ഹൈദരാബാദിനേക്കാളും വലിയ ഇരുട്ടടി സാമ്പത്തിക മേഖലയിൽ ഇന്ത്യക്കാർക്ക് വരാനിരിക്കുന്നൂ

വെള്ളാശേരി ജോസഫ്

ഹൈദരാബാദ് കൊലപാതകങ്ങൾക്കും ഉപരി രാജ്യത്തെ ബാധിക്കുന്ന ഒന്നാണ്‌ നഷ്ടത്തിലോടുന്ന വൊഡാഫോൺ-ഐഡിയ പൂട്ടാൻ സാധ്യതയുണ്ട് എന്നുള്ള ചെയർമാൻ കുമാരമംഗലം ബിർളയുടെ ഇന്നലത്തെ പ്രസ്താവന. വൊഡാഫോൺ-ഐഡിയ പൂട്ടിയാൽ രാജ്യത്തുള്ള 30 കോടിയോളം വരുന്ന ‘സബ്സ്ക്രൈബേഴ്‌സ്’ എന്തുചെയ്യും എന്നുള്ള ചോദ്യത്തിന് ബിർള ഉത്തരം പറയേണ്ടേ? അതിലും ഉപരിയാണ് ജീവനക്കാരുടെ പ്രശ്നങ്ങൾ. കമ്പനികളെ ആശ്രയിക്കുന്ന ആയിരക്കണക്കിന്, പതിനായിരക്കണക്കിന് ജീവനക്കാർ എവിടെ പോകും? അവരുടെ കഞ്ഞികുടി എങ്ങനെ നടക്കും? കഞ്ഞികുടി മുട്ടുമ്പോൾ അവർക്ക് വേറെ വെല്ലോ തൊഴിലും ലഭിക്കാൻ സാധ്യതയുണ്ടോ? ഇത്തരത്തിൽ ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളാണ് ഇനി ഇന്ത്യയുടെ വിവിധ കോണുകളിൽ നിന്ന് ഉയരാൻ പോകുന്നത്.

കുമാരമംഗലം ബിർളക്ക്‌ പ്രശ്നങ്ങളുണ്ട്. കഴിഞ്ഞ ഒക്ടോബർ 24-ന് സുപ്രീം കോടതി 53, 038 കോടി രൂപ ലൈസൻസ് ഫീസ് എന്ന വകുപ്പിലും സ്പെക്ട്രം ഉപയോഗിച്ച ഫീസ് എന്ന വകുപ്പിലും 3 മാസത്തിനകം കെട്ടിവെക്കാൻ ഉത്തരവിട്ടു. എയർടെൽ കമ്പനിക്കും പ്രശ്നങ്ങളുണ്ട്. വൊഡാഫോൺ കമ്പനിക്ക്‌ ഏതാണ്ട് അമ്പതിനായിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ട് ഇപ്പോൾ. എയർടെൽ കമ്പനിക്കാവട്ടെ, നഷ്ടം ഇരുപത്തി മൂവായിരം കോടിയോളമായി. ഇരു കമ്പനികളിലേയും ബാങ്കുകളിൽ നിന്ന് എടുത്തിരിക്കുന്ന മൊത്തം കടമാണെങ്കിൽ റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. പത്ര വാർത്തകളെ വിശ്വസിക്കാമെങ്കിൽ, വൊഡാഫോൺ-ഐഡിയക്ക് ഒരു ലക്ഷത്തി 17 കോടിയോളം കടമുണ്ട്. എയർടെൽ കമ്പനിക്കാണെങ്കിൽ ഒരു ലക്ഷത്തി 18 കോടിയോളവും കടമുണ്ട്.

ഇത്തരം ഭീമമായ കടങ്ങളൊക്ക വെച്ച് എങ്ങനെ ഒരു കമ്പനി ലാഭത്തിലോടിക്കും? കമ്പനി ലാഭത്തിൽ ഓടിയാൽ മാത്രമല്ലേ ജീവനക്കാർക്ക്‌ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കൂ? പലയിടത്തും ജീവനക്കാർക്ക്‌ ശമ്പളം മുടങ്ങുന്നൂ എന്ന ആക്ഷേപങ്ങൾ ഇപ്പോൾ തന്നെ ഉണ്ട്. കേന്ദ്ര സർക്കാർ വൊഡാഫോൺ-ഐഡിയക്ക്‌ 42,000 കോടി അടക്കാൻ 2 വർഷം അനുവദിച്ചിട്ടുണ്ട്. പക്ഷെ കുമാരമംഗലം ബിർള ഇന്നലെ പറഞ്ഞത് അതുപോരാ എന്നാണ്. ചുരുക്കം പറഞ്ഞാൽ കട പൂട്ടാൻ തന്നെയാണ് കുമാരമംഗലം ബിർളയുടെ ആലോചന.

