ഹിന്ദു മതത്തിൻറ്റെ ആദ്ധ്യാത്മികവും, ധാർമികവും ആയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു വേണം ഇന്നത്തെ ഹിന്ദു ഭൂരിപക്ഷ വർഗീയതക്കു നേരെ വിമർശനങ്ങൾ ഉയർത്തേണ്ടത്

വെള്ളാശേരി ജോസഫ്

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14 .2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011 – ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നുവെച്ചാൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യയിലാണെന്ന് ചുരുക്കം. നൂറ്റാണ്ടുകളായി ഇന്ത്യയിൽ ജീവിക്കുന്ന ഈ 17 കോടി വരുന്ന ഭീമമായ ജനസംഖ്യയെ പൗരത്വത്തിൻറ്റെ പേരിൽ മുൾമുനയിൽ നിറുത്തുന്നത് വലിയ നീതി നിഷേധമാണ്. മുസ്‌ലീം ജന സമൂഹത്തിൽ നിന്ന് പൗരത്വ ബില്ലിൻറ്റെ പേരിൽ വലിയ എതിർപ്പ് ഉയരുന്നതും ഈ നീതിനിഷേധം കൊണ്ടുതന്നെ.

1947 – ലെ വിഭജനത്തിൻറ്റെ കാലുഷ്യമേറിയ സമയത്തുപോലും പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാർദം പുലർതണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തിരുന്നു. ഗാന്ധി അവസാനം ഹിന്ദു – മുസ്ലിം മത സൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിൻറ്റെ ജീവന് വേണ്ടി മോസ്ക്കുകളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. ഇങ്ങനെ മത ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആർജിക്കലാണ് ഇന്നും നമുക്ക് ആവശ്യം. മുസ്ലീമുകൾക്ക് ഹിന്ദു ഭൂരിപക്ഷ രാജ്യത്തു സുഖമായി ഉണ്ണാനും ഉറങ്ങാനും പറ്റും എന്ന് തെളിയിച്ചു കൊടുക്കേണ്ടത് ഹിന്ദുക്കളുടെ കൂടെ ചുമതലയാണ്. ഭൂരിപക്ഷം ന്യൂന പക്ഷത്തിൻറ്റെ വിശ്വാസം ആർജ്ജിച്ചു വേണം അവരോട് മത സൗഹാർദ്ദത്തിനും, സമാധാനത്തിനും വേണ്ടി സംസാരിക്കാൻ എന്നതായിരുന്നു ഗാന്ധിയൻ നിലപാട്. ഭൂരിപക്ഷം ന്യൂനപക്ഷത്തിൻറ്റെ വിശ്വാസം ആർജിക്കണം എന്ന രാഷ്ട്ര പിതാവിൻറ്റെ തത്ത്വസംഹിത എപ്പോഴും ഓർമിക്കപ്പെടേണ്ടതുണ്ട്. മഹാത്മാ ഗാന്ധി കാണിച്ചു തന്ന ആ മത സൗഹാർദത്തിൻറ്റെ പാതയാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് ആവശ്യം.

