‘ജെൻഡർ സെൻസിറ്റീവ്’ ആയിട്ടുള്ള നമ്മുടെ ഭരണഘടന

328

വെള്ളാശേരി ജോസഫ്

നമ്മുടെ ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ് ആർത്തവത്തിൻറ്റെ പേരിൽ സ്ത്രീകളോട് കാണിക്കുന്ന വിവേചനം. ‘ലെറ്റർ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷനും’, ‘സ്പിരിറ്റ്‌ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷനും’ എതിരാണ് അത്തരത്തിൽ ഒരു വിവേചനം. അതാണ്‌ ശബരിമലയിൽ യുവതി പ്രവേശനത്തിന് അനുകൂലമായ വിധി സുപ്രീം കോടതിയിൽ നിന്ന് വരാൻ കാരണം. നമ്മുടെ ഭരണഘടന

വെള്ളാശേരി ജോസഫ്

ദീർഘവീക്ഷണമുണ്ടായിരുന്ന രാഷ്ട്രശിൽപികൾ കാരണം അടിസ്ഥാനപരമായി ‘ജെൻഡർ സെൻസിറ്റീവ്’ ആയിട്ടുള്ള ഒരു ഭരണഘടനയാണ്. ഇത്തരത്തിലുള്ള നമ്മുടെ നിയമവ്യവസ്ഥിതിയുടെ അടിസ്ഥാന ശിലകളെ കുറിച്ച് പൊതുജനത്തിന് ബോധ്യം ഉണ്ടെന്ന് തോന്നുന്നില്ല. അവരെ അത്തരത്തിൽ ബോധവൽക്കരിക്കേണ്ട രാഷ്ട്രീയ നെത്ര്വത്ത്വമാകട്ടെ സാധാരണക്കാരുടെ വിശ്വാസം മുൻനിർത്തി കപട രാഷ്ട്രീയം കളിക്കുകയാണോ എന്ന് സംശയിക്കണം. സുപ്രീം കോടതിയിൽ ശബരിമല വിഷയത്തിൽ ഉയർത്തിയ ലീഗൽ പോയിൻറ്റ്സ് സാധാരണ വിശ്വാസികളുടെ തലയിൽ കേറാൻ സാധ്യതയില്ല. ഇപ്പോൾ ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കിയാൽ തന്നെ അതിൻറ്റെ ഭരണഘടനാ സാധുത മിക്കവാറും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഓർഡിനൻസ് തള്ളി പോകും. അതല്ലെങ്കിൽ ഭരണഘടന തിരുത്തിയെഴുതണം. അതിനു ലോക്സഭയിലും, രാജ്യ സഭയിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. പിന്നീട് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തോടെ രാഷ്ട്രപതിക്കു സമർപ്പിക്കണം. ഇത് വല്ലതും നടപ്പുള്ള കാര്യമാണോ? ചുരുക്കം പറഞ്ഞാൽ 12 വർഷവും, 24 കക്ഷികൾ വാദിച്ചതും, എല്ലാ വശങ്ങളും പരിശോധിച്ചതുമായ സുപ്രീം കോടതി വിധിന്യായം തിരുത്തുക ദുഷ്കരമാണ്. 411 പേജുള്ള സുപ്രീം കോടതി വിധിന്യായം വന്നത് 1991-ന് മുൻപ് സ്ത്രീകൾ ശബരിമലയിൽ കയറിയിരുന്നു എന്നതിൻറ്റെ കൃത്യവും വ്യക്തവുമായ ‘ഡോക്കുമെൻറ്ററി എവിഡൻസ്’ പഠിച്ചിട്ടാണ്. സ്ത്രീകളുടെ പേരിൽ ചോറൂണിൻറ്റെ ഒക്കെ രസീതുകളുടെ ശേഖരം ഉള്ളപ്പോൾ ആർക്കാണ് തെളിവുകൾ നിഷേധിക്കുവാൻ സാധിക്കുന്നത്? അധികാരവും പണവും ഉള്ളവർ മാത്രമായിരുന്നു പണ്ട് ശബരിമലയിൽ ആചാരങ്ങൾ തെറ്റിച്ചതെന്ന വാദവും വസ്തുതാപരമായി ശരിയല്ല. പണ്ട് ശബരിമല ക്ഷേത്രത്തിൽ മക്കളുടെ ചോറൂണ് നടത്തിയ എല്ലാ അമ്മമാരും അധികാരവും, പണവും ഉള്ളവർ ആയിരുന്നില്ല. മറ്റേതൊരു അമ്പലത്തിലും ഉള്ളത് പോലെ നിയമപ്രകാരം ചോറൂണിന് രസീത് എടുത്ത് നടത്തിയതായിരുന്നു അവയൊക്കെ. ഇതുപോലെ മഹാരാഷ്ട്രയിലുള്ള ദർഗയുടെ കാര്യത്തിലും കോടതി വിധി വന്നത് നേരത്തേ സ്ത്രീകൾ അവിടെ കയറിയിരുന്നു എന്ന തെളിവുകൾ കണ്ടിട്ടാണ്. കോടതി നടപടികൾ അല്ലെങ്കിലും തെളിവുകളും, സാക്ഷി മൊഴികളും അനുസരിച്ചാണല്ലോ. രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ച് ഒരു കോടതിക്കും പ്രവർത്തിക്കാൻ ആവില്ല. ആചാര സംരക്ഷകർ എന്ന് മേനി പറഞ്ഞു നടക്കുന്ന ചിലർക്കും ഇതൊക്കെ അറിയാമെന്നാണ് തോന്നുന്നത്. പിന്നെ ഇവിടെ ശബരിമലയുടെ പേരിൽ നടക്കുന്ന നാടകങ്ങളൊക്കെ വെറും രാഷ്ട്രീയ നേട്ടത്തിനായി മാത്രം.
(ഇതെഴുതുന്ന വ്യക്തി നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം)

Advertisements