വെള്ളാശേരി ജോസഫ്

കാശ്മീർ വിഷയത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കി പാകിസ്ഥാനും, കൈലാസ്-മാനസസരോവർ യാത്രക്കാർക്ക് വിസ നിഷേധിച്ച് ചൈനയും പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും ഇത്തരം

വെള്ളശേരി ജോസഫ്

രൂക്ഷമായ പ്രതികരണങ്ങൾ അധികം നാൾ നീണ്ടു നിൽക്കാൻ സാധ്യതയില്ല. കാരണം അറബ് രാജ്യങ്ങളിൽ നിന്നോ, റഷ്യയിൽ നിന്നോ, അമേരിക്കയിൽ നിന്നോ ആർട്ടിക്കിൾ 370-ഉം, 35 A -യും റദ്ദാക്കിയതിൽ ഒരു പ്രതിഷേധവും വന്നിട്ടില്ല. അത്തരത്തിലുള്ള പ്രതിഷേധങ്ങളൊന്നും വരാത്തതിന് ആഴമേറിയ കാരണങ്ങളുണ്ട്. അതൊക്കെ ഒന്ന് പരിശോധിക്കുന്നത് ഇപ്പോൾ നന്നായിരിക്കും.

ചൈനയെ സംബന്ധിച്ചിടത്തോളം ഷിൻജിയാങ് പ്രവിശ്യയിലെ ഉയിരൂർ വംശജർ വലിയ തലവേദനയാണ്. 1949-ൽ ‘ഓട്ടോണമസ്’ പദവി കൊടുത്തു ചൈനയിൽ ചേർന്ന ഒരു വലിയ പ്രവിശ്യയാണ് ഷിൻജിയാങ്. അവിടെ ജീവിക്കുന്നവർ ഉയിരൂർ മുസ്ലിങ്ങൾ (ഉയകുർ എന്നും പറയാം) ടർക്കിഷ് പാരമ്പര്യം ഉള്ളവരാണ്. കശ്മീരികളെ പോലെ തന്ന പ്രത്യേക സംസ്കാരവും, ഭാഷയും ഉള്ളവരാണ് ഉയിരൂർ വംശജരും. അവർക്കിടയിൽ തീവ്രവാദവും സ്വതന്ത്ര രാജ്യത്തിന് വേണ്ടിയുള്ള മുറവിളിയും, ടർക്കി ദേശിയതും മുർച്ഛിച്ചതോടെ ചൈനയുടെ സ്വഭാവം മാറി. മുസ്‌ലീം പള്ളികൾ തകർത്തു; ഭൂരിപക്ഷമായ ഹാൻസ് വംശജരെ ഷിൻജിയാങ്ങിൽ കുടിയേറുവൻ ചൈനീസ് ഭരണകൂടം പ്രോത്സാഹിപ്പിച്ചു; അതിന് എല്ലാ സഹായവും ചൈനീസ് പട്ടാളം കൊടുത്തു. മത ചിന്ത മാറ്റിയെടുക്കുവാൻ ചൈനീസ് സർക്കാർ വക ക്യാമ്പുകൾ തുടങ്ങി. ഇപ്പോൾ ഒരു മില്യണിൽ ഏറെ ഉയിരൂർ വംശജർ ചൈനീസ് ക്യാമ്പുകളിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ക്രൂരമായ പീഢനങ്ങളും, കുടുംബത്തിൽ നിന്ന് ബലമായി പിടിച്ചുകൊണ്ട് പോകുന്നതും ഒക്കെ ഷിൻജിയാങ് പ്രവിശ്യയിൽ പതിവാണെന്നും പറയപ്പെടുന്നു. ആംനെസ്റ്റി പോലെയുള്ള മനുഷ്യാവകാശ സംഘടനകൾ ചൈനീസ് Image result for kashmirപട്ടാളം ഉയിരൂർ മുസ്ലീങ്ങളോട് കാണിക്കുന്ന ഈ വംശീയ വിദ്വേഷത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. ആംനെസ്റ്റി മാത്രമല്ലാ; പല ലോക രാജ്യങ്ങളും ഉയിരൂർ മുസ്ലീങ്ങളോട് ചൈന കാണിക്കുന്ന ഈ അടിച്ചമർത്തൽ നയങ്ങളോട് പ്രതിഷേധിച്ചിട്ടുണ്ട്. പക്ഷെ ചൈന ഷിൻജിയാങ് പ്രവിശ്യയിൽ നിയന്ത്രണങ്ങളുടേയും, അടിച്ചമർത്തലിൻറ്റേയും കാര്യത്തിൽ ഒരു അയവും വരുത്താൻ ഒരുക്കമല്ല. ഇസ്‌ലാമിക തീവ്രവാദത്തെ ചൈന വല്ലാതെ ഭയപ്പെടുന്നതാണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ നീങ്ങുമ്പോൾ ചൈന പിന്നെങ്ങനെ കാശ്മീരിലെ മുസ്ലീങ്ങൾക്ക് അനുകൂലമായി സംസാരിക്കും?

