വെള്ളാശേരി ജോസഫ്

സക്കീർ നായിക്കിൻറ്റെ പ്രസംഗങ്ങളും പ്രചാരണങ്ങളും ആയിരുന്നു ബംഗ്ളാദേശ് ഭീകരാക്രമണത്തിൽ പങ്കെടുത്തവർക്ക് പ്രചോദനമായി വർത്തിച്ചിരുന്നത്. അതിനു ശേഷം ശ്രീലങ്കയിലെ പള്ളിയിലും ഹോട്ടലിലും നടന്ന ബോംബ് സ്‌ഫോടനത്തിൽ പങ്കെടുത്തവരുടേയും പ്രചോദനം സക്കീർ നായിക്കിൻറ്റെ പ്രസംഗങ്ങളും പ്രചാരണങ്ങളും തന്നെ. ഈ സക്കീർ നായിക്ക് എങ്ങനെയുള്ള ആളാണ്? പുള്ളി ആയിരകണക്കിന് കോടികളുടെ സ്വത്തും സ്ഥാപനങ്ങളും ഉള്ള വ്യക്തിയാണെന്ന് സക്കീർ നായിക്കിൻറ്റെ വാക്കുകളെ  അന്ധമായി പിന്തുടരുന്നവർക്ക് അറിയില്ല. മൂന്ന് കോടിക്കടുത്ത് വിലവരുന്ന എസ് ക്ലാസ് മേഴ്സിഡസ് ബെൻസിലാണ് സക്കീർ നായിക്കിൻറ്റെ യാത്ര. ഇന്ത്യയിലെ സാധാരണക്കാരനായ ഒരു മുസ്ലീമിന് ഇങ്ങനെ എസ് ക്ലാസ് മേഴ്സിഡസ് ബെൻസിൽ യാത്ര ചെയ്യാൻ പറ്റുമോ? ചോദിച്ചിട്ട് കാര്യമില്ല. കാരണം ഇന്ത്യയിലെ സാധാരണക്കാരായ മുസ്ലീമിൻറ്റെ നേതാക്കളായി ഭാവിക്കുന്നവരും, അവരെ വഴി തെറ്റിക്കുന്ന മിക്ക നേതാക്കളും ഈ ഉന്നത ശ്രേണിയിൽ പെടുന്നവർ ആണെന്നുള്ളതാണ് വാസ്തവം. 1947- ലെ ഇന്ത്യ വിഭജനത്തെ കുറിച്ച് എഴുതിയവരൊക്കെ അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്. വിഭജനത്തിന് പല കാരണങ്ങളും പറയാമെങ്കിലും മുഹമ്മദാലി ജിന്നയുടെ ‘പേഴ്‌സണൽ അംബീഷൻ’ ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിന് ഒരു മുഖ്യ ഘടകമായി മാറി എന്നുള്ളത് മിക്ക എഴുത്തുകാരും അംഗീകരിച്ചിട്ടുള്ള ഒരു കാര്യമാണ്. ഈ മുഹമ്മദാലി ജിന്ന എങ്ങനെയുള്ള ആളായിരുന്നൂ?

