ഇഷ്ടതാരങ്ങളുടെ സിനിമ തിയേറ്ററിൽ കാണാൻ പോകുന്നവർക്കു സ്ക്രീനിൽ താരത്തിന്റെ മുഖം തെളിയുമ്പോൾ ആവേശം ഉണ്ടാകുന്നത് സ്വാഭാവികമാണ്, പ്രത്യകിച്ചും ഇന്ത്യയിൽ. തെന്നിന്ത്യയിൽ ആണ് ഈ രീതികൾ കൂടുതലായി കാണപ്പെടുന്നത്. തമിഴും തെലുങ്കും ഈ പ്രവണതയിൽ അതിന്റെ പരിധികൾ ലംഘിക്കാറുണ്ട്. തെലുങ്കിൽ ഏറെ ആരാധകർ ഉള്ള ഒരു നടനാണ് ബാലകൃഷ്ണ എന്ന ബാലയ്യ. ഒടുവിൽ റിലീസ് ചെയ്ത ബാലകൃഷ്ണ സിനിമയാണ് വീരസിംഹറെഡ്ഢി. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് സിനിമ.
തിയേറ്ററിൽ തങ്ങളുടെ പ്രിയതാരത്തെ കണ്ടു അലറി വിളിക്കുന്ന ബാലകൃഷ്ണയുടെ ആരാധകർ ഇപ്പോൾ പണി മേടിച്ചിരിക്കുകയാണ്. അമേരിക്കയിലെ ഒരു തീയേറ്ററിലാണ് സംഭവം. ആരാധകരുടെ അതിരുവിട്ട ആവേശപ്രകടനം മൂലം യുഎസ്എയിലെ ഒരു സിനിമാ ഹാളില്‍ വീരസിംഹ റെഡ്ഡിയുടെ പ്രദര്‍ശനം ഇന്ന് പെട്ടെന്ന് നിര്‍ത്തിവെക്കേണ്ടി വന്നു.തീയേറ്ററില്‍ ആവേശഭരിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയത്. ഇതു സംബന്ധിച്ച് പുറത്തുവന്ന ഒരു വീഡിയോയില്‍, ഒരു തിയേറ്റര്‍ പ്രതിനിധി താന്‍ മുമ്പ് ഇത്തരമൊരു സംഭവം കണ്ടിട്ടില്ലെന്ന് ആരാധകരോട് വിളിച്ചു പറയുന്നുണ്ട്.
തിയേറ്ററിൽ വലിച്ചെറിഞ്ഞ പേപ്പറുകള്‍ക്ക് നേരെ ചൂണ്ടി അത് അംഗീകരിക്കാനാവില്ലെന്ന് തിയേറ്റർ ഉദ്യോഗസ്ഥൻ പറയുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന് ജനക്കൂട്ടത്തോട് തീയേറ്റര്‍ വിടാന്‍ നിര്‍ദ്ദേശിക്കുന്നതും കാണാം.ഇത്തരത്തിൽ പേപ്പറുകള്‍ എറിയുകയും അലറിവിളിക്കുകയും ചെയ്യുന്നത് ഇന്ത്യയിൽ ഒരു സാധാരണ സംഭവമെങ്കിലും അമേരിക്കയിൽ ഇത് അംഗീകരിക്കപ്പെട്ടിട്ടില്ല., അമേരിക്കയിൽ ഇന്ത്യൻ സിനിമകൾ, പ്രത്യകിച്ചും തെലുങ്ക് സിനിമകളുടെ ആരാധകർ നാണക്കേടുണ്ടാക്കുന്ന അവസ്ഥയാണ് നിലവിൽ.