ഇനി റഷ്യയുടെ കാര്യം നോക്കാം. റഷ്യൻ പ്രസിഡൻറ്റ് വ്ളാഡിമീർ പുടിൻ ഭീകരതക്കെതിരേ വലിയ വാചകമടിച്ചു. പക്ഷെ തീവ്ര ഇസ്‌ലാമിനെ അനുകൂലിക്കുന്ന ടർക്കി റഷ്യയുടെ അത്യാധുനിക യുദ്ധവിമാനം ആക്രമിച്ചു വീഴ്ത്തി. നേരത്തെ റഷ്യയുടെ യാത്രാവിമാനം ഇസ്‌ലാമിക ഭീകരർ ബോംബ് വെച്ച് തകർത്തിരുന്നു. റഷ്യൻ അംബാസിഡറും ടർക്കിയിൽ വെച്ച് വെടിവെച്ചു കൊല്ലപ്പെട്ടിരുന്നു. പുടിൻ ഐസിസിനെതിരെ സിറിയയിൽ ആക്രമണം തുടങ്ങിയപ്പോൾ ഐസിസിലേക്ക് രണ്ടായിരത്തോളം റഷ്യക്കാരെ ചേർന്നിരിന്നുള്ളൂ. ഏറ്റവും ഒടുവിലായി റഷ്യൻ ടി. വി. പോലും പറഞ്ഞത് 7000-ലേറെ പേർ റഷ്യയിൽ നിന്ന് ഐസിസിലേക്ക് ചേർന്നു എന്നാണ്. മതം പശ്ചിമേഷ്യയിലും, സമീപ രാജ്യങ്ങളിലും ഒരു മൊബിലൈസിങ്ങ് ഫാക്ടർ ആണെന്നുള്ള കാര്യം ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആണവ ശക്തിയായ പാക്കിസ്ഥാനിലെ അസ്ഥിരത ലോകം മുഴുവൻ ഭയക്കുന്ന ഒന്നാണ്. പാക്കിസ്ഥാനിൽ നിന്നും, അഫ്‌ഗാനിസ്ഥാനിൽ നിന്നും മധ്യേഷ്യയിലുള്ള മുൻ സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളായിരുന്ന പല രാജ്യങ്ങളിലേക്കും ഇസ്ലാമിക തീവ്രവാദം പടരുന്നത് റഷ്യയെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്.

Image result for kashmirഅമേരിക്കയും ഈ ഇസ്‌ലാമിക തീവ്രവാദത്തിൻറ്റെ കാര്യത്തിൽ ആശങ്കാകുലരാണ്. പശ്ചിമേഷ്യൻ രാജ്യമായ ഇറാനിലോക്കെ കടുത്ത അമേരിക്കൻ വിരുദ്ധതയാണ് ഇപ്പോൾ വളരുന്നത്. ഐ.എസ്സി – നെ പോലെയുള്ള തീവ്രവാദി ഗ്രൂപ്പുകൾക്ക് വളരെ വിദഗ്ദ്ധരായ സൈബർ പോരാളികൾ ഉണ്ടെന്ന് ഇപ്പോൾ അമേരിക്ക തന്നെ അംഗീകരിച്ചു കഴിഞ്ഞു. തീവ്രവാദ സംഘടനകളിലെ സൈബർ പോരാളികൾ ഇനി അമേരിക്കയിലെയും, യൂറോപ്പിലെയും സൈനിക പാസ് വേർഡുകൾ മനസ്സിലാക്കുകയാണെങ്കിൽ ലോകം ഭീതിയുടെ കാലത്തേക്കായിരിക്കും പോകുക എന്നത് നിസംശയം പറയാം. അതൊക്കെ ’24’ പോലുള്ള അമേരിക്കൻ ടെലിവിഷൻ സീരിയലുകൾ ഇപ്പോൾ തന്നെ കാണിക്കുന്നുണ്ട്. പാശ്ചാത്യ ശക്തികളുടെ കയ്യിലുള്ള ആണവായുധം കൊണ്ടൊന്നും ഇനീയിപ്പോൾ ഒരു കാര്യവുമില്ല. മത തീവ്രവാദത്തിനെതിരെ പൗര സമൂഹത്തിൽ ഇടപെടുന്നതിനും, വിവിധ മത വിശ്വാസങ്ങളിലുള്ള ജന വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കുന്നതിനും മുമ്പ് മതം ഉപയോഗിച്ച് ഭീകരപ്രവർത്തനം നടത്തുന്നവരെ അമർച്ച ചെയ്യേണ്ടതുണ്ട്.

