അഴുകിയ ശരീരങ്ങൾ കാണുമ്പോൾ മരിച്ച ശരീരത്തോട് ചില മര്യാദകൾ ഉണ്ടാവേണ്ടത് ജീവിച്ചിരിക്കുന്നവരെക്കൂടെ ഓർത്താവണം

502

Veena JS

വേറെ ഡോക്ടർ പോസ്റ്റ്‌മോർട്ടം പരിശോധന ചെയ്യുമ്പോൾ മോർച്ചറിയിലേക്ക് കയറേണ്ട അവസരങ്ങൾ ഇടക്ക് വരും.. വളരെകുറച്ച് നേരത്തേക്കാണെങ്കിൽ മൂക്ക് ഷോളുകൊണ്ട് ഒന്നു പൊത്തിപ്പിടിക്കും. അത് മണം കാരണമല്ല. എന്തെങ്കിലും പകർച്ചരോഗം ഉള്ള ബോഡി ആണെങ്കിലോ എന്ന ചിന്തയാൽ ആണ്. മാസ്ക് ഉപയോഗിച്ചു മാത്രമേ ഭൂരിഭാഗം സമയവും മോർച്ചറിയിൽ നിൽക്കാറുള്ളു.

അഴുകിയ ശരീരം വരുമ്പോഴുള്ള ദിവസങ്ങൾ ഓർമ്മയിലുണ്ട്. ഒരു ദിവസത്തെ അനുഭവം നിങ്ങളോട് പറയണം എന്ന് തോന്നുന്നു. ചതുപ്പിനരികെ കിടന്ന ഒരു മൃതദേഹം. മരണശേഷം കുറച്ച് ദിവസങ്ങൾക്കുശേഷമാണു ബോഡി കാണുന്നത്. ആകെ പുഴുക്കൾ അരിക്കുന്നുണ്ട്. അഴുകൽ പ്രക്രിയ കാരണം മൃതദേഹം വീർത്തിട്ടുണ്ട്(gas നിറഞ്ഞ്). തൊലി മുഴുവൻ ഇളകിയതിനാലും കൊഴുപ്പിലെ മാറ്റം കാരണവും ബോഡി ആകെ വിളറിയിട്ടുണ്ട്. വല്ലാതെ ദുർഗന്ധമുണ്ട്.

ശരീരം വാഹനത്തിലേക്ക് വെക്കാൻ പുഴയരികിലെ ആരൊക്കെയോ സഹായിച്ചു. മോർച്ചറിയിൽ എത്തുമ്പോഴേക്കും മരണവിവരം അറിഞ്ഞു ചില ബന്ധുക്കൾ എത്തി. ഓരോരുത്തരായി ബോഡിയുടെ അടുത്തേക്ക് വരുന്നു, ഉടനെ മൂക്ക് പൊത്തി മാറിനിൽക്കുന്നു. മോർച്ചറിയിൽ ഉള്ള ആകെ രണ്ടുപേരെക്കൊണ്ട് ഈ അവസ്ഥയിൽ ഉള്ള ശരീരം ടേബിളിലേക്ക് മാറ്റാൻ പറ്റില്ല. അച്ഛനോടോ മക്കളോടോ അതാവശ്യപ്പെടാൻ ആർക്കും തോന്നുകയും ഇല്ലാ.
അച്ഛൻ, അമ്മ, ജീവിതപങ്കാളി, മക്കൾ കൂടപ്പിറപ്പുകൾ, അടുത്ത സുഹൃത്തുക്കൾ എന്നിവർക്ക് ഈ അവസ്ഥയിൽ ഉള്ള ശരീരം കണ്ടാൽ എന്നേക്കുമായി മാനസികപോറലുകളേൽക്കാൻ സാധ്യതയുമുണ്ട്. ഒടുവിൽ ഒരുപാട് തവണ ആവശ്യപ്പെട്ടപ്പോൾമാത്രം രണ്ടുമൂന്നുപേർ മുന്നോട്ട് വന്നു.