പക്ഷെ ഇതൊക്കെ ഇന്ന് പറയാമെന്നേയുള്ളൂ. ഭരണഘടനാ മൂല്യങ്ങൾ പോലും ഇന്നത്തെ ഇന്ത്യയിൽ വീണ്ടെടുക്കുക ദുഷ്കരമാണ്. ഇന്നത്തെ മതബോധമുള്ള ഇന്ത്യയിൽ പഴയ മാനുഷിക മൂല്യങ്ങളൊക്കെ അഭയാർത്ഥികളുടെ കാര്യത്തിൽ വീണ്ടെടുക്കുന്നതും വിഷമമാണ്. ഗാന്ധിജിയുടേയോ നെഹ്‌റുവിൻറ്റേയോ പഴയ കോൺഗ്രസ്സ് ഒന്നും അല്ല ഇപ്പോഴത്തെ കോൺഗ്രസ്സ്. അതുകൊണ്ട് കോൺഗ്രസ് നെത്ര്വത്വത്തിൽ അഭയാർത്ഥികൾക്കുവേണ്ടി മാനുഷിക മൂല്യങ്ങൾ ഉയർത്തി വാദിക്കാൻ സാധ്യമല്ല. മത ചിഹ്നങ്ങൾ ഉപയോഗിച്ചു കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്താൽ കൂടുതൽ ഹിന്ദുക്കൾ ബി.ജെ.പി.-യിൽ ചേരും എന്ന ഒറ്റ പ്രയോജനമേ ഉള്ളൂ. ജാമിയ മിലിയ ഇസ്‌ലാമിയിലിയേയും, അലിഗർ മുസ്‌ലിം യൂണിവേഴ്സിറ്റിയിലേയും കുറെ വിദ്യാർത്ഥികൾ സമരം ചെയ്‌താൽ കേന്ദ്ര സർക്കാർ മറിഞ്ഞു വീഴും എന്നൊക്കെ കരുതുന്നത് ശുദ്ധ മൗഢ്യമാണ്. പണ്ട് ഇതിനേക്കാൾ വലിയ സമരങ്ങൾ മണ്ഡൽ കമ്മീഷനെതിരേയും, നിർഭയക്ക് നേരെ ഉണ്ടായ കൂട്ട ബലാത്സങ്ങത്തിനെതിരേയും ഡൽഹിയിൽ നടന്നിരുന്നൂ. അന്നൊന്നും വീഴാത്ത ഡൽഹി സർക്കാർ ഇപ്പോൾ എങ്ങനെ വീഴാനാണ്?

ഏറ്റവും നല്ല ‘റയറ്റ് കൺട്രോൾ മെക്കാനിസം’ ഉള്ള സിറ്റിയാണ് ഡൽഹി. അതുകൂടാതെ സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളെ എപ്പോൾ വേണമെങ്കിലും മൊബിലൈസ് ചെയ്യാൻ കേന്ദ്ര സർക്കാരിന് സാധിക്കും. ഡൽഹിയിൽ ജെ.എൻ.യു.- വിലേയും, ഡൽഹി യൂണിവേഴ്സിറ്റിയിലേയും അധികം വിദ്യാർത്ഥികളൊന്നും ഈ മതബോധം പ്രകടിപ്പിക്കുന്ന സമര രംഗത്ത് ഇറങ്ങിയിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്.

ഹിന്ദുക്കളുടെ രക്ഷകരായി ബി.ജെ.പി. മാത്രമേയുള്ളു എന്ന് സാധാരണക്കാരായ ഹിന്ദുക്കൾ വിശ്വസിക്കുന്നു. അനേകം ഹിന്ദുക്കൾ അങ്ങനെ കരുതുന്നതുകൊണ്ടാണ് സത്യത്തിൽ ബി.ജെ.പി. വിജയിക്കുന്നത്. അത് തെറ്റിധാരണയാകാം; ബി.ജെ.പി.-യുടെ ഉത്തരേന്ത്യൻ കച്ചവട ലോബികളെ പിന്തുണയ്ക്കുന്ന നയങ്ങളിൽ സാധാരണക്കാരന് സ്ഥാനവും ഇല്ലായിരിക്കാം. പക്ഷെ മതം പറഞ്ഞാണ് മിക്കയിടങ്ങളിലും ബി.ജെ.പി. വോട്ട് പിടിക്കുന്നത്. ഇത് കോൺഗ്രസും, പ്രതിപക്ഷ പാർട്ടികളും മനസിലാക്കേണ്ടതുണ്ട്. മത ധ്രുവീകരണം അല്ലെങ്കിൽ ‘റിലീജിയസ് പോളറൈസേഷന്’ ബി.ജെ.പി. -ക്ക് അധികം ഇടം കൊടുക്കാതിരുന്നതാണ് ഇന്നത്തെ ഇന്ത്യയിൽ അനുവർത്തിക്കേണ്ട ബുദ്ധിപരമായ രാഷ്ട്രീയ തീരുമാനം.