സത്യം പറഞ്ഞാൽ നമ്മുടെ ടെലികോം മേഖല അത്യന്തം അപകടകരമായ ഒരവസ്ഥയിലൂടെ ആണ് കടന്നുപൊയ്ക്കൊണ്ടിരുന്നത്. ജിയോ ഒഴിച്ച് ബാക്കി എല്ലാ കമ്പനികളും നഷ്ടത്തിലാണ്. ബി.എസ്.എൻ.എൽ. – ൻറ്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പോലും ബി.എസ്.എൻ.എൽ. -ൻറ്റെ സിഗ്നലുകൾ കിട്ടുന്നില്ലാ. പരാതിപെട്ടിട്ടും പ്രയോജനം ഒന്നും ഇല്ലാ. BSNL കസ്റ്റമർ സെൻറ്ററുകൾ പ്രവർത്തിക്കാതായിട്ട് മാസങ്ങളായി.

ബാക്കി ടെലികോം ദാതാക്കൾക്ക് 4 G ഉള്ളപ്പോൾ, BSNL – ന് മാത്രം 4 G സ്പെക്ക്ട്രം അനുവദിക്കാതെ നേരത്തേ BSNL-നെ കേന്ദ്ര സർക്കാർ കുത്തുപാളയെടുപ്പിച്ചു. ഇപ്പോഴിതാ കമ്പനി പൂട്ടാൻ പോകുന്നൂ എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. BSNL -ൽ ഇപ്പോൾ തന്നെ ‘വോളൻറ്ററി റിട്ടയർ മെൻറ്റിൻറ്റെ’ കാലമാണല്ലോ. ജീവനക്കാർ ഇല്ലാതെ കമ്പനി എങ്ങനെ ഓടും? ഈ ചോദ്യത്തിന് ഇപ്പോൾ ഉത്തരം ഇല്ലാ. മറുവശത്ത് BSNL- ൻറ്റേയും, MTNL- ൻറ്റേയും കയ്യിലുള്ള നഗര ഹൃദയങ്ങളിലുള്ള സ്ഥലം വിറ്റാൽ തന്നെ എത്ര കോടികൾ കിട്ടും എന്നുള്ള ചോദ്യം വരും. അങ്ങനെയൊക്കെ ചിലർ ചിന്തിക്കുന്നുണ്ടാകാം. ദീർഘദർശികളായ ഭരണാധികാരികൾ ഇല്ലെങ്കിൽ ഇതുപോലെ ഒരോ സർക്കാർ സ്ഥാപനങ്ങളും പൂട്ടും. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് കാശാക്കുകയാണ്. അവയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ വിൽപ്പനയിലൂടെ കോടിക്കണക്കിന് ലാഭം കേന്ദ്ര സർക്കാരിനും, സർക്കാരിനെ പിന്താങ്ങുന്ന രാഷ്ട്രീയ പാർട്ടികൾക്കും ഒഴുകി വരാനാണ് ഇപ്പോഴുള്ള എല്ലാ സാധ്യതകളും.

പണ്ട് റഷ്യയിൽ ബോറിസ് യെൽസിൻറ്റെ കാലത്ത് ‘അസ്സെറ്റ്സ് ഫോർ സെയിൽ’ എന്ന പദ്ധതിയിലൂടെ മുൻ സോവിയറ്റ് യൂണിയൻറ്റെ അഭിമാനമായിരുന്ന പല കേന്ദ്രങ്ങളും വിറ്റഴിച്ചു. സമാനമായ പ്രക്രിയയാണെന്നു തോന്നുന്നു ഇന്ത്യയിലെ ‘നവ രത്നങ്ങളുടെ’ വിൽപ്പനയിലൂടെ മിക്കവാറും നടപ്പാക്കാൻ പോകുന്നത്. ഇവിടെ ഇതിനൊന്നിനും എതിരെ പ്രതിഷേധിക്കാൻ ആരുമില്ലേ?

ഒരു വൻമരം മറിഞ്ഞ് വീഴണമെങ്കിൽ അതിൻറ്റെ തായ് വേരു മുറിയണം. ആരാണ്‌ ബി.എസ്.എൻ. എല്ലിൻറ്റെ തായ് വേരറുത്തത്? ആരാണ്‌ ബി.എസ്.എൻ.എൽ. എന്ന വടവൃക്ഷത്തെ നശിപ്പിച്ചത്? കപ്പലിനെ മുക്കാൻ വേണ്ടി പ്രത്യേകം നിയമിക്കപ്പെട്ട കപ്പിത്താന്മാർ ആണ് ബി.എസ്.എൻ.എല്ലിനെ നശിപ്പിച്ചത്. അതിൻറ്റെയൊക്കെ വിശദാമ്ശങ്ങൾ ഇനിയും പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ.