പേരിൽ ഒഴിച്ചാൽ ഇന്ത്യയിലെ ഒരു ശരാശരി മുസ്ലീമുമായി ജിന്നക്ക് വളരെ വിദൂര സാമ്യമേ ഉണ്ടായിരുന്നുള്ളൂ. ജിന്ന എങ്ങിനെ മുസ്ലിം നേതാവായി എന്നുള്ളത് ഇന്നും പിടികിട്ടാത്ത ഒരു കാര്യം ആണ്. 80 ശതമാനം സുന്നി മുസ്ലീങ്ങളുണ്ടായിരുന്ന ഇന്ത്യയിലെ ന്യൂനപക്ഷമായ ഷിയ വിഭാഗത്തിലെ ഉപ വിഭാഗമായ ഖോജ ഷിയ വിശ്വാസിയായിരുന്നു ജിന്ന. അന്നും ഇന്നും വളരെ ചെറിയ ഭൂരിപക്ഷമുള്ള ഈ സമുദായം ഒരു പ്രഭു കുടുംബരീതിയിൽ ജീവിക്കുന്നവരാണ്. മത വിശ്വാസത്തിൽ മുസ്ലീങ്ങളുമായി വളരെയധികം വ്യത്യസപ്പെട്ട് കിടക്കുന്ന ഖോജാ ഷിയ വിഭാഗത്തിൽ പെട്ടവർ ഒരിക്കലും ഇന്ത്യൻ മുസ്ലീങ്ങളുടെ മതനേതൃത്വം കയ്യാളിയിരുന്നില്ല. രാഷ്ട്രീയ/ഭരണ താൽപര്യത്തിലൂന്നി അദ്ദേഹം ചെയിതതിനൊക്കെ ഇസ്‌ലാം മതത്തിൻറ്റെ ആദ്ധ്യാത്മികവും ധാർമികവുമായ പാത പിന്തുടരുന്നവരുടെ പിന്തുണ ഒരിക്കലുമുണ്ടായിട്ടില്ല. വെറും അധികാര മോഹിയായിരുന്നു ജിന്ന. അതിനു വേണ്ടി മതത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തി. അധികാരത്തിനു വേണ്ടി മത കാർഡ് കളിച്ച വ്യക്തിയാണ് ജിന്ന.

ഒരു സാധാരണ മുസ്ലിം വിശ്വാസി ആഴ്ച്ചയിലൊരിക്കലുള്ള പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുക്കാതിരിക്കാനാവില്ല. എന്നാൽ ജിന്ന ഒരിക്കലും വെള്ളിയാഴ്ച പ്രാർത്ഥനകളിൽ പങ്കെടുത്തിരുന്ന ഒരു ശരാശരി വിശ്വാസി കൂടിയായിരുന്നില്ല. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിൽ ജിന്നയുടെ അറിവ് വളരെ പരിമിതമായിരുന്നു. ജിന്നയുടെ എതിരാളിയായിരുന്ന ഗാന്ധിക്ക് ജിന്നക്ക് അറിയാവുന്നതിനേക്കാൾ വളരെ നന്നായി ഖുർആനിലെ പല ഉദ്ധരണികളും അറിയാമായിരുന്നു. ഇനി ആരാധനയുടെയും, മതാനുഷ്ഠാനത്തിൻറ്റേയും കാര്യം പറയുകയാണെങ്കിൽ ഒരു മുസ്ലീം വിശ്വാസിക്ക് അനുവദനീയമല്ലാത്തതൊക്കെ ജിന്ന മറയില്ലാതെ ചെയിതിരുന്നു എന്നും ചരിത്ര താളുകളിൽ കാണാം. ജിന്ന സ്ഥിരമായി പന്നിയിറച്ചി കഴിക്കുകയും, മദ്യപിക്കുകയും ചെയ്തിരുന്നതായി