അധികാരത്തിൽ കേറിയ ആദ്യ നാളുകളിൽ അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപ് ഐസിസി – ൻറ്റെ നാളുകൾ എണ്ണപ്പെട്ടിരിക്കയാണെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ ട്രംപിനും കാര്യങ്ങൾ പതുക്കെ മനസ്സിലായി വരികയാണ്. 2011 മെയ് 2-ന് ഒസാമ ബിൻ ലാദൻ വധിക്കപ്പെട്ടതോടെ അമേരിക്കയേയും പാശ്ചാത്യരാജ്യങ്ങളേയും ഭയത്തിലാഴ്ത്തിയ ഇസ്ലാമിക ഭീകരവാദം അവസാനിച്ചെന്നു കരുതിയവർക്കു തെറ്റി എന്ന് ഇപ്പോൾ ട്രംപ് പോലും അംഗീകരിക്കുകയാണ്. തൻറ്റെ ആയുഷ് കാലത്ത് യാഥാർഥ്യമാവുമെന്ന് ബിൻ ലാദന് പോലും സ്വപ്നം കാണാത്ത അവകാശവാദങ്ങളുമായിട്ടാണ് അൽ ഖ്വെയ്ദയുടെ പിൻഗാമിയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് അൽഷം (ഐ.എസ്.ഐ.എസ്.) വന്നത്. സൗദി അറേബ്യയിൽ നിന്ന് അമേരിക്ക പുറത്തുപോവുക, ഇസ്രായേലിനെ ഇല്ലാതാക്കുക തുടങ്ങിയ മിനിമം ലക്ഷ്യങ്ങളേ ലാദനും അൽ ഖ്വെയ്ദയ്ക്കുമുണ്ടായിരുന്നുള്ളൂ. എന്നാൽ, പാകിസ്താൻ മുതൽ പൂർവ യൂറോപ്പു വരേയും പശ്ചിമേഷ്യ മുതൽ വടക്കനാഫ്രിക്ക വരേയും പരന്നുകിടക്കുന്ന ഖിലാഫത്ത് രൂപവൽകരിക്കുകയും, വരാൻ പോകുന്ന ലോകാവസാനത്തിനു മുമ്പ് അവിശ്വാസികളെ മുഴുവൻ കൊന്നൊടുക്കുകയുമാണ് ഇസ്ലാമിക് സ്റ്റേറ്റിൻറ്റെ ലക്ഷ്യം. 2014 അവസാനിച്ചപ്പോൾ എണ്ണപ്പാടങ്ങളും അണക്കെട്ടുകളും ഹൈവേകളും ഉൾപ്പെടുന്ന 90,000 ചതുരശ്രകിലോമീറ്റർ പ്രദേശം ഇറാഖിലും സിറിയയിലുമായി ഐ.എസ്സിൻറ്റെ നിയന്ത്രണത്തിലായി. ഇപ്പോൾ സൈനികമായി ഐസിസി – നെ കീഴ്‌പ്പെടുത്തി അവർക്ക് നേരിട്ട് സ്വാധീനമുള്ള മേഖലകളിൽ നിന്ന് തുരത്തിയോടിച്ചു എന്നേയുള്ളൂ. ലോകത്തിലെ പലയിടങ്ങളിലും വിവിധ ഗ്രൂപ്പുകളിൽ പെട്ട ഇസ്‌ലാമിക തീവ്രവാദികൾക്ക് ഗണ്യമായ സ്വാധീനം ഇപ്പോഴും ഉണ്ട്. നാഷണൽ ജ്യോഗ്രഫിക്ക് ഇത് നന്നായി കാണിച്ചിട്ടുണ്ട്. അമേരിക്കയിലെ കറുത്ത വർഗക്കാർക്കിടയിൽ പോലും തീവ്ര ഇസ്‌ലാമിക സ്വാധീനം ഏറുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇത്ര വിപുലമായ സംവിധാനമുള്ള ഇസ്‌ലാമിക തീവ്രവാദത്തെ പെട്ടെന്നൊന്നും കീഴ്പ്പെടുത്താൻ പറ്റില്ലെന്ന് കാര്യത്തോടടുത്തപ്പോൾ ട്രംപിനും മനസ്സിലായി. ചുമ്മാ വാചകമടിക്കുന്നതു പോലെയല്ലല്ലോ യഥാർഥ്യത്തിലുള്ള കാര്യങ്ങൾ!

