വേശ്യ എന്ന വാക്ക് മോശമായി തോന്നാത്തവർ ഉണ്ടോ?

453

Veena JS

വേശ്യ എന്ന വാക്ക് മോശമായി തോന്നാത്തവർ ഉണ്ടോ? അതിനെ പ്രകീർത്തിക്കുന്നവർ ഉണ്ടോ? ഇടക്ക് ഞാനും ഒരു പ്രൊഫൈൽ ഫോട്ടോ ഇട്ടിരുന്നു “വെടി” എന്ന വാക്കിന്റെ വിശദീകരണം. ഇതൊക്കെ ആ വാക്കിനെ മഹത്വവൽക്കരിക്കൽ ആണോ? ഒരിക്കലുമല്ല. വേശ്യ എന്ന വാക്കിനോടുള്ള റെസിസ്റ്റൻസ് ആണ് അത്. ആ റെസിസ്റ്റൻസ് ഉണ്ടാവേണ്ടതുണ്ട്. കാരണം സമൂഹത്തിൽ വേശ്യ എന്നത് മോശമായ പദത്തിലുപരി ആ തൊഴിൽ ചെയ്യേണ്ടിവരുന്നവരുടെ അല്ലെങ്കിൽ ആ തൊഴിലിലേക്ക് എത്തിപ്പെടുന്നവരുടെ അവസ്ഥകളെ അഡ്രെസ്സ് ചെയ്യേണ്ടതുണ്ട്. ഒരാൾ അയാളുടെ സർവ്വാധികാരം ഉപയോഗിച്ച് ആ തൊഴിലിനിറങ്ങുന്നത് പോലും മഹത്വവത്കരിക്കേണ്ട കാര്യമില്ല. ആ തൊഴിൽ ചെയ്യുന്നവർക്കും അവരുമായി ബന്ധപ്പെടുന്നവർക്കും inherent ആയി കടന്നുപോകേണ്ടി വരുന്ന റിസ്കുകൾ ആണ് അതിനു കാരണം. ലൈംഗികജന്യരോഗങ്ങൾ തൊട്ട് മാനസികബുദ്ധിമുട്ടുകൾ വരെ അതിലുണ്ട്. ഒരു സദാചാരബാക്ക്ഗ്രൗണ്ട് കൾച്ചർ നിലനിൽക്കുന്ന സമൂഹത്തിൽ അതിനു നേരെ വിപരീതമായി നിൽക്കുന്ന ആളുകൾ കടന്നുപോകേണ്ടുന്ന സ്ട്രെസ് വിലകുറച്ചുകാണരുത്.

സ്ത്രീകളെ വേശ്യ എന്ന്‌ വിളിക്കുന്നവർ വേശ്യ എന്ന്‌ വിളിക്കപ്പെടുന്നവരുടെ അടുത്തുപോകുന്നവർക്കിടയിൽ മാത്രമല്ല ഉള്ളത്. സെക്സ് കിട്ടാത്തവരുടെ ഇടയിൽ മാത്രവുമല്ല. അത്തരം വിളിക്കാർ വീടുകൾക്കുള്ളിലും ഓഫീസ് ചുമരുകൾക്കിടയിലും messenger-whatssap-telegram തുടങ്ങിയ ഓൺലൈൻ ചാറ്റ് റൂമുകൾക്കുള്ളിലും ഉണ്ട്. അതിനേക്കാൾ ഭയാനകമായി നമ്മുടെ സൗഹൃദവലയങ്ങൾക്കുള്ളിൽ ഉണ്ട്. പലരും വിസിബിൾ അല്ല. ഒരിക്കലും വിസിബിൾ ആവുകയുമില്ല. തക്കം പാർക്കാതെ ആണെങ്കിൽപോലും തക്കം കിട്ടുമ്പോൾ പുറത്ത് വരുന്നവരാണ് അവർ.

സ്വന്തം ഇഷ്ടത്തിന് വേശ്യാവൃത്തി സ്വീകരിച്ചവരെ കണ്ടിട്ടുണ്ട്. അവരുടെ സ്വയം അധികാരത്തെ പറ്റി മാത്രമേ നമുക്കറിയൂ. അതിനവരും അവരുടെ കുടുംബത്തിലും ചുറ്റുവട്ടത്തും ഉള്ളവരും അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ള പ്രശ്നങ്ങൾ ആണ് ആദ്യം പരിഗണിക്കേണ്ടത്. “എളുപ്പത്തിൽ കിട്ടുന്ന കാശ്” എന്ന് കേട്ടാൽ കൗതുകം തോന്നേണ്ടതില്ല എന്നർത്ഥം. ഒരുദാഹരണം പറയാം. എനിക്കറിയുന്ന ഒരു സെക്സ് വർക്കർ ഉണ്ട്. അവൾക്ക് ഒരു ഇരട്ടസഹോദരിയുണ്ട്. സെക്സ് work ചെയ്യുന്നവൾ ആണെന്ന് കരുതി മറ്റേ സഹോദരിയെ ഒരാൾ സമീപിച്ചു. അവൾ പറ്റില്ലെന്ന് പറഞ്ഞു. പക്ഷേ അയാൾ അവളെ ബലമായി പിടിച്ചു കൊണ്ടുപോയി അതിക്രമിച്ചു. അതിക്രമിക്കാത്ത ഒരവസ്ഥ ഒരു വെറും വികസ്വരരാഷ്ട്രമായ നമ്മുടെ നാട്ടിൽ എന്നെങ്കിലും ഉണ്ടാകുമോ എന്നറിയില്ല. ആ അവസ്ഥയില്ലായ്മക്കെതിരെയാണ് വേശ്യ എന്ന വിളിക്കെതിരെയുള്ള റെസിസ്റ്റൻസ് ഉയരേണ്ടത്.

