യോഗ്യതയില്ലാത്തവരുടെ കൈകളിൽ എത്തിയതുകൊണ്ടാണോ കമ്മ്യൂണിസം പ്രശ്നങ്ങൾ ഉണ്ടാക്കിയത് ?

വെള്ളാശേരി ജോസഫ്

റഷ്യയിലും ചൈനയിലും സംഭവിച്ച വലിയ തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ കേരളത്തിലെ കമ്യൂണിസ്റ്റുകാർ സ്ഥിരം പറയുന്ന ഒരു ഡയലോഗുണ്ട്: “കമ്യൂണിസം വളരെ ഉത്കൃഷ്ടമായ ഒരു ആശയമാണ്; പക്ഷേ അത് യോഗ്യതയില്ലാത്തവരുടെ കൈകളിൽ എത്തിയതുകൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടായത്” എന്ന്. സത്യത്തിൽ, ഈ പറയുന്നത് അങ്ങേയറ്റം തെറ്റാണ്. കാരണം ചരിത്രത്തിൻറ്റെ മൂശയിൽ തെളിയിക്കാത്തതൊന്നും ഒരു മഹത്വവും ആയി കണക്കാക്കാൻ കമ്യൂണിസ്റ്റു സിദ്ധാന്തം അനുസരിച്ചു സാധിക്കുകയില്ല. “Philosophers have interpreted life; I want to change it” – എന്നതാണ് കാറൽ മാര്ക്സിൻറ്റെ പ്രശസ്തമായ പ്രഖ്യാപനം. മാര്ക്സിൻറ്റെ വാക്കുകളിലെല്ലാം കാണുന്നത് വിപ്ലവാഹ്വാനവുമാണ്. അത്തരം ആഹ്വാനങ്ങളിലൂടെ നടപ്പാക്കിയ വിപ്ലവങ്ങളെല്ലാം ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്ന് പരാജയപ്പെട്ടു എന്ന് അംഗീകരിക്കാൻ കമ്യൂണിസ്റ്റുകാർ ഇന്നും മടി കാട്ടുന്നു. ഇവിടെയാണ് സത്യത്തിൽ കമ്യൂണസത്തിൻറ്റെ യഥാർഥ പരാജയം. അതുകൊണ്ടാണ് എല്ലാം പഠിച്ചവരെന്ന് അഭിമാനിക്കുന്ന കമ്യൂണിസ്റ്റുകാർ ഇന്നും ലോക ചരിത്രത്തിലെ ഏറ്റവും വലിയ പട്ടിണി മരണം സൃഷ്ടിച്ച ആളായ മാവോയെ മഹാനായി വാഴ്ത്തുന്നത്!!!

ചില വസ്തുതകളെ വസ്തുതകളായി തന്നെ അംഗീകരിക്കണം. അതല്ലാതെ പണ്ടത്തെ പോലെ സാമ്രാജ്യത്ത്വ പ്രചാരണം ആയി ആരും കാണരുത്. ട്രോട്സ്കി, ബുഖാറിൻ, സിനോവീവ്, കാമനെവ് – ഇവരെല്ലാം റഷ്യയിൽ സ്റ്റാലിൻറ്റെ കരങ്ങളാൽ കൊല്ലപ്പെട്ടവരാണ്. അങ്ങനെയുള്ള സ്റ്റാലിനെ ‘വിപ്ലവകാരി’ എന്നൊന്നും വിശേഷിപ്പിക്കുവാൻ ആവില്ല. വ്യക്തികളെ ശത്രുക്കളായി കാണുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്ന നയമുള്ള ഒരു നേതാവും പാർട്ടിയും രാജ്യം ഭരിച്ചാൽ എങ്ങനെ ഇരിക്കും? ഉന്മൂലന സിദ്ധാന്തം എന്നൊരു പദ്ധതി തന്നെ രൂപപ്പെടുന്നത് അപ്പോൾ മാത്രമാണ്. സോവിയറ്റ് ‘കളക്റ്റിവൈസേഷനിൽ’ എത്ര കർഷകർ കൊല്ലപ്പെട്ടു എന്ന് വിൻസ്റ്റൺ ചർച്ചിൽ രണ്ടാം ലോക മഹായുദ്ധ കാലത്തിനിടയിലുള്ള ഒരു കൂടിക്കാഴ്ചയിൽ സ്റ്റാലിനോട് ചോദിച്ചപ്പോൾ “Stalin raised his snow white hands and indicated 10” എന്നാണ് ‘Rise and Fall of Joseph Stalin’ എഴുതിയ റോബർട്ട് പെയിൻ പറയുന്നത്. ഇത് ഒരു ബൂർഷ്വാ പ്രചാരണവും അല്ല; സ്റ്റാലിൻറ്റെ തന്നെ വാക്കുകളാണ്. പത്തു ലക്ഷം കർഷകരെ കൂട്ട കുരുതി നടത്തി ‘കളക്റ്റിവൈസേഷൻ’ നടപ്പാക്കിയ സ്റ്റാലിനേയും, മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണത്തിനു കാരണമായ മാവോയേയും ഇന്നും പൊക്കിപിടിക്കുന്നതിൽ ഒരു കാര്യവുമില്ല.