1994-ലാണ് ടെലികോം സെക്റ്റർ സ്വകാര്യവൽകരിച്ചത്. ലൈസൻസ് ഫീസും സ്പെക്ട്രം ഉപയോഗിക്കുവാനുള്ള ഫീസും 1994 കഴിഞ്ഞാണ് കമ്പനികൾക്ക് ചുമത്തപെട്ടത്. എന്തായാലും ബി.എസ്.എൻ.എല്ലും, വൊഡാഫോൺ-ഐഡിയയും, എയർടെലും കടകൾ പൂട്ടിയാൽ പിന്നെ ടെലികോം സെക്റ്ററിൽ ഏക കുത്തക ജിയോ മാത്രമായിരിക്കും. അങ്ങനെ തന്നെ വരുന്ന എല്ലാ ലക്ഷണങ്ങളും ഇപ്പോഴേ ഉണ്ട്. “Monopoly capital will lead to monopoly super profits” എന്ന് പണ്ട് ലെനിൻ തൻറ്റെ ക്യാപ്പിറ്റലിസത്തിന് എതിരായി ഉന്നയിച്ച വിമർശനം ഇന്ത്യയിലും സമീപ ഭാവിയിൽ യാഥാർഥ്യമാകാനാണ് എല്ലാ സാധ്യതകളും. ‘Imperialism: The Highest Stage of Capitalism’ എന്ന പുസ്തകത്തിലൂടെ ലെനിൻ ഉന്നയിച്ച ആ ഒരു സ്ഥിതിവിശേഷം സംജാതമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്. ജിയോക്ക്‌ വേണ്ടി മറ്റ് കമ്പനികളുടെ മാർക്കറ്റ് കാലിയാക്കൽ പ്രക്രിയ നടക്കുന്നൂ എന്ന് ചുരുക്കം.

സാമ്പത്തിക മേഖലയിൽ ടെലികോം സെക്റ്ററിൽ നിന്ന് മാത്രമല്ലാ ഇരുട്ടടികൾ വന്നുകൊണ്ടിരിക്കുന്നത്. 2014-ന് ശേഷം ഇന്ത്യയിൽ ഉപഭോക്താക്കളുടെ വിശ്വാസം ഏറ്റവും താണിരിക്കുന്നൂ എന്നാണ് റിസേർവ് ബാങ്ക് സർവേകൾ ഇപ്പോൾ വ്യക്തമാക്കുന്നത്. റിസർവ് ബാങ്ക് 13 നഗരങ്ങളിലെ 5334 വീടുകളിൽ നടത്തിയ സർവേ പ്രകാരം രൂപപ്പെടുത്തിയ ‘കൺസ്യൂമർ കോൺഫിഡൻസ് ഇൻഡക്സ്’ കാണിക്കുന്നത് ഉപഭോക്താക്കൾക്ക് സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസം താണിരിക്കുന്നൂ എന്ന് തന്നെയാണ്. കഴിഞ്ഞ 6 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ ഉപഭോക്‌തൃ വിശ്വാസ സൂചികയാണിത്. എങ്ങനെ വിശ്വാസം കുറയാതിരിക്കും? ഓട്ടോമൊബൈൽ സെക്റ്ററിൽ ഒരു ലക്ഷം തൊഴിലുകൾ നഷ്ടപ്പെട്ടു എന്നാണ് ‘ഓട്ടോമോട്ടീവ് കംപോണെൻറ്റ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷൻ’ തന്നെ പറയുന്നത്. വാഹനങ്ങളുടെ വിൽപ്പന വളരെ കുറഞ്ഞൂ; ഉള്ളിയുടേയും പലവ്യഞ്ജനത്തിൻറ്റേയും വില കുതിച്ചു കയറുന്നൂ; ആളുകളുടെ വരുമാനം ആണെങ്കിൽ ഈ വിലകയറ്റത്തിനനുസരിച്ച് ഉയരുന്നുമില്ലാ. ചുരുക്കം പറഞ്ഞാൽ തോൽവികൾ ഏറ്റുവാങ്ങാൻ ഇൻഡ്യാക്കാരൻറ്റെ ജൻമം ഇനിയും ബാക്കി!!!