ഇന്ത്യയിൽ പൗരത്വം കൊടുക്കാനുള്ള നിബന്ധനകളിൽ മതം വയ്ക്കുന്നത് ‘റിലിജിയസ് പോളറൈസേഷൻ’ ഉണ്ടാക്കാനാണെന്നുള്ളത് ബുദ്ധിപൂർവം ആലോചിച്ചു നോക്കിയാൽ ഒരു കൊച്ചു കുഞ്ഞിന് പോലും മനസിലാകും. മറ്റ് രാജ്യങ്ങൾ വയ്ക്കുന്നത് പോലെ വിദ്യാഭ്യാസ നിലവാരം, ഭാഷാ പരിജ്ഞാനം, സാമ്പത്തിക സ്ഥിതി, ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഇല്ലാതിരിക്കൽ – ഇവയൊക്കെ ഇന്ത്യൻ പൗരത്വം കിട്ടാനും വെച്ചാലെന്താണ് കുഴപ്പം? അത് ബി.ജെ.പി. – ക്കാരും, സംഘ പരിവാറുകാരും മത ധ്രുവീകരണവും, വോട്ടുബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി ചെയ്യില്ല. ഹിന്ദുവിനും ജൈനനും കൊടുക്കാമെന്നും മുസ്ലിമിന് കൊടുക്കേണ്ട എന്നും തീരുമാനിക്കുന്നത് എന്തിനാണ്? ഭരണഘടനയിൽ അധിഷ്ഠിതമായ മതേതര രാജ്യമല്ലേ നമ്മുടേത്? അതിർത്തി രാജ്യങ്ങളിൽ പാക്കിസ്ഥാനേയും, ബംഗ്ളാദേശിനേയും, അഫ്‌ഗാനിസ്ഥാനേയും മാത്രം ഈ പൗരത്വ ബില്ലിൻറ്റെ പരിധിയിൽ ഉൾപ്പെടുത്തിയത് എന്തിനാണ്? മതം പറഞ്ഞു മനുഷ്യനെ ഭിന്നിപ്പിക്കുവാനുള്ള ബി.ജെ.പി. – യുടെ ലക്ഷ്യം എന്നത് പകൽ പോലെ വ്യക്തമാണ്. അയൽ രാജ്യങ്ങളിൽ നിന്ന് മതം പറഞ്ഞുകൊണ്ട് വരുന്ന ആളുകളെ ബി.ജെ.പി. ഇൻഡ്യാക്കാരായി നിർവ്വചിക്കുകയാണ്.

ഇവിടെ മറ്റൊന്ന് കൂടി കാണേണ്ടതുണ്ട്. ഹിന്ദു സമൂഹത്തിലുള്ളവർ മറ്റേതൊരു മതക്കാരെ പോലെ തന്നെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. ഏതു മത സമൂഹത്തിലുള്ളവരെ പോലെ തന്നെ ഹിന്ദു സമൂഹത്തിലുള്ളവർക്ക് അവരുടെ പിള്ളേർക്ക് പണി കിട്ടണം; ജോലിക്ക് സുരക്ഷ വേണം; ക്രമ സമാധാനം പുലരണം; ഇൻഫ്രാ സ്ട്രക്ച്ചർ വികസനം ഉണ്ടാവണം – എന്നൊക്കെയുള്ള ചിന്തയേ ഉള്ളൂ.

ആ രീതിയിൽ ഹിന്ദു മത നിരപേക്ഷത പുലർത്തുന്നൂ. പക്ഷെ ഹിന്ദുത്വ രാഷ്ട്രീയം ഈ മതേതര സങ്കൽപ്പത്തിന് എതിരാണ്. അന്യമത വിദ്വേഷമാണ് ഹിന്ദുത്വ രാഷ്ട്രീയം പുറത്തെടുക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയം വർഗീയമായി മാറുന്നതും അങ്ങനെയാണ്. അങ്ങനെ വേണം ഈ രണ്ടിനേയും വേർതിരിച്ചറിയുവാൻ.

ഹിന്ദു ഭൂരിപക്ഷ വർഗീയത ബാബരി മസ്ജിദിൻറ്റെ തകർച്ചക്ക് ശേഷം ഇവിടെ പനപോലെ വളരുകയാണ്. ന്യൂനപക്ഷ വർഗീയതയും അതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടാം. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, ഡോക്ടർ അംബേദ്‌കർ – ഇങ്ങനെയുള്ള നമ്മുടെ രാഷ്ട്ര ശിൽപികൾ ഭൂരിപക്ഷ വർഗീയതക്കും, ന്യൂനപക്ഷ വർഗീയതക്കും ഒരുപോലെ എതിരായിരുന്നു. പിൽക്കാലത്ത് ആ ആദർശം ഒന്നും പാലിക്കപ്പെട്ടില്ല എന്നുള്ളത് ദുഃഖകരമായ സത്യമാണ്. ഈ ഹിന്ദു ഭൂരിപക്ഷ വർഗീയതക്ക് നേരെ വിമർശനങ്ങൾ ഉയരേണ്ടത് മതത്തിൽ ഊന്നി തന്നെയാണ്. ഹിന്ദു മതത്തിൻറ്റെ ആദ്ധ്യാത്മികവും, ധാർമികവും ആയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു വേണം ഇന്നത്തെ ഹിന്ദു ഭൂരിപക്ഷ വർഗീയതക്കു നേരെ വിമർശനങ്ങൾ ഉയർത്തേണ്ടത്.