മുൻ സോവിയറ്റ് യൂണിയനിൽ സ്റ്റാലിൻ അനേകം പേരെ കൊന്നൊടുക്കിയപ്പോൾ, ലോക ചരിത്രത്തിലെ ഏറ്റവും വലിയ പട്ടിണി മരണം സൃഷ്ടിച്ച ആളാണ്‌ കമ്യുണിസ്റ്റ്കാരുടെ മഹാനായ മാവോ സേ തുങ്. ചൈനയിൽ കമ്യൂണിസ്റ്റുകാരുടെ മഹാനായ മാവോ ഭരിച്ചതുകൊണ്ടാണ് അമർത്യ സെൻ പറയുന്നത് പോലെ മുപ്പതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണം ഉണ്ടായത്. കമ്യൂണിസത്തിൻറ്റെ മഹത്ത്വം വിളമ്പുന്നവർ ഇത്ര വലിയ ഒരു ജനത പട്ടിണികൊണ്ടു മരിച്ചത് കാണുന്നില്ലാ. 3 കോടിയോളം പട്ടിണി മരണങ്ങൾ എന്ന് പറഞ്ഞാൽ 1958-61 കാലഘട്ടത്തിലെ കേരളത്തിലെ മൊത്തം ജനസംഖ്യയോക്കാളും വരും. റഷ്യയിൽ സ്റ്റാലിൻറ്റെ രഹസ്യ പോലീസ് തലവനായിരുന്ന ബെരിയ ബലാത്‌സംഗം ചെയ്തു കുഴിച്ചുമൂടിയ സ്ത്രീകളുടെ ലിസ്റ്റ് ഇന്നും റഷ്യ പുറത്തു വിട്ടിട്ടില്ല. തനി ക്രിമിനൽ ആയിരുന്നു ബെരിയയെ പോലുള്ളവർ. ചൈനയിൽ ഇപ്പോഴുള്ള ഏകാധിപത്യം തകർന്നാൽ, കമ്യുണിസ്റ്റ് പാർട്ടിയിൽ പെട്ടവരെ ജനം ഓടിച്ചിട്ട് തല്ലാൻ സാധ്യതയുണ്ട്. സോവിയറ്റ് യൂണിയനിൽ ലെനിൻറ്റെ പ്രതിമ തകർത്തപ്പോൾ ജന ലക്ഷങ്ങൾ ആവേശത്തോടെ ആർപ്പ് വിളിക്കുന്നത് കേരളത്തിൽ ഇരുന്ന് പോലും ആളുകൾ ലൈവ് ടെലിക്കാസ്റ്റ് ആയി കണ്ടതാണ്. ഇന്ത്യയിലും, ചില അവികസിത രാജ്യങ്ങളിലും മാത്രമാണ് കമ്യൂണിസം ഇത്ര വലിയ സംഭവമായിട്ട് ഇന്നും കാണുന്നത്. അതാണ് ത്രിപുരയിൽ ഒരു ലെനിൻ പ്രതിമ തകർത്തപ്പോൾ ആളുകൾ പ്രതിഷേധിച്ചത്. റഷ്യയിൽ അത്തരം പ്രതിമകൾ തകർക്കുന്നത് ഒരു സാധാരണ സംഭവമാണെന്നാണ് റഷ്യൻ കാര്യലയത്തിലെ ഒരാൾ അന്ന് പറഞ്ഞത്. ഇപ്പോൾ റഷ്യയിൽ ആളുകൾ പബ്ലിക് പാർക്കിൽ കിടക്കുന്ന പഴയ ലെനിൻ, സ്‌റ്റാലിൻ വെങ്കല പ്രതിമകളുടെ മുകളിൽ മൂത്രം ഒഴിക്കുകയാണ്. കേരളത്തിലെ ‘ബ്രെയിൻ വാഷ്’ ചെയ്യപ്പെട്ട കമ്യൂണിസ്റ്റ്കാർ അതൊന്നും മനസിലാക്കുന്നില്ല. അവരെ ഓർത്ത്‌ സഹതപിക്കുന്നൂ; പരിതപിക്കുന്നൂ. ശരിക്കു പറഞ്ഞാൽ, ‘സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം’ – എന്നിങ്ങനെ ഇല്ലാത്ത മായക്കാഴ്ചകൾ കാട്ടി മനുഷ്യരെ കണ്ണുകെട്ടി കൊണ്ടുപോവുക മാത്രമാണ് കമ്യൂണിസം ചരിത്രത്തിൽ ചെയ്തു കൂട്ടിയിട്ടുള്ളത്.

