പാക്കിസ്ഥാനിൽ ഇന്ന് കാണുന്ന അസ്ഥിരതയും മതമൗലിക വാദവും

വെള്ളാശേരി ജോസഫ്

ഒരു വശത്ത് സാധാരണക്കാരായ വിശ്വാസികളുടെ സ്ത്രീകളേയും, പെൺമക്കളേയും പർദ്ദ ഇടീപ്പിക്കും; മറുവശത്ത് വരേണ്യ വർഗക്കാർ ‘ബെല്ലി ഡാൻസ്’ പോലുള്ള ‘എൻറ്റെർടെയിൻമെൻറ്റിന്’ എല്ലാ പ്രോത്സാഹനവും നൽകും. അങ്ങേയറ്റം യാഥാസ്ഥികമായ സൗദി അറേബ്യയിലും, മറ്റു പല മുസ്‌ലിം രാജ്യങ്ങളിലും നടക്കുന്ന കാര്യമാണിത്. സൗദി റോയൽ ഫാമിലിയുടെ പല കല്യാണങ്ങൾക്കും ലബനനിൽ നിന്നുള്ള ബെല്ലി ഡാൻർമാരുടെ വൻ സംഘങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. അതേ സമയം തന്നെ സാധാരണക്കാരായ വിശ്വാസികളെ കൊണ്ട് നമാസ് അനുഷ്ഠിപ്പിക്കാനൊക്കെ അവിടെ ‘മുത്തവ പോലീസ്’ എന്ന മത പോലീസുണ്ട്. അവർക്ക് അതിൻറ്റെ പേരിൽ ആളുകളെ തല്ലുകയൊ, മറ്റു ശിക്ഷ കൊടുക്കുകയോ ഒക്കെ ചെയ്യാം. ഈയിടെ മാത്രമാണ് സൗദിയിലെ സാധാരണക്കാരായ സ്ത്രീകൾക്ക് വിദേശത്ത് തനിയെ പോകാൻ അനുമതി കിട്ടിയത്.

Related imagereliപാക്കിസ്ഥാൻ സംഘം നിക്ഷേപകരെ ആകർഷിക്കാൻ അസർബൈജാനിൽ നടന്ന നിക്ഷേപക സൗഹൃദ സമ്മേളനത്തിൽ ബെല്ലി ഡാൻസുമായി ഈയിടെ പോയത് കാണിക്കുന്നത് ഇസ്‌ലാമിക രാജ്യങ്ങളിൽ സ്ത്രീ സ്വാതന്ത്ര്യത്തിൻറ്റെ പേരിൽ നടക്കുന്ന ഈ ഇരട്ടത്താപ്പാണ്. ‘ഇസ്‌ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് പാക്കിസ്ഥാൻ’ കാണിക്കുന്ന ‘ഹിപ്പോക്രസി’ വളരെ വ്യക്തമാക്കുന്നതായിരുന്നു അത്. പണ്ട് സോവിയറ്റ് യൂണിയനിൽ നിന്ന് പിരിഞ്ഞതിന് ശേഷം അസർബൈജാനും അർമീനിയയും തമ്മിൽ ‘നഗോർനോ കാരബാക്ക്’ എന്ന സ്ഥലത്തെ ചൊല്ലി രൂക്ഷ യുദ്ധം നടത്തിയതായിരുന്നു. സാമ്പത്തിക രംഗം തീർത്തും അവതാളത്തിലായ അസർബൈജാൻ കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് പിന്നീട് ഉയർത്തെഴുന്നേറ്റത്. നാഷണൽ ജ്യോഗ്രഫിക്ക് അസർബൈജാൻറ്റെ ആ സാമ്പത്തിക ഉയർത്തെഴുന്നേൽപ്പിനെ കുറിച്ച് കുറച്ചു നാൾ മുമ്പ് ഒരു ഡോക്കുമെൻറ്ററി സംപ്രേക്ഷണം ചെയ്തിരുന്നു. അത്തരം കൃത്യമായ ആസൂത്രണമൊന്നുമില്ലാതെ പാക്കിസ്ഥാൻ ഇപ്പോൾ ‘തറ വേലകൾക്കാണ്’ ശ്രമിക്കുന്നത്. അത്തരം വേലകളുടെ ഭാഗമായി വേണം അസർബൈജാനിലെ ബാകുവിൽ നടന്ന നിക്ഷേപക സമ്മേളനത്തിൽ നടന്ന ‘ബെല്ലി ഡാൻസ്’ പോലുള്ള ‘എൻറ്റെർടെയിൻമെൻറ്റിനെ’ നോക്കി കാണുവാൻ. മതപരമായുളള വിലക്കുകൾ കാരണം പുറത്തു മാന്യതയുടെ മൂടുപടം അണിഞ്ഞു നടക്കുന്നവർ കാണിക്കുന്ന ‘തറ വേലകൾ’ എന്തായാലും കൊള്ളാം. ഡാൻസർമാർ നിക്ഷേപകരെ എത്ര ഹരം പിടിപ്പിച്ചാലും പാക്കിസ്ഥാനിലെ ആഭ്യന്തര സംഘർഷങ്ങളും, അഴിമതിയും ഒഴിയാതെ സുബോധമുള്ള ആരെങ്കിലും അവിടെ നിക്ഷേപം നടത്തുമോ?