അഴുകിയ മണം മാറ്റാനും പുഴുക്കളെ അകറ്റാനും അതിലൊരാൾ ടർപ്പൻറ്റൈൻ ഓയിൽ തേടുന്നുന്നുണ്ട്. മൃതദേഹത്തിൽ യാതൊരു മാറ്റവും വരുത്താൻ പാടുള്ളതല്ല. മൃതദേഹത്തിൽ നിന്നുള്ള മണം പോലും ഒരു ഫോറൻസിക് ഡോക്ടറെ സംബന്ധിച്ചു വളരെ വലുതാണ്. മൃതദേഹത്തിൽ ഉള്ള പുഴുക്കളുടെ സാന്നിധ്യവും പ്രാധാന്യമുള്ളതാണ്. മണം, പുഴുക്കൾ എന്നിവ മാറ്റാൻ ഒരുകാരണവശാലും മുതിരരുത്. മൃതദേഹം എപ്രകാരമാണോ കണ്ടെത്തിയത് അതേ രീതിയിൽ വേണം ഫോറൻസിക് ഡോക്ടറുടെ സമീപം അതെത്താൻ. (Dr M R Chandran said “it is the last chance of a human being to say something about their death”, ഒരാൾക്ക് അയാളുടെ മരണകാരണം പറയാൻ ലഭിക്കുന്ന അവസാനത്തെ അവസരമാണ് മൃതദേഹപരിശോധന- his student Dr Arunkumar remembers)

അഴുകിയ ശരീരങ്ങൾ കാണുമ്പോഴല്ല, ആ മൂക്കുപൊത്തലുകൾ കാണുമ്പോൾ ആണ് സ്വന്തം ശരീരം ഈയൊരു അവസ്ഥയിൽ ആവല്ലേ എന്ന് വിചാരിച്ചുപോകുന്നത്. മരിച്ച ശരീരത്തോട് ചില മര്യാദകൾ ഉണ്ടാവേണ്ടത് ജീവിച്ചിരിക്കുന്നവരെക്കൂടെ ഓർത്താവണം. ദുർഗന്ധം അനുഭവപ്പെടും. പക്ഷേ ആ മൂക്കുപൊത്തലുകൾ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കുണ്ടായ മുറിവിന്റെ ആഴം കൂട്ടരുത്. ഹീറോയിസം കാണിക്കാനുള്ള സ്ഥലവുമല്ല മോർച്ചറി എന്ന് ഓർക്കേണ്ടതുണ്ട്. ചില മൃതശരീരങ്ങൾ കാഴ്ച്ചയിൽ ബുദ്ധിമുട്ടുണ്ടാക്കും. അത് കാണുന്നത് ഹീറോയിസം ആണെന്ന് വിചാരിക്കുന്നവർ ഉണ്ട്. Stress ഉണ്ടെന്നു തോന്നിയാൽ മാറിനിൽക്കണം. സഹായം തേടണം.

പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം അഴുകൽ പ്രക്രിയയുടെ തോത് വർധിക്കും. കോൾഡ് ചേംബർ ഇല്ലെങ്കിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഒരുപാട് താമസിക്കാതെ മൃതദേഹം മറവുചെയ്യാനും ശ്രമിക്കേണ്ടതാണ്.

മോർച്ചറിഭാഗത്തേക്ക്‌ വരുന്ന എല്ലാവരും മാസ്ക് ധരിക്കേണ്ടതാണ്. മൃതദേഹം കൈകാര്യം ചെയ്യുന്നവർ (ആരോഗ്യപ്രവർത്തകരോ, ആംബുലൻസ് ജീവനക്കാരോ, മോർച്ചറിക്ക് സമീപമിരിക്കുന്ന സെക്യൂരിറ്റിസ്റ്റാഫോ ആരോ ആകട്ടെ.. മൃതദേഹത്തിനു സമീപം നിൽക്കുന്ന നേരം നിർബന്ധമായും മാസ്ക് ധരിക്കണം.) മാസ്ക് വെച്ചാലും മണം അനുഭവപ്പെടും. അഴുകിയ ശരീരത്തിന് രൂക്ഷഗന്ധമുണ്ടാവും. ഏതൊരാളുടെയും മൃതശരീരം നിശ്ചിതസമയത്തിൽകൂടുതൽ മറവുചെയ്യപ്പെടാതെ കിടന്നാൽ ഇപ്രകാരം മണക്കും എന്നോർക്കുക. ചത്തുചീയുന്ന എലിക്കും അഴുകിയ മനുഷ്യശരീരത്തിനും ഒരേ ഗന്ധമാണ്. (ഏതെങ്കിലും ശരീരഭാഗം വല്ലാതെ പഴുത്താലും ഇതാണ് അവസ്ഥ).