ജിന്നയുടെ ജീവ ചരിത്രങ്ങളിൽ പറയപ്പെടുന്നുണ്ട്. വരേണ്യ വർഗ്ഗത്തിൽ പെടുന്ന ആളുകളെ പോലെ തന്നെ സ്ഥിരം വൈകീട്ട് സ്ക്കോച്ചും ഹവാനാ ചുരുട്ടും ഉപയോഗിക്കുന്ന ആളായിരുന്നു മുഹമ്മദാലി ജിന്ന. മദ്യപാനവും, സിഗരറ്റു വലിയും ഒക്കെ ജിന്ന മറ കൂടാതെ ചെയ്തിരുന്നു. മുന്തിയ തരം സ്കോച്ചിൽ താഴെയുള്ള മദ്യമൊന്നും ജിന്ന കഴിച്ചിരുന്നില്ലെന്നുമാണ് ‘ഫ്രീഡം അറ്റ് മിഡ്നയിറ്റ്’ പോലുള്ള പുസ്തകങ്ങൾ പറയുന്നത്. ഇംഗ്ളീഷിൽ പറയുന്നത് പോലെ ‘ക്രോണിക് സ്മോക്കർ’ ആയിരുന്നു ജിന്ന. ‘ക്രോണിക് സ്മോക്കർ’ ആയതു കൊണ്ട് തന്നെ പിൽക്കാലത്തു ജിന്നയ്ക്ക് ക്ഷയ രോഗവും പിടിപെട്ടു. ക്ഷയ രോഗം കൊണ്ടാണ് ജിന്ന മരിച്ചത് തന്നെ. അതും കൂടാതെ അന്നത്തെ ഉത്തരേന്ത്യയിലെ മുസ്ലീങ്ങളുടെ ഭാഷയായ ഉർദു ജിന്നക്ക് ഒട്ടും വശമില്ലായിരുന്നു. ഇംഗ്ളീഷ് ഭാഷയായിരുന്നു ജിന്നക്ക് ഏറെ പ്രിയം. വേഷമാകട്ടെ കോട്ടും, ടയ്യും, പാൻറ്റ്സുമൊക്കെ. തികച്ചും ആർഭാട രീതിയിലുള്ള വേഷവും, ഭക്ഷണവും, താമസവുമൊക്കെയായിരുന്നു ജിന്നയുടെത്. അന്നത്തെയോ, ഇന്നത്തെയോ ഒരു ശരാശരി ഇന്ത്യൻ മുസ്ലീമിൻറ്റെ ജീവിത രീതിയുമായി ജിന്നക്ക് പുല ബന്ധം കൂടി ഉണ്ടായിരുന്നില്ല.

വിവാഹം കഴിച്ചപ്പോഴും ജിന്ന ഒരു മുസ്‌ലിം ബാന്ധവത്തിന് മുതിർന്നില്ല എന്നതാണ് അതിലും രസകരമായ കാര്യം. ജിന്ന വിവാഹം ചെയിതിരുന്നത് പാഴ്സി സ്ത്രീയെയാണ്. ജിന്നയുടെ ഭാര്യ റുട്ടി, പാഴ്സി വിഭാഗത്തിൽ പെട്ട സ്ത്രി ആയിരുന്നു. അവർ ‘മറിയം’ എന്ന പേർ സ്വീകരിച്ച് അദ്ദേഹത്തിൻറ്റെ വിശ്വാസത്തിൽ പിന്നീട് ചേർന്നു എന്ന് മാത്രം. അയാളുടെ വിവാഹബന്ധം ഒളിപ്പിച്ച് വെക്കാൻ അയാൾ ഒരിക്കലും തയാറായിരുന്നില്ല. അഗ്നിയാരാധകരായ പാഴ്സി വിഭാഗത്തിൽ നിന്ന് വിവാഹം കഴിച്ചതും, മദ്യം ഉപയോഗിച്ചതും, നമസ്കാരമടക്കമുള്ള കർമങ്ങൾ ചെയ്യാത്തതുമൊക്കെ ഇസ്ലാമിക വിശ്വാസത്തിനു വിരുദ്ധമാണല്ലോ. എങ്കിലും ഇസ്ലാം മതത്തെ രാഷ്ട്രീയ നേട്ടത്തിനായി ജിന്ന വളരെ സമർത്ഥമായി ഉപയോഗിച്ചു.

