പ്രാദേശിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പൗരത്വ ബിൽ

വെള്ളാശേരി ജോസഫ്

ഇന്ത്യൻ മുസ്ലീങ്ങളെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തുന്നു; പൗരത്വ ബിൽ മുസ്ലീങ്ങൾക്ക്‌ എതിരാണ് എന്നൊക്കയാണ് ആരോപണം. ബി.ജെ.പി. -യും, സംഘ പരിവാർ സംഘടനകളും മുസ്‌ലീം വിരോധം കത്തിച്ചുനിർത്തി ഹിന്ദു ഏകീകരണം ഉണ്ടാക്കാനും ശ്രമിക്കുന്നു. പക്ഷെ വാസ്തമെന്താണ്? ഈ പൗരത്വ ബിൽ ഏറ്റവും വലിയ പാരയാകാൻ പോകുന്നത് ഇൻഡ്യാ മഹാരാജ്യത്തെ ഹിന്ദുക്കൾക്ക്‌ തന്നെയാണ്. ‘റീജനൽ ഇമ്പാലൻസ്’ ഉണ്ടാക്കി ബംഗാളിലും, ആസാമിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഈ പൗരത്വ ബിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ സംസ്ഥാനങ്ങളിലെ ഹിന്ദുക്കളും മുസ്‌ലീങ്ങളും ഒരുപോലെ പൗരത്വ ബില്ലിനെ എതിർക്കാനുള്ള കാരണവും അതാണ്. ഇത് കേവലം ഹിന്ദു Vs മുസ്‌ലീം പ്രശ്നമല്ല എന്ന് മനസ്സിലാക്കണമെങ്കിൽ വസ്തുതകൾ കുറച്ച് ആഴത്തിൽ പഠിക്കണം എന്ന് മാത്രം.

നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റിയിൽ (നെഹു) പഠിച്ച ഇതെഴുതുന്നയാളുടെ ഒരു സുഹൃത്ത് പറഞ്ഞിട്ടുള്ളത് അവിടെ ബംഗാളികൾക്കെതിരെ അക്രമം ഉണ്ടാവുന്നത് സർവ സാധാരണം ആയിരുന്നു എന്നാണ്. ഒരിക്കൽ ഷില്ലോങ്ങിലൂടെ നടന്ന മലയാളികളായ അവർ 3 പേരെ തദ്ദേശീയർ തടഞ്ഞു നിർത്തി. അവരുടെ ഡിമാൻഡ് ആണ് രസകരം: അവർക്ക് ഒന്ന് ‘കൈകാര്യം ചെയ്യാൻ’ ഒരു ബംഗാളിയെ കിട്ടണം!!! ജനസംഖ്യ കൂടിയ പശ്ചിമ ബംഗാൾ മൊത്തം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സൃഷ്ടിച്ച പ്രശ്നമാണിത്. ബംഗാളികൾ കൂട്ടത്തോടെ മേഘാലയം, ത്രിപുര, ഒറീസ – തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അനേകം വർഷങ്ങളായി കുടിയേറിക്കൊണ്ടിരിക്കയാണ്. 2011-ലെ സെൻസസ് പ്രകാരം ത്രിപുരയിൽ ബംഗാളി സംസാരിക്കുന്നവർ 70 ശതമാനത്തോളമാണ്; കൃത്യമായി പറഞ്ഞാൽ, 63.43%. അവിടെ ലോക്കൽ ഭാഷയായ ത്രിപുരി സംസാരിക്കുന്നവർ 30 ശതമാനമായി ചുരുങ്ങി; കൃത്യമായി പറഞ്ഞാൽ, 25.88%.

കൊളോണിയൽ കാലത്തു നിന്ന് തുടങ്ങിയ ഈ ‘ഇൻറ്റർ സ്റ്റെയ്റ്റ് മൈഗ്രെഷൻ’ പല വംശീയ പ്രശ്നങ്ങൾ ആസാമിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും സൃഷ്ടിച്ചിട്ടുണ്ട്. ബംഗാളികൾ മാത്രമല്ലാ കുടിയേറ്റക്കാർ; കുടിയേറ്റകാരായി ബർമീസ് ജനതയുണ്ട്; ടിബറ്റൻ ജനതയുമുണ്ട്.