സംഘ പരിവാറുകാരും, ബി.ജെ.പി. – ക്കാരും ഹിന്ദുവിന് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്നതാണ് ഏറ്റവും പരിഹാസ്യമായ കാര്യം. ഹിന്ദുയിസത്തെ കുറിച്ച് നന്നായി അറിയാവുന്ന എത്ര സംഘ പരിവാറുകാരുണ്ട്? ഹിന്ദുയിസത്തിലെ ദർശനങ്ങൾ രൂപപ്പെടുത്തിയ ഋഷി പരമ്പരയെ കുറിച്ച് എത്ര സംഘ പരിവാറുകാർക്ക് അറിയാം? സപ്തർഷിമാരെ കുറിച്ച് ചോദിച്ചാൽ ഇവർക്ക് അറിയാമോ? മരീചി, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, വസിഷ്ഠൻ – ഇങ്ങനെ ഓരോ മന്വന്തരത്തിലും വരുമെന്ന് പറയപ്പെടുന്ന സപ്തർഷിമാരെ കുറിച്ച് സംഘ പരിവാറിലെ എത്ര പേർക്കറിയാം? വസിഷ്ഠ പത്നിയായ അരുന്ധതി, അനസൂയ, ലോപമുദ്ര, പുലോമ, സുകന്യ, ഗാർഗി, മൈത്രേയി – ഇങ്ങനെ പുരാതന ഭാരതത്തിലെ മഹനീയരായ സ്ത്രീകളെ കുറിച്ച് എത്ര സംഘ പരിവാറുകാർക്ക് അറിയാം? വിശ്വാമിത്ര മഹർഷി, മാർക്കണ്ഡേയ മഹർഷി, അമര മഹർഷി – ഇവരെക്കുറിച്ചൊക്കെ അറിയാവുന്ന എത്ര ബി.ജെ.പി. – ക്കാരും, സംഘ പരിവാറുകാരും ഇവിടുണ്ട്? നാഥ് സമ്പ്രദായത്തെ കുറിച്ചോ, ദക്ഷിണേന്ത്യയിൽ നിന്നുള്ള 18 സിദ്ധയോഗികളെ കുറിച്ചോ ചോദിച്ചാൽ ഇവർ കൈ മലർത്തത്തില്ലേ? ഗായത്രി മന്ത്രത്തിൻറ്റേയും, മഹാ മൃത്ത്യഞ്ജയ മന്ത്രത്തിൻറ്റേയും അർഥം ചോദിച്ചാൽ മിക്ക സംഘ പരിവാറുകാരും കണ്ടം വഴി ഓടില്ലേ?

ഇതൊന്നും ചോദിച്ചിട്ടു തന്നെ ഇപ്പോൾ കാര്യമില്ലാതായിരിക്കുന്നു. വേദങ്ങളോ, ഉപനിഷത്തുകളോ ഒന്നും അറിയാത്തവരാണ് മിക്ക സംഘ പരിവാറുകാരും. ‘തത്വമസി’ എഴുതിയ പ്രൊഫസർ സുകുമാർ അഴീക്കോടിനെയോ, ഇരുന്നൂറോളം പുസ്തകങ്ങൾ എഴുതിയ ഗുരു നിത്യ ചൈതന്യ യതിയേയോ ഏതെങ്കിലും ബി.ജെ.പി.-കാരനോ, സംഘ പരിവാറുകാരനോ ഉദ്ധരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇരുപതാം നൂറ്റാണ്ടിലേയും, ഇരുപത്തൊന്നാം നൂറ്റാണ്ടിലേയും ഹിന്ദു മിസ്റ്റിക്കുകളായ രമണ മഹർഷി, സ്വാമി പരമഹംസ യോഗാനന്ദ, സ്വാമി ശിവാനന്ദ, ശ്രീ അരബിന്ദോ – ഇവരെ കുറിച്ചൊക്കെ അറിയാവുന്ന, ഇവരുടെ ഒക്കെ പുസ്തകങ്ങൾ വായിച്ചിട്ടുള്ള എത്ര ബി.ജെ.പി.-കാരും, സംഘ പരിവാറുകാരും ഇവിടുണ്ട്?