സത്യം പറഞ്ഞാൽ വൈകിട്ട് സ്ക്കോച്ചും, ക്യൂബൻ സിഗാറുമായി ഇരുന്ന ജിന്നയെ പോലെയും, മൂന്ന് കോടിക്കടുത്ത് വിലവരുന്ന എസ് ക്ലാസ് മേഴ്സിഡസ് ബെൻസിൽ യാത്ര ചെയ്യുന്ന സക്കീർ നായിക്കിനെ പോലുള്ളവരും ആണ് ഇന്ത്യയിലെ സാധാരണക്കാരായ മുസ്ലീമിനെ പ്രതിനിധാനം ചെയ്യുന്നത് എന്നുള്ളതാണ് വലിയൊരു വൈരുധ്യം. ‘കാശ്മീർ സിംഹമായിരുന്ന’ ഷെയ്ക്ക് അബ്ദുള്ള പെണ്ണുപിടുത്തത്തിൻറ്റെ ഉസ്താദായിരുന്നു. ഈ  ‘കാശ്മീർ സിംഹത്തിൻറ്റെ’ സുരക്ഷ നിർവഹിച്ച ഇൻറ്റെലിജെൻസ്‌ ഓഫീസർമാർ പിന്നീട് ഇക്കാര്യങ്ങളൊക്കെ പരസ്യമായി വെളിപ്പെടുത്തിയിട്ടുമുണ്ട്. പിന്നീട് വന്ന കാശ്മീർ നേതാക്കൻമാരും ആഡംബരത്തിൽ ഒട്ടും മോശക്കാരായിരുന്നില്ല. അത്യാഢംബര ജീവിത ശൈലി പിന്തുടർന്ന ഈ നേതാക്കൻമാർക്കൊക്കെ ഇന്ത്യയിലെ ദരിദ്രരും സാധാരണക്കാരുമായുള്ള മുസ്ലീങ്ങളുമായി എന്ത് ബന്ധമാണുള്ളത്? മുസ്ലീമിൻറ്റെ പേര് പറഞ്ഞു കാശ്മീരിന് വേണ്ടി കേഴുന്നവർ ഇതു വല്ലതും ഓർക്കാറുണ്ടോ? കേരളത്തിലെ നേതാക്കൻമാരുടെ കാര്യമൊന്നും പറയുന്നില്ല. ‘ഐസ്ക്രീം നുണയുമ്പോൾ’ നമുക്ക് അവരെയൊക്കെ സ്മരിക്കാം. ഇത്തരം നേതാക്കൻമാരുടെ ഒക്കെ വാക്കു കേട്ട് തീവ്രവാദത്തിലേക്ക് എടുത്ത് ചാടുകയും, പിന്നീട് പോലീസിനാൽ വേട്ടയാടപ്പെടുകയും ചെയ്യുന്ന മുസ്‌ലിം യുവാക്കളെ ഓർത്ത് സത്യത്തിൽ സഹതപിക്കുവാനും പരിതപിക്കുവാനും മാത്രമേ സാധിക്കുകയുള്ളൂ. മുസ്‌ലിം സമൂഹത്തിനും, ലോകത്തിനു തന്നെയും വലിയ മാനുഷിക ദുരന്തങ്ങൾ സമ്മാനിക്കുന്നത് ഇത്തരം സ്വാർത്ഥരായുള്ള നേതാക്കൻമാർ മൂലമാണ്.

ഈയിടെ പാക്കിസ്ഥാൻ സംഘം നിക്ഷേപകരെ ആകർഷിക്കാൻ അസർബൈജാനിൽ നടന്ന നിക്ഷേപക സൗഹൃദ സമ്മേളനത്തിൽ ബെല്ലി ഡാൻസുമായിയാണ് പോയത്!!! ഇത്തരക്കാരാണ് ഇന്ത്യയിലെ മുസ്ലീങ്ങൾക്കായി കേഴുന്നത്!!! ഒരു വശത്ത് സാധാരണക്കാരായ ഇസ്‌ലാം വിശ്വാസികളുടെ സ്ത്രീകളേയും, പെൺമക്കളേയും പർദ്ദ ഇടീപ്പിക്കുന്നവർ ബെല്ലി ഡാൻസുമായി വിദേശങ്ങളിൽ പോകുന്നത് തുറന്നു കാണിക്കുന്നത് ഇസ്ലാമിക രാജ്യങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങളുടെ പേരിൽ നടക്കുന്ന ഇരട്ടത്താപ്പാണ്. ‘ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് പാക്കിസ്ഥാൻ’ കാണിക്കുന്ന ‘ഹിപ്പോക്രസി’ വളരെ വ്യക്തമാക്കുന്നതായിരുന്നു അത്. അങ്ങേയറ്റം യാഥാസ്ഥികമായ സൗദി അറേബ്യയിലും, മറ്റു പല മുസ്ലിം രാജ്യങ്ങളിലും നടക്കുന്ന കാര്യം കൂടിയാണിത്. സൗദി റോയൽ ഫാമിലിയുടെ പല കല്യാണങ്ങൾക്കും ലബനനിൽ നിന്നുള്ള ബെല്ലി ഡാൻർമാരുടെ വൻ സംഘങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. അതേ സമയം തന്നെ സാധാരണക്കാരായ വിശ്വാസികളെ കൊണ്ട് നമാസ് അനുഷ്ഠിപ്പിക്കാനൊക്കെ അവിടെ ‘മുത്തവ പോലീസ്’ എന്ന മത പോലീസുണ്ട്. അവർക്ക് അതിൻറ്റെ പേരിൽ ആളുകളെ തല്ലുകയൊ, മറ്റു ശിക്ഷ കൊടുക്കുകയോ ഒക്കെ ചെയ്യാം. ഈയിടെ മാത്രമാണ് സൗദിയിലെ സാധാരണക്കാരായ സ്ത്രീകൾക്ക് വിദേശത്ത് തനിയെ പോകാൻ അനുമതി കിട്ടിയത്.