1970-കളിൽ ബംഗ്ളാദേശിന് വേണ്ടി നടന്ന സമരമാണ് കുടിയേറ്റത്തിന് പുതിയ മാനങ്ങൾ സൃഷ്ടിച്ചത്. അന്നുതൊട്ട് 2019 വരെ ഈ ഏകദേശം 50 വർഷങ്ങൾക്കുള്ളിൽ ബംഗ്ളാദേശിൽ നിന്ന് എത്ര പേർ കുടിയേറി എന്നു ചോദിച്ചാൽ ആർക്കും കൃത്യമായ ഒരു ഉത്തരവും ഇല്ലാ. 2000 കിലോമീറ്ററുകളോളം നീളുന്ന അതിർത്തിയിൽ കൃത്യമായ ഒരു പരിശോധനയും പലപ്പോഴും ഇല്ലായിരുന്നു. 1970-കളിൽ പാക്കിസ്ഥാൻ പട്ടാളമാകട്ടെ, ഭീകരമായ അടിച്ചമർത്തൽ ആണ് ഇന്നത്തെ ബംഗ്ലാദേശിൽ നടത്തിയത്. ഏകദേശം 2 ലക്ഷത്തോളം സ്ത്രീകൾ അന്നവിടെ ബലാത്‌സംഗം ചെയ്യപ്പെട്ടു എന്നാണ് ഒരു ഏകദേശ കണക്ക്. ഇത്തരത്തിലുള്ള അടിച്ചമർത്തലും, ദാരിദ്ര്യവും, അസമത്വവും എല്ലാം ചേർന്ന് ഈ 50 വർഷ കാലയളവിൽ രണ്ടര കോടി അഭയാർത്ഥികളെ സൃഷ്ടിച്ചു എന്നും പറയപ്പെടുന്നു. ട്രേയ്ഡ് യൂണിയൻ ഗുണ്ടായിസം ഒരുകാലത്ത് വ്യവസായവൽക്കരണത്തിൽ മുമ്പന്തിയിലായിരുന്ന പശ്ചിമ ബംഗാളിലെ അനേകം ഫാക്റ്ററികൾ പൂട്ടിച്ചു. ചുരുക്കം പറഞ്ഞാൽ ഇവിടെ യഥാർത്ഥ വില്ലൻ തൊഴിലില്ലായ്മയും, ദാരിദ്ര്യവും, അസമത്വവും, അടിച്ചമർത്തലും ഒക്കെയാണ്.

പശ്ചിമ ബംഗാൾ, ആസാം, ഒറീസ, ബീഹാർ – ഈ സംസ്ഥാനങ്ങളിൽ നിന്നൊക്കെയുള്ള പാവപ്പെട്ടവർ തൊഴിൽ തേടി അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു; ശാരീരിക അധ്വാനവും, ‘റിസ്‌ക്കും’ വേണ്ട പല തൊഴിലുകളിലും ഇവർ ഏർപ്പെടുകയും ചെയ്യുന്നു. പല ‘ഇൻഡസ്ട്രിയൽ ട്രാജഡികളിലും’ കൊല്ലപ്പെട്ടവർ ഇവിടുന്നുള്ളവർ തന്നെ. ഈയിടെ ഒരു ഡൽഹി പ്ലാസ്റ്റിക്ക് ഫാക്റ്ററിയിൽ ഉണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ട 40-ലേറെ പേർ ബീഹാർ-ബംഗാൾ സ്വദേശികൾ ആയിരുന്നല്ലോ. 1984 ഡിസംബർ 2-ന് ഉണ്ടായ ‘ഭോപ്പാൽ ഗ്യാസ് ട്രാജഡി’ – യിൽ കൊല്ലപ്പെട്ടവരിൽ കൂടുതലാകട്ടെ, ഭോപ്പാലിലെ ‘ഒറിയ ബസ്തിയിൽ’ നിന്നുള്ളവരായിരുന്നു.