പാനമാ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ ഇമ്രാൻ ഖാന് മുമ്പുണ്ടായിരുന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെറീഫ് രാജി വെച്ചിരുന്നു. തൊണ്ണൂറുകളിൽ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തു വിവരങ്ങളാണ് പാനമ രേഖകളിലൂടെ പുറത്തുവന്നത്. മൊസാക് ഫൊൻസെക എന്ന സ്ഥാപനം വഴി ഷെരീഫിൻറ്റെ മക്കളായ മറിയം, ഹസൻ, ഹുസൈൻ എന്നിവർ ലണ്ടനിൽ വസ്തു വകകൾ വാങ്ങിയെന്നാണ് ആരോപണം. ഈ അഴിമതി ആരോപണങ്ങൾ ഇല്ലാതെ തന്നെ പാക്കിസ്ഥാൻ പട്ടാളം ഭരിച്ചിരുന്ന കാലയളവിലെല്ലാം നവാസ് ഷെരീഫിന് ഭീഷണിയായിരുന്നു. പാക്കിസ്ഥാനിലെ പട്ടാള ഭരണാധികാരികളല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയും അഞ്ചു വർഷം പൂർത്തിയാക്കിയിട്ടില്ല. പാകിസ്ഥാൻ രൂപീകൃതമായപ്പോൾ മുതൽ ഉള്ളതാണ് അവിടത്തെ രാഷ്ട്രീയ അസ്ഥിരത.

ഫാത്തിമ ഭൂട്ടോ 2010 – ൽ എഴുതിയ ‘Blood and Sword: A Daughter’s Memoir’ എന്ന പുസ്തകത്തിൽ ഇന്ന് നടമാടുന്ന പാക്കിസ്ഥാനിലെ അസ്ഥിരത വ്യക്തമായി പറയുന്നുണ്ട്. ബോംബ് സ്ഫോടനങ്ങളും, വെടി വെയ്പുകളും മൂലം കറാച്ചി പോലുള്ള നഗരങ്ങളിൽ ജന ജീവിതം ദുസ്സഹമായി കഴിഞ്ഞിരിക്കുന്നു. മത മൗലിക വാദവും, പട്ടാളത്തിൻറ്റെ ഉരുക്കു മുഷ്ടിയും ചേർന്ന് പാക്കിസ്ഥാൻറ്റെ സാമ്പത്തിക രംഗം ഇന്ന് തകർന്നിരിക്കുന്നു. പാക്കിസ്ഥാനിലെ ഭരണ വർഗമാകട്ടെ അഴിമതിയിലും, സ്വജന പക്ഷപാതത്തിലും മുങ്ങിയിരിക്കുകയാണ്. ലണ്ടനിലും ദുബായിലും ഒക്കെ ഫ്‌ളാറ്റുകളും നിക്ഷേപങ്ങളും ഉള്ള പാക്കിസ്ഥാനിലെ ഭരണ വർഗം അവിടുത്തെ സാധാരണക്കാരനെ കബളിപ്പിക്കുവാനാണ് മതത്തിൻറ്റെ സംരക്ഷകരായി ചമയുന്നത്. ഫാത്തിമ ഭൂട്ടോ പല ഇൻറ്റെർവ്യൂകളിലും പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ നടത്തിയ കൊടിയ അഴിമതികളുടെ കഥകൾ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. മത മൗലിക വാദത്തേയും, പട്ടാളത്തിൻറ്റെ ഉരുക്കു മുഷ്ടിയേയും ഇഷ്ട്ടപ്പെടാത്ത ആർക്കും നൽകുന്ന വലിയ പാഠമാണ് നമ്മുടെ സഹോദര രാജ്യമായ പാക്കിസ്ഥാനിലെ ഇന്ന് കാണുന്ന ദുരവസ്ഥ.