പണ്ട് സോവിയറ്റ് യൂണിയനിൽ നിന്ന് പിരിഞ്ഞതിന് ശേഷം അസർബൈജാനും അർമീനിയയും തമ്മിൽ ‘നഗോർനോ കാരബാക്ക്’ എന്ന സ്ഥലത്തെ ചൊല്ലി രൂക്ഷ യുദ്ധം നടത്തിയതായിരുന്നു. സാമ്പത്തിക രംഗം തീർത്തും അവതാളത്തിലായ അസർബൈജാൻ കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് പിന്നീട് ഉയർത്തെഴുന്നേറ്റത്. നാഷണൽ ജ്യോഗ്രഫിക്ക് അസർബൈജാൻറ്റെ ആ സാമ്പത്തിക ഉയർത്തെഴുന്നേൽപ്പിനെ കുറിച്ച് കുറച്ചു നാൾ മുമ്പ് ഒരു ഡോക്കുമെൻറ്ററി സംപ്രേക്ഷണം ചെയ്തിരുന്നു. അത്തരം കൃത്യമായ ആസൂത്രണമൊന്നുമില്ലാതെ പാക്കിസ്ഥാൻ ഇപ്പോൾ ‘തറ വേലകൾക്കാണ്’ ശ്രമിക്കുന്നത്. അത്തരം വേലകളുടെ ഭാഗമായി വേണം അസർബൈജാനിലെ ബാകുവിൽ നടന്ന നിക്ഷേപക സമ്മേളനത്തിൽ നടന്ന ‘ബെല്ലി ഡാൻസ്’ പോലുള്ള ‘എൻറ്റെർടെയിൻമെൻറ്റിനെ’ നോക്കി കാണുവാൻ. മതപരമായുളള വിലക്കുകൾ കാരണം പുറത്തു മാന്യതയുടെ മൂടുപടം അണിഞ്ഞു നടക്കുന്നവർ കാണിക്കുന്ന ‘തറ വേലകൾ’ എന്തായാലും കൊള്ളാം. ഡാൻസർമാർ നിക്ഷേപകരെ എത്ര ഹരം പിടിപ്പിച്ചാലും പാക്കിസ്ഥാനിലെ ആഭ്യന്തര സംഘർഷങ്ങൾ ഒഴിയാതെ സുബോധമുള്ള ആരെങ്കിലും അവിടെ നിക്ഷേപം നടത്തുമോ? ഫാത്തിമ ഭൂട്ടോ 2010 -ൽ എഴുതിയ ‘Blood and Sword: A Daughter’s Memoir’ എന്ന പുസ്തകത്തിൽ ഇന്ന് നടമാടുന്ന പാക്കിസ്ഥാനിലെ അസ്ഥിരത വ്യക്തമായി പറയുന്നുണ്ട്. ബോംബ് സ്ഫോടനങ്ങളും, വെടി വെയ്പുകളും മൂലം കറാച്ചി പോലുള്ള നഗരങ്ങളിൽ ജന ജീവിതം ദുസ്സഹമായി കഴിഞ്ഞിരിക്കുന്നു. മത മൗലിക വാദവും, പട്ടാളത്തിൻറ്റെ ഉരുക്കു മുഷ്ടിയും ചേർന്ന് പാക്കിസ്ഥാൻറ്റെ സാമ്പത്തിക രംഗം ഇന്ന് തകർന്നിരിക്കുന്നു. പാക്കിസ്ഥാനിലെ ഭരണ വർഗമാകട്ടെ അഴിമതിയിലും, സ്വജന പക്ഷപാതത്തിലും മുങ്ങിയിരിക്കുകയാണ്. ലണ്ടനിലും