ഈ ദാരിദ്ര്യം നേരിടാൻ രാഷ്ട്രീയകാർക്ക് താൽപര്യമില്ല. ദാരിദ്ര്യ നിർമാർജനത്തിനു പകരം അവർ വംശീയ പ്രശ്നം കുത്തിപൊക്കി വോട്ടാക്കി മാറ്റാൻ ശ്രമിക്കുകയാണ്. വംശീയ പ്രശ്നവും നല്ലതുപോലെ പല സ്ഥലങ്ങളിലും ഉണ്ട്. ആസാമിൽ, 1991സെൻസസ് പ്രകാരം ആസാംകാർ 58 ശതമാനവും, ബംഗാളികൾ 22 ശതമാനവും ആയിരുന്നു. 2011 സെൻസസ് പ്രകാരം ആസാംകാർ 48 ശതമാനം ആയി ചുരുങ്ങി; ബംഗാളികൾ ഈ 10 വർഷത്തെ കാലയളവിൽ 8 ശതമാനം വർധിച്ച് 30 ശതമാനമായി മാറി. ആസാമിലെ ‘ബറാക്’ മേഖല ബംഗാളി ഹിന്ദുക്കൾക്ക്‌ മേൽകൈ ഉള്ളതായി മാറി. ഇവിടെ ആസാമീസ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കപെടുന്നില്ല. ആസാമിലെ മൊത്തമുള്ള 32 ജില്ലകളിൽ, 26 ജില്ലകളിലും ഈ വംശീയ പ്രശ്നങ്ങൾ ഉണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

ബംഗാളികൾക്കെതിരെ ആസാമിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ പ്രാദേശിക വികാരം ഉള്ളപ്പോൾ, പശ്ചിമ ബംഗാളിലെ സ്ഥിതി എപ്രകാരമാണ്? ബംഗാളികളെ പോലെ ഭാഷാ പ്രേമം ഉള്ളവർ ഇന്ത്യയിൽ തന്നെ ചുരുക്കമാണ്. പക്ഷെ മധ്യ വർഗത്തിൻറ്റെ ഈ ഭാഷാ പ്രേമത്തിനപ്പുറമാണ് സാമ്പത്തിക അസന്തുലിവസ്ഥ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ. ബംഗാളിനെ ഇന്നത്തെ രീതിയിൽ ദരിദ്രമാക്കിയതിന് പലരും കുറ്റപ്പെടുത്തുന്നത് ബംഗ്ളാദേശിൽ നിന്നുള്ള അഭയാർത്ഥികളെയാണ്. ഡൊമിനിക്ക് ലാപ്പിയറിൻറ്റെ പ്രശസ്തമായ ‘സിറ്റി ഓഫ് ജോയ്’ ആ ദാരിദ്ര്യം വളരെ ‘ഗ്രാഫിക്കായി’ കാണിക്കുന്നും ഉണ്ടല്ലോ. രക്തം വിറ്റും, മരണശേഷം തങ്ങളുടെ എല്ലുകൾ വിറ്റും പെൺമക്കളുടെ വിവാഹം നടത്താൻ യത്നിക്കുന്ന പിതാക്കൻമാർ; സ്വന്തം സഹോദരങ്ങളുടെ വിശപ്പടക്കാൻ ഭിക്ഷയാചിക്കുകയും, വേശ്യാവൃത്തിയിൽ ഏർപ്പെടുകയും ചെയ്യുന്ന സഹോദരിമാർ – ബെസ്റ്റ് സെല്ലറായി മാറിയ ‘സിറ്റി ഓഫ് ജോയ്’ – ഇതൊക്കെ നന്നായി പറയുന്നുണ്ട്. പിന്നീട് ‘സിറ്റി ഓഫ് ജോയ്’ സിനിമയാക്കാനായി ഷൂട്ടിംഗ് നടന്നപ്പോൾ അനേകം കൽക്കട്ടാക്കാർ പ്രതിഷേധിച്ചു – തങ്ങളുടെ പ്രിയപ്പെട്ട നഗരത്തെ ഡൊമിനിക്ക് ലാപ്പിയർ മോശമായി ചിത്രീകരിച്ചു എന്നു പറഞ്ഞുകൊണ്ട്. പക്ഷെ ‘സിറ്റി ഓഫ് ജോയ്’ – യിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വസ്തുതകളല്ലെന്ന് അവരാരും പറയാനും ധൈര്യപെട്ടില്ല!!!

