സ്ത്രീകൾക്കിടയിലുള്ള മതപരമായ കൂട്ടായ്മകളും, തീവ്ര ആശയ പ്രചാരണങ്ങളും

വെള്ളാശേരി ജോസഫ്

തീവ്ര മത ചിന്താഗതികളും, രാഷ്ട്രീയ വീക്ഷണങ്ങളും പുരുഷൻമാരുടെ മാത്രം കുത്തകയാണോ??? അല്ലെന്നാണ് കേരളത്തിലും, ഇന്ത്യയിലും, ലോകത്ത് തന്നെ സംഭവിക്കുന്ന പല സമീപകാല മുന്നേറ്റങ്ങളിലൂടെയും തെളിയുന്നത്. ലോകത്ത് ഇന്ന് പലയിടത്തും തീവ്ര ദേശീയവാദി പ്രസ്ഥാനങ്ങൾ നിലവിലുണ്ട്. അനേകം സ്ത്രീകൾ റഷ്യയിലും, ഫ്രാൻസിലുമൊക്കെ ആ തീവ്ര ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗവും ആണ്.

വെള്ളശേരി ജോസഫ്

ചരിത്രപരമായി തന്നെ സ്ത്രീകൾ പല തീവ്രവാദി പ്രസ്ഥാനങ്ങളിലും പങ്കെടുത്തിരുന്നതായി കാണാം; ഒരുപക്ഷെ പുരുഷനേക്കാൾ വർദ്ധിത വീര്യത്തോട് കൂടി. നാസികളുടെ കൂട്ടത്തിൽ അനേകം സ്ത്രീകൾ ഉണ്ടായിരുന്നു; യഹൂദരെ പീഡിപ്പിക്കുവാനും ഒറ്റുകൊടുക്കുവാനുമായി നാസി ഐഡിയോളജിക്ക് അടിമപ്പെട്ട സ്ത്രീകൾ മുൻപന്തിയിൽ ഉണ്ടായിരുന്നു. രണ്ടാം ലോക മഹാ യുദ്ധത്തിൽ സഖ്യ ശക്തികളുടെ വിജയത്തിന് ശേഷം പീഡനത്തിന് നേതൃത്വം നൽകിയ അത്തരം ചില സ്ത്രീകളെ തൂക്കിലേറ്റുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലെ വർണ വിവേചനത്തിൻറ്റെ കാലഘട്ടങ്ങളിൽ കറുത്ത വർഗക്കാർക്കെതിരെ അക്രമങ്ങൾ നയിക്കാനും സ്ത്രീകൾ മുൻപന്തിയിൽ ഉണ്ടായിരുന്നു. കെന്നഡി ടെലിവിഷൻ സീരിയൽ പബ്ലിക് ബസുകൾ തടഞ്ഞു നിർത്തി അതിലുള്ള കറുത്ത വർഗക്കാരെ സ്ത്രീകൾ അടിക്കുന്നതും, തൊഴിക്കുന്നതും, തെറി വിളിക്കുന്നതും ഒക്കെ കാണിക്കുന്നുണ്ട്. ‘മിസ്സിസിപ്പി ബേണിംഗ്’ എന്ന ഹോളിവുഡ് സിനിമയും വെള്ളക്കാരികളായ സ്ത്രീകളുടെ കറുത്ത വർഗക്കാർക്കെതിരേയുള്ള മനോഭാവം കാട്ടിതരുന്നുണ്ട്.

ഇന്ത്യയിൽ 2002 -ലെ ഗുജറാത്ത്‌ കലാപം നടന്നപ്പോൾ പല സ്ത്രീകളും മുസ്ലീങ്ങൾക്കെതിരെ കലാപത്തിൽ പങ്കെടുത്തിട്ടുണ്ട്; പ്രത്യക്ഷമായും പരോക്ഷമായും കലാപകാരികളെ സഹായിച്ചിട്ടുമുണ്ട്. ഡോക്ടർ മായാ കൊഡ്ട്‌വാനിയെ പോലെ പലരേയും അതിൻറ്റെ പേരിൽ ശിക്ഷിച്ചിട്ടുമുണ്ട്. ഡോക്ടർ മായാ കൊദ്‌വാനിയെ പോലെ ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച പലരുമാണ് ഇപ്പോൾ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് അടിമപ്പെടുന്നത് എന്നുള്ളത് സുബോധമുള്ളവരെ ദുഖിപ്പിക്കുന്ന കാഴ്ചയാണ്.