പക്ഷെ ഇതൊക്കെയാണെങ്കിലും യാഥാസ്ഥിതികമായ മൂല്യങ്ങൾക്കെതിരെ പൊരുതിയതുകൊണ്ട് കമ്യൂണിസ്റ്റുകാർക്ക് സ്ത്രീ-പുരുഷ ബന്ധങ്ങളിൽ സ്വതന്ത്ര ചിന്താഗതി കൊണ്ടുവരുവാൻ അനേകം രാജ്യങ്ങളിൽ സാധിച്ചിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റുകാർക്ക് മറ്റു രാജ്യങ്ങളിൽ അവർ പ്രോത്സാഹിപ്പിച്ച ‘ഇറോട്ടിക്ക് ലിബർട്ടി’ ഒട്ടും കൊണ്ടുവരാനായിട്ടില്ല എന്നത് വേറെ കാര്യം. കേരളത്തിലെ കമ്യൂണിസ്റ്റുകാർക്ക് മറ്റു രാജ്യങ്ങളിൽ അവർ പ്രോത്സാഹിപ്പിച്ച ‘ഇറോട്ടിക്ക് ലിബർട്ടി’ ഒട്ടും ഉൾക്കൊള്ളാനായിട്ടില്ല എന്നതുതന്നെയാണ് രാഷ്ട്രീയ എതിരാളികളെ ലൈംഗിക അപവാദ കേസുകളിൽ കുടുക്കുന്നതിലൂടെ അവർ കാണിക്കുന്നത്. ‘ഇറോട്ടിക് ലിബർട്ടി’ അല്ലെങ്കിൽ ലൈംഗിക സ്വാതന്ത്ര്യം വിദേശ രാജ്യങ്ങളിലെ പല കമ്യുണിസ്റ്റ് പാർട്ടികളും യാഥാസ്ഥികമായ തങ്ങളുടെ സമൂഹത്തിൽ കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിക്ക് ചിന്തിക്കാൻ പോലും പറ്റാത്തതാണ് അത്. സ്ഥിരം വിക്ടോറിയൻ സദാചാര മൂല്യങ്ങൾ പ്രഘോഷിക്കുന്ന പാർട്ടിയായി സി.പി.എം. കുറെ നാളായി മാറി കഴിഞ്ഞു. ഒരു വിപ്ലവ പാർട്ടി സമൂഹത്തിലെ യാഥാസ്ഥികമായ ലൈംഗിക സദാചാരത്തിനും എതിരേ നിലകൊള്ളണമെന്നുള്ള തത്ത്വം അവർ ഒട്ടുമേ ഉൾക്കൊണ്ടിട്ടില്ല. നമ്മുടെ ക്ഷേത്രങ്ങളിലൊക്കെ നിരന്നിരിക്കുന്ന രതി ശിൽപങ്ങൾ ഇന്ത്യൻ പാരമ്പര്യം ലൈംഗികതയെ പാപമായോ, മോശം കാര്യമായോ ചിത്രീകരിക്കുന്നില്ല എന്നതിനുള്ള തെളിവാണ്. പക്ഷെ ഇതൊന്നും വിപ്ലവ പാർട്ടിയായ സി.പി.എം. ഒട്ടും ഉൾക്കൊണ്ടിട്ടില്ല. ലൈംഗിക സദാചാര വിഷയങ്ങളിൽ വളരെ യാഥാസ്ഥികമായ നിലപാട് എടുക്കുന്നതും, രാഷ്ട്രീയ എതിരാളികൾക്കെതിരെ സ്ഥിരം ലൈംഗിക അപവാദ പ്രചാരണം നടത്തുന്നതും അതു കൊണ്ടാണ്. ഒരുപക്ഷെ ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ പോലെ വളരെ യാഥാസ്ഥിതികമായ ‘ബാക്ക് ഗ്രൗണ്ട് ഉണ്ടായിരുന്നവർ കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിക്ക് നെടുനായകത്വം കൊടുത്തതുകൊണ്ടാകാം അവർക്ക് ‘ഇറോട്ടിക്ക് ലിബർട്ടി’ ഒട്ടും ഉൾക്കൊള്ളാൻ സാധിക്കാതെ പോയത്. ഗോത്രവർഗ പാരമ്പര്യം നിലനിന്നിരുന്ന മംഗോളിയയിൽ പോലും ഇന്നിപ്പോൾ യുവതീ-യുവാക്കൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിക്കുന്നത്. സന്തോഷ് ജോർജ് കുളങ്ങരയുടെ ‘സഞ്ചാരം’ പരിപാടി അതൊക്കെ നന്നായി കാണിക്കുന്നുണ്ട്. സ്ത്രീ-പുരുഷന്മാർ സ്വാതന്ത്ര്യത്തോടെയും, സ്വന്തം ഇഷ്ടപ്രകാരവും ആരോഗ്യകരമായ ബന്ധങ്ങളിൽ ഏർപ്പെടുന്നത് ആധുനികതയുടെ മുഖമുദ്രയായി കരുതാൻ സാധിക്കും. ഇൻഡ്യാ മഹാരാജ്യം തന്നെ ആധുനികവൽക്കരിക്കപ്പെടണമെങ്കിൽ ഇവിടെ ആദ്യം പുലരേണ്ടത് ലൈംഗിക സ്വാതന്ത്ര്യമാണ്.