‘Apprenticed to a Himalayan Master – Autobiography of a Yogi’ എഴുതിയ ശ്രി എം. എന്ന മുംതാസ് അലി ഖാൻ, ആദ്യ അമേരിക്കൻ നാഗ സന്യാസിയായ ബാബാ റാം പുരി (പൂർവാശ്രമത്തിൽ വില്യം എ. ഗാൻസ്), ആത്മ കഥയായ ‘If Truth be Told – A Monk’s Memoir’ എഴുതിയ ഓം സ്വാമി (പൂർവാശ്രമത്തിൽ അമിത് ശർമ) – ഇവരൊക്കെ ഇന്നും ജീവിച്ചിരിക്കുന്ന ഹിന്ദു മിസ്റ്റിക്കുകളാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നമ്മുടെയിടയിൽ ഇന്നും ജീവിച്ചിരിക്കുന്ന ഇവരെ കുറിച്ചൊക്കെ അറിയാവുന്ന എത്ര ബി.ജെ.പി.-കാരും, സംഘ പരിവാറുകാരും ഇവിടുണ്ട്?

ഹിന്ദുവിന് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുമ്പോഴും ഹിന്ദുവിൻറ്റെ കാതലായ ധർമബോധം ഉൾക്കൊള്ളുന്ന എത്ര ബി.ജെ.പി.-കാരും, സംഘ പരിവാറുകാരും ഇവിടുണ്ട്? കുറഞ്ഞപക്ഷം ആത്മീയത രാഷ്ട്രീയത്തിൻറ്റെ ഭാഗമാക്കിയ നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധിയെ എങ്കിലും ഇന്ത്യൻ ആത്മീയതയെ കുറിച്ച് പറയുമ്പോൾ അറിഞ്ഞിരിക്കണം. സഹന സമരങ്ങളിലൂടെയും, സ്വയം ശുദ്ധീകരണത്തിലൂടെയും ആയിരുന്നു ആ ആത്മീയത മഹാത്മാ ഗാന്ധി വെളിപ്പെടുത്തിയത്.

സനാതന ധർമം അറിയാത്ത, വെറും വിഗ്രഹാരാധകരായ, വായനാശീലമില്ലാത്ത, ഭൂരിപക്ഷ ഹിന്ദുക്കളെ മത കാർഡ് കാണിച്ചാണ് ബി.ജെ.പി. രാഷ്ട്രീയമായി ഉയർന്നുവന്നത്. വർഗ്ഗീയ ലഹളകളുണ്ടാക്കിയും അങ്ങനെ വോട്ടു ബാങ്കുകൾ സൃഷ്ടിച്ചുമാണ് ബി.ജെ.പി.-യും, സംഘ പരിവാറുകാരും അധികാരം കയ്യാളിയത്. ആ അധികാരമോഹം ഇന്നും അവർ തുടരുന്നൂ. കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിക്കുന്ന ആ പ്രക്രിയ സത്യത്തിനും ധർമ്മത്തിനും ഒരു വിലയുമില്ലാത്ത ഇന്നത്തെ കലികാലത്തിൽ ബി.ജെ.പി.-യും, സംഘ പരിവാറുകാരും അനസ്യൂതം തുടരുന്നൂ. ഹിന്ദു കാലനിർണയം അല്ലെങ്കിൽ ‘കോസ്മോളജി’ അനുസരിച്ച് ഇത് കലികാലവുമാണല്ലോ. ആളുകൾ സത്യം തിരിച്ചറിയുമ്പോൾ ഇന്നത്തെ ഇന്ത്യയിൽ ധർമം ബാക്കിയുണ്ടാകുമോ എന്ന കാര്യം സംശയമാണ്. സ്വന്തം ധർമത്തെ ഭാരതീയർ പൂർണമായും കൈവെടിയില്ല എന്നുള്ളതാണ് ആകെയുള്ള പ്രതീക്ഷ.