ഇത്തരം ദാരിദ്ര്യവും, വംശീയ പ്രശ്നങ്ങളും വോട്ടാക്കി മാറ്റാൻ യത്നിക്കുന്നതിന് പിന്നിൽ ബി.ജെ.പി.-ക്കും, സംഘ പരിവാറുകാർക്കും ‘അഖണ്ഡ ഭാരതത്തെ’ കുറിച്ചുള്ള സങ്കൽപ്പങ്ങൾ മാത്രമല്ല കാരണം. സമ്പദ് വ്യവസ്‌ഥയുടെ അവസ്ഥ ഈയിടെ വളരെ ആശങ്കാജനകമായി കഴിഞ്ഞു. ‘പെർഫോമൻസ് അസസ്‌മെൻറ്റ്’ എന്നുപറഞ്ഞുകൊണ്ട് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ പലർക്കും നോട്ടീസ് നൽകികഴിഞ്ഞു. ചിലർക്കൊക്കെ ‘കമ്പൾസറി റിട്ടയർമെൻറ്റും’ കൊടുത്തുകഴിഞ്ഞു. ബി.എസ്.എൻ.എല്ലിൽ എഴുപത്തിനായിരത്തോളം പേരാണ് ‘വോളൻറ്ററി റിട്ടയർമെൻറ്റിന്’ അപേക്ഷിച്ചിരിക്കുന്നത്. അവരിൽ മിക്കവരും സ്വമനസാലെ ചെയ്തിരിക്കുന്ന പരിപാടി അല്ലിത്. ജോലി പോകും എന്ന് പേടിച്ചാണ് റിട്ടയർമെൻറ്റിന് അപേക്ഷിച്ചിരിക്കുന്നത്. ഓട്ടോമൊബൈൽ സെക്റ്ററിൽ ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുകഴിഞ്ഞു.

കഴിഞ്ഞ ഒക്ടോബർ 2019-ലെ കണക്കനുസരിച്ച് മുൻ വർഷത്തേക്കാൾ വ്യവസായികോൽപാദനം 3.8 ശതമാനം ഇടിഞ്ഞു. ഫാക്ടറി ഉൽപ്പാദനം, ഖനനം, വൈദ്യുതോൽപ്പാദനം – ഈ മേഖലകളിൽ കനത്ത ഇടിവാണെന്നാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള ‘സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ്’ തന്നെ പറയുന്നത്. 28 വ്യവസായ മേഖലകളിൽ 18 എണ്ണത്തിനും ഇടിവാണ്. വിലകയറ്റതോത് 3 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തികഴിഞ്ഞു. പല സംസ്ഥാനങ്ങളിലും ഉള്ളി വില 100 കടന്നുകഴിഞ്ഞു. ഭക്ഷ്യോൽപാദന മേഖലയിൽ 10 ശതമാനത്തിലേറെ വർധന ആണിപ്പോൾ. ഉപഭോക്തൃ വില സൂചിക 2016-ൽ 6.07 ശതമാനത്തിൽ എത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഗുരുതരമായ പ്രശ്നങ്ങൾ സമ്പദ് വ്യവസ്ഥയിലുള്ളപ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ ഈ പൗരത്വ ബിൽ അല്ലാതെ മറ്റെന്താണ് വഴി? മറ്റ് വഴികളുണ്ടെന്ന് തോന്നുന്നില്ല. അപ്പോൾ അതാണ് ശരിക്കുള്ള സംഭവം.

ഏറ്റവും പരിഹാസ്യമായ വാദം ആർ.എസ്.എസ്. വിഭാവനം ചെയ്യുന്ന ‘അഖണ്ഡ ഭാരതത്തിലെ’ ഹിന്ദുക്കളെ മുഴുവൻ ഈ പൗരത്വ ബിൽ ഉദ്ധരിക്കും എന്നു പറയുന്നതാണ്. അടിസ്ഥാനപരമായി കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന ഉദ്ദേശ ലക്ഷ്യങ്ങൾക്കെതിരാണീ പൗരത്വ ബിൽ. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 – നോ, അതിന് മുമ്പോ ഇന്ത്യയിൽ കുടിയേറിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യൻ അഭയാർഥികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകുകയും മുസ്‌ലീം ജനവിഭാഗത്തിന് മാത്രം നിഷേധിക്കുകയും ചെയ്യുന്ന ഒരു ഭേദഗതി മുസ്ലീങ്ങൾക്ക് മാത്രം എതിര് എന്ന നിലയിലാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ. പക്ഷെ നുഴഞ്ഞുകയറ്റക്കാർക്ക് ഇന്ത്യയിലേക്ക് വരാനുള്ള എല്ലാ അവസരങ്ങളും ഈ പൗരത്വ ബിൽ സമ്മാനിക്കും. മുടിഞ്ഞ അഴിമതിയുള്ള പാക്കിസ്ഥാനിലും, അഫ്‌ഗാനിസ്ഥാനിലും, ബംഗ്ളാദേശിലും ഹിന്ദുവാണെന്ന് കാണിക്കുന്ന ഒരു സർട്ടിഫിക്കേറ്റ് കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല.

