വെള്ളാശേരി ജോസഫ്

‘കൗണ്ടർ ടെററിസം യൂണിറ്റിനെ’ കുറിച്ചുള്ള അമേരിക്കൻ ടി.വി. സീരിയലായ ’24’ – ൽ ‘എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്’ ആയ ജാക്ക് ബവ്വറിനോട് നീതിയെ കുറിച്ചൊരാൾ ചോദിക്കുന്നുണ്ട്. അപ്പോൾ ജാക്ക് ബവ്വർ പറയുന്നത് “You must ask the Law Givers. They are much more smarter people than me” എന്നാണ്. ജാക്ക് ബവ്വറിന് തീവ്രവാദികളോട് കരുണ കാട്ടുന്നതിൽ ഒരു യുക്തിയുമില്ലാ എന്ന് നന്നായി അറിയാം. പക്ഷെ ഒരു ‘സിവിലൈസ്ഡ്’ സമൂഹത്തിൽ നിയമത്തിൻറ്റെ പരിപാവനതയാണ് പുലരേണ്ടത്. അതാണ് ‘എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്’ ആയിരുന്നിട്ട് കൂടി ജാക്ക് ബവ്വർ ഓർമപ്പെടുത്തിയത്. നിർഭാഗ്യവശാൽ ഹൈദരാബാദിൽ യുവതിയെ കൂട്ടബലാത്സംഗം നടത്തി തീയിട്ടു കൊന്ന കേസിലെ പ്രതികളെ തെളിവെടുപ്പിനിടെ രക്ഷപെടാൻ ശ്രമിച്ചപ്പോൾ എന്നുപറഞ്ഞു പോലീസ് വെടിവച്ചു കൊന്നത് ഒരു ‘സിവിലൈസ്ഡ്’ സമൂഹത്തിൽ പരിപാലിക്കേണ്ട നിയമത്തിൻറ്റെ പരിപാവനതയോടുള്ള കനത്ത വെല്ലുവിളിയാണ്; നീതിന്യായ പ്രക്രിയയോടുള്ള പൃഷ്ഠം കാട്ടലുമാണ്.

ഹൈദരാബാദിൽ കൂട്ടബലാത്സംഗം നടത്തി തീയിട്ടു കൊന്ന യുവതിക്ക് നീതി കിട്ടേണ്ടാ എന്ന് ഇവിടെ ആരും പറയുന്നില്ല. പക്ഷെ ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി ആയിരിക്കരുത് പോലീസും നിയമ സംവിധാനങ്ങളും. നീതിന്യായ പ്രക്രിയ അന്തസുറ്റ രീതിയിലാണ് പ്രവർത്തിക്കേണ്ടത്. സിനിമാകഥയിലെ സുരേഷ് ഗോപിമാരെ പോലെ ഉത്തരവാദിത്ത്വബോധമുള്ള പോലീസ് ഓഫീസർമാർ പെരുമാറരുത്. ‘എൻകൗണ്ടർ’ എന്ന പേരിൽ പോലീസ് നടത്തുന്ന കൊലപാതകങ്ങൾക്ക് കയ്യടിക്കാൻ നിയമ സംവിധാനങ്ങൾ പ്രവർത്തിക്കുന്ന രീതികളെ കുറിച്ച് അറിവുള്ളവർക്ക് സാധിക്കുകയില്ല.