Image result for kashmirഅമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ കേറിയത്തിൽ പിന്നെ ഭീകര പ്രവർത്തകർക്കെതിരെ നിലപാട് ശക്തമാക്കാൻ പാക്കിസ്ഥാനെതിരെ സമ്മർദം ശക്തമാക്കിയിരിക്കയാണ്. ഇസ്‌ലാമിക തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും, അവരെ കുറ്റ വിചാരണ ചെയ്യുകയും, ശിക്ഷിക്കുകയും ചെയ്യണം എന്ന് യാതൊരു അർത്ഥശങ്കയ്ക്കും ഇടയില്ലാത്ത രീതിയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. 16 വർഷത്തിൽ ഏറെയായി അഫ്ഗാനിസ്ഥാനിൽ ഇടപെട്ടിട്ട് അമേരിക്കക്ക് വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തിലാണ് അമേരിക്കയുടെ ഭീകരതക്കെതിരെയുള്ള ഈ നീക്കം. വൻതോതിൽ അമേരിക്കൻ സഹായം കൈക്കൊള്ളുന്ന രാഷ്ട്രം എന്ന നിലക്ക് പാക്കിസ്ഥാന് അമേരിക്കൻ തിട്ടൂരം അനുസരിക്കാതെ നിവൃത്തിയില്ല. അമേരിക്കയുടെ ഈ കർക്കശ നിലപാടാണ് കാശ്മീർ പ്രശ്നം പരിഹരിക്കുന്നതിൽ ഏറ്റവും നിർണായകമായിട്ടുള്ളത്. ഇതാണ് നമ്മൾ പ്രധാനമായും കാശ്മീരിൻറ്റെ കാര്യത്തിൽ കാണേണ്ടത്. മിക്കവാറും അമേരിക്കയുടേയും, ചൈനയുടേയും, പാക്കിസ്ഥാൻറ്റേയും മൗനാനുവാദത്തോടെയായിരിക്കും ആഭ്യന്തര മന്ത്രി അമിത് ഷാ ആർട്ടിക്കിൾ 370-ഉം, 35 A -ലിലൂടെയും കാശ്മീർ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കിയത്. അത് പുറത്ത് പറയുന്നില്ലെന്ന് മാത്രം. പാക്കിസ്ഥാനിലും ചൈനയിലും ഇസ്‌ലാമിക ഭീകരതക്കെതിരെ ജനവികാരം ശക്തമായുണ്ട് എന്നുകൂടി കാണുമ്പോഴാണ് കാശ്മീരിലെ തീവ്രവാദം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ സർക്കാരിൻറ്റെ നടപടിക്ക് പിന്തുണ ഏറുന്നത്.