സംവരണം ഉള്ള ഇന്ത്യയിൽ വ്യാജമായി ജാതി സർട്ടിഫിക്കറ്റുകൾ കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല എന്നത് കൂടി ഈ പൗരത്വ ബില്ലിനെ കുറിച്ച് പറയുമ്പോൾ ഓർക്കേണ്ടതുണ്ട്. മഹാരാഷ്ട്രയിൽ കുറെ നാൾ മുമ്പ് 17,000 പേരുടെ ജാതി സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവരെല്ലാം പിരിച്ചു വിടൽ ഭീഷണിയിലായിരുന്നു. പത്രങ്ങളിലെല്ലാം വന്ന വാർത്തയാണിത്. പത്തും, ഇരുപതും സർവീസ് ഉള്ളവരായിരുന്നു ഇവരിൽ പലരും. ഡെപ്യുട്ടി സെക്രട്ടറി തൊട്ടു പ്യൂൺ വരെ ഈ 17,000 പേരിൽ ഉണ്ടായിരുന്നു. ആധാർ ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല. ചിലപ്പോൾ വ്യാജമായി ആധാർ കാർഡ് വരെ ഇവിടെ ഉണ്ടാക്കിയെന്നിരിക്കും.

മഹാരാഷ്ട്രയിൽ നടന്നത് ഇംഗ്ളീഷിൽ പറയുന്ന ‘ടിപ്പ് ഓഫ് ദി ഐസ്ബെർഗ്’ ആണെന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. അഴിമതി സർവ വ്യാപിയായ ഇൻഡ്യാ മഹാരാജ്യത്ത് ഒരു ജാതി സർട്ടിഫിക്കറ്റ് കിട്ടുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. സർക്കാർ ജോലിക്ക് സെക്യൂരിറ്റിയും, ഗ്ളാമറും ഒക്കെ ഉള്ളത് കൊണ്ട് പണം മുടക്കി ജാതി സർട്ടിഫിക്കറ്റും, സർക്കാർ ജോലിയും സ്വന്തമാക്കാൻ അനേകം പേർ തയാറാകും. ശരിയായ രീതിയിൽ അന്വേഷണം നടത്തുകയാണെങ്കിൽ വ്യാജ ജാതി സർട്ടിഫിക്കറ്റിൻറ്റേയും, വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിൻറ്റേയും പേരിൽ അനേകം പേർ നമ്മുടെ സർക്കാർ സർവീസുകളിൽ നിന്ന് പിരിച്ചയക്കപ്പെടും. ഇതുപോലെ തന്നെ ‘ഹിന്ദു’ എന്ന് അവകാശപ്പെട്ട് നുഴഞ്ഞുകയറ്റക്കാർക്ക് ഇന്ത്യയിലേക്ക് വരാനുള്ള എല്ലാ ‘ലെജിറ്റിമസിയും’ ഉണ്ടാക്കികൊടുക്കാൻ പോകുകയാണ് കേന്ദ്രസർക്കാർ എന്നാണിപ്പോൾ തോന്നുന്നത്. ചുരുക്കം പറഞ്ഞാൽ ഈ ഇൻഡ്യാ മഹാരാജ്യത്തെ ഹിന്ദുക്കൾക്ക്‌ തന്നെയാണ് ദീർഘകാലാടിസ്ഥാനത്തിൽ ഈ പൗരത്വ ബിൽ ഏറ്റവും വലിയ പാരയാകാൻ പോകുന്നത്.