1992 ഡിസംബർ 6 – ലെ ബാബ്‌രി മസ്ജിദ് തകർക്കലിന് ശേഷം കേരളത്തിലും പല തീവ്രവാദ ആശയ പ്രചാരണങ്ങൾ സജീവമായി നടന്നു വരികയാണ്. ഖുർആൻ പഠന ക്ളാസുകളിൽ പങ്കെടുക്കലും, പർദ്ദയുടെ വ്യാപകമായ ഉപയോഗവും കേരളത്തിലെ മുസ്‌ലീം സ്ത്രീകൾക്കിടയിൽ കഴിഞ്ഞ 10-20 വർഷമായി കാണാം. ക്രിസ്ത്യാനി സ്ത്രീകളാണെങ്കിൽ വട്ടായിലച്ചൻറ്റെ ധ്യാനം കൂടാൻ പോകുന്നു; കരിസ്മാറ്റിക്ക് കൺവെൻഷനുകളിൽ പങ്കെടുക്കുന്നു. ചില ക്രിസ്ത്യൻ സ്ത്രീകൾ എക്സൻട്രിക്ക് പെന്തകോസ്ത് പ്രാർത്ഥനാ സമ്മേളനങ്ങളിലും സജീവ അംഗങ്ങളാണ്. ക്രിസ്ത്യാനികൾ കൂടുതലും പ്രായോഗിക വാദികളായതിനാൽ മതപരമായ മൊബിലൈസേഷൻ വയലൻസിലേക്കോ, തീവ്രവാദ രാഷ്ട്രീയ സ്വാഭാവം കൈവരിക്കുന്നിലേക്കോ ചെല്ലുന്നില്ല എന്നു മാത്രം.

കേരളത്തിൽ ശബരിമലയുടെ പേരിൽ നടന്ന സ്ത്രീകളുടെ ‘മൊബിലൈസേഷൻ’ പെട്ടെന്നൊരു ദിവസം യാദൃച്ഛികമായി സംഭവിച്ചതല്ല. വർഷങ്ങളുടെ നീണ്ട ആശയ പ്രചാരണത്തിലൂടെയും, വാട്ടസ്ആപ് യൂണിവേഴ്‌സിറ്റികൾ സംഘടിപ്പിച്ച നുണ പ്രചരണത്തിലൂടെയും ഉരുത്തിരിഞ്ഞ സംഭവ വികാസങ്ങളുടെ തുടർച്ച ആയിരുന്നു അത്.

ചുരുക്കം പറഞ്ഞാൽ നമ്മുടെ സമൂഹത്തിൻറ്റെ ആധുനികതയിലേക്കുള്ള പ്രയാണം ഒരു ലിബറൽ കോസ്മോപോളിറ്റൻ സമൂഹം കെട്ടിപ്പെടുക്കാൻ ഉതകുന്നതല്ല. നമ്മുടെ പാരമ്പര്യ സമൂഹത്തിൽ സ്ത്രീകൾക്കിടയിലുള്ള കൂട്ടായ്മകൾക്ക് പല രീതിയിലുള്ള നിയന്ത്രണങ്ങൾ ഉള്ളപ്പോഴും മതപരമായ പ്രവർത്തനങ്ങൾ പലപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. ധ്യാനത്തിന് പോകുന്നതിനോ, ഖുർആൻ പഠന ക്ലാസിന് പോകുന്നതിനോ, അതല്ലെങ്കിൽ അമൃതാനന്ദമയിയെ കാണാൻ പോകുന്നതിനോ ഒരു വിലക്കുമില്ലാ. സ്ത്രീകളുടെ ഇത്തരം മതപരമായ സോഷ്യലൈസിങ്ങ് പല രീതികളിലുള്ള സൈഡ് ഇഫക്റ്റുകൾ സൃഷ്ടിക്കുന്നു. മതപരമായ സ്ത്രീകളുടെ സോഷ്യലൈസിങ് വഴി സമൂഹത്തിൽ ഒരു ‘സോഷ്യൽ സെഗ്രഗേഷൻ’ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കയാണോ? നാമജപ ഘോഷയാത്രയും, പർദ്ദ ധരിക്കലും, ധ്യാനം കൂടലുമെല്ലാം കേരള സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആ ‘സോഷ്യൽ സെഗ്രഗേഷൻറ്റെ’ ഭാഗമായി കാണാമോ??? ഉത്തരം വായനക്കാർക്ക് വിടുന്നൂ.

Previous articleവെളിച്ചം (കവിത )
Next articleഇടയ്ക്കിടയ്ക്ക് കറണ്ട് പോകുന്നതിന് പഴിക്കുകയല്ല വേണ്ടത്
'വെള്ളാശേരി ജോസഫ്' എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. 'വെള്ളാശേരി ജോസഫ്' എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.