‘കോഡ് ഓഫ് മോസസ്’ അല്ല ഇന്നത്തെ ക്രിസ്ത്യാനിറ്റി. ‘കോഡ് ഓഫ് മോസസ്’ അല്ലെങ്കിൽ മോശയുടെ നിയമമനുസരിച്ച് വേശ്യയായ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണമായിരുന്നു. അങ്ങനെയാണ് മഗ്ദലന മറിയത്തെ കല്ലെറിയാൻ ഓടിച്ചത്. അപ്പോൾ ക്രിസ്തു ഒരു പുതിയ ന്യായ പ്രമാണം കൊടുത്തു: “നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” – എന്നുള്ളത്. ആ രീതിയിലുള്ള ആധുനികവൽക്കരണ പ്രക്രിയ ഇന്നും പല ഇസ്ലാമിക രാജ്യങ്ങളിലും വന്നിട്ടില്ല എന്നതാണ് ഇന്നത്തെ ലോകത്തുള്ള ഒരു വലിയ പ്രശ്നം. യൂറോപ്പിലെ ക്രൈസ്തവ സമൂഹത്തിൽ ഉണ്ടായ ആധുനികവൽക്കരണ പ്രക്രിയയാണ് ഇസ്ലാമിലും ഇന്ന് വരേണ്ടത്. ‘റിഫർമേഷൻ’, ‘റെനൈസാൻസ്’, ‘എൻലൈറ്റൻമെൻറ്റ്’ – ഈ പ്രസ്ഥാനങ്ങൾ മധ്യകാല യൂറോപ്പിലെ മതത്തിൻറ്റെ സർവാധിപത്യത്തെ എല്ലാ രീതിയിലും വെല്ലു വിളിച്ചു. സ്വന്തം മതം പറയുന്നതെല്ലാം ശരിയാണ് എന്ന് അന്ധമായി യൂറോപ്പിലെ ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നെങ്കിൽ ഈ നവീകരണ, നവോത്ഥാന പ്രസ്ഥാനങ്ങൾ ഉണ്ടാവുകയില്ലായിരുന്നു; യൂറോപ്പും അമേരിക്കയും ഇന്നു കാണുന്ന സാമൂഹ്യ, സാമ്പത്തിക പുരോഗതി നേടുകയില്ലായിരുന്നു.

ഇന്ന് യൂറോപ്പിലും, അമേരിക്കയിലും ഉള്ളത് ‘പോസ്റ്റ് ക്രിസ്ത്യൻ’ സമൂഹങ്ങളാണ്. വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാമുഖ്യം കൊടുക്കുന്നവർ. മതം അല്ല അവിടെ ഭരണ കൂടത്തിൻറ്റെ നയങ്ങൾ തീരുമാനിക്കുന്നത്. വികസിത രാജ്യങ്ങളിൽ മതവും, മതപരമായ ആചാരങ്ങളും ഒരു വ്യക്തിയുടെ തീർത്തും സ്വകാര്യതയുടെ ഭാഗമാണ്. അത്തരത്തിലുള്ള ഒരു ആധുനികവൽക്കരണ പ്രക്രിയയാണ് ഇന്നത്തെ ഇസ്ലാമിക സമൂഹങ്ങളിലും വരേണ്ടത്. യു.എ.ഇ.-യും, ദുബായ് സിറ്റിയും ഒക്കെ ഇങ്ങനെ ആധുനികവൽക്കരിക്കപ്പെട്ട പ്രദേശങ്ങളാണ്. യു.എ.ഇ. സർക്കാർ അതുകൊണ്ടു തന്നെ മുസ്ലിം തീവ്രവാദത്തെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കുന്നില്ല. വിദേശികൾക്ക് ആർക്കെങ്കിലും തീവ്രവാദവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടാൽ ദുബായ് സർക്കാർ ഉടനടി അവരെ ‘ഡീപ്പോർട്ട്’ ചെയ്യും. അങ്ങനെയുള്ള നാടുകടത്തലിനു വിധേയമായി കേരളത്തിൽ ദുബായിൽ നിന്ന് തിരിച്ചെത്തിയവരും ഉണ്ടല്ലോ. മിതവാദികളെ കൂട്ട് പിടിച്ചാണ് ഇന്ന് മുസ്ലിം സമുദായത്തിനുള്ളിൽ പ്രചരിക്കുന്ന തീവ്രവാദത്തെ നേരിടേണ്ടത്. മുസ്ലിം എക്സ്ട്രീമിസ്റ്റുകളേയും, മോഡറേറ്റ്സുകളേയും തമ്മിൽ വേർതിരിച്ച് അറിയാനുള്ള വിവേകമാണ് ഇന്ന് സർക്കാരുകൾ കാണിക്കേണ്ടത്.

ഈ രീതിയിലുള്ള ഒരു സമീപനം കാശ്മീരിലെ മുസ്‌ലീം സമൂഹത്തിൽ നടപ്പിൽ വരുമോ എന്നാണ് ഇനി കാണേണ്ടത്. കേരളത്തിൽ ഫ്ളാഷ് മോബ് കളിച്ച മുസ്ലിം പെൺകുട്ടികളെ പോലെ ചിലരെങ്കിലും പ്യൂരിറ്റൻ ഇസ്ലാമിൽ നിന്ന് കൂടുതൽ കൂടുതൽ അകലുകയാണ്. അത് വളരെ നല്ലതുമാണ്. സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും കേരളത്തിൽ നിന്ന് ഒരു മുസ്ലിം വനിതാ അത്ലറ്റിനെ ചൂണ്ടി കാണിക്കുവാനില്ലാ എന്ന വസ്തുതക്ക് കാരണം തേടി പോകുമ്പോൾ പ്യൂരിറ്റൻ ഇസ്‌ലാമാണ് അതെന്ന് കാണാൻ വലിയ ഗവേഷണത്തിൻറ്റെ ഒന്നും ആവശ്യമില്ല. കാശ്മീരിലെ സൂഫി പാരമ്പര്യത്തിൽ നിന്ന് ഇസ്‌ലാമിക തീവ്രവാദം അവിടെ വളർന്നതിൽ പിന്നെ പ്യൂരിറ്റൻ ഇസ്‌ലാമിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് കാണാൻ സാധിക്കുന്നത്.

പാക്കിസ്ഥാൻറ്റെ പ്രതിഫലം പറ്റുന്ന ഇന്നത്തെ കാശ്മീരിലെ വിഘടന വാദി നേതാക്കളാരും സാധാരണക്കാരല്ലാ. ആധുനികതക്കെതിരെ പൃഷ്ഠം കാണിക്കുന്ന ഇന്ത്യയിലെ യാഥാസ്ഥിതികരായ മുസ്ലീം മത നേതാക്കളിൽ പലരും മുസ്ലീം രാജ്യങ്ങൾ തന്നെ നിരോധിച്ചിട്ടുള്ള ‘മുത്തലാക്ക്’-നെ ഒക്കെ പിന്താങ്ങുന്നവരാണ്. ബുർഖ, തൊപ്പി, താടി എന്നൊക്കെ പറഞ്ഞു മുസ്ലീങ്ങളുടെ സ്വത്ത്വബോധത്തെ കുറിച്ച് പ്രസംഗിക്കുന്നവർ പലപ്പോഴും സാധാരണ ജനത്തെ വഴി തെറ്റിക്കുന്നവരാണ്. കുറെ മാസങ്ങൾക്കു മുമ്പ് നാഷണൽ ജ്യോഗ്രഫിക് ഐസിസ്-നെ കുറിച്ച് ദീർഘമായ ഡോക്കുമെൻറ്ററി സംപ്രേക്ഷണം ചെയ്തിരുന്നു. ‘പെറ്റി ക്രിമിനൽസ്’ എന്നാണ് ഐസിസ്-കാരെ നാഷണൽ ജ്യോഗ്രഫിക് വിശേഷിപ്പിച്ചത്. ഈ ക്രിമിനലുകൾക്കൊക്കെ എങ്ങനെ മതത്തിൻറ്റെ പേരിൽ വളരാൻ അവസരമൊരുങ്ങുന്നു??? കേരളത്തിൽ ഫ്ളാഷ് മോബ് കളിച്ച മുസ്ലിം പെൺകുട്ടികൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം വന്നപ്പോൾ ഒരു ഡാൻസ് ചെയ്തത് ഇസ്ലാം വിരുദ്ധമായി അവതരിപ്പിക്കുന്നവർ ഇസ്ലാമിന് നിഷിദ്ധമായ കള്ളനോട്ടടി, സ്വർണ്ണ കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, പെൺവാണിഭം, അഴിമതി തുടങ്ങിയ വിഷയങ്ങളിലൊന്നും എതിർപ്പ് പ്രകടിപ്പിക്കുകയോ അത്തരക്കാരെ മഹൽ കമ്മറ്റികൾ വിലക്കണമെന്നും പുറത്താക്കണമെന്നും ആവശ്യപ്പെടാത്തത് എന്തുകൊണ്ട് എന്നൊരു ചോദ്യം ഹമീദ് ചേന്ദമംഗലൂർ കുറെ നാൾ മുമ്പ് ഒരു ടി.വി. ചർച്ചയിൽ ചോദിച്ചെങ്കിലും ചർച്ചയിൽ പങ്കെടുത്ത മറ്റു പലരും ഉത്തരം പറയാൻ പോലും ധൈര്യപ്പെട്ടില്ല. ഇത്തരം ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്തതാണ് യഥാർഥത്തിലുള്ള കുഴപ്പം.

