements