പഴയകാല ഇന്ത്യയ്ക്ക് എന്തായിരുന്നു ഇത്രയ്ക്കു മഹത്വം, ആ ജന്മിത്വ കാലത്തു തമ്പ്രാനെ ഓഛാനിച്ചു നിന്നതോ ?

വെള്ളാശേരി ജോസഫ്

ബി.ജെ.പി.-യും, സംഘ പരിവാറുകാരും സ്ഥിരം പറയുന്നതാണ് പഴയകാല ഇന്ത്യയുടെ മഹത്ത്വം. ഫ്യുഡൽ കാലഘട്ടത്തിൽ എന്തായിരുന്നു ഇത്ര മഹത്തരമായിട്ട് ഉണ്ടായിരുന്നിട്ടുള്ളത്? ജന്മിത്വം നിലനിന്നിരുന്ന സമയത്ത് തമ്പ്രാനെ ഓഛാനിച്ചു നിന്നവരായിരുന്നു പണ്ട്. വളഞ്ഞു നിന്ന് വാ പൊത്തി റാൻ മൂളേണ്ടതിനു പകരം നട്ടെല്ല് നിവർത്തിയാൽ തല പോവുന്ന കാലമായിരുന്നു പണ്ട് ഉണ്ടായിരുന്നത്. ചോദിക്കാനും പറയാനും സമൂഹത്തിൻറ്റെ താഴെ തട്ടിലുള്ളവർക്ക് ആരുമില്ലാതിരുന്ന കാലം. നാടുവാഴികളുടേയും, ദേശവാഴികളുടേയും, രാജാക്കന്മാരുടേയും മുമ്പിൽ മാനം പോകുമോ എന്ന് പേടിച്ചു പ്രായം തികഞ്ഞ പെൺകുട്ടികൾ നടന്നിരുന്ന കാലം കൂടിയായിരുന്നു അത്. ലാറി കോളിൻസും ഡൊമിനിക്ക് ലാപ്പിയറും ചേർന്നെഴുതിയ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റിൽ’ രണ്ട് നാട്ടു രാജാക്കന്മാർ തമ്മിൽ ഏറ്റവും കൂടുതൽ സ്ത്രീസംഗം നടത്താൻ പറ്റുന്നതിനെ കുറിച്ച് പന്തയം വെക്കുന്നതും, അത് പൂർത്തികരിക്കുന്നതുമായുള്ള കഥ പറയുന്നുണ്ടല്ലോ. സക്കറിയയുടെ ‘ഭാസ്കര പട്ടേലരും എൻറ്റെ ജീവിതവും’ എന്ന നോവലിലുള്ളതു പോലെ അനേകം ഭാസ്കര പട്ടേലന്മാർ പണ്ടത്തെ ഫ്യുഡൽ ഇന്ത്യയിൽ ഉണ്ടായിരുന്നു. ഭാസ്കര പട്ടേൽ അനേകം ഗൗഢത്തി പെണ്ണുങ്ങളുടെ മാനം കവർന്ന പോലെ ഫ്യുഡൽ മുഷ്ക്ക് കാണിക്കുവാൻ പല തബ്രാക്കന്മാരും തിരുമേനിമാരും പല സ്ത്രീകളുടെയും മാനം കവർന്നിട്ടുമുണ്ട്. ‘വിധേയൻമാർക്ക്’ മാത്രമേ അന്നത്തെ അവസ്ഥയിൽ നിലനിൽപ്പ് സാധ്യമായിരുന്നുള്ളൂ. ഇതൊക്കെയായിരുന്നു മധ്യകാല ഇന്ത്യയുടെ മഹത്ത്വങ്ങൾ!!!

ആ മധ്യകാല ഇന്ത്യയിലെ ഫ്യുഡൽ മൂല്യങ്ങൾ ബീഹാറിലേയും, ഉത്തർ പ്രദേശിലേയും പല സ്ഥലങ്ങളിലും ഇപ്പോഴും നിലവിൽ ഉണ്ട്. ഉത്തർ പ്രദേശ് ബി.ജെ.പി. എം.എല്‍.എ. കുൽദീപ് സെൻഗർ ബലാത്സംഗം നടത്തിയതും, പിന്നീട് തുടർച്ചയായി ഉന്നാവോ പെൺകുട്ടിക്കും,കുടുംബത്തിനും എതിരെ ഭീഷണിയും, ഇപ്പോൾ കൊലപാതക ശ്രമവും ഉണ്ടായിരിക്കുന്നത് ഫ്യുഡൽ മുഷ്ക്കും, വയലൻസും ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും ഇപ്പോഴും നിലവിൽ ഉള്ളത് കൊണ്ടാണ്. അധികാര ബോധങ്ങളുടെ ഇത്തരം മുഷ്ക്കുകളോട് ‘നോ’ പറയാനുള്ള ധൈര്യം സമൂഹത്തിൻറ്റെ താഴെ തട്ടിലുള്ള ജനങ്ങൾക്ക് ഉണ്ടാവാത്തിടത്തോളം കാലം ഉത്തരേന്ത്യയിൽ ഈ നിലയിൽ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.

“End of violence is the end of poverty” – എന്ന് ഉത്തരേന്ത്യയുടെ ഈ നിലയെ നോക്കി വേണമെങ്കിൽ പറയാം. ഇന്ത്യയുടെ പല ഭാഗങ്ങളിലും ദാരിദ്ര്യം അടിച്ചേൽപ്പിക്കുന്നത് വയലൻസിലൂടെയാണ്. സ്ത്രീകളുടേയും, താഴെ തട്ടിലുള്ള ആളുകളുടേയും നേർക്ക് കണ്ടമാനം അതിക്രമങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ഇപ്പോഴും നടക്കുന്നുണ്ട്. അവരുടെ അടിസ്ഥാനപരമായ അവകാശങ്ങൾ വയലൻസിലൂടെ നിഷേധിക്കപ്പെടുന്നു. ഉത്തരേന്ത്യയിൽ നിരന്തരം നടക്കുന്ന ഒന്നാണ് പാവപ്പെട്ടവർക്കെതിരേയുള്ള വയലൻസ്. ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ കാണണമെങ്കിൽ ഉത്തർ പ്രദേശ്, ബീഹാർ – ഈ സംസ്ഥാനങ്ങളിലൂടെ ഒന്ന് യാത്ര ചെയ്താൽ മാത്രം മതി. ലോകത്തൊരിടത്തും മനുഷ്യൻ മനുഷ്യനെതിരെ ഇത്രയധികം അക്രമം കാണിക്കുന്നില്ലെന്ന് തോന്നിപോകും. അതുപോലെ നമ്മുടെ പോലീസുകാർ – സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവരോട് ഒരു കരുണയും കാണിക്കാറില്ല. മനുഷ്യപ്പറ്റില്ലാത്ത കൂട്ടരാണ് പലപ്പോഴും നമ്മുടെ പോലീസുകാർ. ജീവിക്കാൻ വഴിയില്ലാത്ത പട്ടിണിക്കോലങ്ങളായ റിക്ഷാക്കാരേയും ഭിക്ഷക്കാരെയുമൊക്കെ വലിയ ലാത്തി കൊണ്ട് അടിച്ചു പൊട്ടിക്കുന്നത് ഉത്തരേന്ത്യയിൽ ഒരുപാടു കണ്ടിട്ടുണ്ട്. ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് ഉത്തർപ്രദേശ്, ബീഹാർ – ഇവിടങ്ങളിലൊക്കെ മനുഷ്യാവകാശ ലംഘനം സർവ്വ സാധാരണമാണ്.

മാസങ്ങൾക്കു മുൻപാണ് രാജസ്ഥാനിലെ ചിരുവിൽ മോഷണകുറ്റം ആരോപിച്ച് ഭർത്താവിൻറ്റെ സഹോദരനെ മൃഗീയമായി കൊലപ്പെടുത്തിയതിന് ശേഷം 6 പോലീസുകാർ ചേർന്ന് ഒരു ദളിത് സ്ത്രീയെ അനേകം ദിവസങ്ങളോളം കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ആ വാർത്ത മലയാള പത്രങ്ങളിൽ പോലും വന്നിരുന്നൂ. ഇത്തരം വാർത്തകൾ വായിക്കുമ്പോൾ കേരളവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും തമ്മിലുള്ള വിത്യാസം മനസിലാകും. കേരളത്തിലെ സാമൂഹ്യാന്തരീക്ഷം എന്തുകൊണ്ട് വിത്യാസപെട്ടു എന്നും അപ്പോൾ ചിന്തിക്കേണ്ടതായി വരും. ഇവിടെയാണ് ക്രിസ്ത്യൻ മിഷനറിമാരുടെയും, സാമൂഹ്യ പരിഷ്കർത്താക്കളുടേയും പങ്ക്. ദീർഘവീക്ഷണമുണ്ടായിരുന്ന അവരാണ് കേരളീയ സമൂഹത്തെ ഉത്തരേന്ത്യയിൽ നിന്ന് വ്യത്യസ്തമായി മാറ്റത്തിൻറ്റെ പാതയിലൂടെ നയിച്ചത്. ഉത്തരേന്ത്യയിൽ നിരന്തരം നടക്കുന്ന പാവപ്പെട്ടവർക്കെതിരേയുള്ള അക്രമങ്ങൾ കാണുമ്പോൾ കേരളം ഈ സംസ്ഥാനങ്ങളിൽ നിന്നൊക്കെ എന്തുകൊണ്ട് വ്യത്യസ്തമാണ് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ പോലും അടിമത്തം പകൽ പോലെ ഉണ്ട്. രണ്ടാഴ്ച മുമ്പാണ് തമിഴ്നാട്ടിൽ ‘ബോണ്ടഡ് ലേബറിന്’ വിധേയനായ ഒരാൾ വനിതാ കളക്റ്ററുടെ കാലിൽ വീണ് രക്ഷിക്കാൻ അപേക്ഷിക്കുന്ന ഫോട്ടോ പത്രങ്ങളിലെല്ലാം വന്നത്. ഇപ്പോൾ ഉന്നാവോ പെൺകുട്ടിക്കെതിരെ കുറെ കാലമായി നടക്കുന്ന നടക്കുന്ന അക്രമ പരമ്പരകളുടെ നടുക്കുന്ന വാർത്തകൾ വായിക്കുമ്പോൾ ഇത്തരം ഫ്യുഡൽ സംസ്കാരം കേരളത്തിൽ ഇല്ലാതായതിന് മിഷനറിമാരോടും, കമ്മ്യൂണിസ്റ്റുകാരോടും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളോടും നമുക്ക് നന്ദി പറയാം.