പാശ്ചാത്യ രാഷ്ട്രങ്ങൾ സ്ത്രീ റോബോട്ടായ ‘സോഫിയയെ’ സൃഷ്ടിച്ചു. മറുവശത്ത് റഷ്യാക്കാർ പുരുഷ റോബോട്ടിനെയും സൃഷ്ടിച്ചു. കഴിഞ്ഞ ഏപ്രിൽ 13 2018-ൽ നാസ (NASA) അന്യ ഗ്രഹങ്ങളിൽ ജീവൻറ്റെ സാധ്യത തേടി ‘ടെസ്സ്’ സാറ്റ്ലയിറ്റ് (Transiting Exoplanet Survey Satellite) വിക്ഷേപിച്ചു. ലോകം അങ്ങനെ സാറ്റ്ലയിറ്റുകളുടേയും, റോബോട്ടുകളുടേയും, ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസിൻറ്റേയും, ഓട്ടോമേഷൻറ്റേയും മേഖലയിലൂടെ അതിവേഗം മുന്നോട്ടു കുതിക്കുകയാണ്. ‘നാനോ ടെക്നോളജി’ ഒക്കെ ലോകത്തെല്ലായിടത്തും എത്തി കഴിഞ്ഞു. ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം ‘5G ‘ വരുന്നതോട് കൂടി കമ്യൂണിക്കേഷൻറ്റെ പുതിയ യുഗത്തിലേക്ക് ലോകം കടക്കും. ഇങ്ങനേ ലോകം മുന്നേറുമ്പോൾ കാശ്മീരും അതിനൊപ്പം വരുകയാണ് വേണ്ടത്. മത ബോധമൊക്കെ സ്വകാര്യമായി കൊണ്ടുനടന്നാൽ ഒരു കുഴപ്പവും ഇല്ലാ. ടെക്നോളജിയിൽ അധിഷ്ഠിതമായ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ തീവ്ര മതബോധമൊക്കെ പുറത്തെടുത്താൽ ലിബറൽ, കോസ്മോപോളിറ്റൻ സമൂഹത്തിന് അത്തരക്കാർ വലിയ ബാധ്യതയാകും എന്ന് പറയാതിരിക്കാൻ വയ്യാ.

കാശ്മീരിൻറ്റെ കാര്യത്തിൽ ആർട്ടിക്കിൾ 370 താൽക്കാലികമാണെന്നാണ് ഇത് കൊണ്ടുവന്നപ്പോൾ തന്നെ നെഹ്‌റു പറഞ്ഞിരുന്നത്. നെഹ്രുവിൻറ്റെ ഭരണസമയത്ത് ആർട്ടിക്കിൾ 370 പോലുള്ള നിയമ നടപടികൾ ആവശ്യമായിരുന്നു. ഇന്ന് ആ അവസ്ഥ മാറി. 1960- ൽ തന്നെ 2 ഭരണഘടനാ പദവികൾ – ‘സദറെ റിയാസത്ത്’ (ഗവർണർ പദവി), ‘വസീറെ അസം’ (കാശ്മീർ പ്രധാനമന്ത്രി പദവി) – ഇവയൊക്കെ റദ്ദാക്കിയിരുന്നു. ജമ്മു ആൻഡ് കാശ്മീരിൻറ്റെ മുൻ ഗവർണറായിരുന്ന ജഗ്‌മോഹൻ കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370-നേയും, 35 A -നേയും സാവധാനം ‘ഡൈലൂട്ട്’ ചെയ്യുക എന്ന നിർദ്ദേശമായിരുന്നു നേരത്തേ മുന്നോട്ട് വെച്ചിരുന്നത്. കാശ്മീരിൻറ്റെ സുഗമമായ ഭരണത്തിന് ഈ ‘വെള്ളം ചേർക്കൽ’ പ്രക്രിയ സാവധാനം മുന്നോട്ട് നീങ്ങുമ്പോഴാണ് ബി.ജെ.പി. ഒറ്റയടിക്ക് ഇതിനെ ഇല്ലാതാക്കി മാറ്റിയത്.

