‘അശ്ലീലമായ ഫലിതങ്ങൾ’ കൊണ്ടാടുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ

536

‘അശ്ലീലമായ ഫലിതങ്ങൾ’ കൊണ്ടാടുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ

വെള്ളാശേരി ജോസഫ്

സ്വകാര്യതാ വാദം ഉയർത്തി ചില ഇടതുപക്ഷ അനുയായികൾ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. സരിത എസ്. നായരെ കുറിച്ചുള്ള ‘അശ്ലീലമായ ഫലിതം’ ഇത്രയേറെ കൊണ്ടാടിയത് എന്തിനായിരുന്നു എന്ന് ചോദിച്ചാൽ ഇപ്പോൾ സ്വകാര്യതാ വാദം ഉന്നയിക്കുന്നവർക്ക് മറുപടി കാണില്ല. സരിത എസ്. നായരുടെ കാര്യം എന്തിനാണ് ഇടതുപക്ഷ അനുകൂല മാധ്യമങ്ങൾ ഇത്രയേറെ ചർച്ച ചെയ്തത്? പന്തിയിൽ പക്ഷാഭേദം പാടില്ല. ഇരട്ട നീതി ലൈംഗിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനോട് പാടില്ല. ഇടതുപക്ഷ അനുകൂലികളും, കേഡർ പാർട്ടികളുടെ അണികളും സ്ഥിരം അക്കാര്യത്തിൽ ഇരട്ടതാപ്പ് കാണിക്കുന്നു. അറിഞ്ഞിടത്തോളം കോടിയേരി പുത്രൻറ്റേത് ഒരുതരം ‘ചിന്നവീട് സെറ്റപ്പ്’ ആയിരുന്നു. മുംബൈയിലെ ഡാൻസ് ബാറുകൾ സന്ദർശിക്കുന്ന ഒത്തിരി പകൽ മാന്യൻമാർ നമ്മുടെ ഇടയിൽ ഉണ്ട്; സാധാരണക്കാരും ഉണ്ട്. ‘എൻറ്റർട്ടെയിൻമെൻറ്റ്’ നഗര ജീവിതത്തിൻറ്റെ അവിഭാജ്യ ഘടകം ആണല്ലോ. രാജ്യമെങ്ങും നിന്ന് തൊഴിലാളികൾ മുംബൈയിലേക്ക് ഒഴുകിയപ്പോഴാണ് ഈ ‘സെക്ഷ്വൽ എൻറ്റെറ്റെർട്ടയിൻമെൻറ്റ്’ മുംബൈ നഗരത്തിൻറ്റെ അവിഭാജ്യ ഘടകമായി മാറിയത്. കുടുംബങ്ങളിൽ നിന്നും, വളരെ കെട്ടുറപ്പുള്ള സാമൂഹ്യ ബന്ധങ്ങളിൽ നിന്നും പറിച്ചു നടുന്ന പുരുഷൻമാർ വിനോദാപാധിയായി ഇത്തരം ‘സെക്ഷ്വൽ എൻറ്റെർട്ടെയിൻമെൻറ്റുകളെ’ കണ്ടാൽ അവരെ കുറ്റം പറയാൻ ആവില്ല. മുംബൈയിൽ മാത്രമല്ലാ; ഇന്ത്യയിലെ മറ്റു നഗരങ്ങളിലും ഇത്തരം ‘സെക്ഷ്വൽ എൻറ്റെർട്ടെയിൻമെൻറ്റ്’ രീതികൾ വ്യാപിക്കുകയാണ്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഇത് പണ്ടേ ഉണ്ടായിരുന്നു. പ്രവാസി ജീവിതത്തിൻറ്റെ ഭാഗം തന്നെയായി അതൊക്ക മാറിക്കഴിഞ്ഞു.

ഗൾഫിലും അമേരിക്കയിലും ഒക്കെ ജോലി ചെയ്യുന്ന പ്രായപൂർത്തിയായ മക്കൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾക്ക് ഉത്തരം പറയേണ്ട കാര്യം മാതാ പിതാക്കൾക്കില്ല. “അടക്കയാവും കാലം മടിയിൽ വെക്കാം; അടയ്ക്കാമരം ആവും കാലം വയ്യല്ലോ” – എന്നാണല്ലോ മലയാളത്തിലെ പ്രസിദ്ധമായ ഒരു ചൊല്ല്. പക്ഷെ എല്ലാവരെയും സൻമാർഗം പഠിപ്പിക്കുന്ന CPM അവർക്ക് നേരെയും കാര്യങ്ങൾ തിരിഞ്ഞു വരും എന്നും ഓർക്കേണ്ടതായിരുന്നു. സൂര്യനെല്ലി, രാജ്മോഹൻ ഉണ്ണിത്താൻ, ഐസ്ക്രീം, സോളാർ വിവാദം – ഇങ്ങനെ നമ്മുടെ ഇടതുപക്ഷം സൃഷ്ടിച്ച ലൈംഗിക വിവാദങ്ങൾ അനവധിയാണ്. രാഷ്ട്രീയ എതിരാളികളെ അവർ നിഷ്കരുണം ലൈംഗിക വിവാദങ്ങളിലൂടെ വേട്ടയാടി. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഇത്രയേറെ ലൈംഗിക വിവാദങ്ങൾ സൃഷ്ടിച്ച ഒരു പാർട്ടിക്കും, അവരുടെ സഹ യാത്രികർക്കും മറ്റുള്ളവരോട് ലൈംഗിക വിവാദങ്ങൾ സൃഷ്ടിക്കരുത് എന്ന് പറയാനുള്ള യാതൊരു ധാർമികമായ അവകാശവും ഇപ്പോഴില്ലാ; അങ്ങനെയൊന്നുണ്ടന്നുള്ളത് അനുമാനിക്കുന്നത് തന്നെ അവരെ പൊതുജനത്തിൻറ്റെ മുന്നിൽ പരിഹാസ്യരാക്കും.

(ഇതെഴുതുന്ന വ്യക്തി നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം)

Advertisements