ദുബായിലും ഒക്കെ ഫ്ളാറ്റുകളും നിക്ഷേപങ്ങളും ഉള്ള പാക്കിസ്ഥാനിലെ ഭരണ വർഗം അവിടുത്തെ സാധാരണക്കാരനെ കബളിപ്പിക്കുവാനാണ് മതത്തിൻറ്റെ സംരക്ഷകരായി ചമയുന്നത്. ഫാത്തിമ ഭൂട്ടോ പല ഇൻറ്റെർവ്യൂകളിലും പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ നടത്തിയ കൊടിയ അഴിമതികളുടെ കഥകൾ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. മത മൗലിക വാദത്തേയും, പട്ടാളത്തിൻറ്റെ ഉരുക്കു മുഷ്ടിയേയും ഇഷ്ട്ടപ്പെടാത്ത ആർക്കും നൽകുന്ന വലിയ പാഠമാണ് നമ്മുടെ സഹോദര രാജ്യമായ പാക്കിസ്ഥാനിലെ ഇന്ന് കാണുന്ന ദുരവസ്ഥ.

‘ഗ്ലോബൽ ടെററിസം ഇൻഡക്സിൽ’ ആദ്യത്തെ മൂന്നിൽ ആണ് പാകിസ്ഥാൻ. ഈയിടെയുള്ള അമേരിക്കൻ സന്ദർശന വേളയിൽ ആയുധ പരിശീലനം സിദ്ധിച്ച 30,000-ത്തിനും,  40,000-ത്തിനും ഇടയിലുള്ള തീവ്രവാദികൾ പാക്കിസ്ഥാനിലുണ്ടെന്ന് പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ തന്നെ തുറന്നു പറഞ്ഞു. ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾ കൊണ്ട് സാധാരനക്കാരനായ ഒരു ഇസ്‌ലാം മത വിശ്വാസിക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ? തീവ്രവാദം ജനകീയ സമരമാണെന്നാണ് ചിലരുടെ വാദം. ഏതെങ്കിലും ഒരു പ്രദേശത്ത് സാധാരണ ജനം തീവ്രവാദം രാഷ്ട്രീയ മാർഗമായിട്ട് തെരെഞ്ഞെടുത്തിട്ടുണ്ടോ??? ജനത്തിന് അവരുടെ പിള്ളേർക്ക് പണി കിട്ടണം; ജോലിക്ക് സുരക്ഷ വേണം; ക്രമ സമാധാനം പുലരണം; ഇൻഫ്രാ സ്ട്രക്ച്ചർ വികസനം ഉണ്ടാവണം – എന്നൊക്കെയുള്ള ചിന്തയേ ഉള്ളൂ. ദാരിദ്ര്യം കൊടുമ്പിരി കൊള്ളുമ്പോൾ പോലും ആ ദാരിദ്ര്യത്തിൽ നിന്ന് മുക്തി വേണം എന്നല്ലാതെ ഇസ്ലാമിക രാഷ്ട്രം വേണമെന്നോ; കമ്യൂണിസ്റ്റ് രാഷ്ട്രം വേണമെന്നോ സാധാരണ ജനം പറയില്ല.