ബി.ജെ.പി. – യുടേയും, സംഘ പരിവാറിൻറ്റേയും പലപ്പോഴുമുള്ള സമീപനങ്ങളും ഇസ്ലാമിക തീവ്രവാദത്തെ ക്രിയാത്മകമായി ചെറുക്കപെടാൻ ഉതകുന്നതല്ലാ. പണ്ട് കോവളത്ത് ടൂറിസ്റ്റുകൾക്ക് കാർപ്പറ്റുകളും, ഷാളുകളും ഒക്കെ വിറ്റിരുന്ന കാശ്മീരികളായ വ്യാപാരികൾക്കെതിരെ കോവളം കടപ്പുറം കാശ്മീരി ഭീകരരുടെ താവളമാകുന്നു എന്ന് പറഞ്ഞു പ്രാചാരണം നയിച്ചവരാണ് കേരളത്തിലെ സംഘ പരിവാറുകാർ. ഇങ്ങനെ മനുഷ്യനെ ജീവിക്കാൻ സമ്മതിക്കാത്ത തരത്തിലുള്ള പ്രചാരണമല്ല ഇസ്‌ലാമിക തീവ്രവാദത്തെ നേരിടാൻ വേണ്ടത്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14 .2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011 – ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നുവെച്ചാൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യയിലാണെന്ന് ചുരുക്കം. അത്രയും വലിയൊരു ജനസംഖ്യയെ അടിച്ചൊതുക്കി ഭരിക്കാമെന്ന് ബി.ജെ.പി.-യും, സംഘ പരിവാറുകാരും വിചാരിക്കുന്നുണ്ടെങ്കിൽ അത് തീർത്തും മൗഢ്യമാണ്. സോഷ്യൽ മീഡിയയിൽ കൂടി ന്യൂന പക്ഷങ്ങളെ സ്ഥിരം അവഹേളിക്കുമ്പോൾ ബി.ജെ.പി. – ക്കാരും, സംഘ പരിവാറുകാരും അവർ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയാണെന്ന വസ്തുത മനസിലാക്കുന്നില്ല.

ഇപ്പോൾ കാശ്മീരിലുള്ള ശാന്തതയെ എങ്ങനെ കാണാം? കാശ്മീർ ഐഡൻറ്റിറ്റി എന്നുള്ളത് കാശ്മീർ താഴ്വരയിലുള്ള ജനങ്ങളുടെ മൊത്തത്തിലുള്ള ഒരു പൊതുവികാരമാണ്. ഇപ്പോഴുള്ള ശാന്തതയെ അധികം പ്രകീർത്തിക്കേണ്ട കാര്യമില്ല. പണ്ട് ശ്രീനഗറിലെ ഹസ്റത്ത്ബൽ മസ്ജിദ് എന്ന ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന ‘ഹോളി റെലിക്ക്’ മോഷണം പോയി എന്ന കിംവദന്തി പടർന്നപ്പോൾ കാശ്മീർ താഴ്വര ആകെ മൊത്തം ഇളകിമറിഞ്ഞതാണ്. പ്രായഭേദമന്യേ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് നൂറുകണക്കിന് കാശ്മീരികൾ കറുത്ത കൊടികളുമായി തെരുവിലിറങ്ങി. കാശ്മീരി സ്ത്രീകൾ പോലും രൂക്ഷമായി അന്ന് പ്രതികരിച്ചു. ഇതുപോലെ എന്തെങ്കിലും ഒരു പ്രശ്നം മതി കാശ്മീർ താഴ്വരയാകെ ഇളകി മറിയാൻ. കാശ്മീർ ഐഡൻറ്റിറ്റിക്ക് എതിരാണ് കേന്ദ്ര സർക്കാർ എന്ന ഒരു പൊതുവികാരം രൂപപ്പെട്ടാൽ കാശ്മീരിൽ ഇനിയും വലിയ തോതിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഇനിയിപ്പോൾ കാശ്മീരിലെ സ്ഥിതിഗതികൾ അതുകൊണ്ടു തന്നെ നമുക്ക് കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.

Advertisements
'വെള്ളാശേരി ജോസഫ്' എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. 'വെള്ളാശേരി ജോസഫ്' എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.