കുറ്റാന്വേഷണ പ്രക്രിയയിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തി, തെളിവുകൾ ശേഖരിച്ച്, കോടതിയെ ബോധ്യപ്പെടുത്തി, ശിക്ഷ വാങ്ങി നൽകുക എന്നതാണ് പോലീസിൻറ്റെ കടമ. ശിക്ഷ തീരുമാനിക്കേണ്ടതും വിധിക്കേണ്ടതും കോടതിയാണ്; അല്ലാതെ പോലീസ് അല്ല. കുറ്റവാളികൾക്ക് ശിക്ഷ ലഭിച്ചിരിക്കണം. പക്ഷേ, അത് ആൾക്കൂട്ട നീതി നടപ്പാക്കിക്കൊണ്ടാവരുത്. മുംബൈ തീവ്രവാദി ആക്രമണ കേസിലെ കസബിൻറ്റെ കാര്യത്തിൽ പോലും പോലീസ് അനുവർത്തിച്ചത് ഈ നയമാണ്. തൂക്കിക്കൊല്ലുന്നതിന് മുമ്പ് കസബിനെ കുറ്റകൃത്യത്തിൻറ്റെ തീവ്രത ബോധ്യപ്പെടുത്താൻ പോലീസ് ശ്രമിക്കുകയും ചെയ്തു.

ഇപ്പോൾ ‘ഉന്നാവോയിൽ’ ബലാത്സങ്ങത്തിന് ഇരയായ പെൺകുട്ടിയെ തീ വെച്ചതിന് ശേഷം യോഗി ആദിത്യനാഥിനോട്‌ ഹൈദരാബാദ്‌ പോലീസിനെ കണ്ടു പഠിക്കാനാണ്‌ മായാവതിയുടെ ഉപദേശം. മിക്കവാറും വരും ദിവസങ്ങളിൽ കയ്യടി നേടാൻ രാഷ്ട്രീയ നേതാക്കന്മാർ ‘ഹൈദരാബാദ്‌ മോഡൽ’ ഉദ്ധരിക്കാൻ സകല സാധ്യതകളുമുണ്ട്. നിരുത്തരവാദിത്ത്വം ആണല്ലോ അല്ലെങ്കിലും നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടെ ഒക്കെ സ്ഥിരം ശൈലി. ഇങ്ങനെയൊക്കെ ആണെങ്കിൽ ബലാത്സങ്ങ വീരൻ ആശാറാം ബാപ്പു, കുൽദീപ് സെൻഗൽ എം.എൽ.എ., ചിന്മയാനന്ദപുരി എം.പി. – ഇങ്ങനെ പലരേയും ആൾക്കൂട്ടത്തിൻറ്റെ തൃപ്ത്തിക്ക് വിടേണ്ടി വരും.

വിചാരണയില്ലാത്ത ശിക്ഷ കാടത്തമാണ്. വെടിവെച്ച് കൊന്ന വാർത്ത “കണ്ണിന് പകരം കണ്ണ് ; എല്ലിന് പകരം എല്ല്” – എന്നുള്ള കാട്ടുനീതിയെ അനുസ്മരിപ്പിക്കുന്നു. ആധുനിക മനുഷ്യൻറ്റെ നീതിബോധം അല്ല ഇവിടെ വെളിവാകുന്നത്. അതിനേക്കാളൊക്കെ ഉപരി പൊലീസിന് നിയമത്തിന് അതീതമായി പ്രവർത്തിക്കുവാനുള്ള ലൈസൻസ് കൊടുക്കുകയാണ് ഈ പ്രവർത്തിയിലൂടെ. ആരെ വേണമെങ്കിലും ആരോപണ വിധേയമായി കൊല്ലാനും ശിക്ഷിക്കാതിരിക്കാനുമായാണ് നിയമ വിദഗ്ധർ ശരിയായ ചർച്ചയും വിചിന്തനവും നടത്തി ആധുനിക ‘ജൂറിസ്ഡിക്ഷണൽ പ്രോസസ്’ ഉണ്ടാക്കിയിരിക്കുന്നത്. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ ഭാഗമായ ആ ‘ജൂറിസ്ഡിക്ഷണൽ പ്രോസസിന്’ തീർച്ചയായും ഒരു കളങ്കമാണ് ഹൈദരാബാദിലെ പോലീസ് കൊലപാതകങ്ങൾ.

 

 

Advertisements
'വെള്ളാശേരി ജോസഫ്' എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. 'വെള്ളാശേരി ജോസഫ്' എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.