ആൺവേശ്യ എന്ന വാക്കില്ലാത്തതിൽ വിഷമിക്കണ്ട കാര്യവുമില്ല. ആൺവേശ്യ ഉണ്ടായാലും മേല്പറഞ്ഞ സാഹചര്യങ്ങൾ മാറുകയില്ല. അയാളുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാവർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും. ഒരു വികസ്വരരാഷ്ട്രം ആണോ അല്ലയോ എന്നതിനപ്പുറം സെക്സ് involved ആവുന്ന എന്തിലും ചൂഷണം ഒളിഞ്ഞുകിടക്കും. സെക്സ് എന്നത് അത്രമേൽ വലിയ ഒരുൽപ്പന്നമോ ചരക്കോ ഒക്കെയാണ്. പെണ്ണ് പിടിക്കാൻ വേണ്ടി സിനിമ എടുക്കൽ എന്നത് പോലും തമാശക്കപ്പുറം സത്യമാണെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

അഞ്ചു വർഷത്തേക്ക് വേശ്യാവൃത്തി ചെയ്തുകഴിഞ്ഞു പിന്നീട് വേറെ തൊഴിൽ കുടുംബം എന്നിവ നോക്കാം എന്ന് വിചാരിച്ചാൽ പോലും ഒരു മാറ്റം എന്നത് ഏതുപോലുള്ള മാറ്റം ആവുമെന്ന് ആദ്യം ചിന്തിക്കേണ്ടിവരും. മാറ്റം എന്നത് സ്വയം മാത്രമല്ല. നമുക്ക് ചുറ്റിലുമുള്ളവരുടേത് കൂടെയാണ്. അവർക്കും സുരക്ഷിതമായ അവസ്ഥ ഉണ്ടാവണം.

കോളേജിൽ എനിക്ക് വെടിവിളി കേൾക്കേണ്ടിവന്നിട്ടുണ്ട്. അന്ന് അതേ കോളേജിലെ ജൂനിയർ ആയ ഒരുത്തൻ (ഇപ്പോൾ ഫേസ്ബുക്കിലെ ഒരു പ്രധാനബുദ്ധിജീവി) എന്റെ ഫോൺ നമ്പർ ആളുകൾക്ക് കൊടുത്ത് “വേഗം കിട്ടും” എന്ന്‌ പറഞ്ഞിട്ടുണ്ട്. കിട്ടാൻ ഒത്തിരി പാടാണെന്നും വേറെ പലതും കിട്ടുമെന്നും ഞാൻ തെളിയിച്ചിട്ടുമുണ്ട്. പക്ഷേ അതുണ്ടാക്കിയ trauma വളരെ വലുതായിരുന്നു. കൂടെ ഉണ്ടായിരുന്ന പെൺകുട്ടികൾ എല്ലാം വെടിവിളി കേട്ട് പിന്മാറി. അവരോട് ഒരു വെറുപ്പും ഇന്നില്ല. ആരും ചെയ്യുന്നതേ അവരും ചെയ്തിട്ടുള്ളു. എന്ത് ധൈര്യത്തിലാണ് കൂടെ നിൽക്കുക? വെടിയുടെ friend വെടിയാണെന്നും അതിക്രമിക്കപ്പെടേണ്ടവൾ ആണെന്നും വിചാരിക്കുന്ന ബാക്ക്ഗ്രൗണ്ട് സംസ്കാരമുള്ള സ്ഥലത്ത് അത്തരത്തിലുള്ള ഒറ്റപ്പെടുത്തൽ പോലും ന്യായീകരിക്കപ്പെടണം. അത്രമാത്രം ചതിക്കുഴികൾ നമുക്ക് ചുറ്റുമുണ്ട്. വേശ്യ എന്നവൾ ഉറപ്പായും അതിക്രമിക്കപ്പെടണം എന്ന വൃത്തികെട്ട തത്വം വേറെ !

വേശ്യ എന്ന വിളിയെ മേൽപ്പറഞ്ഞ അതേകാരണങ്ങളാൽ ഭയക്കുകയും വേണം എന്നാണ് ഗതികേടിന്റെ അഭിപ്രായമായി എനിക്ക് പറയാനുള്ളത്.

ഒരൊറ്റ അപേക്ഷ മാത്രമേ ഉള്ളൂ. അയാളെ ഇനിയും നന്മമരം എന്ന സർക്കാസത്തിൽ ഒതുക്കരുത്. അയാളെ സ്ത്രീകളെ അകപ്പെടുത്താൻ തക്കം നോക്കാതെ എന്നാൽ തക്കം കിട്ടിയാൽ വരുന്നവനായി മാത്രം വിശേഷിപ്പിക്കുക.