മോർച്ചറിയിൽ ജോലി ചെയ്യുന്നവർ എന്തോ പാപം ചെയ്യുന്നത് പോലെ അവരെ മാറ്റിനിർത്തുന്നവരുണ്ട്. അവരെ “ശവത്തോട് കാമമുള്ള ആൾ” എന്ന വൃത്തികെട്ട “തമാശ” പറഞ്ഞ് പരിഹസിക്കുന്നവരുണ്ട്.
“ഓഹ് നിങ്ങടെ രോഗിയെ എങ്ങനെ treat ചെയ്താലും നിങ്ങൾക്ക് അടിയൊന്നും കിട്ടില്ലല്ലോ”,
“നിനക്കതിനു രോഗിയെ നോക്കാൻ അറിയുമോ”, “ശവത്തോടല്ലേ കൂട്ട്”,
“ശവം കീറി”,
“നിനക്കെന്തിനാ സ്റ്റെതസ്കോപ്. ശവത്തിനെ നോക്കുമോ അതും വെച്ച്” എന്ന വൃത്തികേടുകൾ പറയുന്നവർ ഉണ്ട്.

സ്വയം ആ മനുഷ്യരുടെ സ്ഥാനങ്ങളിൽ നിന്ന് ഈ തമാശ ആസ്വദിക്കാൻ ശ്രമിക്കുക. എന്നിട്ടും കുഴപ്പമില്ലെങ്കിൽ തമാശ തുടർന്നോളൂ. നിങ്ങളുടെ ചിന്തിക്കുന്ന അവയവത്തിൽ സ്നേഹത്തിന്റെ കുറവുണ്ട്. അത് നിറയുമ്പോൾ നിങ്ങൾ നന്നാവും. പ്രതീക്ഷ ബാക്കി വെക്കണമല്ലോ.

അഴുകിയ മൃതദേഹങ്ങൾ കാണുമ്പോൾ അറപ്പ് കാണിച്ചിട്ടുള്ള ഒരൊറ്റ മനുഷ്യനെ പോലും മോർച്ചറികളിൽ ഞാൻ കണ്ടിട്ടില്ല. അവരാരും മൃതദേഹങ്ങൾ കണ്ട്കണ്ട് ആ ഒരു ഔന്നത്യത്തിലേക്ക് നീങ്ങിയതുമല്ല. മരണം അത്രമാത്രം സ്വാഭാവികമാണെന്നും അതേത് രൂപത്തിൽ എവിടെ വെച്ചും വരാമെന്നുമുള്ള തിരിച്ചറിവ് മോർച്ചറിയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതലായി ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്.

അഴുകിയതോ അല്ലെന്നോ തരം തിരിവില്ലാതെ ഒരിക്കൽ പോലും “അയ്യേ” എന്ന് പറഞ്ഞ് മൂക്ക് പൊത്താതെ, മൃതദേഹങ്ങളെ കുളിപ്പിച്ച് പറ്റാവുന്നത്ര വൃത്തിയാക്കി, എത്ര തിരക്കിലും പരാതിയില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന തിരുവന്തപുരത്തെ എന്റെ പ്രിയപ്പെട്ട ചേട്ടന്മാരെ (Rajan Slwa, Johnson, Binu Kumar, Shaji) ഇന്നും ഓർക്കുന്നു. ഏത് കേസ് ആണെങ്കിലും ഏറ്റവും ആത്മാർഥമായി മൃതദേഹം കൈകാര്യം ചെയ്യുന്ന പോലീസുകാരെയും(പ്രത്യേകിച്ച് ചാർജ് CPO) നന്ദിയോടെ ഓർക്കുന്നു.