വികസന പ്രശ്നങ്ങൾ ഉത്തരേന്ദ്യയിലെ സാധാരണക്കാരായ മുസ്ലീങ്ങൾക്കിടയിൽ നല്ലതു പോലെ ഉണ്ട്. സച്ചാർ കമ്മിറ്റി രൂപീകരിച്ചപ്പോൾ അവിടുത്തെ മുസ്ലീങ്ങളുടെ സാമ്പത്തിക സ്ഥിതി ദളിതരെക്കാൾ മോശമാണെന്നായിരുന്നു കണ്ടെത്തൽ. പക്ഷെ ഇപ്പോൾ സച്ചാർ കമ്മിറ്റി പറയുന്ന പോലെയല്ല കാര്യങ്ങൾ. മുസ്ലീങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ട്. കേരളത്തിലെ മുസ്ലീങ്ങളിലെ വിദ്യാഭ്യാസക്കുറവൊക്കെ പഴങ്കഥയാണ്. സർക്കാർ ജോലികളിലെ മുസ്ലിം സമുദായത്തിൻറ്റെ കുറവൊക്കെ കച്ചവടത്തിലും, ഗൾഫിൽ പോകാനുള്ള ത്വരയും കൊണ്ടൊക്കെ സംഭവിക്കുന്നതാണ്. മലബാറിലെ ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും മുസ്ലീങ്ങൾ നടത്തുന്നതാണ്. മീൻ പിടുത്തക്കാരായ മുസ്ലീങ്ങൾ, ചെറുകിട കച്ചവടക്കാർ – ഇവരെ ഒക്കെ മാറ്റി നിറുത്തിയാൽ കേരളത്തിലെ മുസ്ലീങ്ങൾ ഇന്ന് ഭേദപ്പെട്ട നിലയിലാണ്. മലയാള സിനിമാ നിർമ്മാണം, ഗൾഫിൽ നിന്നും വരുന്ന റെമിറ്റൻസസ്, സ്വർണ കച്ചവടം, ആശുപത്രികൾ, കമ്പനികൾ – മുതലായവയിലെ ഷെയറുകൾ, വൻകിട വ്യാപാര സമുച്ചയങ്ങൾ, മാളുകൾ, മെഡിക്കൽ കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ – ഇവയിലൊക്കെ പങ്കുള്ള ധനികരായ മുസ്ലീങ്ങളുടെ നീണ്ട നിര കേരളത്തിലുണ്ട്. കേരളത്തിലെ മുളീങ്ങൾക്കിടയിലുള്ള ഈ ഭേദപ്പെട്ട അവസ്ഥ തന്നെയാണ് ഒരു വിഭാഗം ചെറുപ്പക്കാർ തീവ്രവാദത്തിൽ ആകൃഷ്ടരാകാൻ കാരണം; അല്ലാതെ ചിലർ പ്രചരിപ്പിക്കുന്നത് പോലെ ദാരിദ്ര്യവും, നീതി നിഷേധവുമല്ല. വരേണ്യ വർഗത്തിലുള്ളവരാണ് സാധാരണക്കാരെ പലപ്പോഴും തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുന്നത്; അവരെ വഴി തെറ്റിക്കുന്നത്. ദാരിദ്ര്യത്തോടും വിധിയോടും പൊരുതുമ്പോൾ സ്വന്തം നില മെച്ചപ്പെടുത്തണമെന്നല്ലാതെ ആരെങ്കിലും തീവ്രവാദിയാകുവാൻ മോഹിക്കുമോ??? ഇതോക്കെ മനസിലാക്കിയാൽ മുസ്‌ലിം കമ്യുണിറ്റിയിലുള്ള ആളുകൾക്ക് തന്നെ മെച്ചം. സാധാരണക്കാരായ ജനങ്ങളുടെ അഭിവൃദ്ധി മറന്നുകൊണ്ട് സമൂഹത്തെ കുട്ടിച്ചോറാക്കാൻ മതം ഉപയോഗിച്ച് ശ്രമിക്കുന്നവരെയൊക്കെ നയിക്കുന്നത് സ്വാർത്ഥതയും, വരേണ്യ വർഗ താൽപര്യങ്ങളും മാത്രമാണെന്നുള്ളത് എല്ലാവരും മനസിലാക്കേണ്ട ലളിതമായ ഒരു സത്യമാണ്.

Advertisements
'വെള്ളാശേരി ജോസഫ്' എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. 'വെള്ളാശേരി ജോസഫ്' എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.